താഡാസനം നമ്മള്‍ ഈ പംക്തിയില്‍ കണ്ടിട്ടുണ്ട്. അതിന്റെ വകഭേദമാണ് ഈ ആസനം. താഡമെന്നാല്‍ പനമരമാണ്. ഏതു കാറ്റിലും കുലുങ്ങാത്ത ശക്തനായ ഒറ്റത്തടി വൃക്ഷം. ജീവിതത്തില്‍ എന്തു പ്രതിസന്ധി വന്നാലും കുലുങ്ങാതെ തലയുയര്‍ത്തി നില്ക്കാന്‍ ഈ ആസനം നമ്മെ പഠിപ്പിക്കുന്നു.
ചെയ്യുന്ന വിധം
കാലുകള്‍ ഒന്നര അടി അകലത്തിലാക്കിക്കൊണ്ട് നിവര്‍ന്നു നില്ക്കുക. കൈകള്‍ തലയ്ക്കു മേലെ ഉയര്‍ത്തി വിരലുകള്‍ കോര്‍ത്ത് മലര്‍ത്തുക. ശ്വാസമെടുത്തു കൊണ്ട് കൈകള്‍ നല്ലവണ്ണം മേലോട്ടു വലിച്ച് അരക്കു മേല്‍ഭാഗം വലത്തോട്ടു വളക്കുക. ഈ സ്ഥിതിയില്‍ അല്പ സമയം നിന്ന ശേഷം ശ്വാസം വിട്ടുകൊണ്ട് മധ്യത്തില്‍ വരിക. ശ്വാസമെടുത്തു കൊണ്ട് വലതു ഭാഗത്തും ആവര്‍ത്തിക്കുക. ദൃഷ്ടി എപ്പോഴും മുന്നില്‍.
ഗുണങ്ങള്‍
അരക്കെട്ടിന് നല്ല വഴക്കമുണ്ടാകുന്നു. മനസ്സിന് ഏകാഗ്രതയും സ്ഥൈര്യവും കിട്ടുന്നു. ദേഹത്തിനു മൊത്തം തന്നെ വലിവു കിട്ടുന്നു. വശങ്ങളിലോട്ടു വളയുന്ന ആസനങ്ങള്‍ കുറവാണ്. ആ കുറവ് ഇത് പരിഹരിക്കും.
Comments