Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പാപത്തിന്റെ വിത്തുകള്‍ (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 6)

മാത്യൂസ് അവന്തിമാത്യൂസ് അവന്തി
15 July 2022

എ.ഡി. 1001 നവംബര്‍ മാസം 27-നാണ് മുഹമ്മദ് ഗസ്‌നി ഹിന്ദുരാജ്യമായ പെഷവാറിനു നേരെ ഭീകരമായ ആക്രമണം അഴിച്ചുവിട്ടത്. അവിടെ ഈ ആക്രമണകാരി രചിച്ച ചോരയില്‍ മുങ്ങിയ ഇതിഹാസം ശ്രവിക്കും മുന്‍പ് പുരാതന ഹിന്ദു സാമ്രാജ്യത്തില്‍ എത്ര വര്‍ണ്ണപ്പകിട്ടുള്ള നഗരമായിരുന്നു ഇതെന്ന് അറിയേണ്ടതുണ്ട്. മഹാഭാരതത്തിലെ ഗാന്ധാരിക്കു ജന്മം കൊടുത്ത ഗാന്ധാരദേശത്തിന്റെ കേന്ദ്രനഗരമായ പുഷ്‌കലവതിയാണ് പെഷവാര്‍. കുഷാന്‍ രാജവംശത്തിലെ ചക്രവര്‍ത്തി കനിഷ്‌കന്റെ രാജധാനി. ബുദ്ധമതക്കാര്‍ക്കുവേണ്ടി കനിഷ്‌കന്‍ ഇവിടെ നിര്‍മ്മിച്ച സ്തൂപം (Kanishka Stupa) ] പുരാതന ലോകത്തെ ഏറ്റവും ഉയരമുള്ള നിര്‍മ്മിതികളില്‍ ഒന്നായിരുന്നു. ബി.സി 4-ാം നൂറ്റാണ്ടില്‍ മഹാപണ്ഡിതനായ പാണിനി സംസ്‌കൃത വ്യാകരണ ഗ്രന്ഥം ‘അഷ്ടാദ്ധ്യായി’ രചിച്ചത് പുരാതന പെഷവാറിലാണ്. ഗ്രീക്കു ചക്രവര്‍ത്തി അലക്‌സാണ്ടര്‍, സെല്യൂക്കസ്, ചന്ദ്രഗുപ്ത മൗര്യന്‍, ഗുരുചാണക്യന്‍ അങ്ങനെ ഭാരത ചരിത്രത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളുടെ പാദമുദ്ര പതിഞ്ഞ സ്ഥലമാണ് പെഷവാര്‍. ബി.സി. 300 നോടടുത്ത് ഇന്ത്യയിലുണ്ടായിരുന്ന ഗ്രീക്കു ചരിത്രകാരനും സ്ഥാനപതിയുമായ മെഗസ്തനീസ് പുരുഷപുര (പെഷവാര്‍) യെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഓരോ ഭാരതീയന്റെയും പൈതൃകസ്വത്തായ നഗരമാണ് പെഷവാര്‍. അങ്ങനെ എക്കാലവും ഭാരതാംബയുടെ തിലകക്കുറിയായി നിലകൊണ്ട പെഷവാര്‍ കൂട്ടബലാല്‍ക്കാരത്തിനിരയായ കന്യകയുടെ രൂപഭാവങ്ങളിലേക്ക് മാറാന്‍ പോകുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഈ നഗരത്തിന്റെ നാശത്തിനു കാരണഭൂതനായ മുഹമ്മദ് ഗസ്‌നി 971 നവംബര്‍ 2-ന് ഗസ്‌നിയില്‍ ജനിച്ചു. പിതാവ് സബുക്തിജിനൊപ്പം യുദ്ധത്തിന്റെയും കൊള്ളയുടെയും ബാലപാഠങ്ങള്‍ മാത്രമല്ല ബിരുദാനന്തര ബിരുദംകൂടി നേടിയശേഷം 27-ാം വയസ്സില്‍ ഗസ്‌നിയുടെ ഭരണാധികാരിയായി. ബാഗ്ദാദിലെ അബ്ബാസിഡ് ഖലീഫമാരുടെ മേല്‍ക്കോയ്മ സ്വീകരിച്ചുകൊണ്ട് മുസ്ലീം ലോകത്തിന്റെ അരുമയായി. ഹിന്ദുസ്ഥാനിലെ അവിശ്വാസികളെ മുഴുവന്‍ ഇല്ലായ്മ ചെയ്യുകയാണ് തന്റെ ജീവിത ദൗത്യം എന്ന് ഖലീഫക്കു മുന്‍പില്‍ മുഹമ്മദ് പ്രഖ്യാപിച്ചു. സംപ്രീതനായ ഖലീഫ ‘സുല്‍ത്താന്‍’ എന്ന സ്ഥാനപ്പേരു നല്‍കി മുഹമ്മദിനെ ആദരിച്ചു. മുസ്ലീം ഭരണാധികാരികള്‍ക്കിടയില്‍ സുല്‍ത്താന്‍’ എന്നു വിളിക്കപ്പെടുന്ന ആദ്യ രാജാവാണു മുഹമ്മദ് ഗസ്‌നി.

ഹിന്ദുക്കുഷ് പര്‍വ്വത നിരകള്‍ക്കിടയിലൂടെ തുളച്ചുവരുന്ന ഖൈബര്‍ ചുരത്തിന്റെ ഇന്ത്യയിലേക്കുള്ള വാതായനത്തിലെത്തിയാല്‍ അവിടെനിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് പെഷവാര്‍. എല്ലാക്കാലവും ഹിന്ദുക്കുഷ് പര്‍വ്വതനിരകള്‍ അഭേദ്യമായ കോട്ടപോലെ ഈ നഗരത്തെ സംരക്ഷിച്ചുപോന്നു. മരുഭൂമികളില്‍ നിന്നുള്ള സംഘടിത സൈന്യമെത്തി ഖൈബര്‍ ചുരം മലര്‍ക്കെ തുറന്നതോടെ പെഷവാറിന്റെ പ്രകൃതിദത്തമായ പ്രതിരോധം അവസാനിച്ചു. ഇപ്പോള്‍ മൈതാനത്തിനു നടുവിലിരിക്കുന്ന പക്ഷിയെപ്പോലെ ഏതു പരുന്തിനും റാഞ്ചാവുന്ന പക്ഷി മാത്രമാണ് പെഷവാര്‍.

ADVERTISEMENT

മുഹമ്മദ് ഗസ്‌നി തന്റെ ലക്ഷക്കണക്കിനു വരുന്ന സൈന്യങ്ങളില്‍നിന്ന് ഏറ്റവും കരുത്തന്മാരായ 15000 കുതിരപ്പടയാളികളെ തിരഞ്ഞെടുത്തു. കാഴ്ചയില്‍ത്തന്നെ ഭയം ജനിപ്പിക്കുന്ന ഭീകരരൂപികള്‍. അസാമാന്യ ശരീര വലുപ്പവും ആരോഗ്യവും. അതോടൊപ്പം ഘാസികളുടെ ഒരു വലിയ സംഘത്തെയും ചേര്‍ത്തു. (അവിശ്വാസികളെ ആക്രമിക്കാന്‍ മാത്രം നിയോഗിക്കപ്പെടുന്ന കടുത്ത മുസ്ലീം പോരാളികളാണ് ഘാസികള്‍). അഫ്ഗാനിലെ മലയിടുക്കുകളില്‍നിന്നു സുല്‍ത്താന്റെ സൈന്യത്തില്‍ ചേര്‍ന്ന ആയുധജീവികളാണ് പുറമെയുള്ളത്. മലഞ്ചെരിവിലെ ഗുഹയില്‍നിന്നു കാട്ടുകടന്നലുകള്‍ പുറത്തേയ്ക്കു പറക്കുന്നതുപോലെ ഖൈബര്‍ ചുരത്തിലൂടെ തുര്‍ക്കിപ്പട ഹിന്ദുസ്ഥാനിലേയ്ക്കു ചാടിത്തുടങ്ങി.

പെഷവാറിന്റെ നാശം
കരിഞ്ഞ ഭൂമിയില്‍ ജനിച്ചു വളര്‍ന്ന തുര്‍ക്കിപ്പട പഞ്ചാബിന്റെ സൗന്ദര്യം കണ്ട് ഭ്രമിച്ചുപോയി. പച്ചപരവതാനിപോലെ വിരിഞ്ഞു കിടക്കുന്ന ഗോതമ്പുപാടങ്ങള്‍. അലുക്കുകള്‍ പോലെ പഴം തൂങ്ങുന്ന ആപ്പിള്‍ മരങ്ങള്‍. സുന്ദരികളായ പഞ്ചാബി പെണ്‍കൊടിമാര്‍. വിശന്ന ചെന്നായ്ക്കളെപ്പോലെ തുടലുപൊട്ടിക്കാനൊരുങ്ങിയ സൈന്യത്തെ അടക്കിനിര്‍ത്താന്‍ സുല്‍ത്താന്‍ പാടുപെട്ടു. പെഷവാര്‍ നഗരത്തിനു വെളിയിലുള്ള ഗോതമ്പുവയലുകള്‍ അടിച്ചുനിരത്തി സൈന്യം അവിടെ കൂടാരങ്ങള്‍ കെട്ടി. പതിവുപോലെ സമീപഗ്രാമങ്ങള്‍ കൊള്ളചെയ്തു ധാന്യവും മാംസാഹാരത്തിനു പശുക്കളെയും കൊണ്ടുവന്നു.
രാജാ ജയപാലദേവ ഇതെല്ലാം കാണുന്നുണ്ട്. സബുക്തിജിനുമായി മുന്‍പു നടത്തിയ രണ്ടു യുദ്ധങ്ങളിലൂടെ ഹൃദയത്തിലുണ്ടായ വ്രണം ഇന്നും പഴുത്തുനില്ക്കുകയാണ്. അദ്ദേഹത്തിനു 12000 പടക്കുതിരകളും 30000 കാലാള്‍പടയും 300 പടയാനകളുമുണ്ട്. എല്ലാം പഞ്ചാബിലെ യുദ്ധഗോത്രങ്ങളില്‍നിന്നുതന്നെ തിരഞ്ഞെടുത്ത വീരപോരാളികള്‍. പക്ഷേ സുല്‍ത്താനെ കടന്നാക്രമിക്കാന്‍ ജയപാലദേവ ധൃതികൂട്ടിയില്ല. യുദ്ധവീര്യം ത്രസിച്ച് പഞ്ചാബി സൈന്യത്തിന്റെ ഞരമ്പുകള്‍ പൊട്ടുമെന്നു തോന്നിയപ്പോള്‍ ജയപാലദേവ പറഞ്ഞു.

”സാമന്ത രാജ്യങ്ങളുടെ പോഷകസൈന്യം ഇനിയും എത്താനുണ്ട്. അവര്‍കൂടി എത്തിക്കൊള്ളട്ടെ.”

അന്നു വൈകുന്നേരത്തോടെ ഹിന്ദുക്കുഷ് പര്‍വ്വതങ്ങള്‍ക്കു മുകളില്‍ ഒരു കനത്ത മഞ്ഞുമേഘം പ്രത്യക്ഷപ്പെട്ടു. ഒരു രാജ്യത്തെ മുഴുവന്‍ മൂടാന്‍ പോന്ന വിസ്തൃതിയും അനേകം മീറ്റര്‍ ഘനവുമുള്ള ആ കരിമ്പടം ഒരു പെരുങ്കാറ്റിന്റെ ചിറകിലേറി പെഷവാറിനു മുകളിലെത്തി. അതു സാവധാനം താഴേക്കിറങ്ങിയപ്പോള്‍ ജയപാലദേവയുടെ സൈന്യവും ഗസ്‌നി സൈന്യവും മഞ്ഞുമേഘത്താല്‍ മൂടപ്പെട്ടു. അതൊരു നല്ല അവസരമായി ജയപാലദേവ കണക്കാക്കി. പോഷകസൈന്യം എത്തുംവരെ ശത്രുവിന്റെ കണ്ണില്‍പെടാതെ പിന്നോട്ടു മാറിനില്ക്കാനുള്ള അവസരം. മഞ്ഞുമേഘം ഇട്ടുകൊടുത്ത തിരശ്ശീലയുടെ മറപറ്റി ജയപാലദേവ സൈന്യത്തെ കുറേ ദൂരേക്കു പിന്‍വലിച്ചു.

അങ്ങനെ ശത്രുഭയമില്ലാതെ ഏതാനും ദിവസം ജയപാലദേവ കഴിഞ്ഞു. അടുത്തൊരു പ്രഭാതത്തില്‍ മഞ്ഞുമാറിയപ്പോള്‍ പൊന്‍വെയിലിന്റെ തിളക്കത്തില്‍ ജയപാലദേവ കണ്ടത് സുല്‍ത്താന്റെ സൈന്യം തന്റെ സേനയെ വളഞ്ഞു നില്ക്കുന്നതാണ്. തുര്‍ക്കിസൈന്യം സുസജ്ജമായിരുന്നു. മഞ്ഞിന്റെ മറ മിന്നലാക്രമണത്തിനുള്ള സുവര്‍ണ്ണാവസരമായി കരുതിയ സുല്‍ത്താന്‍ ഹിന്ദുസേനയെ മഞ്ഞിന്റെ മറവില്‍ പിന്തുടരുകയാണ് ചെയ്തത്. സുല്‍ത്താന്‍ മുഴുവന്‍ സൈനികബലവും ഒരേസമയം പ്രയോഗിച്ചുകൊണ്ടു ആക്രമണം തുടങ്ങി. പെരുമഴപോലെ അമ്പുകളും കുന്തങ്ങളും ഹിന്ദുസേനയുടെ നേരെ പാഞ്ഞുചെന്നു. വിജയം കൈവിട്ടുപോയി എന്നു തിരിച്ചറിഞ്ഞ ഹിന്ദുസേന അവസാന യുദ്ധത്തിനൊരുങ്ങി. മരണം ഏറ്റുവാങ്ങിക്കൊണ്ട് അവര്‍ പറ്റം പറ്റമായി തുര്‍ക്കിപടയ്ക്കുള്ളില്‍ തുളച്ചുകയറി. ജീവിത സുഖങ്ങള്‍ അനുഭവിക്കാന്‍ ഇനിയും ബാക്കിനില്ക്കുന്നു എന്നറിയാവുന്ന തുര്‍ക്കിസേനക്ക് ഹിന്ദു ചാവേറുകളുടെ ഒപ്പം പൊരുതിനില്ക്കാന്‍ കഴിഞ്ഞില്ല. പടക്കളത്തിലാകെ ഒരു ഭീമന്‍ കുതിരപ്പുറത്ത് ചീറിനടന്നിരുന്ന സുല്‍ത്താന്‍ യുദ്ധഗതിയിലെ മാറ്റം നിരീക്ഷിച്ചു. പര്‍വ്വതങ്ങളില്‍നിന്ന് ഉരുണ്ടു വരുന്ന കരിമ്പാറക്കെട്ടുകള്‍ പോലെ ജയപാലദേവയുടെ ആനകള്‍ പടക്കളം നിറഞ്ഞുനിന്ന് തന്റെ സൈന്യത്തെ വന്‍തോതില്‍ സംഹരിക്കുന്നു. ആനകളെ വിരട്ടാതെ തനിക്കു ജയമില്ലെന്നു സുല്‍ത്താനു മനസ്സിലായി.

നാഫ്ത മുക്കി തീ പിടിപ്പിച്ച അമ്പുകള്‍ ആനക്കൂട്ടങ്ങള്‍ക്കുനേരെ പാഞ്ഞു. ആയിരക്കണക്കിനു തീത്തുമ്പികള്‍. ആനകളുടെ ശരീരത്തു തുളച്ചു കയറിയ അമ്പുകള്‍ അവിടെയിരുന്നു തീ പിടിച്ചു. ആനകള്‍ തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് അലറിക്കൊണ്ട് നിയന്ത്രണം വിട്ടോടി. മുകളിലിരുന്ന പാപ്പാന്മാരെ കുടഞ്ഞു നിലത്തുവീഴ്ത്തിക്കൊണ്ട് ആനകള്‍ സ്വന്തം സൈന്യത്തിനിടയില്‍ നാശം വിതച്ചു.

മണിക്കൂറുകള്‍ക്കകം ഹിന്ദുസൈന്യം പൂര്‍ണ്ണമായും പരാജയപ്പെട്ടു. സുല്‍ത്താന്റെ കാര്യദര്‍ശിയും ചരിത്രകാരനുമായ അല്‍ ഉത്ബി (al Utbi) എഴുതിയിരിക്കുന്നതിങ്ങനെ:

മുസല്‍മാന്മാര്‍ അവര്‍ക്കു വഴങ്ങാന്‍ കൂട്ടാക്കാത്ത എതിരാളികളെ പരാജയപ്പെടുത്തി. 15000 ദൈവനിഷേധികളെ കൊന്നുകൊണ്ടു വിജയം പൂര്‍ത്തിയാക്കിയപ്പോള്‍ മദ്ധ്യാഹ്നം പോലും എത്തിയിരുന്നില്ല. നിലത്തു കാര്‍പ്പെറ്റു വിരിച്ചതുപോലെ അത്രയും മൃതദേഹങ്ങള്‍ കിടന്നു. മൃഗങ്ങള്‍ക്കും മാംസഭുക്കുകളായ പക്ഷികള്‍ക്കും അവ ഭക്ഷണമായിട്ടുണ്ടാകും.’

ഹിന്ദു സൈന്യത്തെ നിഗ്രഹിച്ചുകഴിഞ്ഞ തുര്‍ക്കിസൈന്യം നഗരത്തിലാകെ ചിതറി. ഘാസികള്‍ മതപരിവര്‍ത്തനത്തിലും കൂട്ടക്കൊലയിലും മുഴുകി. അഫ്ഗാനികളും തുര്‍ക്കികളും ഓരോ ഭവനവും കൊള്ളചെയ്തു. അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി ബന്ധിച്ചു. അവരുടെ ആഭരണങ്ങള്‍, സ്വര്‍ണ്ണം, മുത്തുകള്‍ എന്നുവേണ്ട സമസ്തവും തുര്‍ക്കികള്‍ സ്വന്തമാക്കി. ജയപാലദേവയുടെ കൊട്ടാരക്കെട്ടുകള്‍ പൊളിച്ചു വീഴ്ത്തി അവിടെയുള്ള വിലപിടിച്ച എല്ലാ വസ്തുക്കളും കവര്‍ന്നു.

“സുന്ദരികളും സുന്ദരന്മാരുമായ അടിമകള്‍. അവയ്ക്കു നല്ല വിലകിട്ടും.സുല്‍ത്താന്‍ സന്തോഷംകൊണ്ടു ദൈവത്തിനു നന്ദി പറഞ്ഞു.

“ദൈവമേ…. ലക്ഷക്കണക്കിന് അടിമകള്‍… പരമകാരുണികനായ തമ്പുരാനേ അങ്ങയുടെ അനുഗ്രഹത്തിനു നന്ദി.”

“ഈ നടപടി നടന്നത് 1001 നവംബര്‍ 27-ന്” ആണെന്ന് അല്‍ ഉത്ബി രേഖപ്പെടുത്തുന്നു.

ജയപാലദേവയുടെ മക്കളും പേരമക്കളും അടക്കം അടുത്ത ബന്ധുക്കളായ 15 പേരെ സുല്‍ത്താന്‍ തടവുകാരാക്കി. അവരുടെ കൈകള്‍ പുറകില്‍ കയറുകൊണ്ടു മുറുക്കികെട്ടി. പരവശരും ക്ഷീണിതരും ആയിരുന്നു അവര്‍. തുര്‍ക്കി സൈന്യം അവരെ പരിഹസിച്ചു. മാലിന്യങ്ങള്‍ അവര്‍ക്കുനേരെ വലിച്ചെറിഞ്ഞു. അപമാനഭാരത്താല്‍ തലകുനിച്ച് അവര്‍ സുല്‍ത്താന്റെ സിംഹാസനത്തിനു മുന്‍പില്‍ നിന്നു. ജയപാലദേവയുടെ സിംഹാസനത്തിലാണ് സുല്‍ത്താന്‍ ഇരിക്കുന്നത്. തടവുകാരെ സുല്‍ത്താന്‍ പരിഹാസപൂര്‍വ്വം വീക്ഷിച്ചു. ഒടുവില്‍ പറഞ്ഞു.

“നരകത്തില്‍ പോകാന്‍വേണ്ടി മാത്രമുള്ള ജന്മങ്ങള്‍. സത്യമതം സ്വീകരിച്ച് സ്വര്‍ഗ്ഗത്തിന്റെ അവകാശികളാകാന്‍ സമ്മതിച്ചിരുന്നെങ്കില്‍ ഈ ഗതികേടൊന്നും സംഭവിക്കുമായിരുന്നില്ല.തടവുകാര്‍ മൗനികളായി നിന്നു.

“മാലിക് അയാസേ, എന്താണിത്?. തടവുകാരുടെ കഴുത്തില്‍ രത്‌നമാലകളോ..നരകത്തിലേക്കു പോകാന്‍ രത്‌നമാല ധരിക്കണോ. അഴിച്ചെടുക്കൂ എല്ലാം.”

മാലിക് അയാസ് തടവുകാരുടെ കഴുത്തില്‍ നിന്ന് കണ്ഠാഭരണങ്ങള്‍ അഴിച്ചെടുത്ത് ഒരു വെള്ളിത്തളികയിലാക്കി സുല്‍ത്താന്റെ മുന്നില്‍ വച്ചു. ആര്‍ത്തിപൂണ്ട സുല്‍ത്താന്‍ അതിലൊരെണ്ണം കയ്യിലെടുത്തു തൂക്കം പരിശോധിച്ചു.

“റബ്ബേ…. ഒരുലക്ഷത്തി എണ്‍പതിനായിരം സ്വര്‍ണനാണയം ഇവ ഓരോന്നിനും വിലവരും. അവിശ്വാസികളുടെ ഈ സ്വത്ത് എന്നെ ഏല്പിച്ചുതന്ന ഏകദൈവം എത്ര കാരുണ്യവാനാണ്.”

ചുറ്റും ഉണ്ടായിരുന്ന ഗസ്‌നിയിലെ പ്രമാണിമാര്‍ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടു അതു ശരിവച്ചു.

“ജയപാലയെ കൊണ്ടുവരുക.” സുല്‍ത്താന്‍ ആജ്ഞാപിച്ചു.

ജയപാലദേവയുടെ കൈകള്‍ പിന്നില്‍കൂട്ടി ബന്ധിച്ചു. അവിടെനിന്നു കുരുക്കിട്ട നീണ്ട കയറിന്റെ അഗ്രം ഒരു തുര്‍ക്കിപ്പടയാളി പിടിച്ചിരുന്നു. ആറടി ഉയരം വരുന്ന ചന്ദനപ്രതിമപോലെ സുഭഗനായ ജയപാലദേവയെക്കണ്ട് സുല്‍ത്താന്‍ അസൂയകൊണ്ടു പൊടിഞ്ഞു. തന്റെ കറുത്ത മുഖത്തെ വസൂരിക്കുഴികളില്‍ അറിയാതെ സുല്‍ത്താന്റെ വിരലുകള്‍ സ്പര്‍ശിച്ചു. തന്റെ അപകര്‍ഷതാബോധം മുഴുവന്‍ ജയപാലദേവയുടെ മേല്‍ പരിഹാസമായി വര്‍ഷിക്കുകയാണ് സുല്‍ത്താന്‍.

“തോറ്റു തുന്നംപാടിയ ഈ അവിശ്വാസിയെ കൊണ്ടുനടന്നു കാട്ട്. ഹിന്ദുസ്ഥാനിലെ അവിശ്വാസികള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എല്ലാവരും കാണട്ടെ.” സുല്‍ത്താന്‍ പറഞ്ഞു.

ഇന്നലെവരെ ഹിന്ദു സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ജയപാലദേവയെ കയറില്‍ കെട്ടിയ നായയെപ്പോലെ വലിച്ചിഴച്ചു. തുര്‍ക്കികള്‍ ഉറക്കെ ആര്‍പ്പുവിളിച്ചു. അവര്‍ അദ്ദേഹത്തിനുനേരെ തുപ്പി; ചെരിപ്പുകള്‍ വലിച്ചെറിഞ്ഞു. ഒടുവില്‍ പറഞ്ഞു.
“നിന്നെ ഞാന്‍ തല്ക്കാലം മോചിപ്പിക്കുന്നു. 50 ആനകളെയും രണ്ടുലക്ഷം ദിര്‍ഹവും എന്റെ ഖജനാവില്‍ അടക്കുംവരെ നിന്റെ മക്കളും പേരക്കുട്ടികളും അടങ്ങുന്ന ഇവരെല്ലാം എന്റെ തടവുകാരായിരിക്കും.”

പെഷവാറിലെ ഹിന്ദുക്ഷേത്രങ്ങളെല്ലാം പൊളിക്കാനും വിഗ്രഹങ്ങള്‍ തല്ലി ഉടക്കാനും സുല്‍ത്താന്‍ ഘാസികളെ നിയോഗിച്ചു.

“ഹിന്ദുവായോ ഹിന്ദുവിന്റേതായോ ഇവിടെ യാതൊന്നും അവശേഷിക്കരുത്.”സുല്‍ത്താന്‍ ആജ്ഞാപിച്ചു.

ഒരു വിഗ്രഹം സ്വന്തം കൈകൊണ്ട് അടിച്ചുടച്ചശേഷം സുല്‍ത്താന്‍ പറഞ്ഞു.

“വിഗ്രഹഭഞ്ജകന്‍ എന്ന ഉപനാമംകൂടി ഞാന്‍ സ്വീകരിക്കുന്നു. ഹിന്ദുസ്ഥാനില്‍ ഒരു വിഗ്രഹവും ഞാന്‍ ബാക്കിവയ്ക്കുകയില്ല.”

അടിമകള്‍ എെന്നന്നേക്കുമായി പിറന്ന നാട്ടില്‍നിന്നു വിടപറയുകയാണ്. ഒരേ വീട്ടിലെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും പല ഇടങ്ങളിലായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ഇനിയൊരിക്കലും കൂടിച്ചേരാന്‍ അവസരമില്ല. ഗസ്‌നിയിലെത്തിയാല്‍ ഏതെങ്കിലും യജമാനന്‍ അവരെ ലേലം ചെയ്തു കൊണ്ടുപോകും. അടിമകളുടെ കൂട്ടക്കരച്ചിലില്‍ ഗസ്‌നിനഗരം മൗനത്തിലാണ്ടു. തുര്‍ക്കികള്‍ ഓടിനടന്ന് ചാട്ടകൊണ്ടടിച്ച് അടിമകളെ നിശ്ശബ്ദരാക്കാന്‍ പാടുപെട്ടു.ഹിന്ദുക്കുഷ് പര്‍വ്വതം കയറിയിറങ്ങണം. അടിമകളുടെ പാതയിലെ ഏറ്റവും വലിയ വെല്ലുവിളിയാണത്. പര്‍വ്വതം കയറുമ്പോള്‍ കടുത്ത ആയാസംകൊണ്ടും നിര്‍ജ്ജലീകരണംകൊണ്ടും ധാരാളം അടിമകള്‍ മരിക്കും. ‘ഹിന്ദുക്കളെ കൊല്ലുന്ന സ്ഥലം’ എന്നര്‍ത്ഥം വരുന്ന ‘ഹിന്ദുക്കുഷ്’ എന്ന് പര്‍വ്വതത്തിനു പേരുവീണത് ഇക്കാരണം കൊണ്ടാണെന്നു പറയപ്പെടുന്നു.

ഇത്രയും അടിമകളെ സുല്‍ത്താന്‍ എങ്ങോട്ടു കൊണ്ടുപോകുന്നു? ഗസ്‌നിയില്‍ ഇത്രയും ജനങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോ? ഈ ചോദ്യങ്ങള്‍ക്കുത്തരം ഡോ. ടി. ജമാല്‍ മുഹമ്മദ് താനെഴുതിയ ‘അറബികളുടെ ചരിത്രം’എന്ന പുസ്തകത്തില്‍ പറയുന്നു.

“അറേബ്യന്‍ സാമൂഹിക ജീവിതത്തില്‍ അവിഭാജ്യഘടകമായിരുന്നു അടിമവ്യവസ്ഥ… ആദ്യകാലത്ത് യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആളുകളെ അടിമകളാക്കുകയായിരുന്നു പതിവ്. പില്‍ക്കാലത്ത് അടിമകള്‍ ഏറ്റവുമധികം വിറ്റഴിയുന്ന കച്ചവടച്ചരക്കായി മാറി. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ഈ വ്യവസായവും വളരുവാന്‍ തുടങ്ങി. ഒരു സ്പാനിഷ് അടിമക്ക് ശരാശരി 1000 ദിനാര്‍ വിലയുണ്ടായിരുന്നു. തുര്‍ക്കിയില്‍നിന്നുള്ള അടിമക്ക് 600 ദിനാര്‍ വിലയേ ഉണ്ടായിരുന്നുള്ളൂ. ഉമവിയ്യാ രാജകുമാരന്മാരും പ്രഭുക്കന്മാരും ആയിരത്തിലധികം അടിമകളെ സ്വന്തമായി സൂക്ഷിക്കുക സാധാരണമായിരുന്നു. മുസ്ലീം സൈന്യത്തിലെ ഒരു പടയാളി പത്തോളം അടിമകളെ സ്വയം വച്ചുപുലര്‍ത്തി.”

“അബ്ബാസിയ്യാ കാലഘട്ടത്തില്‍ അടിമകള്‍ സമൂഹത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു. അവരില്‍ ഭൂരിഭാഗവും അമുസ്ലീം രാജ്യങ്ങളില്‍നിന്നു പിടിച്ചെടുക്കപ്പെടുന്നവരായിരുന്നു. അന്തഃപുരത്തില്‍ കാവലിനായി അടിമകളായ നപുംസകങ്ങളെ നിയോഗിക്കുന്നു. സുന്ദരികളായ അടിമപ്പെണ്‍കുട്ടികള്‍ നര്‍ത്തകികളായും വെപ്പാട്ടിമാരായും പ്രവര്‍ത്തിച്ചു. ഖലീഫ ഹാറൂണ്‍ അല്‍ റഷീദിന് സുന്ദരികളായ യുവതികള്‍ ഏറ്റവും വലിയ ദൗര്‍ബ്ബല്യമായിരുന്നു. ഒരു അടിമപ്പെണ്‍കുട്ടിക്ക് 70000 ദിര്‍ഹംവരെ അദ്ദേഹം വിലനല്‍കി. ഖലീഫ മുഖ്തദീറിന്റെ കൊട്ടാരത്തില്‍ 11000 നപുംസകങ്ങളായ അടിമകളുണ്ടായിരുന്നു. അല്‍മുത വക്കിലിന് 4000-ല്‍ പരം വെപ്പാട്ടികളുണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.”

വെപ്പാട്ടികള്‍ക്കു കാവല്‍ നില്ക്കാന്‍ പുരുഷത്വം നഷ്ടപ്പെട്ട നപുംസകങ്ങള്‍ വേണം. അത്രമാത്രം നപുംസകങ്ങളെ എവിടെനിന്നു കിട്ടും? അറബിയുടെ കയ്യില്‍ അതിനു വഴിയുണ്ട്. അടിമയായി പിടിക്കുന്ന ആണ്‍കുട്ടികളുടെ വൃഷണ സഞ്ചി മൂര്‍ച്ചയുള്ള കത്തികൊണ്ട് പിളര്‍ന്ന് വൃഷണം പുറത്തെടുത്തുകളയും. അതോടെ അവന്‍ യോഗ്യനായ നപുംസകമാകും. ചന്തയില്‍ നല്ല വിലയും കിട്ടും.

പെഷവാര്‍ നഗരം ശ്മശാനംപോലെ ചലനമറ്റുകിടന്നു. ജനങ്ങളെ അടിമകളാക്കി സുല്‍ത്താന്‍ കൊണ്ടുപോയി. എങ്ങും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങള്‍. സംസ്‌കരിക്കാന്‍ ആളില്ലാതെ തെരുവുകളില്‍ ചീഞ്ഞളിയുന്ന മൃതദേഹങ്ങള്‍. ജയപാലദേവ കുതിരപ്പുറത്തുകയറി കുറച്ചുദൂരെയുള്ള ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. എല്ലാം വിജനമാക്കപ്പെട്ടിരുന്നു. ഒഴിഞ്ഞ കുടിലുകളില്‍ വിശന്നു മരിച്ച കുഞ്ഞുങ്ങളുടെയും വൃദ്ധജനങ്ങളുടെയും മൃതദേഹങ്ങള്‍. വിഷാദരാഗം പാടിക്കൊണ്ടു പടിഞ്ഞാറേക്കു പറക്കുന്ന പക്ഷിക്കൂട്ടങ്ങള്‍.

ഒരു വിങ്ങല്‍ അദ്ദേഹത്തിന്റെ ഹൃദയം തകര്‍ത്തു. ഒട്ടും വൈകാതെ അദ്ദേഹം മടങ്ങി.

കൊട്ടാരത്തില്‍ മടങ്ങിയെത്തിയ ജയപാലദേവ മൂത്തപുത്രന്‍ അനന്തപാലയെയും മുഖ്യപുരോഹിതനെയും വിളിച്ചു. രാജാവു സംസാരിച്ചു. “ഞാന്‍ തോറ്റുപോയി മകനെ. പ്രജകളെ രക്ഷിക്കാന്‍ കഴിയാത്ത ക്ഷത്രിയ രാജാവിന് ആ സ്ഥാനത്തിരിക്കാന്‍ എന്തു യോഗ്യതയാണുള്ളത്.? അതുകൊണ്ട് ഞാന്‍ മടങ്ങുന്നു. നീ അടുത്ത രാജാവാകുക.”

പുരോഹിതന്‍ അനന്തപാലയുടെ ശിരസ്സില്‍ ജലാഭിഷേകം ചെയ്തു. രാജാ ജയപാലദേവ തന്റെ കിരീടം അനന്തപാലയുടെ ശിരസ്സില്‍ വച്ചു.

ജയപാലദേവയുടെ കല്പനപ്രകാരം ശ്മശാനഘട്ടില്‍ ഒരു ചിത ഒരുക്കിയിരുന്നു. അതില്‍ എണ്ണയും നെയ്യുമൊഴിച്ചു നനച്ചിട്ടുണ്ട്. ജയപാലദേവ ചിതയില്‍ കയറി പത്മാസനത്തിലിരുന്നു. സ്വന്തം കൈകൊണ്ടുതന്നെ ഒരു തിരികൊളുത്തി ചിതയില്‍ വച്ചു. ആര്‍ത്തുകയറിയ തീയ് ആ രാജാവിന്റെ ഹൃദയ നൊമ്പരങ്ങള്‍ ഒപ്പിയെടുത്തു തുടങ്ങി.

പെഷവാറിന്റെ ചരിത്രം അവിടം കൊണ്ടവസാനിക്കുന്നില്ല. ആയിരം വര്‍ഷം കഴിഞ്ഞുള്ള ഒരു പ്രഭാതം. 2014 ഡിസംബര്‍ 16. സമയം രാവിലെ 10.30. ഇപ്പോള്‍ പാകിസ്ഥാനില്‍പെട്ട പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ സ്‌കൂള്‍ അസംബ്ലി നടക്കുകയാണ്. 8 നും 18 നും ഇടയില്‍ പ്രായമുള്ള മിടുക്കന്മാരായ കുട്ടികള്‍. പാകിസ്ഥാന്‍ ആര്‍മി ഓഫീസര്‍മാരുടെ അരുമകളാണെല്ലാവരും. ഇതളുകളായി വിടരുന്ന നറുപുഷ്പം പോലെ ആഹ്ലാദം തുടിച്ചുനിന്ന അന്തരീക്ഷം. അപ്പോള്‍ തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്ന തീവ്രവാദി സംഘടനയിലെ 6 ചാവേറുകള്‍ സ്‌കൂള്‍ ഗേറ്റിനു പുറത്തു വന്നിറങ്ങി. മുഴുവന്‍ ഇസ്ലാമായിക്കഴിഞ്ഞ പാകിസ്ഥാനിലെ മുസ്ലീങ്ങളെ കൂടുതല്‍ ശുദ്ധീകരിക്കുകയാണ് ഈ കൂട്ടരുടെ ദൗത്യം. 6 പേരും ബെല്‍റ്റുബോംബും എ.കെ 47 തോക്കുകളും വഹിച്ചിരുന്നു. മതില്‍ ചാടിക്കടന്നെത്തിയ തീവ്രവാദികള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ രണ്ടു വാതിലുകളും അടഞ്ഞുനിന്നു. തലപൊക്കിനോക്കിയ കുഞ്ഞുങ്ങളുടെ നക്ഷത്രക്കണ്ണുകളില്‍ ഭയവും സംശയവും മാറിമാറി പ്രതിഫലിച്ചു. എ.കെ. 47 റൈഫിളുകള്‍ ഗര്‍ജ്ജിച്ചു തുടങ്ങി. ഓടിരക്ഷപ്പെടാനുള്ള പരക്കം പാച്ചിലും കൂട്ടനിലവിളികളും ഏറെസമയം നീണ്ടുനിന്നില്ല.

തൂവലില്‍ ചോരപറ്റിയ ജീവനില്ലാത്ത പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ 156 കുട്ടികള്‍ ഓഡിറ്റോറിയത്തില്‍ നിരന്നുകിടന്നു.

ആയിരം വര്‍ഷം മുന്‍പ് ഗസ്‌നി സുല്‍ത്താന്റെ ചരിത്രകാരന്‍ അല്‍ ഉത്ബി എഴുതി, പതിനയ്യായിരം അവിശ്വാസികളുടെ ജഡം കാര്‍പ്പെറ്റുവിരിച്ചതുപോലെ പെഷവാറിലെ മൈതാനത്തു നിരന്നുകിടന്നു എന്ന്. കാലം അതിന്റെ കര്‍ക്കശമായ നീതി നിര്‍വ്വഹിക്കുമ്പോള്‍ ആര്‍ക്കും ഇളവുകള്‍ നല്‍കാറില്ല. ഗസ്‌നിസുല്‍ത്താന്‍ വിതച്ച പാപത്തിന്റെ വിത്തുകള്‍ ഇന്നും മുളച്ചുകൊണ്ടിരിക്കുന്നു.

Tags: ഗസ്നി മതഭീകരതയുടെ മനുഷ്യാകാരംമുഹമ്മദ് ഗസ്‌നി
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies