- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- സിംഹികയുടെ പതനം (വീരഹനുമാന്റെ ജൈത്രയാത്ര 7)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് വീരഹനുമാന്‍ ലങ്കയിലേക്കുള്ള തന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. നീലാകാശത്തേയും നീലക്കടലിനേയും സാക്ഷിയാക്കിക്കൊണ്ടുതന്നെയായിരുന്നു ഹനുമാന്റെ മുന്നോട്ടുള്ള പ്രയാണം.
ഇതിനിടയില്‍ പെട്ടെന്ന് ആരോ തന്നെ പിടികൂടി പിന്നിലേക്കു വലിക്കുന്നതായി ഹനുമാനു തോന്നി. എത്ര പരിശ്രമിച്ചിട്ടും മുന്നോട്ടുനീങ്ങാന്‍ സാധിക്കുന്നില്ല. ഇതെന്തുകഥ? ആരാണു തന്നെ പിന്നോട്ടു വലിക്കുന്നത്? ഹനുമാന്‍ ഞെട്ടിത്തിരിഞ്ഞ് നാലുപാടും നോക്കി. അപ്പോഴാണ് താഴെ നിന്നുള്ള ഏതോ കൈകളാണ് തന്നെ പിടിച്ചുവലിക്കുന്നതെന്ന് ആ ശക്തിമാന് മനസ്സിലായത്.
ഹനുമാന്‍ താഴെയുള്ള കടല്‍ത്തിരകളിലേക്ക് ഉറ്റുനോക്കി. അപ്പോഴാണ് കടലിന്റെ നടുവില്‍ മുങ്ങിയും പൊങ്ങിയും സഞ്ചരിക്കുന്ന ഒരു ഭയാനക രാക്ഷസിയുടെ രൂപം ഹനുമാന്റെ കണ്‍മുന്നില്‍ തെളിഞ്ഞുവന്നത്!
സിംഹിക എന്നായിരുന്നു ആ രാക്ഷസിയുടെ പേര്. ആരും നടുങ്ങിപ്പോകുന്ന ഒരു ഭീകരരൂപമായിരുന്നു അവളുടേത്. പാതാളം പോലുള്ള വലിയ വായ്!
പുറത്തേക്കു തള്ളിനില്‍ക്കുന്ന ഉഗ്രന്‍ കോമ്പല്ലുകള്‍!
കാടുപോലെ താഴോട്ടു വളര്‍ന്നിറങ്ങിയ തലമുടി!
ഇടിമുഴക്കം പോലുള്ള പൊട്ടിച്ചിരി!
കടലിനുമീതെ സഞ്ചരിക്കുന്നവരുടെ നിഴലിനെയാണ് സിംഹിക പിടികൂടിയിരുന്നത്. നിഴലിനെ പിടികൂടി തന്നിലേക്കു വലിച്ചടുപ്പിച്ച് വിഴുങ്ങുകയായിരുന്നു അവളുടെ പതിവ്. അതുകൊണ്ട് ‘ഛായാഗ്രഹണി’ എന്നൊരു പേരുകൂടി അവള്‍ക്കുണ്ടായിരുന്നു.
ഹനുമാന്റെ നിഴലില്‍ പിടികൂടിയ സിംഹിക അദ്ദേഹത്തേയും തന്നിലേക്ക് വലിച്ചടുപ്പിക്കുവാന്‍ ശ്രമിച്ചു. പക്ഷേ എന്തുകാര്യം? ഹനുമാന്‍ അതിശക്തനല്ലേ? അങ്ങനെ അടുക്കുമോ?
ഒടുവില്‍ സിംഹിക ഉച്ചത്തില്‍ അലറിക്കൊണ്ട് ഹനുമാനുമായി ഉഗ്രമായ പോരാട്ടം തുടങ്ങി. ആകാശത്തില്‍ നിലകൊള്ളുന്ന ഹനുമാനും സമുദ്രത്തിന്റെ നടുവില്‍ നില്‍ക്കുന്ന സിംഹികയും തമ്മിലുള്ള മത്സരം വളരെ നേരം നീണ്ടുനിന്നു.
സിംഹിക വലിയ വായും പിളര്‍ന്നുകൊണ്ട് ഹനുമാനെ പിടികൂടാന്‍ പലവട്ടം മുകളിലേക്കു ചാടി. അപ്പോഴെല്ലാം ഹനുമാന്‍ തന്റെ ഉരുക്കുമുഷ്ടികൊണ്ട് ആ ഭയങ്കരിയെ അടിച്ചുവീഴ്ത്തി. പക്ഷേ അവള്‍ അടങ്ങിയില്ല.
”ഏയ്, വാനരാ!… നീ എന്നോട് കളിക്കേണ്ട. ഞാന്‍ സിംഹികയാണ്. സിംഹികയോട് മല്ലടിക്കാന്‍ വന്ന ഒരു വീരനും ജീവനോടെ രക്ഷപ്പെട്ടിട്ടില്ല; വേഗം ഇവിടന്നു തിരിച്ചുപൊയ്‌ക്കൊള്‍ക. അല്ലെങ്കില്‍ നിന്നെ ഞാനിപ്പോള്‍ വായിലാക്കും” – സിംഹിക പിന്നെയും കുതിച്ചുയര്‍ന്നു.
പോരാട്ടം മുറുകിയതോടെ സമുദ്രമാകെ ഇളകിമറിഞ്ഞു. തിരമാലകള്‍ ആകാശത്തോളം ഉയര്‍ന്നുപൊങ്ങി. സൂര്യചന്ദ്രന്മാര്‍ ഈ രംഗം കണ്ട് പേടിച്ചുവിറച്ചു. കടല്‍ ജീവികള്‍ പ്രാണനുംകൊണ്ട് പരക്കം പായാന്‍ തുടങ്ങി. കടല്‍പ്പന്നികളും സ്രാവുകളും കടലിലെ കൂറ്റന്‍ പാറകളുടെ വിള്ളലുകളില്‍ പോയി ഒളിച്ചു. ചെറുമത്സ്യങ്ങളെല്ലാം ജലസസ്യങ്ങള്‍ക്കിടയിലും പവിഴപ്പുറ്റുകള്‍ക്കിടയിലും പതുങ്ങിയിരുന്നു. സിംഹികയുടെ കോപ്രായങ്ങള്‍ കണ്ട ഹനുമാന്‍ സ്‌നേഹബുദ്ധ്യാ അവളോടു പറഞ്ഞു: ”ഏയ് ദുഷ്ടാ രാക്ഷസീ!…. മിടുമിടുക്കും തടിമിടുക്കും കാണിച്ച് നീയെന്നെ പിടികൂടാന്‍ നോക്കേണ്ട. ഞാനൊരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചതാണ്. എനിക്ക് മുന്നോട്ടു പോയേതീരൂ. എന്റെ വഴി തടയാതെ സ്വന്തം കാര്യം നോക്കുന്നതാണ് നിനക്കു നല്ലത്”
പക്ഷേ ഹനുമാന്റെ ഈ സദുപദേശമൊന്നും കേള്‍ക്കാന്‍ സിംഹിക തയ്യാറായിരുന്നില്ല.
”അല്ലയോ വിരൂപവാനരാ, ഈ സമുദ്രത്തിനു മീതെ പറക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. ഈ വിഹായസ്സിന്റെ അവകാശി ഞാനാണ്. നീ വേഗം മടങ്ങി പൊയ്‌ക്കോളൂ. അല്ലെങ്കില്‍ ഈ നിമിഷം നിന്റെ കഥ കഴിയും” -സിംഹിക വീണ്ടും ആക്രോശിച്ചു.
അതോടെ ഹനുമാന്റേയും സിംഹികയുടേയും പോരാട്ടവീര്യം കുറേക്കൂടി ഉണര്‍ന്നു. അടിയും ഇടിയും കടിയും മാന്തും അവര്‍ പരസ്പരം തുടര്‍ന്നു. എങ്കിലും ഹനുമാന്‍ ഒരിക്കല്‍ക്കൂടി സിംഹികയ്ക്ക് ഒരു മുന്നറിയിപ്പുനല്‍കി: ”ഏയ്, ഛായാഗ്രഹണീ, നിന്റെ പേക്കൂത്തുകള്‍ ഞാന്‍ ഇത്രയും സമയം സഹിച്ചു. ഇനി നമുക്കു പോരാട്ടം നിറുത്താം; അതാണ് എനിക്കും നിനക്കും നല്ലത്. ഞാന്‍ എന്റെ വഴിക്കു പൊയ്‌ക്കൊള്ളാം” – ഹനുമാന്‍ ക്ഷമയോടെ അവളെ അറിയിച്ചു.
പക്ഷേ സിംഹിക അടങ്ങിയില്ല. അവള്‍ വീണ്ടും തന്റെ വികൃതമായ കൈകള്‍ നീട്ടി, കോമ്പല്ലുകള്‍ വെളിക്കുകാട്ടി പിന്നെയും അലറി: ”കള്ളവാനരാ, നിന്നെ ഞാന്‍ മാന്തിക്കീറാന്‍ പോവുകയാണ്.”
ഉഗ്രമായി അലറിക്കൊണ്ട് സിംഹിക വീണ്ടും ഹനുമാനെ വിഴുങ്ങാന്‍ കുതിച്ചുചാടി. അതോടെ മഹാവീരനായ മാരുതിയുടെ സമനില തെറ്റി. തന്റെ നീളന്‍ കാലുകളുയര്‍ത്തി അദ്ദേഹം അവളുടെ മുഖത്ത് ആഞ്ഞുചവുട്ടി: ”പ്ധും!….” മുഖം തകര്‍ന്നു. തല ഒടിഞ്ഞുതൂങ്ങി. ദംഷ്ട്രകളും പല്ലുകളും കൊഴിഞ്ഞുപോയ ഹീനരാക്ഷസി ഒടിഞ്ഞ തലയോടുകൂടി സമുദ്രത്തിന്റെ നടുവിലേയ്ക്ക് പതിച്ചു: ”പ്ലും!….”
-സിംഹികയുടെ പതനം കണ്ട് ആകാശത്തിനു മുകളില്‍ വട്ടം ചുറ്റിക്കൊണ്ടിരുന്ന കഴുകന്മാര്‍ താഴോട്ട് പറന്നിറങ്ങി. കടല്‍ത്തിരകള്‍ക്കു മുകളില്‍ക്കിടന്ന് കൈകാലിട്ടടിക്കുന്ന ക്രൂരയായ ആ രാക്ഷസിയെ കഴുകവൃന്ദം കൊത്തിക്കീറാന്‍ തുടങ്ങി.
(തുടരും)