പൂനെ: ഛത്രപതി ശിവാജി കാലാതീതമായ മാതൃകയാണെന്ന് ആര്.എസ.്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. കേദാര്‍ ഫഡ്കെ എഴുതിയ ‘ശിവഛത്രപതി- സ്വരാജ്യ ടു സാമ്രാജ്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവാജി മുഴുവന്‍ ഭാരതീയരുടെയും ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. ഭാരതം മുന്നോട്ടുവയ്ക്കുന്ന വിശ്വമാതൃകയാണ് ശിവാജിയുടെ ജീവിതം. രാഷ്ട്രതന്ത്രജ്ഞന് എന്ന നിലകളില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും ശിവാജിയുടെ ജീവിതം ലോകത്തിന് പാഠപുസ്തകമാണ്. രാജ്യചരിത്രത്തിന്റെയാകെ സാരാംശം ആ ജീവിതത്തിലുണ്ട്.
ഭാരതത്തിലെ രാജാക്കന്മാര് മുന്നൂറ് വര്‍ഷത്തോളം ഇസ്ലാമിക അധിനിവേശത്തോട് പൊരുതിയവരാണ്. ശിവാജി ജനങ്ങളെ മാതൃകാപരമായി സംഘടിപ്പിക്കുകയും അവരെ പോരാളികളാക്കുകയും ചെയ്തു. ജനങ്ങളിലുള്ള വിശാസമായിരുന്നു ശിവാജിയുടെ സാമ്രാജ്യത്തിന്റെ കരുത്ത്. രാഷ്ട്രത്തോടുള്ള ഈ വിശ്വാസം ഓരോ വ്യക്തിയിലുമുള്ള പ്രതിലോമ ചിന്തകളെ ഇല്ലാതാക്കും. സമാനമായ സാഹചര്യങ്ങള്‍ ഇക്കാലത്തുമുണ്ടെന്നും അതുകൊണ്ടാണ് ശിവാജിയുടെ ചരിത്രം കാലാതീതമായ മാതൃകയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവാജി സ്മാരക സമിതി ഉപാധ്യക്ഷന്‍ ഉദയ് ഖര്ദേക്കര്, ഡോ.സുബ്ബറെഡ്ഡി, പ്രദീപ് റാവത്ത്, കേദാര്‍ ഫഡ്കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.