കേരളത്തെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, ബൂര്‍ഷ്വാ കമ്മ്യൂണിസമെന്ന പുതിയ ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിപ്പിക്കാന്‍ ഉച്ചാടനം ഉള്‍പ്പെടെയുള്ള ഉഗ്രകര്‍മ്മങ്ങളും തന്ത്രങ്ങളും പൊതുജനം പ്രയോഗിക്കേണ്ടിയിരിക്കുന്നു.
എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണെന്നാണല്ലൊ മാര്‍ക്‌സിന്റെ സിദ്ധാന്തം. മാര്‍ക്‌സ് ആകട്ടെ സമൂഹത്തെ ബൂര്‍ഷ്വാസികളും തൊഴിലാളികളും എന്ന രണ്ടു വര്‍ഗ്ഗങ്ങളാക്കി കാണുകയും ചെയ്തു. എന്നാല്‍ ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ച് വിദേശത്ത് നിക്ഷേപം ചെയ്തിട്ടുള്ള മുന്തിയ ഇനം ബൂര്‍ഷ്വാസികളായി മാറിയിരിക്കുന്നു. ഇവിടത്തെ ഭരണാധികാരികള്‍ മധ്യകാല ഫ്യൂഡല്‍ പ്രഭുക്കന്മാരും മാടമ്പികളുമായിത്തീര്‍ന്നു. ഇവരെ നേരിടുന്ന കുടിയാന്മാര്‍ ആരാണ് ? പാവപ്പെട്ട തൊഴിലാളികള്‍ മാത്രമല്ല, വോട്ട് ചെയ്ത് ഇവരെ അധികാരത്തിലേറ്റി ഒടുവില്‍ ദയനീയമായി വഞ്ചിക്കപ്പെട്ട പൊതുജനം മൊത്തം ഇവരുടെ വര്‍ഗ്ഗ ശത്രുവായി തീര്‍ന്നിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ കേരള സമൂഹത്തിലെ രണ്ടു പ്രധാന വര്‍ഗ്ഗങ്ങള്‍ കമ്യൂണിസ്റ്റ് ബൂര്‍ഷ്വാസിയും പിന്നെ പൊതുജനവും എന്ന മട്ടില്‍ ആയിട്ടുണ്ട്.
തൊഴിലിനെ പ്രോത്സാഹിപ്പിക്കേണ്ടുന്ന ഉത്തരവാദിത്വം ഇവിടത്തെ മാര്‍ക്‌സിസ്റ്റുകള്‍ പാടെ കൈയ്യൊഴിഞ്ഞു. കാരണം തൊഴിലെടുക്കാതെ കാശുണ്ടാക്കുന്ന തന്ത്രമാണ് പുതിയ മാര്‍ക്‌സിസ്റ്റു നയം. ജനാധിപത്യ വ്യവസ്ഥയെ അവര്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ കൊള്ള മുതല്‍ സമ്പാദ്യ വ്യവസ്ഥയാക്കി മാറ്റി. ഇങ്ങനെയുള്ള സമ്പാദ്യം മുതലാക്കി മാറ്റിയ പുതിയ മാര്‍ക്‌സിസ്റ്റു മുതലാളിമാരുടെ മുദ്രാവാക്യവും മാറിക്കഴിഞ്ഞു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ‘സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന മുദ്രാവാക്യം കീഴ്‌മേല്‍ മറിഞ്ഞ് ഇപ്പോള്‍ ‘സര്‍വ്വ രാജ്യ മുതലാളികളെ സംഘടിക്കുവിന്‍ എന്നായി. മറ്റ് രാജ്യങ്ങളിലെ മുതലാളി വര്‍ഗ്ഗവുമായി സഖ്യം ചേരാന്‍ എന്തെങ്കിലും നുണ പറഞ്ഞ് ഇടയ്ക്കിടെ പറന്നുയര്‍ന്ന് വിരുന്നു സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാറുള്ള ഭരണാധികാരികളായ മാര്‍ക്‌സിസ്റ്റു മുതലാളിമാരെ ജനത്തിന് മറക്കാനാവില്ല, കാരണം പൊതു ഖജനാവ് കൊള്ളയടിച്ച് മുതലുണ്ടാക്കുന്ന ഈ മുതലാളിമാരുടെ വര്‍ഗ്ഗ ശത്രു പൊതുജനമല്ലാതെ മറ്റാരാണ് ? ഏതെങ്കിലുമൊര വര്‍ഗ്ഗശത്രുവെ കൂടാതെ ജീവിക്കുന്നത് മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഹറാമാണു താനും.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഗുരുവചനം, “എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗ സമരങ്ങളുടെ ചരിത്രമാണ്, ഈ സമരങ്ങളുടെ അവസാനമെന്നത് സമൂഹത്തിന്റെ ആകെയുള്ള വിപ്ലവകരമായ പുന:സംഘടനയോ, മത്സരിക്കുന്ന വര്‍ഗ്ഗങ്ങളുടെ പൊരുനാശമോ ആയിരിക്കും” എന്നാണ്. സൃഷ്ടിവികാസത്തെ കുറിച്ചുള്ള ഹെഗലിന്റെ ആദര്‍ശ സിദ്ധാന്തത്തെയാണ് കാറല്‍ മാര്‍ക്‌സ് ഇങ്ങനെ വികൃതമാക്കിയത്. വൈപരീത്യത്തിലൂടെയാണ് മാനവ ചരിത്രം മുന്നേറിക്കൊണ്ടിരിക്കുന്നതെന്നും, തീസിസിന്റെയും ആന്റി തീസിസിന്റെയും അതായത് രണ്ടു വിരുദ്ധശക്തികളുടെയും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വ്യവസ്ഥയാകുന്ന സിന്‍തെസിസ് എന്നുമായിരുന്നു ഹെഗല്‍ പറഞ്ഞത്. കാറല്‍ മാര്‍ക്‌സ് ഇതിനെ ഭൗതിക വാദത്തിലേക്കും മാനവ വര്‍ഗ്ഗസമരത്തിലേക്കും ഒതുക്കിയെന്നു മാത്രമല്ല വൈരുദ്ധ്യവും വിപ്ലവവും വിദേ്വഷവും ഒടുവില്‍ വിരുദ്ധ വര്‍ഗ്ഗങ്ങളുടെ നാശവുമാണ് പ്രവചിച്ചത്. മാര്‍ക്‌സിന്റെ ഈ പ്രവചനം ശരിവെയ്ക്കുന്ന ദിശയിലേക്കാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ നീങ്ങുന്നത്. തൊഴിലാളി വര്‍ഗ്ഗത്തെ സര്‍വ്വാധിപത്യ പദവിയിലേക്ക് ഉയര്‍ത്തുന്നതിനു പകരം നാശത്തിലേക്ക് നയിക്കാന്‍ ഉദ്യമിക്കുന്നു. കേരളത്തില്‍ മുതല്‍ മുടക്കാന്‍ വ്യവസായികള്‍ കൂട്ടാക്കുന്നില്ല, മാര്‍ക്‌സിസ്റ്റുകളെ ഭയന്ന്. മുതല്‍ മുടക്കിയവരാകട്ടെ എല്ലാം ഇട്ടെറിഞ്ഞ് മറ്റ് സംസ്ഥാനങ്ങിലേക്ക് ചേക്കേറുന്നു. കര്‍ഷകരാകട്ടെ ആത്മഹത്യയില്‍ അഭയം തേടുന്നു. കാലാവസ്ഥാ വ്യതിയാനം, വേനല്‍മഴ, വെള്ളപ്പൊക്കം തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് താങ്ങായി നില്‍ക്കുന്നതിനു പകരം കൊയ്തു കൂട്ടിയിടുന്ന നെല്ല് യഥാസമയം ശേഖരിക്കാനും അതിന്റെ വില കൃത്യമായി നല്‍കാനും വ്യവസ്ഥ ചെയ്യാത്ത കേരള സര്‍ക്കാരിന്റെ അനാസ്ഥ കാരണം കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കേരളത്തില്‍ പെരുകിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലാണ് കര്‍ഷകരുടെ രക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന നയങ്ങളെ എതിര്‍ക്കാനായി രാജ്യദ്രോഹികളായ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സംസ്ഥാനമാക്കി കേരളത്തെ അപഥ സഞ്ചാരത്തിലേക്ക് നയിക്കാന്‍ ഇവിടത്തെ ബൂര്‍ഷ്വാ കമ്യൂണിസ്റ്റുകള്‍ യത്‌നിച്ചുകൊണ്ടിരിക്കുന്നത്. 2021-ല്‍ ദേശീയ തലത്തില്‍ കര്‍ഷക സമരമെന്ന വ്യാജപ്പരസ്യത്തില്‍ കൂടിയേറ്റക്കാരായ ഇടനിലക്കാരെ അനാവശ്യ സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ ഇവര്‍ മുന്‍പന്തിയിലെത്തി. ഇപ്രകാരം നിരന്തര സമരങ്ങളിലൂടെ വ്യവസായങ്ങള്‍ പൂട്ടിക്കുക, കര്‍ഷകരെ ദ്രോഹിക്കുക എന്ന തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ ബൂര്‍ഷ്വാ കമ്യൂണിസ്റ്റുകള്‍ക്ക് അവകാശപ്പെടാനുള്ളത്. പരലോകത്ത് ഹൂറികള്‍ക്കു വേണ്ടി പുരുഷ വര്‍ഗ്ഗത്തെ കൊലയാളികളാക്കി ഒടുവില്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റി അയയ്ക്കുന്ന ഒരേ ഒരു വ്യാപാരം മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ ബൂര്‍ഷ്വാ മാര്‍ക്‌സിസ്റ്റുകളുടെ അനുഗ്രഹാശ്ശിസുകളുടെ തണലില്‍ പുരോഗമിക്കുന്നത്. ഇവ്വിധമുള്ള പുരോഗമന നവോത്ഥാനത്തില്‍ ഈ കൊച്ചുകേരളം അനന്യമായ നേട്ടം തന്നെയാണ് കൈയ്‌വരിച്ചുകൊണ്ടിരിക്കുന്നത്.
തൊഴിലാളി സര്‍വ്വാധിപത്യം കേരളത്തില്‍ ഇപ്പോള്‍ ‘കമ്യൂണിസ്റ്റ് ബൂര്‍ഷ്വാ ഏകാധിപത്യം’ എന്ന തരത്തിലേക്ക് മാറി. വാസ്തവത്തില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോള്‍ വര്‍ഗ്ഗനാശം സംഭവിച്ചു കഴിഞ്ഞു. അവരുടെ മേല്‍വിലാസത്തില്‍ വിലസുന്നത് ബൂര്‍ഷ്വാ കമ്യൂണിസ്റ്റുകളാണ്. ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലാത്ത സോണിയ ഘന്ധി, ‘സോണിയ ഗാന്ധി’ ആയതുപോലെ.
കമ്മീഷനുകളിലൂടെയും അല്ലാതെയും മറ്റും ഭീമമായ തുക അടിച്ചു മാറ്റാനായി കമ്മ്യൂണിസ്റ്റു ഭരണകൂടം കൊണ്ടുവന്ന കെ-റെയില്‍ പദ്ധതിയുടെ കല്ലിടലിനെതിരെ പ്രതിഷേധിച്ച പൊതുജനത്തെ ബൂര്‍ഷ്വാ കമ്യൂണിസ്റ്റിന്റെ പോലീസ് ചവിട്ടി വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ച് അവശനിലയിലാക്കിയതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍, മാര്‍ക്‌സിസത്തിന്റെ സഞ്ചാരപഥം ലെനിനിസത്തിലൂടെ സ്റ്റാലിനിസത്തിലെത്തിച്ചേര്‍ന്ന് പിന്നീട് ദുര്‍മരണം സംഭവിക്കുക എന്നതു തന്നെയാണ്. പൂര്‍ണ്ണത കൈയ്‌വരിച്ച ശേഷം മാര്‍ക്‌സിസത്തിനു നിലനില്‍ക്കാനാവില്ലല്ലൊ, കാരണം ഹെഗല്‍ പറഞ്ഞതും മാര്‍ക്‌സ് ഏറ്റു പറഞ്ഞതുമായ വൈരുദ്ധ്യാത്മക വാദമനുസരിച്ച് സ്റ്റാലിനിസവും മറ്റേതെങ്കിലുമൊരു ഇസത്തില്‍ അവസാനിക്കണമല്ലൊ. അതിനാല്‍ ഭക്ഷ്യകിറ്റുകള്‍ അഭിലാഷ പുഷ്പങ്ങള്‍ വിടര്‍ത്തിയെങ്കിലും കേരളത്തിലെ സ്റ്റാലിനിസത്തിനായുള്ള പിണ്ഡ സമര്‍പ്പണം പ്രകൃതി ഒരുക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് സംഭവങ്ങള്‍ ഓരോന്നും വ്യക്തമാക്കുന്നത്.
വര്‍ഗ്ഗീകരണം ബൂര്‍ഷ്വാ കമ്മ്യൂണിസ്റ്റുകളും പൊതുജനവും എന്ന നിലയിലാകുന്നത് അപകടകരമാണെന്ന് കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു, അത് അവരുടെ നാശത്തില്‍ കലാശിക്കുമെന്ന് മേല്‍ സൂചിപ്പിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഗുരുവചനം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ടുതാനും. വര്‍ഗ്ഗ സമരത്തില്‍ മത്സരിക്കുന്ന വര്‍ഗ്ഗങ്ങളുടെ നാശം സംഭവിച്ചേക്കാമെന്ന സൂചന ഗുരുവചനത്തിലുണ്ട്. പിന്നെ ഭാരതത്തിലാണെങ്കിലോ കമ്മ്യൂണിസ്റ്റുകളുടേതുള്‍പ്പെടെ ഉപയോഗമില്ലാത്ത പാര്‍ട്ടികളെ പൊതുജനം വളരെ വേഗത്തില്‍ തൂത്തെറിഞ്ഞു കൊണ്ടുമിരിക്കുന്നു. അതിനാല്‍ കമ്മ്യൂണിസ്റ്റുകള്‍ പുതിയ വര്‍ഗ്ഗീകരണം പരീക്ഷിച്ചു നോക്കുകയാണ്, ഇത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നത് അങ്ങേയറ്റം പരിഹാസ്യം തന്നെ, കാരണം മതം മനുഷ്യ മസ്തിഷ്‌ക്കത്തെ കാര്‍ന്നു തിന്നുന്ന ലഹരി പദാര്‍ത്ഥം മാത്രമാെണന്നായിരുന്നു കാറല്‍ മാര്‍ക്‌സിന്റെ മതം. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്ത് കേരളത്തില്‍ മാത്രം അവശേഷിക്കുന്നവരും വര്‍ഗ്ഗനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നവരുമായ മാര്‍ക്‌സിസ്റ്റു ഭരണാധികാരികള്‍ ജീവശ്വാസത്തിനായി ന്യൂനപക്ഷ മത പ്രീണനത്തെ ആശ്രയിക്കുന്ന സ്ഥിതിയിലായി. മദ്രസ അധ്യാപകര്‍ക്ക് പൊതുജനത്തിന്റെ നികുതിപ്പണം വേതനമായും പെന്‍ഷനായും എത്ര നല്‍കിയിട്ടും കമ്മ്യൂണിസ്റ്റുകള്‍ക്ക് തൃപ്തി വരുന്നില്ല. സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനവും ജനസംഖ്യയില്‍ 27 ശതമാനം മാത്രം വരുന്ന മുസ്ലീം വിഭാഗത്തിനു നല്‍കിയിരുന്നത് റദ്ദു ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ ലജ്ജയില്ലാ നയം ജനത്തെ മതാടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിച്ച് ഭിന്നിപ്പിച്ച് സ്വന്തം ബൂര്‍ഷ്വാ സ്ഥാനം ഉറപ്പിക്കുന്നതിനായിട്ടാണ്.
ആഗോള തലത്തില്‍ നോക്കിയാല്‍ പല വികസിത രാജ്യങ്ങളിലും ഇന്ന് ധനാധിപത്യ കോര്‍പ്പറേറ്റുകള്‍ ഭരണകൂടങ്ങളെ ഉപകരണങ്ങളാക്കുന്നതായി കാണാം. അവര്‍ ജനാധിപത്യ സംവിധാനത്തിലേക്ക് നുഴഞ്ഞു കയറി സര്‍ക്കാരുകളെ അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി അഴിച്ചു പണിതുകൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍ ജനാധിപത്യം ഒടുവില്‍ കോര്‍പ്പറേറ്റുകളുടേതും, അവര്‍ക്കു വേണ്ടിയുള്ളതും, അവര്‍ നയിക്കുന്നതുമാകുമെന്നാണ് ഫ്രഞ്ച് തത്ത്വചിന്തകനായ ലയോതാര്‍ഡ് തന്റെ പ്രസിദ്ധമായ The post modern condition’ എന്ന പുസ്തകത്തില്‍ പ്രവചിക്കുന്നത്. ഈ പ്രവചനം ഭാരതത്തില്‍ ഇപ്പോള്‍ നിലവിലുള്ള കേന്ദ്ര ഭരണകൂടത്തിനു ബാധകമല്ല, കാരണം കോര്‍പ്പറേറ്റുകളെ ജനക്ഷേമത്തിനായി ഭരണകൂടം ഉപയോഗപ്പെടുത്തുന്ന വിപരീത കാഴ്ചയാണ് ഇവിടെ കാണുന്നത്. ഇക്കാര്യത്തില്‍ അന്യാദൃശമായ വ്യഗ്രത കാട്ടുന്ന സര്‍ക്കാരാണ് നമ്മുടേത്, ‘മേക്ക് ഇന്‍ ഇന്ത്യ’ പോലുള്ള സംരംഭങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. എന്നാല്‍ കേരളത്തിലെ സ്ഥതി മറിച്ചാണ്. രാഷ്ട്രീയ ശക്തികള്‍ ഇവിടെ സ്വയം മൂലധന ശക്തികളായി മാറിക്കൊണ്ടിരിക്കുന്നു. പുതിയ ബൂര്‍ഷ്വാ കമ്യൂണിസ്റ്റുകള്‍ ആഗോള വ്യവസായ മേധാവികളോട് കൈയ്‌കോര്‍ക്കുന്നത് അനധികൃതമായി സ്വന്തമാക്കുന്ന തങ്ങളുടെ മുതലിന്റെ ബിനാമിപ്പണിക്ക് സഹായം തേടിയും കിട്ടിയ മുതലിനെ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനുമാണ്.
സാധാരണ മുതലാളിയും കമ്മ്യൂണിസ്റ്റു മുതലാളിയും തമ്മിലുള്ള വ്യത്യാസമെന്നത്, മുതല്‍ ഉണ്ടാക്കുവാനും വര്‍ദ്ധിപ്പിക്കാനും സാധാരണ മുതലാളിക്ക് പ്രയത്‌നിക്കേണ്ടതുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റു മുതലാളിമാര്‍ക്ക് പണിയെടുക്കാതെ തന്നെ ജനത്തെ കൊള്ളയടിച്ച് മുതലുണ്ടാക്കാം, ജനാധിപത്യ വ്യവസ്ഥയെ ഉപയോഗെപ്പടുത്തിക്കൊണ്ടു തന്നെ അധികാരത്തിലേറുകയും അധികാരത്തെ ദുര്‍വിനിയോഗം ചെയ്ത് ജനങ്ങളെ കൊള്ളയടിക്കുകയും, ഈ കൊള്ള മുതല്‍ രഹസ്യമായി വിദേശത്തു നിക്ഷേപിച്ച് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. കേരളത്തിലെ ബൂര്‍ഷ്വാ കമ്യൂണിസ്റ്റുകള്‍ തമ്മില്‍ വല്ലപ്പോഴും ഒന്ന് ഉരസുമ്പോഴെങ്കിലും ഈ വക എന്തെങ്കിലുമൊക്കെ രഹസ്യങ്ങള്‍ പുറത്തു വരുമെന്ന് ജനം പ്രത്യാശിക്കും. പക്ഷെ അവര്‍ ഒരിയ്ക്കലും ഇതൊന്നും പുറത്തു വിട്ട് പരസ്പരം ഒറ്റു കൊടുക്കുകയില്ല. അതിന് ഒറ്റ കാരണമേയുള്ളു, അവര്‍ എല്ലാപേരും ഈ കച്ചവടത്തില്‍ പങ്കാളികളാണ് എന്നതു തന്നെ.
Comments