വൈദ്യുതി ഇല്ലാത്ത അവസ്ഥയെക്കുറിച്ച് നമുക്കിപ്പോള്‍ ചിന്തിക്കാന്‍ പോലുമാകുമോ. മനുഷ്യപുരോഗതിയുടെ ജീവശ്വാസമാണ് വൈദ്യുതി. എന്നാല്‍ നിത്യജീവിതത്തിലെ അതിസാധാരണമായ പലകാര്യങ്ങളുടെയും ശാസ്ത്രസത്യം എന്താണെന്ന് സാധാരണ ആരും ചിന്തിക്കാത്തത് പോലെ വൈദ്യുതിയുടെ കാര്യവും വലുതായൊന്നും ശാസ്ത്രസമൂഹത്തിനു പുറത്ത് ചര്‍ച്ച ചെയ്യപ്പെടാറില്ല.
എസി, ഡിസി എന്നീ വാക്കുകള്‍ കേള്‍ക്കാത്ത ആരുമുണ്ടാകില്ല. എന്നാല്‍ എന്താണത്?
ഒരിടത്ത് സംഭരിച്ചുവെച്ചിരിക്കുന്ന വൈദ്യുത ചാര്‍ജ്ജ് ഒരു ചാലകത്തിലൂടെ, സ്വതന്ത്ര ഇലക്ട്രോണുകളുടെ പ്രവാഹമായി ഒഴുകി നീങ്ങുന്നതാണ് വൈദ്യുതി എന്ന് നമുക്കറിയാം. അതിനു ഒരു ഉയര്‍ന്ന പൊട്ടന്‍ഷ്യലും താഴ്ന്ന പൊട്ടന്‍ഷ്യലും ആവശ്യമാണ്. ഉയര്‍ന്ന പൊട്ടന്‍ഷ്യലില്‍ നിന്നും താഴ്ന്ന അവസ്ഥയിലേക്ക് വൈദ്യുതി സാധാരണ രീതിയില്‍ തന്നെ ഒഴുകിക്കൊള്ളും. ഉയരത്തിലുള്ള ഒരു വാട്ടര്‍ ടാങ്കില്‍ നിന്നും പൈപ്പുകള്‍ വഴി വെള്ളം ഒഴുകുന്നത് പോലെ തന്നെ. ടാങ്കിന്റെ ഉയരം കൂടുന്തോറും ഒഴുക്കിന്റെ വേഗതയും കൂടും.
മേല്പറഞ്ഞതുപോലെ വൈദ്യുതി സംഭരിച്ചുവെയ്ക്കുന്ന ഉപകരണമാണ് ബാറ്ററി. ബാറ്ററിയില്‍ ഉയര്‍ന്ന പൊട്ടന്‍ഷ്യലും താഴ്ന്ന പൊട്ടന്‍ഷ്യലും ഉണ്ട്. ഇവയെ, നമുക്കാവശ്യമുള്ള വൈദ്യുത ഉപകരണങ്ങളിലൂടെ ബന്ധിപ്പിക്കുമ്പോള്‍ ആണ് അതിലൂടെ ഒഴുകുന്ന വൈദ്യുതി കാറ്റായും വെളിച്ചമായും മാറുന്നത്. പൊതുവെ ഉയര്‍ന്ന പൊട്ടന്‍ഷ്യലിന് പോസിറ്റീവ് എന്നും താഴ്ന്ന പൊട്ടന്‍ഷ്യലിന് നെഗറ്റീവ് എന്നും പറയും. പോസിറ്റീവില്‍ നിന്ന് നെഗറ്റീവിലേക്ക് ഒരു ദിശയില്‍ മാത്രമേ ഇവിടെ വൈദ്യുതി ഒഴുകുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ വൈദ്യുതിക്ക് പറയുന്ന പേരാണ് DC അഥവാ Direct Current
വൈദ്യുതിയും കാന്തികതയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഒരു കാന്തികക്ഷേത്രത്തിലൂടെ ഒരു ചാലകം ചലിച്ചാല്‍ ആ ചാലകത്തില്‍ വൈദ്യുതി ഉണ്ടാകും. അപ്പോള്‍ ഒരു കാന്തത്തിനു ചുറ്റുമുള്ള കാന്തികക്ഷേത്രത്തിലൂടെ ചാലകങ്ങളെ തുടര്‍ച്ചയായി ചലിപ്പിച്ചുകൊണ്ടിരുന്നാല്‍ തുടര്‍ച്ചയായ വൈദ്യുതി ലഭിക്കില്ലേ. തീര്‍ച്ചയായും ലഭിക്കും. ഇങ്ങിനെയാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
ജനറേറ്ററുകളിലുള്ള കാന്തങ്ങള്‍ക്ക് ചുറ്റും ചാലകങ്ങളുടെ ചുരുളുകള്‍ അതിവേഗം കറക്കുമ്പോള്‍ ആ ചാലകങ്ങളില്‍ വൈദ്യുതി ഉണ്ടാകുന്നു. ആ വൈദ്യുതിയെ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉപയോഗിച്ച് വലുതാക്കി, വലിയ ലൈനുകള്‍ വഴി സബ് സ്റ്റേഷനുകളില്‍ എത്തിച്ച്, അവിടെനിന്ന് വീണ്ടും കുറച്ച് വീടുകളിലേക്ക് എത്തിക്കുന്നു.
ഈ വൈദ്യുതി ആദ്യം പറഞ്ഞ ഡിസി അല്ല. ഒരു ചാലകം അതിവേഗത്തില്‍ കറങ്ങുമ്പോള്‍ അതിന്റെ ദിശയും തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. മുകളില്‍ നിന്ന് താഴേക്ക് താഴെനിന്ന് മുകളിലേക്ക് എന്ന രീതിയില്‍ ചലിക്കുന്ന ചാലകത്തില്‍ ഉണ്ടാകുന്ന വൈദ്യുതിയുടെ ദിശയും ഇതേ അളവില്‍ തിരിഞ്ഞും മറിഞ്ഞും ഒഴുകും. അതുകൊണ്ടുതന്നെ അതിനെ Alternating current അഥവാ AC എന്ന് വിളിക്കുന്നു. അതായത് AC യില്‍ പോസിറ്റീവും നെഗറ്റീവും തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കും. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും എല്ലാം ഉപയോഗിക്കുന്നത് AC ആണ്.
അപ്പോള്‍ ഒരു സംശയം സ്വാഭാവികമാണ്. നമ്മുടെ വീടുകളിലേക്ക് വലിക്കുന്ന വൈദ്യുത വയറില്‍ രണ്ടു പോയിന്റുകള്‍ ഉണ്ടല്ലോ. അത് പോസിറ്റീവും നെഗറ്റീവും അല്ലേ? അല്ല. വൈദ്യുതി ഒഴുകാന്‍ ഒരു താഴ്ന്ന പൊട്ടന്‍ഷ്യലും ഉയര്‍ന്ന പൊട്ടന്‍ഷ്യലും ആവശ്യമാണല്ലോ. ഈ രണ്ടു കമ്പികളെ വിളിക്കുന്നത് ഫെയ്സ്, ന്യൂട്രല്‍ എന്നാണ്. ഫെയ്സ് എന്നാല്‍ വൈദ്യുതി ഉള്ള കമ്പി. ന്യൂട്രല്‍ എന്നാല്‍ സദാ പൂജ്യം പൊട്ടന്‍ഷ്യല്‍ ഉള്ള കമ്പി. അതില്‍ വൈദ്യുതി ഇല്ല. ഇവ ബന്ധിപ്പിച്ചാല്‍ മാത്രമേ വൈദ്യുതപ്രവാഹം ഉണ്ടാവുകയുള്ളൂ. വൈദ്യുതി ഉള്ള ഫെയ്‌സ് കമ്പിയില്‍ നമുക്ക് പിടിച്ചു തൂങ്ങിക്കിടക്കാം ഒന്നും സംഭവിക്കില്ല. എന്നാല്‍ അതേസമയം തന്നെ ന്യൂട്രലില്‍ കൂടി തൊടുകയോ പൂജ്യം പൊട്ടന്‍ഷ്യല്‍ ഉള്ള ഭൂമിയില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ആ നിമിഷം നമ്മള്‍ ഭസ്മമാകും. വൈദ്യുത കമ്പികളില്‍ പക്ഷികള്‍ ഇരിക്കുന്നത് കണ്ടിട്ടില്ലേ. ഒന്നും സംഭവിക്കാറില്ലല്ലോ. എന്നാല്‍ അറിയാതെ ചിലപ്പോള്‍ ചിറകുകള്‍ വിരിക്കുന്ന കാക്കകള്‍ ഫെയ്‌സിലും ന്യൂട്രലിലും ഒരുമിച്ചു സ്പര്‍ശിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നും നമുക്കറിയാം.
സത്യത്തില്‍ വൈദ്യുതിയെ ഒരു മഹാവിപ്ലവമാക്കിയത് AC തന്നെയാണ്. വന്‍തോതില്‍ തുടര്‍ച്ചയായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത് കൊണ്ട്, വ്യാവസായിക ആവശ്യത്തിനുള്ള മുഴുവന്‍ വൈദ്യുതിയും AC ആണ്.
Comments