ഓരോ പേമാരിയും
അന്നത്തെ പേറ്റുനോവിന്റെ
തടവറകള്‍ ഭേദിച്ച്
ഇന്നും ആര്‍ത്തലയ്ക്കുന്നുണ്ട്!
കാണാക്കിനാവുകളിലേക്കും
കാരാഗൃഹങ്ങള്‍ക്കപ്പുറത്തേക്കും!
ഓരോ കാളിന്ദിയും
അന്നത്തെപ്പോലെ
ഏത് മലവെള്ളപ്പാച്ചിലിലും
നിന്റെ വരവു കാണുമ്പോ
വഴിമാറാറുണ്ട്!
ഇന്നുമീ കണ്ണുനീരിന്റെ
കുലം കുത്തിയ ഒഴുക്കിലും
ചുടുനിശ്വാസത്തിന്റെ
ഹുംകാരവത്തിലും!
ഓരോ തവണയും
സഹസ്രജിഹ്വകളുമൊതുക്കി
ഏത് അനന്തനും നിനക്ക്
കുടപിടിക്കാറുണ്ട്!
ഇനിയുമടങ്ങാത്ത
വേപഥുവിനു തണലായും
സങ്കടപ്പെരുമഴ പെയ്ത്തിനും!
ഓരോ തോരാമഴയും
നിര്‍ത്താതെ കരയാറുണ്ട്!
വെറുമൊരു ചെറുവിരലിന് താങ്ങാല്‍
ഏതൊരു ഗോവര്ദ്ധനത്തെയുമുയര്ത്തുന്നതിന്!
അന്നത്തെ പോലെയാ പുല്ലാങ്കുഴല്‍
നാദത്തില്‍ മയക്കി ഏതൊക്കെയോ
വ്യര്ത്ഥപൂജകള്ക്കുമപ്പുറത്ത്!
ഓരോ കാളിയനും ഒടുവില്‍
അഹങ്കാരോന്മത്തമായ
പത്തികള്‍ കുനിഞ്ഞ് നമിക്കാറുണ്ട്!
ചിറകടിച്ചാര്ക്കുമേതോ
കൂര്‍ത്തനഖങ്ങള്‍ കോറുന്ന
ഗരുഡന്റെ ചിറകിനടിയില്‍ നിന്ന്!
ഓരോ കാതുകളും സശ്രദ്ധം കൂര്‍പ്പിക്കാറുണ്ട്
അന്നത്തെപ്പോലെ വിഷാദയോഗത്തിന്റെ
ജാഡ്യത്തില്‍ നിന്നുമുയിര്‍ത്ത്
എന്നും മുഴങ്ങും ഗീതാശ്രവണത്തിന്
പ്രിയമെഴുന്നോര്‍ ചൂഴും
സേനാ വ്യൂഹങ്ങള്‍ക്കും തകര്‍ന്ന
തേര്ത്തട്ടിനുമിടയില് നിന്ന്!
ഓരോ ആര്‍ത്തനാദവും
കാത്തുവയ്ക്കുന്നുണ്ട്
അന്നത്തെപ്പോലെ ഓടിയെത്തി
മാനാഭിമാനങ്ങള്ക്കുമീടുവെപ്പായി
ചേലകളണമുറിയാതെ പെയ്തൊഴിയുന്നതിന്!
ചൂതാട്ടങ്ങള്‍ക്കും കള്ളക്കളികള്‍ക്കും
രാജ നീതികള്ക്കുമപ്പുറത്തു നിന്നും!
ഓരോ പ്രളയവും
കാത്തുവെയ്ക്കുന്നുണ്ട്!
നിറവോടെയന്നത്തെ
കാല്വിരലുണ്ണുമുണ്ണിക്കു മെത്തയായ്
മനസ്സൊരാലിലയായി ഇന്നും
പൊന്തിക്കിടക്കുന്നതിന്!
ചിരംജീവിക്കുമീ നിര്‍മ്മമതയുടെ
സാക്ഷ്യപ്പെടുത്തലുകളില്‍ നിന്നും!
ഓരോ നിമിഷവും കാത്തിരിക്കുന്നുണ്ട്!
പാഴായിപ്പോയോരോ വിഫല
പുത്ര സൗഭാഗ്യങ്ങള്ക്കുമപ്പുറത്ത്
മേഘശ്യാമളനായി നിറചിരിയോടെ
നീയെത്തുന്നതും കാത്ത്!
ഏത് തടവറയുടെ താഴുകള്‍ ഭേദിച്ചും
കൂച്ചുവിലങ്ങുകള്‍ തകര്‍ത്തും!
നിറചിരിയോടെ മേഘശ്യാമളനായി
നീയെത്തുന്നതും കാത്ത്!
ഒടുവില്‍ നിറചിരിയോടെ
നീയെത്തുന്നതും കാത്ത്!