വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ധാരാളം വാര്‍ത്തകള്‍ നാം സ്ഥിരം കേള്‍ക്കുന്നതാണ്. എന്നാല്‍ എന്താണ് ഇത്ര ഗൗരവമുള്ള ഈ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന പ്രതിഭാസമെന്ന് നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം.
വൈദ്യുതി എന്നത് ഉയര്‍ന്ന ഊര്‍ജ്ജനിലയില്‍ നിന്നും കുറഞ്ഞ ഊര്‍ജ്ജനിലയിലേക്കുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണല്ലോ. ഊര്‍ജ്ജനിലയിലുള്ള, അഥവാ പൊട്ടന്‍ഷ്യലില്‍ ഉള്ള വ്യത്യാസം കൂടുതലാണെങ്കില്‍ വൈദ്യുതിയുടെ പ്രവാഹത്തിന്റെ ശക്തിയും കൂടുതലായിരിക്കും.
ഇങ്ങിനെ പ്രവഹിക്കുന്ന വഴിയില്‍ തടസ്സങ്ങള്‍, അഥവാ പ്രതിരോധം (Resistance) ഉണ്ടാകുമ്പോഴാണ് വൈദ്യുതി മറ്റൊരു ഊര്‍ജ്ജമായി മാറുന്നത്. ഉദാഹരണത്തിന്, രണ്ടു പൊട്ടന്‍ഷ്യലുകള്‍ക്ക് ഇടയില്‍ ഒരു ബള്‍ബ് വെച്ചാല്‍ അത് പ്രകാശമായി മാറും. ഫാന്‍ വെച്ചാല്‍ കാറ്റായി മാറും. മോട്ടോര്‍ വെച്ചാല്‍ ഗതികോര്‍ജ്ജം ആയി മാറും. ഈ രീതിയില്‍ വൈദ്യുതിയെ പിടിച്ചുകെട്ടിയാണ് നമുക്കാവശ്യമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ആവശ്യമില്ലാത്തപ്പോള്‍, സര്‍ക്യൂട്ട് വേര്‍പെടുത്തി വൈദ്യുതിയുടെ ഒഴുക്കിനെ നിര്‍ത്തും. അതാണ് സ്വിച്ച്.
എല്ലാ ഊര്‍ജ്ജപ്രവാഹങ്ങള്‍ക്കും ഒരു പ്രവണതയുണ്ട്. അത് വലിയ ഊര്‍ജ്ജനിലയില്‍ നിന്നും ചെറിയ ഊര്‍ജ്ജനിലയിലേക്ക് എങ്ങിനെയും വരാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് ഉയരത്തിലുള്ള ഒരു കല്ല് താഴേക്ക് വീഴുന്നത്. വഴിയില്‍ ഒരു തടസ്സവും ഇല്ലെങ്കില്‍ ഉയരത്തില്‍ നിന്ന് വീഴുന്ന വസ്തു, കാണുന്ന എന്തിനെയും നശിപ്പിച്ചുകൊണ്ട് വലിയ അപകടമുണ്ടാക്കിക്കൊണ്ടായിരിക്കും പതിക്കുക.
സത്യത്തില്‍ നമ്മുടെ നിത്യജീവിതത്തില്‍ എല്ലാം സുഗമമായി നടക്കുന്നത് ആവശ്യത്തിന് പ്രതിരോധം ഉള്ളത് കൊണ്ടാണ്. റോഡിന്റെ പ്രതിരോധം, അഥവാ ഘര്‍ഷണം (Friction ) ഉള്ളതുകൊണ്ടാണ് വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയുന്നത്. മിനുസമായ, ഘര്‍ഷണം തീരെ കുറഞ്ഞ പ്രതലങ്ങളില്‍ നമുക്ക് നടക്കാന്‍ പ്രയാസമാണ്. എണ്ണ പരന്ന് പ്രതിരോധം നഷ്ടപ്പെട്ട തറയില്‍ നമ്മള്‍ തെന്നിവീണ് അപകടമുണ്ടാകുന്നതും അങ്ങനെയാണ്.
അപ്പോള്‍ വൈദ്യുതിയുടെ കാര്യത്തിലേക്ക് വരാം. മേല്പറഞ്ഞത് പോലെ ഏതെങ്കിലും കുറുക്കുവഴിയിലൂടെ കുറഞ്ഞ പൊട്ടന്‍ഷ്യലിലേക്ക് ഒഴുകാന്‍ ഒരു അവസരം ലഭിച്ചാല്‍ വൈദ്യുതിയും അത് പാഴാക്കില്ല. അങ്ങനെ വൈദ്യുതിയുള്ള ഫെയ്‌സ് കമ്പിയും, വൈദ്യുതി ഒഴുകി ഇറങ്ങേണ്ട ന്യൂട്രല്‍ കമ്പിയും ഏതെങ്കിലും പ്രതിരോധത്തിലൂടെ അല്ലാതെ സമ്പര്‍ക്കത്തില്‍ വന്നാല്‍ ആ എളുപ്പവഴിയിലൂടെ ഒരു തടസ്സവുമില്ലാതെ വൈദ്യുതി കുതിച്ചൊഴുകും. ആ പ്രവാഹത്തിന്റെ ശക്തിയെ താങ്ങാന്‍ വയറിങ്ങുകള്‍ക്ക് കഴിയില്ല. അതുമൂലം വയറുകള്‍ കത്തിപ്പോകും. അത് തീപിടുത്തമായി മാറും.
നമ്മുടെ മെയിന്‍ സ്വിച്ചുകള്‍ക്ക് സമീപമുള്ള ഫ്യൂസുകള്‍ കണ്ടിട്ടില്ലേ. ഇതുപോലെ ഷോര്‍ട്ട് ആയാല്‍ ഉണ്ടാകുന്ന വലിയ പ്രവാഹം കാരണം ഈ ഫ്യൂസുകള്‍ സ്വയം ഉരുകി വൈദ്യുതിപ്രവാഹം നിലക്കും. അങ്ങനെ വയറിങ്ങുകളെയും ഉപകരണങ്ങളെയും രക്ഷിക്കും. വലിയൊരു സന്ദേശം കൂടി ഇതിലുണ്ട്.
ജീവിതത്തില്‍ എതിര്‍പ്പുകളും പ്രതിരോധങ്ങളും ആവശ്യമാണ്. വിജയത്തിലേക്കുള്ള പാത കഠിനമാണ്. ഒരിക്കലും കുറുക്കുവഴികള്‍ തേടരുത്, അത് വരുത്തുന്ന അപകടം താങ്ങാനാവാത്തതാണ്.