അറുപതുകളിലും എഴുപതുകളിലും ബഹിരാകാശമത്സരം അരങ്ങുതകര്‍ക്കുന്ന വേളയിലും ഭാരതം ഈ രംഗത്തേക്ക് ചുവടുവെച്ചപ്പോഴുമൊക്കെ മുഴങ്ങിക്കേട്ട ഒരു പ്രസ്താവനയുണ്ടായിരുന്നു. ജനകോടികള്‍ പട്ടിണി കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ ഇതുപോലെ കോടികള്‍ കത്തിച്ച് ബഹിരാകാശഗവേഷണങ്ങള്‍ നടത്തുന്നത് ശരിയാണോ എന്നായിരുന്നു അത്. ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നാവുന്ന ഒരു ചോദ്യമാണിത്.
എന്നാല്‍ ഏതൊരു സാങ്കേതികവിദ്യയും തുടക്കത്തില്‍ വളരെ വലിയ ചെലവുള്ളതും എന്നാല്‍ കാലക്രമേണ അത് സാധാരണക്കാര്‍ക്ക് പോലും ഒഴിച്ചുകൂടാനാവാത്ത രീതിയില്‍ ആയിത്തീരുകയും ചെയ്യും എന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. വൈദ്യുതിയും മോട്ടോര്‍ കാറും വിമാനവും റേഡിയോയും ടെലിവിഷനും അടക്കം ഇപ്പോള്‍ നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാ സാങ്കേതികവിദ്യകളും ഒരുകാലത്ത് വരേണ്യവര്‍ഗ്ഗത്തിനു മാത്രം പ്രാപ്യമായവയായിരുന്നു. ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എന്തും ഒരു വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നത്, ഒരു കാലത്ത് അപഹസിക്കപ്പെട്ട ബഹിരാകാശ സാങ്കേതിക വിദ്യയും അത് നല്‍കിയ കൃത്രിമ ഉപഗ്രഹങ്ങളും വഴിയാണ്.
അങ്ങനെ ലഭിച്ച ഒരു സാങ്കേതിക വരദാനമാണ് ജിപിഎസ് അഥവാ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം. ഇന്ന് നമ്മള്‍ എവിടെയെങ്കിലും എത്തിപ്പെട്ടാല്‍ ഉടന്‍ മൊബൈലില്‍ ലൊക്കേഷന്‍ ഇടാറില്ലേ. അങ്ങനെ ലൊക്കേഷന്‍ ഇട്ടാല്‍ എത്ര കൃത്യമായാണ് നമ്മുടെ കൈയിലുള്ള മൊബൈല്‍ വഴികാട്ടി നമ്മെ എത്തേണ്ടിടത്ത് എത്തിക്കുന്നത്. ഒരിക്കല്‍ സയന്‍സ് ഫിക്ഷന്‍ കഥകളില്‍ മാത്രം കണ്ടിരുന്ന ഈ അദ്ഭുതം ഇന്ന് ഏത് സാധാരണക്കാരന്റെയും വിശ്വസ്ത വഴികാട്ടിയാണ്.
എഴുപതുകളില്‍, ബഹിരാകാശ ഗവേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആണ് ജിപിഎസ് എന്ന സാധ്യതയെക്കുറിച്ച് നാസ ചിന്തിച്ചു തുടങ്ങിയത്. ഭൂമിയോട് ഏറ്റവും അടുത്ത, താഴ്ന്ന ഭ്രമണപഥങ്ങളില്‍ സഞ്ചരിക്കുന്ന കുറെയധികം ചെറു ഉപഗ്രഹങ്ങള്‍ ആണ് ഇതിനുവേണ്ടത്. താഴ്ന്ന ഓര്‍ബിറ്റുകളില്‍ ആയത് കൊണ്ട് ഇവയുടെ വേഗത കൂടുതലാണ്. അതുകൊണ്ട് ഒന്നോ രണ്ടോ ഉപഗ്രഹങ്ങള്‍ മതിയാകില്ല. ഒന്നിന് പിറകെ ഒന്നായി ഭൂമിയുടെ ഓരോ ഇഞ്ചും നിരീക്ഷിച്ചുകൊണ്ട് തലങ്ങും വിലങ്ങും അനേകമനേകം ഉപഗ്രഹങ്ങള്‍ സഞ്ചരിക്കണം. ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ പലയിടത്തുള്ള സെര്‍വറുകളില്‍ എത്തിച്ച് വിശകലനം ചെയ്യണം. ഈ ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഡാറ്റ സ്വീകരിക്കാന്‍ കഴിയുന്ന ഉപകരണം ഉെണ്ടങ്കില്‍, നാം ഭൂമിയില്‍ എവിടെ നില്‍ക്കുന്നു എന്ന് കൃത്യമായി അറിയാന്‍ കഴിയും.
എഴുപതുകളുടെ രണ്ടാം പകുതിയിലാണ് നാസ ജിപിഎസിന് ആവശ്യമായ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ആരംഭിച്ചത്. ഏതാണ്ട് പത്തു വര്‍ഷത്തോളം എടുത്താണ് അവര്‍ എഴുപത്തഞ്ചോളം ഉപഗ്രഹങ്ങള്‍ ലോ എര്‍ത് ഓര്‍ബിറ്റുകളില്‍ സ്ഥാപിച്ചത്. തുടക്കത്തില്‍ അമേരിക്കയുടെ പ്രതിരോധ സേനകളുടെ ആവശ്യത്തിന് മാത്രമായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. 1983 ല്‍ ഒരു പാന്‍ അമേരിക്കന്‍ വിമാനം വഴിതെറ്റി സോവിയറ്റ് യൂണിയന് മുകളില്‍ എത്തുകയും മുന്നറിയിപ്പുകള്‍ അവഗണിച്ച് പറന്ന വിമാനത്തെ സോവിയറ്റ് വ്യോമസേന വെടിവെച്ച് വീഴ്ത്തി 280 യാത്രക്കാര്‍ മരിക്കാന്‍ ഇടയാവുകയും ചെയ്തിരുന്നു. അതെ തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയായാല്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കും ജിപിഎസ് വിവരങ്ങള്‍ ഉപയോഗിക്കാം എന്ന നയത്തിലേക്ക് അവര്‍ എത്തി.
എങ്കിലും വളരെ നിയന്ത്രിതമായ രീതിയില്‍ മാത്രമേ ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. 1999 ലെ കാര്‍ഗില്‍ യുദ്ധവേളയില്‍ ശത്രുസ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഭാരതം ജിപിഎസ് ഡാറ്റ ചോദിച്ചപ്പോള്‍ അമേരിക്ക അത് നിഷേധിച്ചു. അതെ തുടര്‍ന്നാണ് ജിപിഎസ്സിനു തുല്യമായ സ്വന്തം നാവിഗേഷന്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഭാരതം തീരുമാനിച്ചത്. ഇപ്പോള്‍ ജിപിഎസ്സിനെക്കാള്‍ കൃത്യതയാര്‍ന്ന പതിനാലോളം ഉപഗ്രഹങ്ങള്‍ ഉള്ള നമ്മുടെ സ്വന്തം ജിപിഎസ്, ചമ ഢകഇ തയ്യാറായിക്കഴിഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനത്തോടെ ആണ് ജിപിഎസ് ജനകീയമായത്. ആദ്യമൊക്കെ വിലകൂടിയ ഫോണുകളില്‍ മാത്രമുണ്ടായിരുന്ന ഈ സംവിധാനം ഇന്ന് വളരെ സാധാരണമായ സ്മാര്‍ട്ട് ഫോണുകളിലും ലഭ്യമാണ്.
100-120 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഉപഗ്രഹങ്ങളിലെ വിവരങ്ങള്‍ അതേസമയം തന്നെ ഭൂമിയിലുള്ള ഫോണുകളിലേക്കും ഉപകരണങ്ങളിലേക്കും നേരിട്ട് കൈമാറുകയാണ് ഇവിടെ ചെയ്യുന്നത്. ഓരോ നിമിഷവും ഭൂമിയിലെ വിവരങ്ങള്‍ ഈ സംവിധാനത്തിലേക്ക് അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കും. അങ്ങനെയാണ് നാട്ടിന്‍പുറത്തെ ഊടുവഴികള്‍ പോലും അതീവകൃത്യതയോടെ നമ്മുടെ ഫോണ്‍ നമുക്ക് പറഞ്ഞുതരുന്നത്.
രാജ്യത്തെ ഹൈവേകളില്‍ ടോള്‍ പിരിവ് ജിപിഎസ് വഴി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഈ സംവിധാനം വീണ്ടും ചര്‍ച്ചാവിഷയമായത്. ടോള്‍ ഉള്ള റോഡിലേക്ക് വാഹനം പ്രവേശിക്കുമ്പോള്‍ മുതല്‍ ജിപിഎസ് ഇത് രേഖപ്പെടുത്തുകയും, എത്ര ദൂരം സഞ്ചരിച്ചോ അത്രയും ദൂരത്തിനു മാത്രമുള്ള ടോള്‍ തുക ഉടമയുടെ അക്കൗണ്ടില്‍ നിന്നും ഈടാക്കുകയും ചെയ്യുന്ന രീതി ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമേ പരീക്ഷിച്ചിട്ടുപോലുമുള്ളൂ. ഇതോടെ വഴിനീളെയുള്ള ടോള്‍ ബൂത്തുകളും വാഹനങ്ങളുടെ നീണ്ട നിരകളും അപ്രത്യക്ഷമാകും. കുറഞ്ഞ ചെലവില്‍, കൂടുതല്‍ കാര്യക്ഷമമായി ടോള്‍ പിരിക്കാനും കഴിയും.
ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യക്ഷിക്കഥ പോലെ തോന്നിയിരുന്ന സാങ്കേതികവിദ്യകള്‍ എത്രവേഗത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജിപിഎസ്.
Comments