അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് വന്‍ വിപ്ലവങ്ങള്‍ക്ക് നാന്ദി കുറിച്ച ഒരുപാട് കണ്ടെത്തലുകള്‍ നടന്നിട്ടുണ്ട്. പണ്ടത്തേതിനേക്കാള്‍ വ്യത്യസ്തമായി പുതിയ സാങ്കേതികവിദ്യകള്‍ ഡ്രോയിങ് ബോര്‍ഡുകളില്‍ നിന്നും പരീക്ഷണശാലകളില്‍ നിന്നുമെല്ലാം അതിവേഗമാണ് സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നത്.
അങ്ങനെ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു സാങ്കേതികവിദ്യയെ നമുക്കിന്നു പരിചയപ്പെടാം. അതാണ് 3D പ്രിന്റിംഗ്.
എന്താണ് പ്രിന്റിംഗ് എന്ന് ആദ്യം നോക്കാം. നമുക്കറിയാവുന്ന ലളിതമായ ഒരു ഉപകരണമാണല്ലോ ടൈപ്പ് റൈറ്റര്‍. എവിടെയെങ്കിലും എഴുതിവെച്ച ഒരു മാറ്റര്‍ വായിച്ചു, മനസ്സിലൂടെ, കൈവിരലുകളിലൂടെ, കീ ബോര്‍ഡുകളിലൂടെ കടത്തിവിട്ട്, അച്ചടിമഷി എന്ന മാധ്യമം ഉപയോഗിച്ച് മറ്റൊരു കടലാസിലേക്ക് വൃത്തിയായി പകര്‍ത്തുന്ന പ്രക്രിയ ആണ് പ്രിന്റിംഗ്. നേരത്തേ തന്നെ നിര്‍വ്വചിച്ചു വെച്ച രീതിയില്‍, അതായത്, നീളത്തിലും വീതിയിലും ഒക്കെയാണ് പ്രിന്റ് ചെയ്യുക.
കാലം മാറിയപ്പോള്‍, ടൈപ്പ് റൈറ്ററുകളുടെ സ്ഥാനത്ത് കമ്പ്യൂട്ടര്‍ വന്നു. ആദ്യം കമ്പ്യൂട്ടറില്‍ അടിച്ചു കയറ്റി കൃത്യമായ ഡിസൈന്‍ ചെയ്ത് ഫൈനല്‍ ആക്കി, ആ ഡാറ്റ പ്രിന്ററിലേക്കയച്ച് കടലാസ്സില്‍ പ്രിന്റ് ചെയ്‌തെടുക്കുന്നു.
ഇവിടെ, ഡിസൈന്‍, പ്രിന്റ് ചെയ്യാനുള്ള കടലാസ്, അച്ചടി മഷി, പ്രിന്റര്‍ എന്നിവയാണ് ഘടകങ്ങള്‍. ഈ ഘടകങ്ങള്‍ എല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നാം ആഗ്രഹിച്ച ഡിസൈന്‍ വൃത്തിയായി കടലാസ്സിലേക്ക് പകര്‍ത്തി കിട്ടുന്നു.
ഈ പ്രിന്റിംഗ് ദ്വിമാനം അഥവാ 2D പ്രിന്റിംഗ് ആണ്. വ്യക്തമായില്ല അല്ലേ. നമ്മുടെ മുമ്പിലുള്ള വസ്തുക്കളെ നാം രണ്ട് രീതിയിലാണ് കാണുന്നത്. വസ്തുക്കള്‍ക്ക് മൂന്ന് മാനങ്ങള്‍ ഉണ്ട്. അത് നീളം, വീതി, ഘനം എന്നിവയാണ്. പ്രിന്റ് ചെയ്യുന്ന കടലാസ്സിന് നീളവും വീതിയും മാത്രമല്ലേ ഉള്ളൂ. അതിലെ അക്ഷരങ്ങള്‍ക്കും അങ്ങനെ തന്നെ. ഘനം എന്നൊരു മാനം ഇല്ലാത്തത് കൊണ്ട് അതിലെ അക്ഷരങ്ങളെ തൊട്ടാലും ഒരു വ്യത്യാസവും തോന്നില്ല.
എന്നാല്‍ മുമ്പിലിരിക്കുന്ന ഒരു പേനയോ പേപ്പര്‍ വെയിറ്റോ നോക്കൂ. അത് നമുക്ക് കൈയ്യിലെടുക്കാം. തൊട്ടറിയാം. കാരണം അവ നീളം, വീതി, ഘനം എന്നിങ്ങനെ മൂന്ന് മാനങ്ങള്‍ അഥവാ ഡയമെന്‍ഷന്‍ ഉള്ളവയാണ്.
പ്രിന്റിംഗ് എന്താണന്നു ആദ്യം പറഞ്ഞല്ലോ. നീളവും വീതിയും മാത്രമുള്ള 2D പ്രിന്റിംഗ് എന്താണെന്നും പറഞ്ഞു. അപ്പോള്‍ നീളവും വീതിയും ഘനവുമുള്ള ഒരു ഡിസൈന്‍, അതിനാവശ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്യാന്‍ സാധിച്ചാല്‍ എങ്ങനെ ഉണ്ടാകും. അങ്ങനെയുള്ള പ്രിന്റര്‍ ആണ് 3D പ്രിന്റര്‍.
ഉദാഹരണത്തിന് ഒരു പേപ്പര്‍ വെയിറ്റിന്റെ ത്രിമാന ഡിസൈന്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കുന്നു എന്ന് കരുതുക. കമ്പ്യൂട്ടര്‍ പ്രിന്റ്‌റുമായി ഘടിപ്പിച്ചിരിക്കുന്നു. പ്രിന്ററില്‍ പേപ്പര്‍ വെയിറ്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ മെറ്റീരിയല്‍, അച്ചടിമഷി എന്നപോലെ നിറച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്റ് കമാന്റ് കൊടുത്താല്‍, പ്രിന്ററിന്റെ ഹെഡില്‍ കൂടി ആ മെറ്റീരിയല്‍ ഇറങ്ങിവന്ന് ഒരു പേപ്പര്‍ വെയിറ്റ് ഉണ്ടാക്കും. നമ്മുടെ കണ്‍മുമ്പില്‍ മായാജാലം പോലെ ഇങ്ങനെ ഏത് ഡിസൈനും ഉണ്ടാക്കിയെടുക്കാം.
ഒരു ശില്‍പ്പിയുടെ മനസ്സിലെ രൂപം, കളിമണ്ണിലൂടെ മനോഹര ശില്പമാകുന്ന പ്രക്രിയ സാങ്കേതിവിദ്യയുടെ യന്ത്രക്കൈകളിലൂടെ, അസാധാരണ കൃത്യതയോടെയും പിഴവുകള്‍ ഇല്ലാതെയും നടത്തുന്നു. അതാണ് 3D പ്രിന്റിംഗ്.
3D പ്രിന്റിംഗ് അതിവേഗം പ്രചരിക്കുകയാണ്. ഒരുപാട് സ്റ്റാര്‍ട്ട് അപ്പുകള്‍ ഇപ്പോള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നടക്കുന്നുണ്ട്. ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളില്‍ 3D പ്രിന്റഡ് ഉല്‍പ്പന്നങ്ങള്‍ ധാരാളം ഉണ്ട്.
ഒരു മേശപ്പുറത്ത് വെയ്ക്കാവുന്ന ചെറിയ പ്രിന്ററില്‍ നിന്ന് മാറി വലിയ കെട്ടിടങ്ങള്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് പ്രിന്റ് ചെയ്‌തെടുക്കാവുന്ന തലത്തിലേക്ക് 3D പ്രിന്റിംഗ് വളര്‍ന്നു കഴിഞ്ഞു.
ഒരു വീട് പണിയാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കുന്ന കാലത്ത് നിന്നും, ദിവസങ്ങള്‍ കൊണ്ട് കണ്‍മുന്‍പില്‍ മായാജാലം പോലെ വലിയ കെട്ടിടങ്ങള്‍ വരെ ഉയരുന്ന കാലമാണ് വരാന്‍ പോകുന്നത്. ഒരുപാട് സമയമൊന്നും വേണ്ട. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന ഈ സാങ്കേതിക വിപ്ലവത്തിന്റെ കൊടുങ്കാറ്റ് ലോകത്ത് പലയിടത്തും ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Comments