യുദ്ധവും വരട്ടുചൊറിയും
(ഉപന്യാസ സമാഹാരം)
മാങ്കുളം ജി.കെ.
ഗ്ലോബല്‍ ബുക്സ് – മാവേലിക്കര
പേജ്: 158 വില: 145 രൂപ
കവിയും മലയാള ഭാഷാപ്രചാരകനും അദ്ധ്യാപക അവാര്‍ഡ് ജേതാവുമൊക്കെയായ മാങ്കുളം ജി.കെ.യുടെ രണ്ടാമത്തെ ഉപന്യാസസമാഹാരഗ്രന്ഥമായ ‘യുദ്ധവും വരട്ടുചൊറിയും’ മലയാളികളുടെ വിചാരപന്ഥാവില് പുതിയ വെളിച്ചം പകരാന്‍ ഏറെ സഹായകമായ ഗ്രന്ഥമാണ്. സംഗീതം, കല, വിദ്യാഭ്യാസം, തത്ത്വചിന്ത, ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളിലെ ഇരുപത്തിയേഴുപന്യാസങ്ങളും ഗ്രന്ഥകാരന്റെ ചിന്തയുടെ തിളക്കവും ഭാഷയുടെ ദോഷഹീനപടുത്വവും മര്‍മ്മഭേദിയായ നര്മ്മശക്തിയും സഹൃദയത്വത്തിന്റെ സരളതയും വെളിപ്പെടുത്തുന്നു.
ഈ ഗ്രന്ഥത്തെക്കുറിച്ച് ഡോ. വെളളിമണ്‍ നെല്‍സണ്‍ തന്റെ പഠനത്തില്‍ ഇങ്ങനെ കുറിച്ചു. ‘ഗദ്യരചനാപാടവവും ആശയാവിഷ്കരണ പ്രാഗല്ഭ്യവുമാണ് കവിയുടെ മികവിന്റെ മാനദണ്ഡമായി പ്രാചീനാചാര്യന്മാര് സ്വീകരിച്ചു കാണുന്നത്. ഈ ആശയം അനുസ്മരിപ്പിക്കുന്നതും അന്വര്ത്ഥമാക്കുന്നതുമായ ശൈലീകൗശലമാണ് ഈ സമാഹാരത്തിലെ ഒരോ ലേഖനത്തിലും മാങ്കുളം ജി.കെ. പ്രകടിപ്പിച്ചിട്ടുള്ളത്. ബഹുമുഖ പ്രതിഭയും ഇരുത്തം വന്ന ചിന്തകനുമായ ഒരു വ്യക്തിക്ക് മാത്രമേ പ്രൗഢസുന്ദരവും ആശയസമ്പുഷ്ടവുമായ ഇത്തരം ഗ്രന്ഥങ്ങള്‍ രചിക്കുവാനും അതിനെ അനുവാചക ഹൃദയങ്ങളില്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കുവാനും കഴിയുകയുള്ളൂ’.
ഗ്രന്ഥനാമത്തിനാസ്പദമായ ലേഖനം താന്‍ മുമ്പ് വായിച്ചിട്ടുള്ള യുദ്ധസംബന്ധികളായ എല്ലാ ലേഖനങ്ങളെയും അതിശയിക്കുന്നുവെ ന്നും ആശയവ്യക്തതയും പാരായണ ക്ഷമതയും കൊണ്ട് ഈ ഗ്രന്ഥം വേറിട്ടു നില്‍ക്കുന്നതായും പ്രമുഖഭാഷാ പണ്ഡിതനും ഗവേഷകനും കവിയുമായ ഡോ. ഏഴുമറ്റൂര്‍ രാജരാജവര്‍മ്മ അഭിപ്രായപ്പെടുന്നു.
മഹാകവികളുടെ മതംമാറ്റം, ആര്യസ്നേഹം ആശാനില്‍ എന്നീ ലേഖനങ്ങള്‍ കുമാരനാശാന്റെ സ്നേഹസങ്കല്‍പ്പം, ബ്രാഹ്മണരോടുള്ള മനോഭാവം എന്നിവയെപ്പറ്റി നാളിതുവരെ നാം പുലര്‍ത്തിപ്പോരുന്ന രൂഢസങ്കല്പതമസ്സുകളെ തച്ചുടച്ചു പുതിയ ചക്രവാളങ്ങള്‍ കാട്ടിത്തരുന്നവയാണ്. ‘സൗന്ദര്യാത്മകമായ ആലോചന’ എന്നാണ് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഇതിനെ വിശേഷിപ്പിച്ചത്. കൂടാതെ ശ്രീശങ്കരന്, സ്വാമി വിവേകാനന്ദന്, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്, ഒ.എന്‍.വി.കുറുപ്പ് തുടങ്ങിയ മഹദ് വ്യക്തികളെക്കുറിച്ചുളള വിശകലനങ്ങള്‍ തികച്ചും അദൃഷ്ട പൂര്വ്വകങ്ങളായ അക്ഷരാഗ്നേയാസ്ത്രങ്ങള് തന്നെയാണ്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ചരിത്ര ഗവേഷകര്‍, ആത്മീയ തല്പരര് തുടങ്ങി നാനാതലങ്ങളില്‍ വ്യവഹരിക്കുന്നവര്ക്കും അത്യന്തം പ്രയോജനകരമാണ് ഈ ഗ്രന്ഥം.
ഹരികൃഷ്ണന് കായംകുളം
പ്രായോഗിക ജ്യോതിഷ ശാസ്ത്രം
കെ. മോഹനചന്ദ്രന് വെള്ളായണി
പ്രഭൂസ് ബുക്സ്, തിരുവനന്തപുരം
പേജ്: 320 വില: 300 രൂപ
നിത്യജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ഒരു ജ്യോതിഷിയെ സമീപിക്കുന്ന ശീലം നമ്മുടെയിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. യാഥാര്‍ത്ഥ്യബോധത്തോടെ പ്രവചനങ്ങള്‍ നടത്താന്‍ ജ്യോതിശാസ്ത്രം ആധികാരികമായി പഠിച്ചിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ വെളിപ്പെടുത്തുകയാണ് കെ. മോഹനചന്ദ്രന് വെള്ളായണി തന്റെ ‘പ്രായോഗിക ജ്യോതിഷശാസ്ത്രം’ എന്ന പുസ്തകത്തില്‍. വിദ്യാര്‍ത്ഥികള്‍ക്കും ജ്യോതിഷപ്രേമികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പഠനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ് ജ്യോതിഷവും ജ്യോതിഷ ശാസ്ത്രവും വികസിച്ചുവന്നത്. പില്ക്കാലത്ത് ഭക്തി വിശ്വാസത്തിലധിഷ്ഠിതമായ ഫലപ്രവചന ജ്യോതിഷത്തിലെത്തിച്ചേരുകയാണുണ്ടായതെന്നും പുസ്തകരചയിതാവ് വിശദീകരിക്കുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവായുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഒരു സംശയ നിവാരിണിയായി ‘പ്രായോഗിക ജ്യോതിഷ ശാസ്ത്രം’ എന്ന പുസ്തകം പ്രയോജനപ്പെടുത്താവുന്നതാണ്. ഫലപ്രവചനം സത്യമായി വരാന്‍ മേധാശക്തി കൂടാതെ ഉപാസനയും ഉറച്ച ശാസ്ത്രബോധവും വേണമെന്ന് അടിവരയിട്ട് സമര്‍ത്ഥിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.
എം.കെ. സദാനന്ദന്