മലയാളഭാഷയ്ക്ക് വേണ്ടിയല്ല; പി.എസ്.സിക്ക് വേണ്ടി മലയാള സാഹിത്യകാരന്മാരില്‍ ചിലര്‍ തിരുവോണനാളില്‍ ഉപവസിച്ചത് ഒരു വിരോധാഭാസമായി തോന്നി. തിരുവോണത്തിന്റെ അന്ന് ചോറുള്ളവനു മാത്രമേ അത് നിരസിക്കാനാകൂ. നിരാഹാരസ്വരൂപം എല്ലാ അവസ്ഥകള്‍ക്കുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ നിരാഹാരമുണ്ട്. അതാണ് ഗാന്ധിജി നടപ്പാക്കിയത്. സ്വാതന്ത്ര്യം തന്റെ കൈയില്‍ ഇല്ലാത്തതുകൊണ്ട് താന്‍ നിരാഹാരമനുഷ്ഠിക്കുന്നു എന്നാണ് ഗാന്ധിജിയുടെ വ്യംഗ്യം. അവകാശങ്ങള്‍ക്ക് വേണ്ടി നിരാഹാരമുണ്ട്. അവകാശങ്ങള്‍ ഇല്ലാത്തതുകൊണ്ട് നിരാഹാരം കിടക്കുന്നു. എന്നാല്‍ ചില മലയാള എഴുത്തുകാര്‍ തിരുവോണനാളില്‍ ഭക്ഷണം കഴിക്കാതിരുന്നത്, ഭക്ഷണം ഇല്ലാത്തതുകൊണ്ടല്ല; അത് ധാരാളം ഉണ്ടായതുകൊണ്ടാണ്. എങ്കിലേ അവര്‍ ഭക്ഷണം പതിവായികഴിക്കുന്നവരാണെന്നും ഇപ്പോള്‍ മാത്രമാണ് കഴിക്കാത്തതെന്നും ധ്വനിപ്പിക്കപ്പെടുകയുള്ളൂ.
പി.എസ്.സി. പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകളില്‍ മലയാളം ഇല്ലെന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ഇവരില്‍ പലരും ഉദ്യോഗം നേടിയത് ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണെന്നത് മറ്റൊരു വൈരുദ്ധ്യം. പി.എസ്.സി.യാണോ ഇവിടെ മലയാളത്തിന്റെ സംരക്ഷകര്‍? അതൊരു പരീക്ഷാനടത്തിപ്പു കേന്ദ്രം മാത്രമാണ്. ഇംഗ്ലീഷില്‍ ചോദ്യം വായിച്ചാല്‍ മനസ്സിലാകാത്തവന്‍ സര്‍ക്കാര്‍ ജോലിക്ക് വരേണ്ടതുണ്ടോ? സര്‍ക്കാര്‍ ജോലി ഭാഷാ പ്രേമികള്‍ക്കുള്ളതല്ല; സേവനമനോഭാവത്തെ വീണ്ടെടുക്കാനും കൃത്യനിര്‍വ്വഹണത്തിലെ മികവിനുമാണ് അവിടെ പ്രാധാന്യം. ആ മികവിനെയും കൃത്യതയെയും തമസ്‌കരിച്ചശേഷം സര്‍ക്കാര്‍ ജോലി എന്നുള്ളത് വെറും ഭാഷാസ്‌നേഹത്തിന്റെ ഒരു ആവിഷ്‌ക്കാരമേഖലയാണെന്ന് സ്ഥാപിക്കുന്നത് തെറ്റാണ്.
പി.എസ്.സിയുടെ ചോദ്യപേപ്പറില്‍ മലയാളം പ്രത്യക്ഷപ്പെട്ടാല്‍ ഭാഷ രക്ഷപ്പെട്ടു എന്ന് സാമാന്യബുദ്ധിയനുസരിച്ച് ചിന്തിക്കാനാവില്ല. ആഭ്യന്തരവകുപ്പിലോ, സാമൂഹികക്ഷേമവകുപ്പിലോ ജോലി ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഓഫീസര്‍ കവിത ആലപിക്കുന്നതിലല്ല മിടുക്ക് കാണിക്കേണ്ടത്; അഴിമതിയില്ലാതെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നതിലാണ്. സാഹിത്യകാരന്മാരുടെ ഒരു നാട്യമായി മാത്രമേ ഈ അനവസരത്തിലുള്ള, അനുചിതമായ നിരാഹാരത്തെ കാണാനൊക്കൂ.
ചില പ്രതികരണങ്ങള്‍ ശൂന്യതയിലേക്കാണ് നമ്മെ കൊണ്ടുപോവുക. നിഷ്‌ക്രിയമായ ഒരു മനസ്സിന്റെ ചില നേരങ്ങളിലെ പ്രതികരണങ്ങള്‍, ശൂന്യതയുടെയും അസംബന്ധത്തിന്റെയും ചിഹ്നങ്ങളാകാറുണ്ട്. അത്തരത്തിലൊന്നാണ്, പൊതുവേ യാതൊരു സാമ്പത്തികക്ലേശവുമില്ലാത്ത ചില എഴുത്തുകാര്‍ ചോറ് ഉപേക്ഷിക്കുന്നുവെന്ന് തട്ടിമൂളിച്ചത്.
നാല്പത് വര്‍ഷക്കാലം സാഹിത്യസേവനം നടത്തിയ കഥാകൃത്ത് തോമസ് ജോസഫ് ബോധമറ്റ് കട്ടിലില്‍ കിടക്കുന്നു. കടംകയറി ആ വീട് തകരുകയാണ്. ഒരു സാഹിത്യകാരന്‍ പോലും മുഖ്യമന്ത്രിയെ കണ്ട്, എല്ലാ മാമൂലുകളും ഉപേക്ഷിച്ച് ആ കഥാകാരനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചില്ല. മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് മുന്നൂറിലേറെ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതിന്റെ വക്കിലാണ്.
ഈ വിഷയങ്ങളിലൊന്നും ഇടപെടാനുള്ള ആശയപരമായ ഉപകരണങ്ങള്‍ നമ്മുടെ എഴുത്തുകാര്‍ക്കില്ല. അവര്‍ തലവലിച്ചിരിക്കയാണ്. പി.എസ്. സി മലയാളം പോലുള്ള അപ്രധാന വിഷയങ്ങളിലൂടെ അവര്‍ നിലനില്‍ക്കാന്‍ ശ്രമിക്കുകയാണ്.
മലയാളം എസ്റ്റാബ്‌ളിഷ്‌മെന്റിന്റെ ഭാഗമായുള്ള അവാര്‍ഡുകളും സ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളുമെല്ലാം ഒരു പ്രത്യേക വിഭാഗത്തിനു മാത്രമാണിവിടെ കിട്ടുന്നത്. അത് നിലനിര്‍ത്താന്‍ വേണ്ടിയുള്ള കൂട്ടംകൂടലാണ് ഇപ്പോള്‍ കാണുന്നത്. കേശവദേവിനെപ്പോലെ ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. ജാതിവിവേചനത്തിനെതിരെ ശബ്ദിച്ച കേശവ്‌ദേവ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് കടലില്‍ കഴിഞ്ഞിട്ടുണ്ട്. ഏകാധിപത്യത്തിനെതിരെ പൊരുതിയ ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകന്‍ ചാര്‍ളി ചാപ്‌ളിന്‍ എന്നും പ്രചോദനമായിരുന്നു. ചാപ്‌ളിന്റെ മീശ ഹിറ്റ്‌ലര്‍ അനുകരിച്ചത് തനിക്കും ആ ജനപ്രീതി കിട്ടിക്കൊള്ളട്ടെ എന്ന് വിചാരിച്ചിട്ടാണ്. ഏകാധിപതികള്‍ക്കുപോലും അസൂയ തോന്നുന്ന പ്രക്ഷോഭകാരിയായിരുന്നു ചാപ്‌ളിന്‍.
ഇവിടെ പ്രക്ഷോഭങ്ങളെല്ലാം സ്വന്തം കാര്യസാധ്യത്തിനു മാത്രം. മലയാളം സര്‍വ്വകലാശാല, തുഞ്ചന്‍ സ്മാരകം, സാഹിത്യ അക്കാദമി തുടങ്ങിയവയൊക്കെ കുറേപ്പേരുടെ സ്ഥാപിത ഗ്രൂപ്പിനു മാത്രമാണ്. ഇതെങ്ങനെ മലയാളമാകും?
വായന
‘ഇന്ത്യാടുഡെ’യുടെ ഓണപ്പതിപ്പ് പതിവുപോലെ യാതൊരു കാലികപ്രസക്തിയുമില്ലാത്ത തട്ടിക്കൂട്ട് കറിയായി. ഒരു കഥകളി, ഒരു സംഗീതം, ഒരു യാത്ര, ഒരു ചിത്രകല, കുറച്ചു സീരിയല്‍… കഴിഞ്ഞു ഓണപ്പതിപ്പ്. യാതൊരു ബുദ്ധിയും ആവശ്യമില്ലാത്ത ഈ പതിപ്പ് തയ്യാറാക്കിയത് എസ്. സുന്ദര്‍ദാസാണ്. ചില വനിതാമാസികകള്‍ ഇങ്ങനെയാണ്. ബുദ്ധിയുടെ ആവശ്യം തന്നെയില്ല, അത് എഡിറ്റു ചെയ്യാന്‍. കുറച്ചു സിനിമയും പാചകവും യാത്രയും സാരിയും ബ്ലൗസുമുണ്ടെങ്കില്‍ വനിതാമാസികകളുടെ ചേരുവയായി. നാം ജീവിക്കുന്ന ലോകത്തെപ്പറ്റി യാതൊരു ഉത്ക്കണ്ഠയുമില്ലാത്തവരാണവര്‍.
വലിയ പത്രങ്ങളോട് ഇപ്പോള്‍ വായനക്കാര്‍ക്കോ എഴുത്തുകാര്‍ക്കോ ആത്മബന്ധമില്ല. എഴുത്തുകാര്‍ ജീവിച്ചിരിക്കുന്നതില്‍ അസഹിഷ്ണുതയുള്ളവരാണോ അതിന്റെ എഡിറ്റര്‍മാര്‍ എന്നുപോലും സംശയിക്കുകയാണ്. എഴുത്തുകാരെ വലിയ പത്രങ്ങള്‍ സമ്പൂര്‍ണമായി മറന്നുകളഞ്ഞിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് എഴുത്തുകാര്‍ സൃഷ്ടിച്ച നവകേരളത്തിന്റെ ആനുകൂല്യം പറ്റി തടിച്ചു കൊഴുത്ത പത്രങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പുസ്തകവാര്‍ത്ത പോലും അലര്‍ജിയാണ്. ബഹുമാന്യനായ തോമസ് ജേക്കബ്ബാണ് ഈ നവജേര്‍ണലിസമെന്ന അയിത്തം സ്ഥാപിച്ചെടുത്തത്. അദ്ദേഹം എഴുത്തുകാര്‍ക്ക് ഒരു സ്ഥാനം കല്പിച്ചു നല്‍കി, പത്രങ്ങളുടെ കുപ്പത്തൊട്ടിയായ വാചകമേള. ഇപ്പോള്‍ ഇതില്‍ സ്വന്തം വരികള്‍ ഇടിച്ചുകയറ്റാനാണ് പാവം എഴുത്തുകാര്‍ അധഃപതിക്കുന്നത്.
സി.കെ. ആനന്ദന്‍പിള്ളയുടെ നേതൃത്വത്തിലുള്ള ‘സാഹിതിവിമര്‍ശം’ മാസികയ്ക്ക് പ്രസക്തിയുണ്ട്. പല വരേണ്യരുടെയും ഇരുണ്ട ഇടനാഴികളും കഴുകന്‍ ചിറകടികളും അദ്ദേഹം കണ്ടുപിടിക്കുന്നു. ഒരു വ്യക്തിയെയും അന്ധമായി വിഗ്രഹവല്‍ക്കരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന ചിന്ത ശ്രദ്ധേയമാണ്. എന്നെ ആനന്ദന്‍ പിള്ളയുടെ മാസികയില്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ നേരില്‍ കാണുമ്പോള്‍ അദ്ദേഹം സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. ഇത് നന്മയുടെ ലക്ഷണമാണ്.
കെ.ജി. ശങ്കരപ്പിള്ളയുടെ ‘കൂടാതാട്ടം’ (മാതൃഭൂമി) ഒരു വന്‍പരാജയമായിരുന്നു. കവിതയൊഴിച്ച് മറ്റെല്ലാം അതിലുണ്ട്. ശങ്കരപ്പിള്ളയുടെ മനസ്സില്‍ ഇപ്പോള്‍ കവിതയില്ല. അദ്ദേഹം അതിനുവേണ്ടി കൃത്രിമമായി ശ്രമിക്കുകയാണ്. വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ വിരസതയും അര്‍ത്ഥരാഹിത്യവുമാണ് വായനക്കാരന് അനുഭവപ്പെടുന്നത്. സച്ചിദാനന്ദനും കവിത നിര്‍മ്മിച്ചെടുക്കുകയാണിപ്പോള്‍. ഒരേ സമയം എത്രയോ മാഗസിനുകളിലാണ് അദ്ദേഹം എഴുതുന്നത്! ഒന്നില്‍പ്പോലും ആസ്വാദ്യകരമായ ഒരു വാങ്മയം പോലുമില്ല.
മലയാള കവിതയില്‍ റിട്ടയേര്‍ഡ് പ്രൊഫസര്‍മാര്‍ സൃഷ്ടിക്കുന്ന ട്രാഫിക് ലംഘനങ്ങളും അപകടപരമ്പരകളും പറഞ്ഞാല്‍ തീരില്ല. കവിതയ്ക്ക് വേണ്ടി മൗനത്തിലേക്ക് പിന്‍വാങ്ങുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. വാല്‍മീകിയെപ്പോലെ തപസ്സ് ചെയ്യുകയല്ലാതെ വേറെ വഴിയില്ല.
പി. നാരായണക്കുറുപ്പിന്റെ ഈ പ്രസ്താവം സത്യമായിതോന്നി. ”വായനക്കാര്‍ക്ക് കൃതിയെപ്പറ്റി അറിയില്ല. പക്ഷേ എഴുതിയ ആള്‍ ലോക പ്രശസ്തനായിരിക്കുന്നു.” (സാഹിതിവിമര്‍ശം).
നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ച് ജിനേഷ്‌കുമാര്‍ എരമം എഴുതിയ ലേഖനത്തില്‍ ഇങ്ങനെ വായിക്കാം. ”ഇന്ദ്രന്‍സിനു പക്ഷേ, അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത മനോഭാവമാണ്. അഹംഭാവം ഒട്ടുമേയില്ല. വിനയം കൂടിക്കൂടി വരികയാണ്. തീര്‍ച്ചയായും നല്ല ഗുണങ്ങള്‍. സിനിമാക്കാരില്‍ അപൂര്‍വ്വമായി മാത്രം കാണുന്നത്. പക്ഷേ, ഒരിക്കലും മാറാത്ത അപകര്‍ഷതാബോധമുണ്ടാക്കുന്നതില്‍ സിനിമാരംഗത്തെയും പുറത്തെയും അനുഭവങ്ങള്‍ക്ക് പങ്കുണ്ടെന്നത് നിസ്സംശയമാണ്.”
സിനിമാപ്രവര്‍ത്തകരിലെ അപകര്‍ഷത ഒരു വിജ്ഞാനീയമാണെന്ന് പറയേണ്ടിവരും. പലര്‍ക്കും സ്വന്തം നാവില്ല. ‘സന്തോഷമുണ്ട്’ എന്ന ഒറ്റ വാക്കില്‍ എല്ലാ അഭിപ്രായങ്ങളും ഒതുക്കിവെക്കുകയാണ് ഭൂരിപക്ഷം പേരും. സ്വന്തം അഭിപ്രായം പറയാന്‍ പാടില്ല. പറഞ്ഞാല്‍ കരിയര്‍ ഉണ്ടാവില്ല എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. സിനിമയില്‍ അഭിപ്രായത്തിനു പ്രസക്തിയില്ല; ഒരു മനുഷ്യശരീരമായി നിലനില്‍ക്കുക എന്നതാണ് പ്രധാനം. സിനിമയിലെ അഭിപ്രായശൂന്യതയെ മറികടക്കുന്നത് പ്രശസ്തിയും പണവും കിട്ടുമ്പോഴാണ്. പ്രശസ്തി സ്വയം സംസാരിക്കും.
സുജയ നമ്പ്യാരുടെ ‘നിശ്ശബ്ദമാകുന്നവര്‍’ എന്ന കഥ (കവിമൊഴി) നല്ലൊരു വിഷയമായിരുന്നു. രണ്ട് അപരിചിതര്‍ ട്രെയിനില്‍ കുറേനാള്‍ ഒരുമിച്ച് യാത്രചെയ്ത് ഒരാത്മബന്ധം സ്ഥാപിക്കുന്ന കഥ. എന്നാല്‍ അവരുടെ ബന്ധത്തെ നിര്‍വ്വചിക്കാനോ, അതിന്റെ പരിസമാപ്തിയെക്കുറിച്ച് സൂചന നല്‍കാനോ കഥാകാരിക്ക് കഴിഞ്ഞില്ല.
ഹിന്ദുസ്ത്രീകളെ, അമ്പലത്തില്‍ പോകുന്നതിന്റെ പേരില്‍ ആക്ഷേപിച്ചതുകൊണ്ട് ‘മീശ’ നോവല്‍ വിവാദമായി. ഒരു നോവലിസ്റ്റ് കഥാപാത്രങ്ങളെക്കൊണ്ടാണെങ്കിലും മതപരമായ വികാരം ഇളക്കി സ്ത്രീകളെ അപമാനിക്കുന്നത് ശരിയല്ല. എന്നാല്‍ നോവല്‍ വാരികയില്‍ പ്രസിദ്ധീകരണം നിറുത്തിയ ഉടനെ ഡി.സി. ബുക്‌സ് പുസ്തകമാക്കിയത് ദുരൂഹത അവശേഷിപ്പിച്ചു. ചിലര്‍ ‘മീശ’ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡി.സി. ബുക്‌സിനെ ആക്രമിക്കാന്‍ മുതിര്‍ന്നു എന്ന് രവി ഡി.സി. കഴിഞ്ഞ ആഴ്ചയില്‍ ഒരു ഓണ്‍ലൈനില്‍ എഴുതിയത് കണ്ടു. അങ്ങനെ സംഘടിതമായ ഒരാക്രമണം ഉണ്ടായതായി അറിവില്ല. ദസ്തയെവ്‌സ്‌കി, തോമസ് മന്‍, ടോള്‍സ്റ്റോയി, മാര്‍കേസ് തുടങ്ങിയവര്‍ ഒരു മതത്തില്‍പ്പെട്ടവരെയും ആക്ഷേപിക്കാതെയാണ് മഹത്തായ കൃതികള്‍ എഴുതിയത്.
മിലാന്‍ കുന്ദേരയും മൂല്യവും
ഒരു സാഹിത്യകൃതിയുടെ സൗന്ദര്യാത്മക മൂല്യം എങ്ങനെ പരിശോധിക്കാമെന്നതിന് ഫ്രഞ്ച് എഴുത്തുകാരനായ മിലാന്‍ കുന്ദേര നല്‍കുന്ന ഉത്തരം ഇതാണ്:
”മാനവരാശിക്ക് മേല്‍ ഒരു കൃതി ചൊരിയുന്ന പുതിയ പ്രകാശം, കണ്ടുപിടുത്തങ്ങള്‍, പര്യവേഷണങ്ങള്‍ എന്തൊക്കെയാണെന്ന് വേര്‍തിരിച്ച് മനസ്സിലാക്കണം. അങ്ങനെ ഒരു മൂല്യത്തെ കണ്ടെത്താനാവുമെങ്കില്‍, ആ കൃതി കലയുടെ ചരിത്രപരമായ പരിണാമത്തിലെ ഒരു നാഴികക്കല്ലായിരിക്കും. ചരിത്രാവലോകനമല്ല ഇത്; വളരെ ബോധപൂര്‍വ്വമായി മൂല്യത്തെ അന്വേഷിക്കുന്നതാണ്. മൂല്യത്തെ ഉപേക്ഷിച്ചശേഷം പ്രമേയത്തിന്റെയും സാമൂഹ്യ പ്രസക്തിയുടെയും അടിസ്ഥാനത്തില്‍ കൃതികളെ തുല്യതയോടെ കാണുന്നപക്ഷം, പിന്നെ സാഹിത്യവിമര്‍ശനത്തിന് നില്‍ക്കാന്‍ ഇടമില്ല.
നുറുങ്ങുകള്‍
- ഭാഷാപോഷിണിയില്‍ കെ.സി.നാരായണന്‍ എന്തുകൊണ്ടാണ് ജയമോഹനെ ഉയര്‍ത്തിക്കാണിച്ചതെന്ന് ഇപ്പോഴാണ് മനസ്സിലായത്. ജയമോഹന്‍ അന്തരിച്ച കവി ആറ്റൂര്‍ രവിവര്‍മ്മയുടെ ഉറ്റ സുഹൃത്തായിരുന്നു. ജയമോഹന്‍ ആറ്റൂരിനെക്കുറിച്ചെഴുതിയ ലേഖനത്തില്‍ ആറ്റൂരിനെ ബുദ്ധിപരമായി അവതരിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിവശനാവുന്നത് കണ്ടു.
- എം.എന്‍.വിജയന്‍ ഒരു മാര്‍ക്‌സിസ്റ്റോ, കമ്മ്യൂണിസ്റ്റോ, ഇടതുപക്ഷക്കാരനോ ആയിരുന്നില്ല. അദ്ദേഹം എന്നോട് പറഞ്ഞതാണിത്.
- അമേരിക്കയിലെ പുതിയ എഴുത്തുകാരനാണ് റിയോണ്‍ അമില്‍കര്‍ സ്‌കോട്ട്. ഇന്‍സറക്ഷന്‍സ് എന്ന കഥാസമാഹാരത്തിന് പ്രശസ്തമായ പെന്‍ പ്രൈസ് നേടാനായതാണ് സ്‌കോട്ടിന് തുണയായത്. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമാണ് The World doesn’t require you. അന്ധതമസ്സുകളാല്‍ വലയം ചെയ്യപ്പെട്ട ആധുനിക മനുഷ്യാവസ്ഥയെ ഇഴകീറി പരിശോധിക്കാന്‍ പുതിയ കാഥികര്‍ വന്നു എന്ന് ഈ സമാഹാരം വിളിച്ചു പറയുന്നു.
- സന്തോഷ് ഏച്ചിക്കാനത്തിന്റെ സിങ്കപ്പൂര്‍ (മാതൃഭൂമി) ഏശിയില്ല. ചെറുകഥയില്‍ നിന്ന് ഒരു വിപ്ലവവും ഇവിടെ ഉണ്ടാകുന്നില്ല. അപ്‌ഡേറ്റായ കഥയെഴുത്തുകാര്‍ ഇവിടെയില്ല. സിങ്കപ്പൂര്‍ വളരെ പഴയ ഒരു കഥാഖ്യാനരീതിയെ ആണ് ഉപാസിക്കുന്നത്. പഴയ മട്ടിലുള്ള സിനിമകളെ ഓര്‍മ്മിപ്പിച്ചു.