താഡമെന്നാല്‍ പനമരം എന്നര്‍ത്ഥമുണ്ട്. പന ഉറപ്പുള്ള, ഏതു കൊടുങ്കാറ്റിലും ഉറച്ചു നില്‍ക്കുന്ന മരമാണ്. ഈ ആസനം പനയെ അനുകരിക്കുന്നു. നല്ല സന്തുലനത്തോടെ ഉറച്ചു നില്‍ക്കാന്‍ പഠിപ്പിക്കുന്നു. ജീവിതത്തിലെ ദു:ഖക്കൊടുങ്കാറ്റുകളെ നേരിടാനും സമചിത്തതയോടെ, നിയന്ത്രണത്തോടെ അതിജീവിക്കാനും പഠിപ്പിക്കുന്നു.
ചെയ്യുന്ന വിധം
കാലുകള്‍ അല്പം (10 സെ.മീ) അകത്തി നിവര്‍ന്നു നില്ക്കുക. കൈകള്‍ വശങ്ങളില്‍. ശ്വാസമെടുത്തു കൊണ്ട് കൈകള്‍ തലയ്ക്കു മേലെ ഉയര്‍ത്തുക. കൈ വിരലുകള്‍ തമ്മില്‍ കോര്‍ത്ത് മേലോട്ടു മലര്‍ത്തുക. ദൃഷ്ടി മുന്നില്‍ നേരെ. മേലേ നിന്ന് ആരോ പിടിച്ചു വലിക്കുന്നതു പോലെ ശരീരം വലിയണം. അതോടൊപ്പം കാലിന്റെ ഉപ്പുറ്റിയും ഉയര്‍ത്തുക. കാല്‍ വിരലില്‍ നില്‍ക്കുക. സന്തുലനം നഷ്ടപ്പെടാതെ, ശ്വാസം വിടാതെ അല്പസമയം സ്ഥിതി ചെയ്ത ശേഷം ശ്വാസം വിട്ടുകൊണ്ട് തിരിച്ചു വരിക.
ഗുണങ്ങള്‍
ശാരീരികവും മാനസികവും ആയ സന്തുലനം സാധിക്കുന്നു. നട്ടെല്ലിന് വലിവും വഴക്കവും കിട്ടുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഉയരം വെക്കാനും സഹായകമാവും. ഗര്‍ഭിണികള്‍ക്ക് ആദ്യത്തെ ആറുമാസങ്ങളില്‍ ഉദരപേശികള്‍ക്ക് വലിവു കിട്ടാന്‍ സഹായിക്കും.
Comments