പ്രകൃതി സ്‌നേഹമേറുന്ന
പ്രകൃതക്കാരനാം കവി
പിയെ നിത്യം സ്മരിക്കുന്നൂ
കേരള പ്രകൃതീശ്വരി
കുന്നില്‍ മേയുന്നു മേഘങ്ങള്‍
കന്നുകാലികള്‍ പോലവേ
കാവ്യകാരനെ ദര്‍ശിപ്പാന്‍
വേണ്ടിയാം മുകില്‍ യാത്രകള്‍
പൊന്തിപ്പൂ പുല്ലുകള്‍ കൈകള്‍
ചന്തത്തില്‍, കവിയെത്തൊടാന്‍
കവിയെങ്ങെന്ന് ചോദിപ്പൂ
കവുങ്ങിന്‍ പട്ട മര്‍മ്മരം
കുഞ്ഞിരാമനെയോര്‍ക്കുന്നൂ
കുഞ്ഞോളം കൊണ്ട് തോടുകള്‍
കവിയെത്തേടി നോവാലെ-
യവിടെ സാഗരങ്ങളില്‍
വീണുവീണുരുളുന്നല്ലോ
കേണു വന്‍തിരമാലകള്‍
ഭാരതപ്പുഴതന്‍ കണ്ണീര്‍
തീരത്തില്‍ നനവേകയായ്
എന്നെന്നും കുഞ്ഞിരാമന്റെ
വന്ദ്യവാഹിനിയീ നിള
കുനിപ്പൂ തലകള്‍ ശാഖി-
വൃന്ദം, പൂവുകള്‍, വല്ലികള്‍
മാരുതന്‍ വന്നിടുന്നേരം
കേരം പീയെ നമിക്കയാം
ചേരുന്നു ശിഷ്യനാം ഞാനും
തീരാത്ത കവിയോര്‍മ്മയില്‍
അന്ന് കൂടാളിയില്‍ പീ തന്‍
ശിഷ്യനായ്, ഭാഗ്യനായിവന്‍.