ഉക്രയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഭാരതത്തിന് തലവേദനയായി ഭവിച്ചിരിക്കുകയാണ്. ഉക്രെയിനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ താല്‍ക്കാലികമായി രാജ്യം വിടാന്‍ കൈവിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഉക്രയിന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ സൈന്യം നിലയുറപ്പിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം ഇന്ത്യ പുറത്തു വിട്ടത്.
ഒരു മാസത്തിലേറെ നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം, റഷ്യ-ഉക്രെയിന്‍ സംഘര്‍ഷങ്ങളെക്കുറിച്ച് രണ്ട് നയതന്ത്ര പ്രസ്താവനകള്‍ ഈയിടെ ഭാരതം പുറപ്പെടുവിച്ചു. നയതന്ത്രപരമായി വ്യക്തമായ ഒരു പക്ഷവും ഇന്നേനാള്‍ വരെ ഉക്രയിന്‍ വിഷയത്തില്‍ ഭാരതം സ്വീകരിച്ചിട്ടില്ല.
റഷ്യയ്‌ക്കെതിരായി അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും നടത്തുന്ന ഏത് നീക്കവും ഒരു ലോകയുദ്ധത്തിനു സമമാണ്. അത് ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും പല തരത്തില്‍ സ്വാധീനം ചെലുത്തും. ഇന്ത്യ ഇരുപക്ഷത്തിന്റെയും പങ്കാളിയായതിനാല്‍, പക്ഷം തിരഞ്ഞെടുക്കുമ്പോള്‍ നാം അതീവജാഗ്രത പാലിക്കണം. അല്ലെങ്കില്‍ ഇരുവശത്തുമുള്ള അനിഷ്ടങ്ങളെ നേരിടാന്‍ തയ്യാറാകണം.
റഷ്യയുടെ എസ്-400 മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്ന സാഹചര്യത്തിലാണ് ഈ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. എസ്-400 മിസൈല്‍ സംവിധാനത്തെ തുടര്‍ന്ന് ഉണ്ടായ യുഎസ് ഉപരോധത്തില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാരതം. ഇപ്പോള്‍ നമ്മള്‍ റഷ്യക്ക് അനുകൂലമല്ലാത്ത ഒരു നിലപാട് പ്രത്യക്ഷത്തില്‍ സ്വീകരിക്കുന്നത് മിസൈല്‍ കൈമാറ്റത്തില്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കാനുള്ള വഴിമരുന്നാകും.
ഭാരതത്തിന് മുന്‍ഗണന നല്‍കി ഇന്തോ-പസഫിക് തന്ത്രം ശക്തമാക്കുകയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ യൂറോപ്പും മറ്റ് സഖ്യ കക്ഷികളും. ഈ അവസരത്തിലും ചൈന നിയന്ത്രണ രേഖയില്‍ ഭൂമി കയ്യേറ്റം നടത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നു. നിയന്ത്രണ രേഖയില്‍ വിന്യസിച്ച ഒരു ലക്ഷത്തിലധികം സൈനികരുമായി ഇന്ത്യ ഇതിനെ ചെറുത്തു നില്ക്കുന്നു. ഈ സന്നിഗ്ധ ഘട്ടത്തില്‍ ലോകത്തിന്റെ ശ്രദ്ധ ചൈനയില്‍ നിന്ന് റഷ്യയിലേക്ക് തിരിയുകയാണെന്നത് ഭാരതത്തെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്ന വസ്തുത തന്നെയാണ്. ഏത് സഹചര്യത്തിലായാലും അമേരിക്കയോട് പോരാടാന്‍ മോസ്‌കോ ചൈനയോട് കൂടുതല്‍ അടുക്കുന്നത് നമുക്ക് ഭൂഷണമല്ല. ഇന്ത്യ അംഗമല്ലാത്ത ഒരു പ്രാദേശിക കൂട്ടായ്മ ചൈനയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കാനാണ് റഷ്യ ഇപ്പോള്‍ താല്‍പര്യപ്പെടുന്നത്.
ബീജിംഗില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിനെ നയതന്ത്രപരമായും രാഷ്ട്രീയപരമായും നമ്മള്‍ ബഹിഷ്‌കരിച്ചപ്പോള്‍ പുടിനും, ഇമ്രാന്‍ ഖാനും ചില മദ്ധ്യേഷ്യന്‍ അധികാരികളും ചൈനയ്ക്ക് പൂര്‍ണ പിന്തുണ ഉറപ്പാക്കി.
മറ്റൊരു വസ്തുത എന്തെന്നാല്‍ റഷ്യ- ഉക്രയിന്‍ സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി ഉണ്ടാക്കും. ഉക്രയിന്‍ അതിര്‍ത്തിയില്‍ പിരിമുറുക്കങ്ങള്‍ തുടങ്ങിയതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എണ്ണവില ബാരലിന് 90 ഡോളറിന് മുകളില്‍ എത്തി. പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അത് 125 ഡോളറിലെത്തുമെന്ന് വിശകലന വിദഗ്ധര്‍ ഭയപ്പെടുന്നു. ഇന്ത്യയുടെ യുഎന്‍ പ്രതിനിധി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ, ഉക്രെയിനില്‍ ഇന്ത്യയുടെ 20,000-ത്തിലധികം പൗരന്മാരുണ്ട്. അവരില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഫാര്‍മസ്യൂട്ടിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എഞ്ചിനീയറിംഗ് മേഖലകളിലെ ബിസിനസ് പ്രൊഫഷണലുകളുമാണ്. അവരുടെ സുരക്ഷയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആശങ്കാകുലരാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവരുന്നത് നമുക്ക് കാണാനാകും. നിലവിലെ പ്രതിസന്ധിക്ക് മുമ്പുതന്നെ അതിന്റെ ആഴം പ്രകടമായിരുന്നു. സൈനിക സഖ്യത്തിനും ഉപരിയായുള്ള ബന്ധമായി ഇതിനെ നമുക്ക് കണക്കാക്കാം. ഉദാഹരണത്തിന് ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം നോക്കുക. ഈ അടുപ്പത്തിനുള്ള കാരണം അമേരിക്കന്‍ നയത്തിന് പ്രതിക്രിയയായി ഉരുത്തിരിഞ്ഞു വന്നതാണെന്ന് കുറ്റപ്പെടുത്തുന്നത് മൂഢത്തരമാണ്. അതിര്‍ത്തിക്ക് പുറമെ ഇന്ത്യയുടെ സൈബര്‍ സുരക്ഷയ്ക്ക് ചൈന കനത്ത ഭീഷണിയായി തുടരുകയാണ്.
2021 മെയ് മാസത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം സൈബര്‍ ആക്രമണങ്ങള്‍ വഴി ചൈനീസ് ഹാക്കര്‍മാര്‍ ഭാരതത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെയും സാങ്കേതിക സൗകര്യങ്ങളെയും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ റെഡ്എക്കോ എന്നറിയപ്പെടുന്ന ഒരു ചൈനീസ് ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയിലെ നെറ്റ്‌വര്‍ക്കുകളും തുറമുഖങ്ങളും ലക്ഷ്യമിടാന്‍ ശ്രമിച്ചു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഉറുംകിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് സൈനിക രഹസ്യാന്വേഷണ സംഘടനയാണ് റെഡ്എക്കോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഭാരതത്തിലെ വൈദ്യുത വിതരണവും ആവശ്യകതയും സന്തുലിതമാക്കി നിലനിര്‍ത്തുന്നതിന് ഉത്തരവാദികളായ മധ്യ ഇന്ത്യയിലെ റീജിണല്‍ പവര്‍ ലോഡ് ഡിസ്പാച്ച് സെന്ററുകളുടെ സുരക്ഷയിലേക്ക് ചൈനീസ് ഹാക്കര്‍മാര്‍ കടന്നുകയറാന്‍ ശ്രമിച്ചു.
അത്തരം ഒരു ഓപ്പറേഷന്‍ നടത്താന്‍ ചൈനക്ക് പ്രധാന പ്രേരണ എന്തെന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ഒരു തര്‍ക്കമുണ്ടായാല്‍ ഇത്തരത്തിലുള്ള കടന്നു കയറ്റത്തിലൂടെ ചാരവൃത്തി നടത്താനാകുമെന്ന പ്രതീക്ഷയാണ്.
2020-ല്‍ 11 ലക്ഷം സൈബര്‍ സുരക്ഷാ വീഴ്ചകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ദ്ധനവ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ‘ഡിഫന്‍സ് സൈബര്‍ ഏജന്‍സി’ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ മൂന്ന് സായുധ സേനകളിലെ (കരസേന, നാവികസേന, വ്യോമസേന) സൈബര്‍ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളെ (CERT)) നിര്‍മ്മിക്കുന്നതിനും ഈ ഏജന്‍സി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ ചരിത്രത്തിലാദ്യമായി ഒരു റഷ്യന്‍ പ്രസിഡന്റ് പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നതും ഭാരതത്തിന് ആശങ്ക നല്‍കുന്നു. പുടിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രത്യാശിക്കുന്നു. മോസ്‌കോയും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2016 മുതല്‍ ഇരു രാജ്യങ്ങളും പതിവായി സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ചൈന-റഷ്യ-പാകിസ്ഥാന്‍ ത്രയം ഇന്ത്യയ്ക്ക് സര്‍വ വിധത്തിലും ഹാനികരമാണെന്നതിനാല്‍, തന്ത്രപരമായ ഈ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ കൂടുതല്‍ ബൃഹത്തായ പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.