Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാരതത്തെ ഉണര്‍ത്തിയ സന്ന്യാസിവര്യന്‍

സ്വാമി സദ്ഭവാനന്ദസ്വാമി സദ്ഭവാനന്ദ
4 February 2022

‘ഭാവനാ മയനാകുമീ
യോഗീന്ദ്രനി-
ഭാരതസംസ്‌കാരത്തിന്‍
ഭാസുരപ്രതിബിംബം.’

Google NewsAdd Kesari Weekly as a preferred source on Google

പി. കുഞ്ഞിരാമന്‍ നായര്‍ വിവേകാനന്ദസ്വാമികളെക്കുറിച്ചു പാടിയ വരികളാണിത്. ഭാരതത്തിന്റെ മാനം ലോകസമക്ഷം ഉയര്‍ത്തിയ സ്വാമിജി ഭാരതീയ നവോത്ഥാനത്തിന്റെ ഏറ്റവും പ്രമുഖനായ പ്രണേതാവായിരുന്നു. ഈ ആധുനിക നവോത്ഥാനനായകന്റെ മതസമന്വയചിന്തകളും വേദാന്തപ്രഭാഷണങ്ങളും ഇന്നും ലോകത്തിലെ പ്രബുദ്ധജനങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ ആദ്യത്തെ പ്രസംഗത്തിനുശേഷം പ്രശസ്തിയുടെ അത്യുന്നതതലങ്ങളില്‍ വിരാജിക്കുമ്പോള്‍ ‘ചുഴലിക്കാറ്റുപോലത്തെ ഹിന്ദു’ എന്നാണ് സ്വാമിജിയെപ്പറ്റി അമേരിക്കന്‍ പത്രങ്ങള്‍ പറഞ്ഞത്. പാശ്ചാത്യരുടെ കാഴ്ചപ്പാടില്‍ ഭാരതം അന്ധകാരത്തിലും അജ്ഞതയിലും മുഴുകികിടക്കുന്ന ഒരു രാജ്യമായിരുന്നു. അതുകൊണ്ടു ഭാരതീയരെ ‘മതം മാറ്റി രക്ഷിക്കാന്‍’ അവര്‍ നിരന്തരം മതപ്രചാരകരെ അയച്ചുകൊണ്ടിരുന്നു. പക്ഷേ സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ കേട്ടശേഷം, ആദ്ധ്യാത്മികമായി ഇത്രയും ഉദ്ബുദ്ധമായ ഒരു ജനതയ്ക്ക് മതോപദേശം ചെയ്യാന്‍ പ്രചാരകരെ അയക്കുന്നത് വിഡ്ഢിത്തമാണെന്നു പലരും പരസ്യമായി പറഞ്ഞു. ഇത്രയും അനര്‍ഘവും ആദരണീയവുമായ ഒരു അത്യുന്നതസംസ്‌കാരം ഇവിടെ നിലവിലുണ്ടെന്ന് അന്നാദ്യമായാണ് പാശ്ചാത്യര്‍ അറിയുന്നത്. അതുവരെ അവജ്ഞാപാത്രമായിരുന്ന ഭാരതാംബയുടെ മുഖം അന്ന് അഭിമാനംകൊണ്ടു സമുജ്ജ്വലമായി പ്രകാശിച്ചു.

ദേശസ്‌നേഹി
ഭാരതത്തെ വീണ്ടും അതിന്റെ പൂര്‍വ്വമഹിമയിലേക്ക് ഉണര്‍ത്താനായിരുന്നു സ്വാമിജിയുടെ പരിശ്രമം. അമേരിക്കയിലും ഇംഗ്ലണ്ടിലുമായി നാലു വര്‍ഷം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് വേദാന്തദര്‍ശനത്തെ ആധുനികകാലത്തിന് അനുയോജ്യമായി പാശ്ചാത്യരുടെ മുമ്പില്‍ അവതരിപ്പിച്ചശേഷം സ്വാമിജി ഭാരതത്തിലേക്കു മടങ്ങുമ്പോള്‍ ഒരു ഇംഗ്ലീഷ് സുഹൃത്ത് ചോദിച്ചു: ”സ്വാമിജീ, ഭോഗപൂര്‍ണ്ണമായ പാശ്ചാത്യദേശങ്ങളിലെ നാലു കൊല്ലത്തെ അനുഭവങ്ങള്‍ക്കുശേഷം ഇന്ന് ഇപ്പോള്‍ അങ്ങയുടെ മാതൃഭൂമിയെ അങ്ങ് എങ്ങനെ കാണുന്നു?”
സ്വാമിജി ഒട്ടും സംശയിക്കാതെ പറഞ്ഞു: ”അവിടെനിന്നു പുറപ്പെടുംമുമ്പു ഞാന്‍ ഭാരതത്തെ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ ഭാരതഭൂമിയിലെ പൊടിപോലും എനിക്കു പരിപാവനമായി തോന്നുന്നു. അവിടുത്തെ കാറ്റുപോലും എനിക്കു പരിശുദ്ധമാണ്.” (വി. സാ. സ. 3-200), സ്വാമിജിയുടെ ദേശസ്‌നേഹം എത്ര ആഴമേറിയതാണെന്ന് നമുക്ക് ഇതില്‍നിന്നും മനസ്സിലാക്കാം.

ADVERTISEMENT

നവഭാരതശില്പികളെന്നു വിളിക്കപ്പെടുന്ന ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് എന്നീ ദേശീയനേതാക്കളെല്ലാം സ്വാമിജിയുടെ സന്ദേശങ്ങളില്‍നിന്നു പ്രചോദനം നേടിയവരാണ്. ഒരിക്കല്‍ രാജഗോപാലാചാരി ഇങ്ങനെ പറഞ്ഞു: ”സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തെയും ഇന്ത്യയേയും രക്ഷിച്ചു. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ നമുക്കു നമ്മുടെ മതം നഷ്ടമാകുമായിരുന്നു, സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. അതിനാല്‍ നാം എല്ലാറ്റിനും സ്വാമി വിവേകാനന്ദനോടു കടപ്പെട്ടിരിക്കുന്നു.”

ഭാരതം വീണ്ടും ലോകത്തിനു മുമ്പില്‍ ഒരു മാതൃകാരാജ്യമായിത്തീരും എന്ന് ദീര്‍ഘദര്‍ശിയായ സ്വാമിജി കണ്ടു. ”ഈശ്വരനിശ്ചയമനുസരിച്ച് ഹിന്ദുക്കളായ നാം ഏറ്റവും വിപദ്ഗ്രസ്ഥവും ഉത്തരവാദപ്പെട്ടതുമായ നിലയിലാണിപ്പോള്‍. പടിഞ്ഞാറന്‍ ജനതകള്‍ ആദ്ധ്യാത്മികസഹായം തേടി നമ്മുടെ അടുക്കലേക്കു വരികയാണ്. മനുഷ്യജീവിതപ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം ലോകത്തിനു വെളിച്ചം നല്‍കുന്ന ജോലിക്കു തയ്യാറാകുക – ധാര്‍മ്മികമായ ഈ വലിയ കടപ്പാട് ഭാരതത്തിന്റെ സന്താനങ്ങള്‍ ഏറ്റടുക്കണം…. നാം ഇപ്പോള്‍ അധഃപതിച്ചിരിക്കാം. പക്ഷേ എത്ര അധഃപതിച്ചാലും, നമ്മുടെ മതത്തിനുവേണ്ടി ഉത്സാഹപൂര്‍വ്വം യത്‌നിച്ചാല്‍ മതി, നമ്മുടെ മഹത്ത്വം വീണ്ടെടുക്കാന്‍ കഴിയും.”

ഭാരതത്തിന്റെ നവോത്ഥാനത്തിന് അടിസ്ഥാനപരമായി സ്വാമിജി നിര്‍ദ്ദേശിച്ചത് ഹിന്ദുക്കള്‍ തങ്ങളുടെ ആദ്ധ്യാത്മികപൈതൃകം വീണ്ടെടുക്കുക, പ്രത്യേകിച്ച്, ഗീതയുടെയും ഉപനിഷത്തിന്റേയും സന്ദേശം ഉള്‍ക്കൊണ്ടു പ്രാവര്‍ത്തികമാക്കുക എന്നതായിരുന്നു. എങ്കിലും, ഭാരതീയരുടെ സര്‍വ്വതോമുഖമായ അഭിവൃദ്ധിക്കു വിദ്യാഭ്യാസം, വ്യവസായം, കൈത്തൊഴിലുകള്‍ എന്നിവയ്ക്കു പ്രാമുഖ്യം നല്‌കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ കൃഷിക്കാരിലും പാരമ്പര്യമായി കുലത്തൊഴില്‍ ചെയ്തുവരുന്ന വിഭാഗങ്ങളിലും വളരെ വലിയ കര്‍മ്മശേഷി ഒളിച്ചിരിപ്പുണ്ട്. അതിനെ പുറത്തു കൊണ്ടുവരണം, അവര്‍ക്കു സമുദായത്തില്‍ മറ്റുള്ളവരോടൊപ്പം തുല്യസ്ഥാനം കൈവരണം, വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവുമാണ് അതിനുള്ള ഉപായം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു.

സ്ത്രീവിദ്യാഭ്യാസം
സ്വാമിജിയുടെ പ്രത്യേകശ്രദ്ധ പതിഞ്ഞ വേറൊരു രംഗം സ്ത്രീവിദ്യാഭ്യാസമായിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ അവര്‍ സ്വന്തം കാലില്‍ നിന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊള്ളും. സ്വാമിജിയുടെ ആഗ്രഹപ്രകാരം സിസ്റ്റര്‍ നിവേദിത ആദ്യം തുടങ്ങിയത് ഒരു ബാലികാവിദ്യാലയമായിരുന്നു. ഭാരതത്തിലെ യുവാക്കള്‍ മുന്നോട്ടു വന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം ആശിച്ചു. കുറെ ചെറുപ്പക്കാര്‍ മോക്ഷമെന്ന ആദര്‍ശംപോലും മാറ്റിവെച്ച് ജീവിതം ഭാരതീയജനതയുടെ ഉന്നതിക്കായി സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ രാഷ്ട്രീയസ്വാതന്ത്ര്യം വന്നുചേരുമെന്ന് അദ്ദേഹം പ്രവചിച്ചു. ഗാന്ധിജിയുടെ നിര്‍മ്മാണപരിപാടികളില്‍ – ചര്‍ക്കയും നൂല്‍നൂല്‍പും നെയ്ത്തും പ്രചരിപ്പിക്കുക, കുടില്‍വ്യവസായങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുക, ശുചീകരണം, അടിസ്ഥാനവിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ ചെലുത്തുക, ഹരിജനസേവ എന്നിവയില്‍ – സ്വാമിജിയുടെ ആശയങ്ങളുടെ ധ്വനി നമുക്കു കേള്‍ക്കാം.

മതമഹാസമ്മേളനത്തിന് അമേരിക്കയിലേക്കു കപ്പല്‍ കയറുന്നതിനുമുമ്പ് ഗുരുഭായിയായ തുരീയാനന്ദസ്വാമികളെ ബോംബെയില്‍ കാണാനിടയായപ്പോള്‍ സ്വാമിജി തന്റെ ഹൃദയത്തിന്റെ വിശാലതയെ ഇങ്ങനെ വെളിപ്പെടുത്തി: ”സോദരാ, നിങ്ങളുടെ ഈ പറയപ്പെടുന്ന മതത്തെപ്പറ്റി ഒന്നുംതന്നെ മനസ്സിലാക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ, എന്റെ ഹൃദയം വളരെ വിശാലമായിട്ടുണ്ട്. ഞാന്‍ സഹതപിക്കാന്‍ പഠിച്ചിട്ടുണ്ട്. എന്നെ വിശ്വസിക്കൂ, ഞാന്‍ തീവ്രമായി സഹതപിക്കുന്നു.” പിന്നൊരിക്കല്‍ സ്വാമിജി ഇങ്ങനെ പറയുകയുണ്ടായി: ”ഞാന്‍ ഇത്രയൊക്കെ തപസ്സു ചെയ്തിട്ടു മനസ്സിലാക്കിയ സാരമിതാണ്: ഓരോ ജീവനിലും ഭഗവാന്‍ അധിഷ്ഠാനം ചെയ്യുന്നു; അതൊഴിച്ച് വേറൊരു ഈശ്വരനും ഇല്ല. ജീവനെ സ്‌നേഹിക്കുന്നവര്‍ ഈശ്വരനെ സ്‌നേഹിക്കുന്നു.

നേതാജി പറഞ്ഞത്
നേതാജി സുഭാഷ് ചന്ദ്രബോസ് സ്വാമിജിയെക്കുറിച്ച് ഇങ്ങനെ എഴുതി: ”ആനന്ദപരവശനായിട്ടല്ലാതെ എനിക്കു വിവേകാനന്ദസ്വാമിയെക്കുറിച്ച് എഴുതുക സാധ്യമല്ല. വാസ്തവത്തില്‍ അദ്ദേഹത്തോടു ഗാഢപരിചയം നേടാന്‍ ഭാഗ്യം ലഭിച്ചവര്‍ക്കുപോലും അദ്ദേഹത്തെവേണ്ടവണ്ണം ഗ്രഹിക്കുവാനോ അദ്ദേഹത്തിന്റെ ചിന്തയുടെ ആഴം അളക്കുവാനോ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം സമ്പന്നവും ഗംഭീരവും നാനാമുഖവുമായിരുന്നു. ഈ വ്യക്തിത്വമായിരുന്നു സ്വാമിജിയുടെ ഉപദേശങ്ങളെക്കാളും ലേഖനങ്ങളെക്കാളും അധികം സ്വന്തം നാട്ടുകാരുടെമേല്‍, വിശേഷിച്ചും ബംഗാളികളുടെമേല്‍ അത്ഭുതകരമായ സ്വാധീനശക്തി ചെലുത്താന്‍ സഹായിച്ചത്. മറ്റെല്ലാത്തിലുമുപരി ബംഗാളിക്കു പിടിക്കുന്നത് ഇത്തരം പൗരുഷമാണ്. സാഹസികമായ ത്യാഗം, നിരന്തരമായ പ്രവര്‍ത്തനം, നിസ്സീമമായ സ്‌നേഹം, അഗാധവും നാനാ മുഖവുമായ വിജ്ഞാനം, കവിഞ്ഞുപായുന്ന വികാരാവേശം, നിഷ്‌കരുണമായ പോരാട്ടം, എന്നാലും ശിശുവിന്റെ സരളത – ഈ ഗുണങ്ങള്‍കൊണ്ടു സ്വാമിജി നമ്മുടെ ലോകത്തില്‍ അസാധാരണവ്യക്തിയായിരുന്നു. സിസ്റ്റര്‍ നിവേദിത ”ഞാന്‍ കണ്ട ഗുരുനാഥന്‍” എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ ആരാധ്യദേവത സ്വന്തം മാതൃഭൂമിയായിരുന്നു. പുരോഹിതന്മാര്‍ക്കും ഉയര്‍ന്ന ജാതിക്കാര്‍ക്കും ധനികവര്‍ഗ്ഗത്തിനുമെതിരേ അദ്ദേഹത്തിന്റെ കത്തുകളിലുള്ള ശകാരവര്‍ഷം നിങ്ങള്‍ വായിച്ചിട്ടുണ്ടോ? ഒരു തികഞ്ഞ സോഷ്യലിസ്റ്റിനുപോലും അഭിമാനകരങ്ങളാണവ. മര്‍ദ്ദിതരോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവായ്പ് – ആഴിപോലെ അളവറ്റതായിരുന്നു അത്. അദ്ദേഹത്തിന്റെ ആ സന്ദേശം നിങ്ങളോര്‍ക്കുന്നുണ്ടോ? ”പറയുവിന്‍ സോദരരേ, നഗ്നനായ ഭാരതീയന്‍, പറയഭാരതീയന്‍ എന്റെ സഹോദരനാണ്. ഉച്ചത്തില്‍ ഘോഷിപ്പിന്‍ സോദരരേ, ഭാരതത്തിന്റെ ശ്രേയസ്സാണ് എന്റെ നന്മ. ഇരവുപകല്‍ പ്രാര്‍ത്ഥിക്കുവിന്‍, അയി ഗൗരീപതേ! ശക്തിസ്വരൂപിണിയായ അമ്മേ, എന്റെ ദൗര്‍ബല്യം അകറ്റിയാലും എന്റെ നിര്‍വീര്യം നീക്കിയാലും; എന്നെ പൗരുഷവാനാക്കിയാലും.”

ഗുരുഭക്തി
വിവേകാനന്ദസ്വാമികള്‍ക്ക് തന്റെ ഉജ്ജ്വലപ്രഭാഷണങ്ങള്‍കൊണ്ടു പടിഞ്ഞാറിനെ കീഴടക്കാന്‍ സാധിച്ചതിന്റെ പിന്നില്‍ ശ്രീരാമകൃഷ്ണദേവന്റെ ശക്തിതന്നെയാണ് പ്രവര്‍ത്തിച്ചത്. ദക്ഷിണേശ്വരത്തിലെ വടവൃക്ഷച്ചുവട്ടിലിരുന്നു ഗുരുദേവനില്‍നിന്നു സ്വാമിജിക്കു കിട്ടിയ ശിക്ഷണത്തിന്റെ ഫലമായിരുന്നു അത്. ശ്രീരാമകൃഷ്ണദേവന്റെ അടുത്തുനിന്നഭ്യസിച്ച അദ്വൈതസാധനയുടെ ശക്തിയാല്‍ സ്വാമിജി മനുഷ്യസേവനത്തിന്റെയും കരുത്തിന്റെയും സന്ദേശം കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളിലേക്ക് വാരിവിതറി. വേദാന്തത്തിന്റെ വിജയപതാക – നിര്‍ഭയതയുടെ, ശക്തിയുടെ പതാക – പറത്തിക്കൊണ്ട് പ്രതികൂലശക്തികളുടെ നടുവിലൂടെ അക്ഷോഭ്യനായി ഒരു കൊടുങ്കാറ്റുപോലെ സഞ്ചരിക്കാനുള്ള ശക്തി സ്വാമിജിക്കു കിട്ടിയത് ഗുരുവില്‍ നിന്നുതന്നെയാണ്. ശിഷ്യനെ ഒരിക്കലും കൈവിടാതെ ഗുരു എന്നും കൂടെയുണ്ടായിരുന്നു.
ഗുരുപാദങ്ങളിലും ഈശ്വരപാദങ്ങളിലും ആത്മസമര്‍പ്പണം ചെയ്‌തെങ്കില്‍ മാത്രമേ അവരുടെ കൃപയും അനുഗ്രഹവും സാധകനില്‍ പതിക്കുകയുള്ളൂ. സ്വാമിജി തന്നെ പൂര്‍ണ്ണമായും ഗുരുദേവനു സമര്‍പ്പിച്ചു. അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ”ഭാരതമാകെ, അവിടെയുള്ള ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഇന്ന് ശ്രീരാമകൃഷ്ണപരമഹംസന്റെ നാമധേയം സുപരിചിതമാണ്. പോരാ, ഭാരതത്തിന്റെ പരിധികള്‍ക്കപ്പുറവും ആ മഹാപുരുഷന്റെ പ്രഭാവം പ്രചരിച്ചിരിക്കുന്നു. ഞാന്‍ ഭൂമണ്ഡലത്തിലെവിടെയെങ്കിലും സത്യമായ ഒരു വാക്ക്, ദിവ്യമായ ഒരു പദം, ഉച്ചരിച്ചിട്ടുണ്ടങ്കില്‍ അതിന് എന്റെ ഗുരുനാഥനോടു കടപ്പെട്ടിരിക്കുന്നു; തെറ്റുകള്‍ മാത്രം എന്റെ സ്വന്തവും.”

പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ് സ്വാമിജി തന്റെ ഗുരുവിനെ സ്വീകരിച്ചത്. ഗുരുവില്‍ അഹംഭാവരാഹിത്യവും ഉജ്ജ്വലമായ ത്യാഗശീലവും അനന്യസാധാരണമായ പരിശുദ്ധിയും അതുല്യമായ ഭക്തിവായ്പും കണ്ട് സ്വാമിജി അദ്ദേഹത്തില്‍ ആകൃഷ്ടനായി. ശ്രീരാമകൃഷ്ണ-വിവേകാനന്ദസംഗമത്തിലൂടെ ലോകത്തിനു രണ്ടു മഹാചാര്യന്മാരെ ലഭിച്ചു.

സിദ്ധികള്‍ വേണ്ട
ഒരിക്കല്‍ ശ്രീരാമകൃഷ്ണദേവന്‍ നരേന്ദ്രനെ പഞ്ചവടിയിലേക്കു വിളിച്ചു കൊണ്ടുപോയി പറഞ്ഞു: ”തീവ്രതപസ്സിന്റെ ഫലമായി പല സിദ്ധികളും എനിക്കു കിട്ടിയിട്ടുണ്ട്. പക്ഷേ ഇതുകൊണ്ട് എനിക്കെന്തു കാര്യം? നേരെ തുണിയുടുക്കാനുംകൂടി സാധിക്കുന്നില്ല. അതുകൊണ്ട്, അമ്മയുടെ അനുവാദത്തോടുകൂടി ഞാന്‍ അതൊക്കെ നിനക്കു കൈമാറാന്‍ ആലോചിക്കുന്നു. ഈ ശക്തികള്‍ നിനക്കു തന്നാല്‍ ലോകത്തില്‍ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. എന്താണ് നിന്റെ അഭിപ്രായം?” ശ്രീരാമകൃഷ്ണദേവന്‍ പറഞ്ഞത് സത്യമാണെന്ന് നരേന്ദ്രന് അറിയാമായിരുന്നു. ഒരു നിമിഷം ആലോചിച്ചിട്ട് നരേന്ദ്രന്‍ ചോദിച്ചു: ”ഈശ്വരനെ കാണാന്‍ ഇതെന്നെ സഹായിക്കുമോ?” ”ഇല്ല. അതിനിതൊന്നും സഹായിക്കുകയില്ല. പക്ഷേ, ഈശ്വരസാക്ഷാത്കാരത്തിനുശേഷം അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ അവ നിനക്കു സഹായകമായിത്തീരും” എന്ന് ഭഗവാന്‍ പറഞ്ഞു. ”വേണ്ട, എനിക്കിതൊന്നും ആവശ്യമില്ല. ആദ്യം ഞാന്‍ ഈശ്വരനെ സാക്ഷാത്കരിക്കട്ടെ; പിന്നെ ഞാന്‍ ആലോചിക്കാം, സിദ്ധികള്‍ വേണമോ വേണ്ടയോ എന്ന്. ഇപ്പോള്‍ ഞാനിവ സ്വീകരിക്കുകയാണ് എങ്കില്‍ ഞാന്‍ എന്റെ ലക്ഷ്യം മറന്നെന്നു വരാം.” സ്വാമിജിയുടെ ഉത്തരം കേട്ട് ശ്രീരാമകൃഷ്ണദേവനു വലിയ സന്തോഷം തോന്നി. മഹാനായ ഗുരുവിന്റെ ത്യാഗിയായ ശിഷ്യന്‍!

മഹാസമാധിക്ക് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഗുരുദേവന്‍ തന്റെ അദ്ധ്യാത്മശക്തികള്‍ വത്സലശിഷ്യനു പകര്‍ന്നുകൊടുക്കുകയും അതുകൊണ്ട് അദ്ദേഹം ലോകത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യുമെന്നു പ്രവചിക്കുകയും ചെയ്തു. മാത്രമല്ല, ‘അമ്മ’യുടെ കാര്യങ്ങള്‍ ചെയ്യാനാണ് സ്വാമിജി ഭൂമിയില്‍ വന്നിരിക്കുന്നതെന്നും അതു തീരുന്നതുവരെ സ്വാമിജി തന്റെ ആജ്ഞാനുവര്‍ത്തിയായിരിക്കുമെന്നും ഗുരുദേവന്‍ അരുളിച്ചെയ്തിരുന്നു.

സ്വാമിജിക്കു തന്റെ ഗുരുവിനോടുള്ള ഭക്തിയും ബഹുമാനവും അളവറ്റതായിരുന്നു. ശ്രീരാമകൃഷ്ണദേവനെ അവതാരവരിഷ്ഠനായും ശ്രീരാമകൃഷ്ണവചനാമൃതത്തെ ലോകത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കാനുള്ള പരമൗഷധമായും അദ്ദേഹം കരുതി. പരമഹംസസന്ദേശം പാരിലെങ്ങും പരത്തുക, അതുവഴി ലോകസേവനം ചെയ്ത് ജീവിതത്തെ സോദ്ദേശ്യകവും ഫലവത്തുമാക്കിത്തീര്‍ക്കുക, ഇതായിരുന്നു വിവേകാനന്ദസ്വാമികളുടെ ജീവിതാഭിലാഷം.

സ്വാമിജി ഒരിക്കല്‍ ശിഷ്യനെഴുതി, ”വേദവും വേദാന്തവും മറ്റവതാരങ്ങളും ചെയ്തിട്ടുള്ളതും എല്ലാം ശ്രീരാമകൃഷ്ണദേവന്‍ തനിയെ സ്വജീവിതത്തില്‍ ചെയ്തുകാണിച്ചിരിക്കുന്നു. അവിടുത്തെ ജീവിതം മനസ്സിലാക്കാതെ വേദവേദാന്തങ്ങളേയും അവതാരങ്ങളേയും മറ്റും മനസ്സിലാക്കാന്‍ സാധിക്കയില്ല. എന്തെന്നാല്‍ അവിടുന്ന് അവയുടെ വ്യാഖ്യാനമാണ്. ശ്രീരാമകൃഷ്ണദേവന്‍ ലോകമംഗളത്തിനുവേണ്ടിയാണ്, പേരിനും പുകഴിനും വേണ്ടിയല്ല, ആവിര്‍ഭവിച്ചതെന്ന് എപ്പോഴും ഓര്‍മ്മിക്കണം. അവിടുത്ത സന്ദേശം പ്രചരിപ്പിക്കുക.”

ഹിന്ദുത്വത്തിന്റെ പ്രഭാവം
സ്വാമിജിയുടെ കാലത്ത് ഹിന്ദുസമുദായത്തെ ദുര്‍ബലമാക്കുന്ന പല ശക്തികളും അകത്തും പുറത്തും പ്രചരിച്ചിരുന്നു. വിദേശങ്ങളില്‍ ഹിന്ദുസമുദായത്തെപ്പറ്റി പല തെറ്റിദ്ധാരണകളും അഭിപ്രായങ്ങളും സൃഷ്ടിച്ചുവിട്ടിരുന്ന മിഷണറിമാരുടെ ദുരുദ്ദേശം നിറഞ്ഞ അസത്യപ്രചരണങ്ങളെ ആദ്യമായി സുധീരം നേരിട്ടത് സ്വാമി വിവേകാനന്ദനായിരുന്നു. സനാതനമതത്തിന്റെ സന്ദേശത്തെ ശരിയായ നിലയില്‍ വിവരിച്ചുകൊടുക്കുന്നതിലും ഭാരതത്തെക്കുറിച്ചുള്ള വിദേശീയരുടെ തെറ്റിദ്ധാരണകള്‍ നീക്കുന്നതിലും വിജയം വരിച്ചുവെന്നത് സ്വാമിജിയുടെ അവിസ്മരണീയനേട്ടമാണ്. ഭാരതത്തിന്റെ മണ്ണില്‍നിന്നു ഹിന്ദുമതത്തെ അമേരിക്ക, യൂറോപ്പ് മുതലായ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ഒരു വിശ്വമതമായി ഉയരുവാനുള്ള അതിന്റെ കഴിവിനെ അദ്ദേഹം ലോകര്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്തു. ബൗദ്ധികശാസ്ത്രസിദ്ധാന്തങ്ങളുടെയും യുക്തിവാദങ്ങളുടെയും മുമ്പില്‍ക്കൂടി വിജയധ്വനി മുഴക്കി തലയുയര്‍ത്തി നില്ക്കാന്‍ കെല്പുള്ള ഒരു മതമുണ്ടെങ്കില്‍ അതു വേദാന്തമതമാണെന്നു സ്വാമിജി ലോകത്തിനു വിവരിച്ചുകൊടുത്തു. അങ്ങനെ വിദേശങ്ങളില്‍ ഹിന്ദുമതത്തെപ്പറ്റി വെളിച്ചം പരത്തുമ്പോള്‍ ഭാരതത്തില്‍ മതത്തെ സംസ്‌കരിക്കുന്നതിലും സ്വാമിജി ജാഗരൂകനായിരുന്നു. എല്ലാം ഗോപ്യമായി വെയ്ക്കാനാഗ്രഹിച്ചിരുന്ന പുരോഹിതന്മാരില്‍നിന്നും വാദപ്രതിവാദങ്ങളില്‍ മുഴുകിക്കഴിഞ്ഞിരുന്ന പണ്ഡിതന്മാരില്‍നിന്നും മതത്തെ വീണ്ടെടുത്ത് അദ്ദേഹം പൊതുജനങ്ങളുടെയിടയില്‍ പ്രചരിപ്പിച്ചു. പലപ്പോഴുമുണ്ടായിക്കൊണ്ടിരുന്ന പരിവര്‍ത്തനങ്ങളിലും പരിണാമങ്ങളിലും വിപ്ലവങ്ങളിലുമെല്ലാം ഭാരതം യാതൊരു കോട്ടവും തട്ടാതെ സൂക്ഷിച്ചുപോന്നിട്ടുള്ള ആത്മീയചൈതന്യത്തെ സമത്വത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റേതുമായ പുതിയ മാര്‍ഗ്ഗത്തിലൂടെ പ്രകാശിപ്പിക്കുവാനാണ് സ്വാമിജി ആഹ്വാനം ചെയ്തത്. സ്വന്തം ആത്മാവിനെ അവഗണിക്കുവാന്‍ ആരംഭിക്കുമ്പോഴാണ് ഭാരതത്തിന്റെ അധഃപതനം ആരംഭിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ആ മുന്നറിയിപ്പിനെ മറന്നു പ്രവര്‍ത്തിക്കുന്നതാണ് ഇന്നു നമ്മുടെ സകല ക്ലേശങ്ങള്‍ക്കും കാരണമായിത്തീരുന്നത്.

ഗ്രാമീണ ഭാരതം
ഭാരതത്തിന്റെ ആത്മാവു ഗ്രാമങ്ങളിലാണന്നും ഗ്രാമീണരെ അഭ്യസ്ത്യവിദ്യരും സംസ്‌കൃതചിത്തരുമാക്കിയാല്‍ മാത്രമേ ഭാരതത്തിന് ഉയിര്‍ത്തെഴുന്നേല്ക്കുവാന്‍ കഴിയുകയുള്ളൂവെന്നും സ്വാമിജി അഭിപ്രായപ്പെടുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭാരതത്തില്‍ അങ്ങോളമിങ്ങോളം കാണുന്ന ഉച്ചനീചഭാവങ്ങളെ സ്വാമിജി അങ്ങേയറ്റം വെറുത്തു.

സ്വാമിജി പറയുന്നു: ”ആര്യവംശപാരമ്പര്യം പുലമ്പുന്ന, രാവും പകലും പ്രാചീനഭാരതത്തിന്റെ കീര്‍ത്തി പാടിക്കഴിയുന്ന തങ്ങള്‍ പരിശുദ്ധരാണെന്നു ജാതിക്കുശുമ്പു നടിക്കുന്ന ഉച്ചജാതിക്കാരായ നിങ്ങള്‍ ജീവിക്കുന്നുവെന്നാണോ ഭാവം? പതിനായിരം കൊല്ലം പഴക്കമുള്ള മമ്മികളാണ് നിങ്ങള്‍. ഇന്നത്തെ ഭാരതത്തില്‍, ആരിലെങ്കിലും ഉയിരുണ്ടെന്നു പറയാമെങ്കില്‍ അത് ഒരു കാലത്തു ജീവച്ഛവങ്ങളെന്നു പറഞ്ഞു നിങ്ങളുടെ പൂര്‍വ്വികര്‍ വെറുക്കുകയും ദ്വേഷിക്കുകയും ചെയ്തിരുന്നവരില്‍ മാത്രമാണ്. ഇന്നു നിങ്ങളാണ് യഥാര്‍ത്ഥ ജീവച്ഛവങ്ങള്‍……. ഇനി നവീനഭാരതം ഉടലെടുക്കട്ടെ; കലപ്പയേന്തിയ കര്‍ഷകന്റെ കുടിലില്‍നിന്ന് – ചെരുപ്പുകുത്തികളുടെ, മീന്‍പിടുത്തക്കാരുടെ ചാളകളില്‍നിന്ന് – നവീനഭാരതം ഉയിര്‍ത്തെഴുന്നേല്ക്കട്ടെ; ഉയരട്ടെ, വഴിയരികില്‍ പാക്കും കടലയും വില്ക്കുന്നവരുടെയിടയില്‍നിന്ന്, ചെറുകടകളില്‍നിന്ന് അവതരിക്കട്ടെ, ചന്തകളില്‍, അങ്ങാടികളില്‍, പണിപ്പുരകളില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ ഇടയില്‍നിന്ന്. നാട്ടിലും കാട്ടിലും മലയിലും മേട്ടിലും അദ്ധ്വാനിക്കുന്നവര്‍ക്കിടയില്‍നിന്ന്! ഇവര്‍ പ്രതികാരബുദ്ധി കൂടാതെ ചിന്താവിലാപരഹിതരായി, അപൂര്‍വമായ സഹിഷ്ണുതാശക്തി നേടിയിട്ടുണ്ട്. കാലാകാലമായി അനുഭവിച്ച ദുഃഖഭോഗങ്ങളെ അതിജീവിച്ച് നേടിയതാണ് അവരുടെ ഒന്നുകൊണ്ടും കെട്ടടങ്ങാത്ത വീര്യശക്തി. ഒരു പിടി ചോറുണ്ട് ഉലകം കീഴടക്കുവാന്‍ കെല്പുള്ളവരാണ് അവര്‍. അരവയറു നിറഞ്ഞാല്‍ അവരുടെ ശക്തി ത്രൈലോക്യം ജയിക്കും. അവര്‍ ഓരോരുത്തരും ഓരോ ബീജാസുരനാണ്. കൂടാതെ മൂന്നുലകവും തേടിയാല്‍ കിട്ടാത്ത അത്യത്ഭുതസദാചാരശുദ്ധിയും ബലവും ഇവര്‍ക്കുണ്ട്. എന്തൊരു ശക്തി? എന്തൊരു സ്‌നേഹം? മുറുമുറുപ്പു കൂടാതെ രാവും പകലും വേല ചെയ്യാനുള്ള കഴിവും വേണ്ടിടത്ത് സിംഹപരാക്രമവും. ഇതാ നിങ്ങളുടെ മുമ്പില്‍ നില്ക്കുന്ന ഉത്തമാധികാരിയായ നാളത്തെ ഭാരതം.”

ചൂഷിതരും മര്‍ദ്ദിതരുമായി ഉയരുവാന്‍ യാതൊരു മാര്‍ഗ്ഗവും കാണാതെ നകരയാതനകളനുഭവിക്കുന്ന ജനങ്ങളെച്ചൊല്ലി മനസ്സലിയുന്ന, കണ്ണീര്‍ വാര്‍ക്കുന്ന സ്വാമിജിയുടെ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന വാക്കുകളാണിത്. ഇതു പറയുക മാത്രമല്ല, ഈ ആദര്‍ശത്തെ ലക്ഷ്യമാക്കിക്കൊണ്ടാണ് സ്വാമിജി തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്കിയതും. സ്വാമിജി കാണിച്ചുതന്ന ത്യാഗത്തിന്റെയും സേവനത്തിന്റെയും നേര്‍വഴിയിലൂടെ മുന്നോട്ടു പോയി ഭാരതം ലോകത്തിന് അദ്ധ്യാത്മദീപമായി പ്രശോഭിക്കട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.

(ലേഖകന്‍ തൃശ്ശൂര്‍, പുറനാട്ടുകര, ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷനാണ്)

Share10TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies