മധുവിന്റെ വീട്ടില്‍നിന്ന് കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സൈക്കിളില്‍ കെട്ടിവച്ച വലിയ അലൂമിനിയം പാത്രവുമായി ഒരാള്‍ വീട്ടുമുറ്റത്തു നില്‍ക്കുന്നത് കണ്ണന് കണ്ടു.
അയാളെക്കൂട്ടി, അച്ഛന് നന്ദിനിയുടെ അടുത്തുപോയി. നന്ദിനിയെ അച്ഛനും അയാളുംകൂടി എന്താണ് ചെയ്യുന്നതെന്ന് കണ്ണന് ശ്രദ്ധിച്ചു നോക്കി. സൈക്കിളില്‍ കെട്ടിവച്ച പാത്രം അയാള്‍ തുറന്നപ്പോള്‍ പുറത്തേയ്ക്ക് പുക വരുന്നതുപോലെയാണ് നീരാവി വന്നത്. അതിന കത്തുനിന്നും ഒന്നര അടിയോളം നീളമുള്ള ഒരു കോല് എടുത്ത് അയാള്‍ പശുവിന്റെ അടുത്തേയ്ക്കു പോയി.
എന്താണ് ചെയ്യുന്നതെന്നു കാണാനായി കണ്ണനും അവരുടെ പിന്നാലെ ചെന്നു.
”പശുവിന് സൂചി വച്ചതാ.”
അയാള്‍ കണ്ണനോട് ചിരിച്ചുകൊണ്ട് പറഞ്ഞു.
സൂചി വച്ച ശേഷം അയാളും അച്ഛനും കിണറ്റിനടുത്തു പോയി കൈ സോപ്പിട്ട് കഴുകി വന്നപ്പോഴേയ്ക്കും അമ്മ കട്ടന്‍ചായ ഉണ്ടാക്കി വരാന്തയുടെ തിണ്ണയില്‍ കൊണ്ടുവച്ചു.
രണ്ടു മാസം കഴിഞ്ഞാണ് പ്രസാദേട്ടന് വീണ്ടും വീട്ടില്‍വന്നത്. രാവിലെ സ്കൂളില്‍ പോകാനായി പുസ്തകമൊക്കെ അടുക്കിവച്ച് കുളിക്കാനായി എണ്ണതേച്ച് തോര്‍ത്തുമെടുത്ത് മുറ്റത്തേക്കിറങ്ങിയപ്പോള്‍ തെക്കുവശത്തുനിന്ന് അച്ഛനോട് പ്രസാദേട്ടന് സംസാരിക്കുന്നതു കണ്ടു. വേഗത്തില്‍ കുളി കഴിഞ്ഞ് അവന് അവരുടെ അടുത്തേയ്ക്കാണ് പോയത്.
”പരിശോധനയ്ക്ക് ആളു വരുമ്പോഴേയ്ക്കും പണി പൂര്‍ത്തിയാക്കണം” പ്രസാദേട്ടന് പറഞ്ഞു.
തൊഴുത്തുണ്ടാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ശരിയായിരിക്കുന്നുവെന്ന് അവരുടെ സംസാരം കേട്ടപ്പോള്‍ അവന് മനസ്സിലായി.
”കണ്ണാ, നിനക്ക് സ്കൂളില്‍ പോകണ്ടേ” അമ്മ വിളിച്ചു ചോദിച്ചു.
നിക്കറും ഉടുപ്പും ഇട്ട് അവന് അടുക്കളയിലേക്കോടി. ചീനി പുഴുങ്ങിയതും ചമ്മന്തിയും കണ്ണനെ കാത്തിരുന്നു. പ്രസാദേട്ടന് ചീനിപ്പുഴുക്കും ചമ്മന്തിയും കൊടുക്കാനായി അമ്മ വരാന്തയിലേയ്ക്ക് ഇറങ്ങിയപ്പോള്‍ കണ്ണനും പാത്രവുമെടുത്ത് പുറത്തിറങ്ങി.
”നല്ല, കയ്യാലചാടി ചീനിയാ. രണ്ടു കഷണം കഴിക്കാം.” അച്ഛനുമായി സംസാരിച്ചു നില്ക്കുമ്പോള് പ്രസാദേട്ടനോട് അമ്മ പറഞ്ഞു.
”രാവിലെ എനിക്ക് പഴംകഞ്ഞിയാ ഇഷ്ടം. തൈരും കാന്താരിമുളകും ഉണ്ടെങ്കി കൂട്ടാനൊന്നുമില്ലെങ്കിലും കുഴപ്പമില്ല. കൊണ്ടുവന്ന സ്ഥിതിക്ക് രണ്ടു കഷണം കഴിക്കാം.” പ്രസാദേട്ടന് പറഞ്ഞു.
”ഞാനും പഴംകഞ്ഞിയുടെ ആളാ.” അച്ഛന് പറഞ്ഞു.
”ഗോവിന്ദേട്ടന്, ബാങ്കില്‍ ഉടനെ ഒരു അക്കൗണ്ട് തുടങ്ങണം” പ്രസാദേട്ടന് പറഞ്ഞു.
അവര്‍ സംസാരിച്ചിരിക്കു മ്പോള്‍ കണ്ണന് അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് അടുത്തുതന്നെ നിന്നു. അക്കൗണ്ട് തുടങ്ങേണ്ട കാര്യം പറഞ്ഞതുകേട്ടപ്പോള്‍ അവനു സന്തോഷമായി. ബാങ്കില്‍ അക്കൗണ്ടുള്ളത് പണക്കാര്ക്കാണെന്ന് അവന് കേട്ടിട്ടുണ്ട്.
ഓഫീസിലേയ്ക്ക് പോകാനുള്ള തിടുക്കത്തില്‍ പ്രസാദേട്ടന് വേഗത്തില്‍ കഴിച്ചു. കണ്ണന് അപ്പോഴും കഴിച്ചു കഴിഞ്ഞിരുന്നില്ല. പ്രസാദേട്ടന്റെ വീട്ടില്‍നിന്നും റോഡിലേയ്ക്കു കയറാന്‍ എളുപ്പവഴി കൂടിയാണ് വീട്ടിലൂടെ പോകുന്നതെന്ന് കണ്ണനറിയാം.
”ഞാനിറങ്ങുന്നു. അപ്പോ, പറഞ്ഞതുപോലെ..” അച്ഛനോടാണ് പറഞ്ഞതെങ്കിലും അവനെ നോക്കിയാണ് പ്രസാദേട്ടന് ചിരിച്ചുകൊണ്ട് കൈവീശിയത്.
(തുടരും)