ഭാരതത്തിലെ എല്ലാ ഭാഗങ്ങളിലും പല പേരുകളില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് മകരസംക്രമം. സൂര്യന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട കണക്കുകള്‍ ആയതുകൊണ്ടാണ് ഈ മുഹൂര്‍ത്തം അങ്ങേയറ്റം ശാസ്ത്രീയവും പ്രധാനവുമാകുന്നത്.
ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍, നിരീക്ഷണത്തിനുള്ള സൗകര്യത്തിനു വേണ്ടി ആകാശത്തെ ഖഗോളം (Celestial sphere) എന്നൊരു വലിയൊരു ഗോളമായും ഭൂമിയെ ഖഗോളത്തിനുള്ളില്‍ ഒത്തനടുവില്‍, നിശ്ചലമായും ആണ് സങ്കല്‍പ്പിക്കുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഖഗോളത്തില്‍ പറ്റിയിരിക്കുന്നത് പോലെയും ഖഗോളം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് സദാ ചുറ്റിക്കൊണ്ടിരിക്കുന്നതായും സങ്കല്‍പ്പിക്കുന്നു. ലോകം മുഴുവനുമുള്ള വാനനിരീക്ഷകര്‍ ഇങ്ങനെത്തന്നെ സങ്കല്‍പ്പിച്ചാണു നിരീക്ഷണം നടത്തുന്നത്. ഇങ്ങനെ സങ്കല്‍പ്പിക്കുന്നത് കൊണ്ടാണ് സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളുമെല്ലാം ഭൂമിയെ ചുറ്റുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നത്.
ഇത് ദിവസേനയുള്ള, നമുക്ക് നേരിട്ട് കാണാവുന്ന ചലനത്തിന്റെ കാര്യം. ഇത് കൂടാതെ, ഭൂമി സൂര്യനെ ചുറ്റുകയാണ് എന്ന് നമുക്കറിയാം. അപ്പോള്‍ ഭൂമിയിലെ അനുഭവത്തില്‍, ഒരു കൊല്ലം കൊണ്ട് സൂര്യന്‍ ഭൂമിയെ ചുറ്റുന്ന ഒരു പ്രതിഭാസം കൂടി ഉണ്ടാകണമല്ലോ. അങ്ങനെ ഖഗോളത്തിലൂടെ സൂര്യന്‍ ഒരു കൊല്ലം കൊണ്ട് ഒരു വലിയ വൃത്തം പൂര്‍ണ്ണമാക്കുന്നു. ആ വൃത്തത്തെ പന്ത്രണ്ട് ഭാഗങ്ങളിലായി വിഭജിക്കുന്നു. ഓരോ ഭാഗത്തിനും ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള പേരുകളും നല്‍കി. മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ട് ഭാഗങ്ങളെ രാശികള്‍ എന്ന് വിളിക്കുന്നു.
സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന കാലത്തെ ചിങ്ങമാസം എന്ന് തുടങ്ങി കടന്നുപോകുന്ന പന്ത്രണ്ടു രാശികള്‍ക്കും അതത് മാസത്തിന്റെ പേരാണ് ഉള്ളത്. നോക്കൂ. എത്രമാത്രം ശാസ്ത്രീയമായാണ് നമ്മുടെ പൂര്‍വ്വികര്‍ ചിന്തിച്ചിരുന്നത് എന്ന്.
ഭൂമിയുടെ അച്ചുതണ്ടിനു ഒരു ചെരിവ് ഉണ്ട് എന്നറിയാമല്ലോ. സൂര്യന്‍ സഞ്ചരിക്കുന്നത് ഖഗോള മധ്യരേഖയിലൂടെയാണ്. അപ്പോള്‍ ഈ ചെരിവ് കാരണം തെക്കുനിന്ന് വടക്കോട്ടും തിരിച്ചും മറ്റൊരു ചലനം കൂടി സൂര്യന്റേതായി ഭൂമിയില്‍ അനുഭവപ്പെടും. ഈ ചലനമാണ് വിവിധ ഋതുക്കള്‍ ഉണ്ടാകാന്‍ കാരണം. ഇതാണ് സൂര്യന്റെ അയനം എന്ന് പറയുന്നത്. ഈ ചലനം മൂലം ഭൂമിയുടെ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന സൂര്യന്റെ സാന്നിധ്യത്തിന് ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ഉദാഹരണത്തിന് ഡിസംബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക ദക്ഷിണാര്‍ദ്ധ ഗോളത്തിലാണ്. കാരണം സൂര്യന്‍ അപ്പോള്‍ ദക്ഷിണായനത്തില്‍ ആണ്. അപ്പോള്‍ വടക്കോട്ടു പോകുന്തോറും ചൂട് കുറഞ്ഞു ശൈത്യം ഏറി വരും.പകല്‍ കുറയുകയും രാത്രി ഏറുകയും ചെയ്യും. ധ്രുവപ്രദേശ രാജ്യങ്ങളില്‍ ഇക്കാലത്ത് സൂര്യനെ കാണാന്‍ തന്നെ വിഷമമാണ്. അതെ സമയം ദക്ഷിണാര്‍ദ്ധ ഗോളത്തിലെ രാജ്യങ്ങള്‍, ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ഒക്കെ ചുട്ടുപൊള്ളുകയാവും.
അതെ, ഇപ്പറഞ്ഞ രാജ്യങ്ങളില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് അവരുടെ വേനല്‍ക്കാലത്താണ്.
ഇപ്പറഞ്ഞ സൂര്യ അയനങ്ങളും പന്ത്രണ്ടു രാശികളില്‍ തന്നെയാണ് സംഭവിക്കുന്നത്. അങ്ങനെയാണ് ഒരു വര്‍ഷത്തെ, രണ്ടു മാസങ്ങള്‍ വീതമുള്ള ആറ് ഋതുക്കളായി വിഭജിച്ചിരിക്കുന്നതും ഈ ഋതുക്കളില്‍ കാലാവസ്ഥകള്‍ മാറിമാറി വരുന്നതും.
തെക്കുനിന്ന് വടക്കോട്ട് ആറുമാസം, വടക്കുനിന്ന് തെക്കോട്ട് ആറുമാസം എന്നീ രണ്ട് അയനങ്ങളാണ് സൂര്യനുള്ളത്. അതില്‍ ഉത്തരായണ കാലം, അതായത് വടക്കോട്ടുള്ള കാലമാണ് ഭാരതം ഉള്‍പ്പെടുന്ന ഉത്തരാര്‍ദ്ധഗോളത്തില്‍ ഗ്രഹരാജാവായ സൂര്യന്റെ സ്വാധീനം ഏറ്റവുമധികം ഉണ്ടാവുക. ഉത്തരായണത്തിന്റെ മൂര്‍ദ്ധന്യമായ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഭാരതത്തില്‍ പൊതുവെയും ഉത്തരഭാരതത്തില്‍ പ്രത്യേകിച്ചും കൊടും ചൂട് അനുഭവപ്പെടുന്ന കാലമാണ്. വസന്ത ഋതുവും ഈ സമയത്താണ്.
അതായത്, സൂര്യന്റെ ഉത്തരായണം എന്നത് വളരെ വിശിഷ്ടവും പുണ്യവുമായ കാലമാണ്. കുരുക്ഷേത്രയുദ്ധത്തില്‍ പത്താം ദിവസം ശരശയ്യയില്‍ വീണ സ്വച്ഛന്ദമൃത്യുവായ ഭീഷ്മപിതാമഹന്‍ തന്റെ മരണം ഉത്തരായണം തുടങ്ങുന്നത് വരെ മാറ്റിവെച്ചു എന്നൊരു കഥയുണ്ടല്ലോ.
ഉത്തരായണത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടന്നു മനസ്സിലായല്ലോ.
മകരമാസം തുടങ്ങുന്നതോടെയാണ് സൂര്യന്റെ ഉത്തരായണം ആരംഭിക്കുന്നത്. ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന അതേ മുഹൂര്‍ത്തത്തില്‍ ഉത്തരായണവും ആരംഭിക്കുന്നു. പിന്നീടുള്ള ആറുമാസം എല്ലാം കൊണ്ടും സമൃദ്ധമാകും എന്നതാണ് കാലാകാലങ്ങളില്‍ നിലനിന്നു വരുന്ന ഭാരതത്തിന്റെ വിശ്വാസം.
അതെ. ശാസ്ത്രവും സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളുമെല്ലാം ഇതുപോലെ ഇഴചേരുന്ന പ്രതിഭാസങ്ങള്‍ ഭാരതത്തിനു മാത്രം അവകാശപ്പെട്ടതാണ്.
Comments