ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചതുകൊണ്ടാണ് ഇവിടെ റെയില്‍വേയും മോട്ടോര്‍കാറുമൊക്കെ ഓടിയത്. ആ കാലത്ത് അവര്‍ ഇവിടെയില്ലായിരുന്നുവെങ്കില്‍ ഭാരതം ലോകത്തില്‍ നടക്കുന്ന സാങ്കേതിക വിപ്ലവങ്ങളില്‍ നിന്നുമകന്ന് എന്നെന്നും ഇരുളില്‍ കിടക്കുമായിരുന്നു. ഇന്നും നമ്മുടെയിടയിലെ ചില വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഒരു ധാരണയാണിത്. ശരിയാണ്, യൂറോപ്പില്‍ നവോത്ഥാനവും വ്യാവസായികവിപ്ലവവുമൊക്കെ നടന്ന കാലത്ത് ഇവിടം ഭരിച്ചിരുന്നത് ബ്രിട്ടീഷുകാര്‍ ആയിരുന്നു. അവരുടെ സാമ്രാജ്യത്വ മോഹങ്ങളോടൊപ്പം സാങ്കേതികവിദ്യകളും സൗകര്യങ്ങളും കൂടി ഇവിടേക്ക് കപ്പല്‍ കയറി വന്നു. അതിനര്‍ത്ഥം അന്നവര്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും ഇവിടെ ഉണ്ടാകുമായിരുന്നില്ല എന്നാണോ.
ഒരു അറിവിനെയും അങ്ങനെ തടഞ്ഞുനിര്‍ത്താനോ എന്നന്നേക്കുമായി സ്വന്തമാക്കി വെയ്ക്കാനോ കഴിയില്ല. മനുഷ്യന്റെ അന്വേഷണ തൃഷ്ണ അതിനെ തേടിപ്പിടിക്കുക തന്നെ ചെയ്യും. അങ്ങനെയാണ് സേഫ്റ്റി പിന്‍ മുതല്‍ റോക്കറ്റ് ടെക്നോളജി വരെ ലോകവ്യാപകമായത്.
ഇവിടെ ചോദ്യം, ഭാരതം സ്വന്തമായി നേടുമായിരുന്നോ എന്നാണല്ലോ.
മനുഷ്യന്‍ ഇന്നുവരേയ്ക്കും കണ്ടെത്തിയതില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും അദ്ഭുതകരമായതുമായ ടെക്നോളജികള്‍ ആണ് ബഹിരാകാശ സാങ്കേതികതയും ആണവ സാങ്കേതികതയും. അമേരിക്കയും സോവിയറ്റ് യൂണിയനും യൂറോപ്യന്‍ രാജ്യങ്ങളും ഈ സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടിയത് സ്വന്തം അധ്വാനം കൊണ്ടായിരുന്നില്ല.ഓപ്പറേഷന്‍ പേപ്പര്‍ ക്ലിപ്പ് പോലുള്ള മസ്തിഷ്‌ക കടത്തുകളിലൂടെ ആയിരുന്നു എന്ന് നാം കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ലോകത്തിലെ വിവിധ പ്രതിഭകളെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് ഒരു ടീമായി പ്രവര്‍ത്തിച്ചാണ് ആണവബോംബ് വികസിപ്പിച്ച മന്‍ഹാട്ടന്‍ പ്രോജക്റ്റ് യാഥാര്‍ഥ്യമാക്കിയത്.
ഇങ്ങനെയൊക്കെ സ്വന്തമാക്കിയ സോവിയറ്റ് യൂണിയന്റെ ടെക്‌നോളജികള്‍ ആണ് ചൈന കടം കൊണ്ടത്. അവരുടെ ബഹിരാകാശ വാഹനങ്ങള്‍ എല്ലാം സോവിയറ്റ് യൂണിയന്റെ സോയൂസിന്റെയും സല്യൂട്ടിന്റെയുമൊക്കെ തനി കോപ്പിയാണ്. ശീതയുദ്ധകാലത്ത് അനധികൃതമായി കൈമാറിയ ആണവ സാങ്കേതികതയാണ് ചൈനയുടെ ആണവപദ്ധതികളുടെ അടിത്തറ.
എന്നാല്‍ ഇങ്ങനെയുള്ള ഒരു സൗകര്യവും ആനുകൂല്യവും ഭാരതത്തിനുണ്ടായിരുന്നില്ല. വന്‍ശക്തികള്‍ ഏറെ മുന്നേറിക്കഴിഞ്ഞ, ഒരിക്കലും നമുക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്ത ഈ സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടുക എന്നത് കൊതുമ്പുവള്ളത്തില്‍ മഹാസമുദ്രം ഭേദിക്കുന്നത് പോലെയായിരുന്നു.
എന്നാല്‍ മേഘനാഥ് സാഹ, വിക്രം സാരാഭായ്, രാജാരാമണ്ണ, അരുണാചലം, അബ്ദുല്‍ കലാം തുടങ്ങിയ മഹാപ്രതിഭകളുടെ കഴിവും പരിശ്രമവും കൊണ്ട് ഒരു മസ്തിഷ്‌ക കടത്തോ, സാങ്കേതിക മോഷണമോ ഇല്ലാതെ, ശൂന്യതയില്‍ നിന്ന് അതിസങ്കീര്‍ണ്ണമായ ഈ രണ്ടു ടെക്‌നോളജികളിലും ഭാരതം പ്രാവീണ്യം നേടി. നമ്മുടെ സാമ്പത്തിക പരാധീനതകളുടെ പരിമിതികളില്‍ നിന്നുകൊണ്ടാണ് ഇത് നേടിയത് എന്നത് ആ നേട്ടങ്ങളുടെ മാറ്റ് കൂട്ടുന്നു.
ബ്രിട്ടണ്‍ ഇവിടെനിന്ന് പോകുമ്പോള്‍ അവര്‍ അന്നുവരെ ഉണ്ടാക്കിയ റെയില്‍വേയെ ഏതാണ്ട് നശിപ്പിച്ചിട്ടു തന്നെയാണ് പോയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടെയുണ്ടായിരുന്ന റെയില്‍വേ ലൈനുകളില്‍ പലതും ഇളക്കിയെടുത്ത് ആയുധ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. ചുരുക്കത്തില്‍, സ്വാതന്ത്ര്യാനന്തരം ഇവിടെ അവശേഷിച്ചത് റെയില്‍വേയുടെ അസ്ഥികൂടം മാത്രമാണ്. അതില്‍ നിന്ന് ആധുനിക എഞ്ചിനുകളും കോച്ചുകളും ലൈനുകളും ഒക്കെയായി, ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നായി, ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി ഇന്ത്യന്‍ റെയില്‍വേ വളര്‍ന്നത് നമ്മുടെ സ്വദേശി എഞ്ചിനിയറിങ് മികവുകൊണ്ടുതന്നെയാണ്.
അങ്ങനെയാണ് അറിവിനും കണ്ടെത്തലുകള്‍ക്കും പകര്‍പ്പവകാശത്തിന്റെ മതില്‍ക്കെട്ടുകള്‍ തീര്‍ക്കുന്ന പടിഞ്ഞാറന്‍ കുടിലതയെ ഭാരതം അതിജീവിച്ചത്.