ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയായ സമത്വം ആഘോഷിക്കുന്നവരാണ് നമ്മള്‍. ജാതി-മത-വര്‍ണ്ണ-ഭാഷാ ഭേദെമന്യേ ഭാരതീയര്‍ എന്ന സ്വത്വത്തില്‍ നാം അടിസ്ഥാനപ്പെട്ടിരിക്കുന്നു. കാലാകാലങ്ങളായി നമ്മെ മുന്നോട്ടുനയിച്ച നാനാത്വത്തില്‍ ഏകത്വം ഈ നാടിനു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ഒന്നാണ്. ജാതിവിവേചനങ്ങളുടെയും അസമത്വത്തിന്റെയും കാലഘട്ടം ഭാരതത്തില്‍ നിഴലിച്ചപ്പോള്‍ അതിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തുവാന്‍ ദേശീയപുരുഷന്മാര്‍ മുടക്കം കൂടാതെ പിറവിയെടുത്തിട്ടുണ്ട്. അത്തരത്തില്‍ ഒരു വ്യക്തിത്വമാണ് ഡോ.ബി.ആര്‍. അംബേദ്കര്‍. ജാതിവിവേചനത്തിന്റെ കയ്‌പ്പേറിയ കുട്ടിക്കാലത്തില്‍ നിന്നും രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായി മാറിയ അദ്ദേഹത്തിന്റെ ജീവിതം ഓരോ വ്യക്തിയിലും പ്രേരണ ജ്വലിപ്പിക്കും. അയിത്തം അഭിമാനമായി ആഘോഷിച്ചിരുന്നവര്‍ക്കുള്ള പ്രഹരമാണ് യഥാര്‍ത്ഥത്തില്‍ അംബേദ്കറുടെ ജീവിത വിജയം. ഇന്ത്യന്‍ ഭരണഘടനയെ പ്രോജ്വലമാക്കിത്തീര്‍ക്കുന്നത് അതിലെ സമത്വമെന്ന ആശയമാണ്. യഥാര്‍ത്ഥത്തില്‍ തന്റെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ സമരഭൂമിയില്‍ നിന്ന് വികസിപ്പിച്ചെടുത്ത ശ്രേഷ്ഠമായ ഈ ആശയത്തിന് ഭരണഘടനയിലൂടെ അദ്ദേഹം ജന്മം നല്‍കുകയായിരുന്നു.
അംബേദ്കറെന്ന ദേശീയ പുരുഷന്‍
അംബേദ്കര്‍ എക്കാലത്തും ഊന്നല്‍ നല്കിയിരുന്നത് മേല്‍പ്പറഞ്ഞ സമത്വത്തിനും അഖണ്ഡതയ്ക്കുമാണെന്നുള്ള കാര്യം സുവ്യക്തമാണ്. ഈ വസ്തുതയെ സാധൂകരിക്കാന്‍ നിരവധിയായ ചരിത്ര സംഭവങ്ങളുണ്ട്. ഒന്ന്, 1948 നവംബര്‍ മാസത്തില്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയെ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നു വിശേഷിപ്പിക്കാതെ യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്ന് വിശേഷിപ്പിച്ചത് ഒരു തരത്തിലുമുള്ള വിഭാഗീയത നിലനില്‍ക്കരുത് എന്ന നിര്‍ബന്ധത്തോട് കൂടിയാണ്. മറ്റൊന്ന് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായി വര്‍ത്തിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്നു വാക്യങ്ങളും നാം ഒന്നാണ് എന്ന ഭാവത്തെ ഉണര്‍ത്തുന്നു. ഈ ഭാവം ഒരു കാലത്തും നിഷേധിക്കപ്പെടരുത് എന്ന ചിന്തയോടു കൂടിയാണ് അദ്ദേഹം സമത്വത്തെ ഉറപ്പാക്കുന്ന അനുച്ഛേദം 14 -18, സ്വാതന്ത്ര്യം ഉറപ്പാക്കുന്ന അനുച്ഛേദം 19-22, ചൂഷണത്തിന് എതിരെയുള്ള അനുച്ഛേദം 23-24 എന്നിവ ഭരണഘടനയുടെ മൗലിക അവകാശമായി ചേര്‍ത്തിട്ടുള്ളത് എന്ന കാര്യം നിസ്സംശയം പറയാം.
തന്റെ ‘പാകിസ്ഥാന്‍ ആന്‍ഡ് പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ അംബേദ്കര്‍ രാജ്യസ്‌നേഹത്തെ വിവരിക്കുന്നത് ഇങ്ങനെയാണ് ‘Consciounsess of kind, awareness of existence of that kindship’എന്നതില്‍ നിന്ന് ഭാരതീയരായ നാം രക്തബന്ധത്താല്‍ ഒന്നാണ് എന്ന ബോധ്യം ഉണ്ടാകണമെന്നും, രാഷ്ട്രത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഉദ്‌ഘോഷിക്കുന്നു. ഇതിനെല്ലാം ഉപരിയായി ‘ഏകാത്മ- സ്വത്വബോധത്തെ’ തച്ചുടക്കാന്‍ നിര്‍മ്മിക്കപ്പെട്ട ആര്‍ട്ടിക്കിള്‍ 370 നോട് അദ്ദേഹത്തിനുണ്ടായിരുന്ന എതിര്‍പ്പടക്കം, മേല്പറഞ്ഞതെല്ലാം വ്യക്തമാക്കുന്നത്, അംബേദ്കര്‍ ഒരു തികഞ്ഞ ദേശീയവാദി ആണെന്നാണ്.
അംബേദ്കര്‍ എന്ന ദേശീയ പുരുഷനെ വ്യാജ പ്രചാരണങ്ങളിലൂടെ മറച്ചു പിടിക്കാന്‍ വളരെ കാലമായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ചരിത്ര മേഖലകളില്‍ തത്പര കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ദേശീയ ധാരയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ബൗദ്ധികസ്രോതസ്സ് ഉത്പാദിപ്പിക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ മനഃപൂര്‍വ്വമായി അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച ദേശീയ കാഴ്ചപ്പാടിനെ തെറ്റായി വ്യാഖ്യാനിക്കാനും അതുവഴി ചരിത്രത്തെ തങ്ങള്‍ക്കനുകൂലമാക്കി തീര്‍ക്കാനും പെടാപ്പാടുപെടുകയാണ്.
ഞാന്‍ ആദ്യമായും അവസാനമായും ഇന്ത്യക്കാരനാണെന്ന് പ്രഖ്യാപിച്ച അംബേദ്കറെ എങ്ങിനെയാണ് ‘ഭാരത് കി ഭര്‍ബാദി തക് ജംഗ് രഹേഗി’ എന്ന വിഭജന മുദ്രാവാക്യം മുഴക്കുന്നവര്‍ക്ക് ആശ്രയിക്കാന്‍ സാധിക്കുക? ഈ വളച്ചൊടിച്ച ചരിത്രത്തില്‍ അംബേദ്കര്‍ തങ്ങള്‍ക്കനുകൂലമെന്നു വാദിക്കുന്നവര്‍ വിനാശകരമായ വിധ്വംസക പ്രവര്‍ത്തനമാണ് നടത്തുന്നതെന്നുള്ള സത്യം ഇനിയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം.
അംബേദ്കറെ മുന്നില്‍ നിര്‍ത്തി സമരമുഖങ്ങള്‍ സൃഷ്ടിക്കുന്നവരുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ വ്യക്തമായ ദേശവിരുദ്ധ മനോഭാവം വെച്ചുപുലര്‍ത്തുന്ന ജിഹാദി സംഘടനകളാണ് ഇക്കൂട്ടരെ നിയന്ത്രിക്കുന്നതെന്ന് കാണാന്‍ സാധിക്കും. ഇതിനെ സാധൂകരിക്കുന്ന ഉദാഹരണമാണ്, ഈ രാജ്യത്ത് 2016ല്‍ നടന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് അംബേദ്കറെ ഉപയോഗിച്ചുള്ള സമരപരിപാടികള്‍. ഈ സമരവേദികളിലൊക്കെ തന്നെ മരണപ്പെട്ട രോഹിത് വെമുലയുടെ മാതാവായ രാധിക വെമുലയെ ഉപയോഗപ്പെടുത്തിയാണ് ഈ പ്രതിലോമശക്തികള്‍ സമരപരിപാടികള്‍ സൃഷ്ടിച്ചത്. ഇതിനായി രാധിക വെമുലക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും പിന്നീട് വഞ്ചിച്ചെന്നും അവര്‍ തന്നെ 2018 ല്‍ തുറന്നു പറയുകയുണ്ടായി. ഈ സമരത്തിലൂടെ ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നത് 25% വരുന്ന ദളിത് വിഭാഗത്തെ കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായിരുന്നു, പക്ഷെ ഈ ശ്രമത്തിന് 2019ല്‍ താല്‍കാലികമായി തിരിച്ചടിയേറ്റെങ്കിലും ഇന്നും രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇത്തരം പ്രതിലോമ പ്രവര്‍ത്തനം ഈ കൂട്ടര്‍ നടത്തുന്നുണ്ട് എന്നത് സുവ്യക്തമാണ്. അതിനാല്‍ അംബേദ്കറുടെ വസ്തുതാപരമായ ചരിത്രവും ദേശീയ പ്രസ്ഥാനങ്ങളുമായുണ്ടായിരുന്ന ബന്ധവും പുറത്തുകൊണ്ടുവരേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്…
അംബേദ്കറും ആര്‍.എസ്.എസ്സും
ഡോക്ടര്‍ ഭീംറാവു അംബേദ്കര്‍ ഈ സമൂഹത്തില്‍ നടപ്പില്‍ വരുത്താന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ആര്‍.എസ്.എസ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. സംഘം അതിന്റെ വ്യക്തമായ കാര്യപദ്ധതിയിലൂടെ, ഐക്യത്തിന് എതിരായി നിലകൊള്ളുന്ന അയിത്തവും ജാതിവിവേചനവും ഇല്ലാതാക്കുവാന്‍ അശ്രാന്തം പ്രവര്‍ത്തിക്കുന്നു. രാഷ്ട്രത്തെ ഒന്നായി നയിക്കുവാന്‍ ശ്രമിച്ച അംബേദ്കറിനോടൊപ്പമാണ് ആര്‍.എസ്.എസ്സും നടന്നു നീങ്ങുന്നത്. ഈ വസ്തുത സമൂഹത്തിലെ ചരിത്രകാരന്മാരും രാഷ്ട്രീയപ്രവര്‍ത്തകരും എതിര്‍പ്പില്ലാതെ സമ്മതിച്ചിട്ടുള്ളതുമാണ്. മേല്പറഞ്ഞതിനുള്ള ഉദാഹരണങ്ങളാണ് മഹാത്മാ ഗാന്ധിജിയുടെയും സുഭാഷ്ചന്ദ്രബോസിന്റേയും വാക്കുകള്‍.
1934-ല്‍ മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടന്ന ശിബിരം സന്ദര്‍ശിച്ച മഹാത്മാഗാന്ധിജി സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിനോട് പറഞ്ഞത്, ”സംഘത്തില്‍ യാതൊരു ഭേദഭാവനയും കൂടാതെ സ്വയംസേവകര്‍ ഒരുമിച്ച് ഉണ്ണുകയും ഉറങ്ങുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതായി എനിക്ക് തോന്നുന്നു”, എന്നാണ്.
പില്‍ക്കാലത്ത് ഗാന്ധിജി 1947 സപ്തംബര്‍ 16 -ന് ദില്ലി നഗരത്തില്‍ വച്ച് നടന്നിരുന്ന സംഘ ശാഖയില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞത്, ”കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ സംഘ ശിബിരം സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ നിങ്ങളുടെ അച്ചടക്കം, അയിത്തത്തിന്റെ തികഞ്ഞ അഭാവം, കര്‍ശനമായ ലളിത ജീവിതം എന്നിവ എന്നെ ആകര്‍ഷിച്ചു. സേവനം, സ്വാര്‍ത്ഥത്യാഗം എന്നീ ഉന്നത ആദര്‍ശങ്ങളാല്‍ പ്രേരിതമായ ഏതു സംഘടനയും ദിനംതോറും ശക്തിപ്രാപിക്കാതിരിക്കില്ല”. മഹാത്മാഗാന്ധിജിയുടെ ഈ വാക്കുകള്‍ ആര്‍.എസ്.എസ്സിനോടുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ സൂചിപ്പിക്കുന്നു.
മാത്രമല്ല സുഭാഷ് ചന്ദ്രബോസ് 1928-ല്‍ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ആര്‍.എസ്.എസ്സിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്, ”ഇത്തരം മൗലിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ സമാജത്തെ ദേശീയ വിമോചനത്തിലേക്കും സമത്വത്തിലേക്കും നയിക്കുകയുള്ളൂ”, എന്നാണ്. ഈ വാക്കുകളെല്ലാം വെളിവാക്കുന്നത് ആര്‍.എസ്.എസ് നടത്തിവരുന്ന സമാജത്തെ ഒന്നിപ്പിക്കുക എന്ന വലിയ ദൗത്യത്തെയാണ്. അധഃസ്ഥിത ജനവിഭാഗത്തിന്റെ ശബ്ദമായ അംബേദ്കറും ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റെല്ലാ ദേശീയ പുരുഷന്മാരെപ്പോലെ തന്നെ ആകൃഷ്ടനായിരുന്നു. ഇതിനുള്ള തെളിവാണ് 1934-ല്‍ അദ്ദേഹം നടത്തിയ പരാമര്‍ശം, ”തൊട്ടടുത്തിരിക്കുന്ന സ്വയംസേവകന്റെ ജാതിയെന്തെന്നറിയാനുള്ള താല്പര്യമൊട്ടുമില്ലാത്ത പൂര്‍ണ സമത്വത്തോടും സാഹോദര്യത്തോടും കൂടിക്കഴിയുന്ന ഇവരെ കണ്ട് എനിക്ക് ആശ്ചര്യം തോന്നുന്നു”. മാത്രമല്ല ഈ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനായ അദ്ദേഹം സംഘസ്ഥാപകനായ കേശവ ബലിറാം ഹെഡ്‌ഗേവാറിനെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തു. പില്‍ക്കാലത്തു പൂനെക്കടുത്ത് ഡപ്പോളി എന്ന സ്ഥലം സന്ദര്‍ശിച്ചു മടങ്ങവേ, വഴി മധ്യേ കണ്ട സംഘത്തിന്റെ ശാഖയില്‍ പങ്കെടുക്കുകയുമുണ്ടായി. അംബേദ്കര്‍ ആര്‍.എസ്.എസ്സിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി എന്നുള്ളത് എല്ലാ എതിര്‍ ശബ്ദങ്ങള്‍ക്കുമുള്ള ഉത്തരമാണ്.
സമൂഹത്തെ ഒന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്ക് അംബേദ്കര്‍ വ്യക്തമായി മനസ്സിലാക്കി എന്നതിന്റെ ഉദാഹരണങ്ങളാണ് 1934 മുതല്‍ ഇഹലോകവാസം വെടിയുന്നതുവരെയുമുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും വ്യക്തമാക്കുന്നത്. സംഘവും അംബേദ്കറും തമ്മിലുണ്ടായിരുന്ന ഉദാത്തമായ ബന്ധത്തെ മനഃപൂര്‍വം ഇടത് ചരിത്രകാരന്മാര്‍ മൂടിവെയ്ക്കുവാന്‍ ശ്രമിക്കുന്നു. ഈ വസ്തുതകള്‍ പുറംലോകം അറിഞ്ഞാല്‍ ആര്‍.എസ്.എസ്സിന്റെ സ്വീകാര്യത വര്‍ദ്ധിക്കുമെന്നുറപ്പുള്ളതുകൊണ്ടാണ്. പക്ഷപാതികളായ ചരിത്രകാരന്മാര്‍ സത്യത്തെ മറച്ചുപിടിക്കുന്നത്. എത്ര മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും സത്യങ്ങള്‍ തെളിവുകളായി അവശേഷിക്കുക തന്നെ ചെയ്യും എന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. സപ്തംബര്‍ 1949 -ല്‍ ആര്‍.എസ്.എസ്സിന്റെ ദ്വിതീയ സര്‍സംഘചാലകായ ഗുരുജി ഗോള്‍വല്‍ക്കര്‍ അംബേദ്കറെ സന്ദര്‍ശിക്കുവാന്‍ ദില്ലിയില്‍ പോവുകയും ആര്‍.എസ്.എസ്സിന്റെ മേല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമത്തിയ നിരോധനം നീക്കുവാന്‍ സഹായിച്ചതിന് നന്ദി പറയുകയും ചെയ്തു (ഗുരുജി ഗോള്‍വല്‍ക്കര്‍ ജീവചരിത്രം, ആര്‍.ഹരി).
2. 1952 -ല്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ അംബേദ്കര്‍ രൂപീകരിച്ച ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനും ഭാരതീയ ജനസംഘവും സഖ്യമായാണ് മധ്യപ്രദേശില്‍ മത്സരിച്ചത്. (പേജ്:169, ഡോ. അംബേദ്കര്‍ ഓര്‍ സാമാജിക് ക്രാന്തി കീ യാത്ര, ലോക് ഹിത് പ്രകാശ്).
3. 1953 ജൂണ്‍ മാസത്തില്‍ അംബേദ്കറെ സന്ദര്‍ശിച്ച ആര്‍.എസ്.എസ്സിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളായ മൊറോപാന്ത് പിങ്കളെയോടും ബാലാസാഹേബ് സാതിയായോടും ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും സമൂഹത്തിലെ ജാതിവിവേചനങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തിയോടുകൂടി പ്രവര്‍ത്തിക്കാനുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് (പേജ്: 153-154, ഡോ. അംബേദ്കര്‍ ഓര്‍ സാമാജിക് ക്രാന്തി കീ യാത്ര, ലോക് ഹിത് പ്രകാശ്).
ഈ തെളിവുകളൊക്കെ ആര്‍.എസ്.എസ്സും അംബേദ്കറും തമ്മിലുണ്ടായിരുന്ന ബന്ധത്തെ വെളിവാക്കുവാന്‍ തികച്ചും പര്യാപ്തമാണ്. ഇതേക്കുറിച്ച് ആര്‍.എസ്.എസ്സിന്റെ പ്രചാരകനും ബി.എം.എസ്സിന്റെ സ്ഥാപകനും അംബേദ്കറുടെ സന്തതസഹചാരിയും ആയിരുന്ന ദത്തോപാന്ത് ഠേംഗിഡിജി അദ്ദേഹത്തിന്റെ ‘ഡോ. അംബേദ്കര്‍ ഓര്‍ സാമൂഹിക് ക്രാന്തി കീ യാത്ര’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. 1940 മുതല്‍ ആര്‍.എസ്.എസ്സിന്റെയും അംബേദ്കറുടെയും ഇടയില്‍ ഒരു പാലമായാണ് ഠേംഗ്ഡിജി പ്രവര്‍ത്തിച്ചിരുന്നത്. ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ അംബേദ്കറുമായി കൂടുതല്‍ അടുപ്പിക്കുവാന്‍ ഠേംഗ്ഡിജി ശ്രമിച്ചു. ആ ആത്മബന്ധത്തെ സൂചിപ്പിക്കുവാന്‍ അദ്ദേഹം ഇങ്ങനെ എഴുതി, ”ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത് ഒരു മുതിര്‍ന്ന വ്യക്തിയ്ക്കും ഒരു കൊച്ചുകുട്ടിയ്ക്കും ഇടയിലുള്ളതുപോലൊരു ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു കുട്ടിയായാണ് എന്നെ കണ്ടിരുന്നത്” (പേജ്: 153-154, ഡോ. അംബേദ്കര്‍ ഓര്‍ സാമാജിക് ക്രാന്തി കീ യാത്ര, ലോക് ഹിത് പ്രകാശ്).
മഹാരാഷ്ട്രയിലെ ഭണ്ഡാരാ നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിക്കുവാന്‍ ഠേംഗ്ഡിജിയെ അംബേദ്കര്‍ നിര്‍ബന്ധിക്കുകയുണ്ടായി. ഇതിനു മറുപടിയായി ഠേംഗ്ഡിജി ഇങ്ങനെ പറഞ്ഞു. ”ആര്‍.എസ്.എസ്സിന്റെ പ്രചാരകനായതുകൊണ്ട് എനിക്ക് മത്സരിക്കുവാന്‍ സാധിക്കുകയില്ല, മാത്രമല്ല ഒരു തിരഞ്ഞെടുപ്പിനെ നേരിടുവാനുള്ള പണവും മറ്റുകാര്യങ്ങളും എന്റെ പക്കല്‍ ഇല്ല”. ഇതിനു അംബേദ്കര്‍ പറഞ്ഞ മറുപടി ഇപ്രകാരമാണ്. ”പണവും മറ്റുകാര്യങ്ങളും കണ്ടെത്തുവാന്‍ ഞാന്‍ സഹായിക്കാം. നിര്‍ബന്ധമായും നിങ്ങള്‍ തന്നെ മത്സരിക്കണം”. ഈ കാര്യം ഠേംഗ്ഡിജി ഗുരുജിയോട് ആലോചിക്കുകയും, ഗുരുജി ഇതേക്കുറിച്ചു ഇങ്ങനെ പറയുകയും ചെയ്തു. ”ഇത് നല്ലൊരവസരമാണ്. പക്ഷെ നിങ്ങള്‍ മത്സരിക്കുകയാണെങ്കില്‍ നാം ചിന്തിക്കുന്നത് പോലൊരു ഗുണം സമൂഹത്തിനു ലഭിക്കുകയില്ല. കാരണം നമ്മുടെ എല്ലാ പ്രവര്‍ത്തകരും അംബേദ്കറിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. പക്ഷെ ജനങ്ങള്‍ പറയും നിങ്ങള്‍ (ഠേംഗ്ഡിജി) മത്സരിച്ചതുകൊണ്ടാണ് നമ്മുടെ പ്രവര്‍ത്തകര്‍ നല്ലവണ്ണം പ്രവര്‍ത്തിച്ചത് എന്ന്. അതുകൊണ്ടു നമ്മള്‍ ഒറ്റക്കെട്ടായി അംബേദ്കറുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കണം. ഇത് പൊതുസമൂഹത്തിലേക്ക് സാമൂഹികസമത്വത്തിന്റെ സന്ദേശം പകര്‍ന്നു കൊടുക്കുവാന്‍ സഹായിക്കും” (പേജ്: 170-171, ഡോ. അംബേദ്കര്‍ ഓര്‍ സാമാജിക് ക്രാന്തി കീ യാത്ര, ലോക് ഹിത് പ്രകാശ്).
1952-ലെ തിരഞ്ഞെടുപ്പുകാലത്തു അംബേദ്കറുടെ ഇലക്ഷന്‍ ഏജന്റായാണ് ഠേംഗ്ഡിജി പ്രവര്‍ത്തിച്ചത്. ഠേംഗ്ഡിജിയുടെ മിടുക്കും അധഃസ്ഥിത ജനവിഭാഗങ്ങളെ സമൂഹത്തില്‍ ഒന്നിപ്പിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനവും കണ്ട് അംബേദ്കര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. ഇതേക്കുറിച്ചു ആ സംഘടനയിലെ ഒരു പ്രവര്‍ത്തകന്‍ അംബേദ്കറിനോട് ഇങ്ങനെ ചോദിച്ചു. ‘എന്തിനാണ് നമ്മുടെ സംഘടനയില്‍ ഠേംഗ്ഡിയെ പോലെ ഒരു ബ്രാഹ്മണനെ സെക്രട്ടറിയായി നിയമിച്ചത്?” ഇതിനു അംബേദ്കര്‍ കൊടുത്ത മറുപടി, ‘എന്നാണോ നിങ്ങളില്‍ ആരെങ്കിലും ഠേംഗ്ഡിയെക്കാള്‍ വലിയ ഒരു ദളിതനാകുന്നത്, അന്ന് ഞാന്‍ അവരെ ഈ സംഘടനയുടെ സെക്രട്ടറിയായി നിയമിക്കാം”. ഈ വാക്കുകള്‍ സംഘത്തിന്റെ മേലുള്ള അംബേദ്കറുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിനൊപ്പമായിരുന്നു അംബേദ്കറുടെ പ്രവര്‍ത്തനം എന്നതിന് ഇതിലും വലിയ തെളിവുകള്‍ ആവശ്യമുണ്ടോ?
അംബേദ്കറെ പിന്നില്‍ നിന്ന് കുത്തിയതാര്?
ദേശീയ പുരുഷനായിരുന്ന അംബേദ്കറെ പിന്നില്‍ നിന്ന് കുത്തുകയാണ് ഇടതുപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ചെയ്തത്. ജാതിചിന്തയ്ക്കു അടിമപ്പെട്ടുപോയ നെഹ്‌റുകോണ്‍ഗ്രസ് എല്ലാ കാലത്തും അംബേദ്കറെ അകറ്റിനിര്‍ത്തുവാന്‍ ശ്രമിച്ചു. ”കോണ്‍ഗ്രസ്പ്രസ്സ്” എന്ന് അംബേദ്കര്‍ തന്നെ വിശേഷിപ്പിച്ച മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുവാനും അടിച്ചമര്‍ത്തുവാനുമാണ് ശ്രമിച്ചത്. 1952 -ല്‍ അംബേദ്കറെ ഭണ്ഡാര നിയോജകമണ്ഡലത്തില്‍ നിന്ന് പരാജയപ്പെടുത്തുവാന്‍ നെഹ്‌റുകോണ്‍ഗ്രസ്സ് മുന്നിട്ടിറങ്ങിയത് ഈ വസ്തുതയെ സാധൂകരിക്കുന്നു.
എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തലുകളെയും മറികടന്നുകൊണ്ട് അംബേദ്കര്‍ ഉറച്ച ശബ്ദത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജാതിരാഷ്ട്രീയത്തിനെതിരെ ശബ്ദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി. ”ഈ കോണ്‍ഗ്രസ് മാധ്യമങ്ങളെ എനിക്ക് നന്നായറിയാം. ഞാന്‍ ഒരു വിലയും അതിനു കല്‍പ്പിക്കുന്നില്ല. ഞാന്‍ ചെയ്യുന്നതിനെയെല്ലാം വിമര്‍ശിക്കുവാനും ഇകഴ്ത്തുവാനും ശകാരിക്കുവാനും മാത്രമേ അവര്‍ക്ക് അറിയുകയുള്ളൂ. എന്റെ ഒരു പ്രവൃത്തിയും അവര്‍ക്ക് സ്വീകാര്യമല്ല” (1943 -ല്‍ ഗോവിന്ദ് റാനഡെയുടെ 101 -ാം ജന്മവാര്‍ഷിക ആഘോഷ പരിപാടിയില്‍ സംസാരിക്കവെ അംബേദ്കര്‍ പറഞ്ഞത്).
ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭരണഘടനാ നിര്‍മാണ സഭയിലേക്ക് അംബേദ്കറെ തിരഞ്ഞെടുത്തത് ഞങ്ങളാണെന്ന വാദമുഖം നിരത്തുമ്പോള്‍ മറച്ചുപിടിക്കപ്പെട്ട മറ്റൊരു സത്യമുണ്ട്. അംബേദ്കറുടെ മഹത്വം മനഃപൂര്‍വം കണ്ടില്ലെന്ന് നടിച്ചുകൊണ്ടു നെഹ്‌റുവും സംഘവും ആദ്യം സമീപിച്ചത് വൈദേശികരായ നിയമജ്ഞരെയായിരുന്നു. പക്ഷെ ആ നിയമജ്ഞര്‍ തന്നെ 1935 -ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിര്‍മ്മിച്ച അഗ്രഗണ്യനായ അംബേദ്കറെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് എത്രമാത്രം അംബേദ്കറെ അകറ്റിനിര്‍ത്തുവാന്‍ നെഹ്‌റുവും കൂട്ടരും ശ്രമിച്ചിരുന്നെന്നാണ്.
മറുവശത്ത് ഡാങ്കെയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിവന്നിരുന്ന വിഷലിപ്തമായ ജാതിരാഷ്ട്രീയത്തിനെതിരെയും സന്ധിയില്ലാ സമരമാണ് അംബേദ്കര്‍ നടത്തിവന്നത്. അതിനെ വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. ”ഷെഡൂള്‍ഡ് കാസ്റ്റ് ഫെഡറേഷന് യാതൊരു ബന്ധവും ഒരു കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഉണ്ടാവുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഹനിക്കുന്നതും സ്വേച്ഛാധിപത്യത്തിനു പകരമാകുവാന്‍ സാധിക്കുന്നതുമാണ്. അക്കാരണത്താല്‍ ഞാന്‍ കമ്മ്യൂണിസത്തെ വിശ്വസിക്കുന്നില്ല” (ഡോ. ബാബാ സാഹേബ് അംബേദ്കര്‍ റൈറ്റിങ്‌സ് ആന്‍ഡ് സ്പീച്ചസ്, വോള്‍.17, പാര്‍ട്ട് 2, പേജ്: 402-406).
അംബേദ്കര്‍ പ്രധാനമായും പരിശ്രമിച്ചിരുന്നത് തന്റെ സമുദായത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈകളില്‍ അകപ്പെടാതിരിക്കുവാന്‍ വേണ്ടിയാണ്. അതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. “Between communists and untouchables, Ambedkar is the barrier”. ഇതില്‍ നിന്ന് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണ്. (പേജ്: 155-156, ഡോ.അംബേദ്കര്‍ ഓര്‍ സാമാജിക് ക്രാന്തി കീ യാത്ര, ലോക്ഹിത് പ്രകാശ്).
തിരുത്തല്‍ ശക്തിയായി ബി.ജെ.പി.
ഇന്ദിരാഗാന്ധിയും നെഹ്‌റുവും ഭാരത്‌രത്‌ന ബഹുമതി കുടുംബസ്വത്താക്കി മാറ്റുന്ന ശ്രമത്തില്‍ ഭരണഘടനാശില്പിയായ അംബേദ്കറെ മനഃപൂര്‍വം മറന്നു. അദ്ദേഹത്തിന്റെ ഛായാചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കുവാന്‍ പോലും നെഹ്‌റുകോണ്‍ഗ്രസ് തയ്യാറായില്ല. ഇതിനു തയ്യാറായത് ബി.ജെ.പി പിന്തുണച്ച വി.പി. സിങിന്റെ സര്‍ക്കാര്‍ മാത്രമാണ്. ഈ കാലഘട്ടത്തിലും അംബേദ്കറെ അടിച്ചമര്‍ത്തുവാനുള്ള ഇടത്-കോണ്‍ഗ്രസ് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ദൃഷ്ടാന്തമാണ് 2012 -ലെ യു.പി.എ ഭരണകാലത്തു അംബേദ്കറെ പരിഹസിച്ചുകൊണ്ടുള്ള N.C.E.R.T പതിനൊന്നാം ക്ലാസ് പാഠപുസ്തകം. ദേശീയ ഐക്യത്തിന്റെ പ്രതീകമായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കപ്പെട്ടത് 2015 -ല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. മാത്രമല്ല ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ പുതുതലമുറക്ക് അംബേദ്കറുടെ മഹത്വത്തെ കുറിച്ച് അറിയാനും മനസ്സിലാക്കുവാനുമായി പഠന ഗവേഷണ കേന്ദ്രം 50 കോടി രൂപ മുതല്‍മുടക്കില്‍ ഇന്ന് നിര്‍മ്മിക്കപ്പെടുന്നു. ”അധഃസ്ഥിത ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയ അംബേദ്കര്‍ എന്ന മഹാമാനുഷി ജീവിച്ചിരുന്നതുകൊണ്ട് മാത്രമാണ് പിന്നാക്കകാരനായ എനിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്”, എന്ന നരേന്ദ്ര മോദിയുടെ വാക്കുകളും, പിന്നാക്ക വിഭാഗത്തില്‍ നിന്നും 47 വ്യക്തികള്‍ മോദി ക്യാബിനറ്റില്‍ മന്ത്രിമാരാണെന്നുള്ള വസ്തുതയും, ഭരണഘടനാശില്പിയുടെ ആദര്‍ശങ്ങളെ എത്രമാത്രമാണ് ദേശീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നതിന്റെ തെളിവാണ്.
ഇന്ന് അംബേദ്കറെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഇടതുപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും എത്ര ക്രൂരമായാണ് തങ്ങളുടെ മുന്‍ തലമുറക്കാര്‍ അംബേദ്കറോട് പെരുമാറിയിരുന്നത് എന്ന ചരിത്രം മനസ്സിലാക്കണം. ജെ.എന്‍.യു, ഹൈദരാബാദ്, ദല്‍ഹി യൂണിവേഴ്‌സിറ്റികളില്‍ ഒരു കൈയില്‍ അംബേദ്കറുടെ ചിത്രവും മറുകൈയില്‍ ദേശവിരുദ്ധ മുദ്രാവാക്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഇടത്-കോണ്‍ഗ്രസ് കൂട്ടുകെട്ട്, ”ഞാന്‍ ആദ്യമായും അവസാനമായും ഇന്ത്യക്കാരനാണ്” എന്ന് പ്രഖ്യാപിച്ച അംബേദ്കറെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ പുതിയ കാലഘട്ടത്തിലും വിഷലിപ്തമായ ജാതി-മത രാഷ്ട്രീയം മുന്നോട്ടുവെച്ച് ദേശീയധാരയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അംബേദ്കറെ ഉപയോഗിക്കുന്നു. കേരളത്തില്‍ നടന്ന 2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഈ വിഷലിപ്ത രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് നാം കണ്ടത്. 1952 -ല്‍ ഇക്കൂട്ടരുടെ ശത്രു അംബേദ്കര്‍ ആയിരുന്നെങ്കില്‍ 2021 -ല്‍ അത് ബി. ജെ. പി ആയി. വര്‍ഗ്ഗീയശക്തികളെ കൂട്ടുപിടിച്ചു സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുവാന്‍ ശ്രമിക്കുന്ന കേരളത്തിലെ ഇടത്-വലത് അഞ്ചാംപത്തി രാഷ്ട്രീയം അത്യാവശ്യമായി ചോദ്യംചെയ്യലിന് വിധേയമാക്കേണ്ടിയിരിക്കുന്നു.