അവള്‍ ഒരു പ്രതീകമാണ്. അവളാല്‍ സൃഷ്ടിക്കപ്പെടുന്നതും അങ്ങനെ തന്നെ. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളെ പിടിച്ചു കുലുക്കിയ അവളെ തേടുകയാണ് ‘തയാ’ എന്ന സംസ്‌കൃത സിനിമയിലൂടെ ഡോ.ജി.പ്രഭ. കലാകാരന്‍ എന്നതിലുപരി കോളേജ് അധ്യാപകന്‍, സാമൂഹിക നിരീക്ഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകൡ മനുഷ്യ വികാരങ്ങളെ ഉള്‍ക്കൊള്ളാനും അവരെ വലയം ചെയ്യുന്ന സമസ്യകളെ നിര്‍ദ്ധാരണം ചെയ്യാനും അങ്ങേയറ്റം പരിശ്രമിക്കുന്ന സാധാരണക്കാരന്‍. ഇതൊക്കെ നിശ്ശബ്ദനായി ചെയ്യാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
മഹാകവി അക്കിത്തത്തിന്റെ കാവ്യസപര്യയിലൂടെ ക്യാമറ ചലിപ്പിച്ച് തുടങ്ങിയ സിനിമാ ജീവിതം ഇപ്പോള്‍ ‘തയാ’ എന്ന സംസ്‌കൃത സിനിമയില്‍ എത്തി നില്‍ക്കുകയാണ്. നേരത്തെ പ്രഭ സംവിധാനം ചെയ്ത ‘ഇഷ്ടി’ ദേശീയ-വിദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗോവ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വിദേശ ഡെലിഗേറ്റുകള്‍ അടക്കം ഏറെ താല്‍പര്യത്തോടെയാണ് സ്വീകരിച്ചത്. സംസ്‌കൃതമായതിനാലാവാം കേരളം പക്ഷെ, അവഗണിക്കുകയായിരുന്നു. ‘ഇഷ്ടി’യെക്കാള്‍ പ്രയാസമേറിയതും സങ്കീര്‍ണവുമായ വിഷയമാണ് അദ്ദേഹം ‘തയാ’യില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പാളിപ്പോകാന്‍ ഏറെ സാധ്യതയുള്ള കാര്യം പക്വതയോടെ കൈകാര്യം ചെയ്യുമ്പോഴും വിഷയത്തോട് നീതി പുലര്‍ത്താന്‍ അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ട്.
ഏറെ വിവാദക്കൊടുങ്കാറ്റുകള്‍ ഒളിച്ചു പാര്‍ക്കുന്ന സ്മാര്‍ത്തവിചാരത്തിന്റെ ഓളപ്പരപ്പിലൂടെയാണ് പ്രഭയുടെ ക്യാമറ സഞ്ചരിക്കുന്നത്. കുറിയേടത്ത് താത്രിക്കുട്ടിയുടെ ശക്തി സൗന്ദര്യത്തിന്റെ മൂന്നാംകണ്ണിലൂടെ കാര്യങ്ങള്‍ അപഗ്രഥിക്കുകയാണ്. അബലയും നിസ്സഹായയുമായ സ്ത്രീത്വമല്ല ആര്‍ജവത്തിന്റെ അസാമാന്യ ശക്തിസ്രോതസ്സാണ് താത്രിക്കുട്ടിയെന്ന് ഫ്രെയിം ബൈ ഫ്രെയിമിലൂടെ വരച്ചിടുകയാണ് പ്രഭ. വനിതാശാക്തീകരണം മുതല്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്ന് ഒരുവേള നമുക്കു തോന്നാന്‍ തയാ വഴിവെക്കും. ലോക പ്രശസ്തനായ ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് സംവിധായകന്റെ മനസ്സറിഞ്ഞു തന്നെ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം നടപ്പിലാക്കിയ താത്രിക്കുട്ടി എന്ന സാവിത്രി നമുക്കൊരു അത്ഭുതമാണ്. സ്മാര്‍ത്തവിചാരത്തിന്റെ ഉള്ളറകളില്‍ നുരയ്ക്കുന്ന സ്വാര്‍ത്ഥതയുടെ അശ്ലീലവടിവുകള്‍ നമുക്കു തിരിച്ചറിയാന്‍ സാധിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമായ വസ്തുതയത്രെ. സവര്‍ണമേധാവിത്തത്തിന്റെ ഊടുവഴികളെ വിശാലമാക്കാന്‍ എന്നും മുന്നണിപ്പോരാളികളായി അത്തരം സമൂഹത്തിലുള്ളവര്‍ തന്നെയാണ് ഉണ്ടായിരുന്നതെന്ന സത്യവും ഓര്‍ക്കാന്‍ ‘തയാ’ അവസരം തരുന്നു എന്നത് കാണാതെ പോകരുത്. അതും കൂടി ഡോ.ജി.പ്രഭ ചലച്ചിത്രത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.
സ്മാര്‍ത്തവിചാരത്തിന് ഒന്നേകാല്‍ നൂറ്റാണ്ടാകാന്‍ നാലു വര്‍ഷം ബാക്കി നില്‍ക്കെ അന്നത്തെ താത്രിക്കുട്ടിയുടെ സ്വത്വവും ധൈര്യവും പുരുഷാധിപത്യത്തെ വരിഞ്ഞു കെട്ടാനുള്ള ചങ്കൂറ്റവും ഇന്ന് ഏത് സ്ത്രീക്കുണ്ട് എന്ന് മൗനമായി ‘തയാ’ നമ്മോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. 1905-ല്‍ തെക്കന്‍ മലബാറിലെ തൃശ്ശൂരില്‍ നടന്ന സ്മാര്‍ത്തവിചാരത്തിന്റെ നേരറിവുകളിലേക്ക് മുഴുവനായി സംവിധായകന് പോകാനായിട്ടില്ലെങ്കിലും പോയതിന് വേണ്ടത്ര കിട്ടിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും. ആറുമാസം നീണ്ട വിചാരണയിലൂടെ 65 പേര്‍ അന്ന് സമൂഹത്തിന്റെ മുമ്പില്‍ വിവസ്ത്രരെ പോലെ അപമാനിതരായി. പുറത്ത് വെണ്മയുടെ പുഞ്ചിരിയുമായി നടന്നവരുടെ രാത്രികാല ലീലാവിലാസങ്ങള്‍ ഒന്നൊന്നായി താത്രിക്കുട്ടി തെളിവുസഹിതം അനാവൃതമാക്കുകയായിരുന്നു. വിചാരണ നീണ്ടാല്‍ ഉത്തരവു നല്‍കിയ വ്യക്തി പോലും അപമാനിതനാവും എന്ന ഘട്ടത്തില്‍ സ്മാര്‍ത്തവിചാരം എന്ന വിചാരണ നിര്‍ത്തുകയാണത്രെ ഉണ്ടായത്. ചുരുക്കിപ്പറഞ്ഞാല്‍ അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നു പറയുംപോലെ ആയി സ്ഥിതിഗതികള്‍. ശിക്ഷിക്കപ്പെട്ട 64 പുരുഷന്മാരില്‍ 30 നമ്പൂതിരിമാര്‍, 10 അയ്യര്‍മാര്‍, 13 അമ്പലവാസികള്‍, 11 നായന്മാര്‍ എന്നിവരത്രെ ഉണ്ടായിരുന്നത്. ഇവരൊക്കെ സമൂഹത്തില്‍ നിന്ന് ഭ്രഷ്ടരായി ദുരിതപൂര്‍ണമായ ജീവിതത്തിലേക്കു വീണുപോയി എന്നാണ് ചരിത്രം. അതേസമയം താത്രിക്കുട്ടിക്ക് എന്തുപറ്റിയെന്ന് പറയുന്നില്ല. വെച്ചുവിളമ്പാനും സന്തത്യുല്‍പാദനത്തിനുമുള്ള ഉപകരണങ്ങളായി സ്ത്രീകള്‍, പ്രത്യേകിച്ച് അന്തര്‍ജനങ്ങള്‍ മാറുന്നതിനെതിരെയുള്ള കനത്ത ചെറുത്തുനില്‍പ്പ് എന്ന തരത്തില്‍ താത്രിക്കുട്ടിയുടെ പ്രവൃത്തിയെ കാണണമെന്ന് ചിത്രം മൗനമായി ആഹ്വാനം ചെയ്യുന്നുണ്ട്. പുളിവിറക് കത്തുമ്പോഴുള്ള ചൂടും ചൂരും ചലച്ചിത്രത്തിന്റെ സംസ്‌കാരത്തില്‍ നിന്ന് ഉയരുന്നുണ്ട്. വേണ്ടതരത്തില്‍ കാണാനും വ്യാഖ്യാനം ചെയ്യാനും കഴിയാതെപോയ ഒരേടാണ് വാസ്തവത്തില്‍ സ്മാര്‍ത്തവിചാരവും അതിന്റെ ഉള്ളറകളും.
ഒരുപാട് ഗവേഷണവും പഠനവും നിരീക്ഷണവും ക്ഷമയും ഉണ്ടെങ്കില്‍ മാത്രം തയ്യാറാക്കാന്‍ കഴിയുന്ന ഒരു സൃഷ്ടിയാണിത്. ഒരു നൂറ്റാണ്ടു മുമ്പത്തെ വസ്ത്രം, സംഭാഷണം, മനകളിലെ രീതി, അന്തരീക്ഷം തുടങ്ങി ഒരുപാടു കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടെ വിലയിരുത്തിയതിന്റെ ആത്മാവ് ‘തയാ’യില്‍ നിറഞ്ഞു കത്തുന്നുണ്ട്.
സ്വര്‍ഗീയ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ഈയിടെ അന്തരിച്ച നെടുമുടിവേണു, ബാബു നമ്പൂതിരി, ഉത്തര, അനുമോള്‍, ദിനേശ് പണിക്കര്‍, പള്ളിപ്പുറം സുനില്‍, മാര്‍ഗി രേവതി, വടക്കുമ്പാട്ട് നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ കഥാപാത്രങ്ങളെ സ്വാംശീകരിച്ച് നിറഞ്ഞു നില്‍ക്കുകയാണ്. അഭിനേതാക്കളുടെ ലയം എന്താണെന്നതിന് ഉത്തമ ഉദാഹരണമാണ് ഇതിലെ അവരുടെ പെരുമാറ്റം. ചലച്ചിത്രത്തിന്റെ ഭാഷയ്ക്കും സംസ്‌കാരത്തിനും അനുഗുണമായ കളര്‍ടോണും വെളിച്ച സംവിധാനവും ചലച്ചിത്രത്തെ മിഴിവുറ്റതാക്കുന്നുണ്ട്. ചമയത്തില്‍ പട്ടണം റഷീദിന്റെ കരവിരുത് പറഞ്ഞറിയിക്കേണ്ടതില്ല. ബിജു പൗലോസിന്റെ സംഗീതം ചലച്ചിത്രത്തിന് അവാച്യമായ അനുഭൂതി നല്‍കുന്നു.
ഈ ചലച്ചിത്രം കണ്ടു കഴിയുമ്പോള്‍ ഏവരുടെയും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. സ്മാര്‍ത്തവിചാരണയില്‍ കുറ്റം ചാര്‍ത്തപ്പെട്ടവര്‍ക്ക് ഒരു നൂറ്റാണ്ടു മുമ്പ് കനത്ത ശിക്ഷ കിട്ടിയിട്ടുണ്ട്. രാജവാഴ്ചക്കാലത്തെ ഏകാധിപത്യ സമയത്ത് കിട്ടിയ ശിക്ഷയുടെ പതിനായിരത്തിലൊരംശം ഈ ജനാധിപത്യക്കാലത്ത് ലഭിക്കുന്നുണ്ടോ? അതുമാത്രമല്ല, ഇന്ന് ഇരകള്‍ കൂടുതല്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുകയല്ലേ. സൂര്യനെല്ലി മുതല്‍ വാളയാര്‍ വരെ നീളുന്ന ക്രൂരതകള്‍ക്ക് എന്താണ് ശിക്ഷ? അങ്ങനെ നോക്കുമ്പോള്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മൂര്‍ച്ചയേറിയ ആയുധം ഡോ.ജി.പ്രഭ അധികാരികളുടെ നെഞ്ചിനു നേരെ നീട്ടുകയല്ലേ? 116 മിനിറ്റു കൊണ്ട് നമ്മോടു സംവദിക്കുന്ന ‘തയാ’ ലോകശ്രദ്ധ പിടിച്ചുപറ്റുമെന്നതില്‍ സംശയമില്ല. പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഗോകുലം ഗോപാലനാണ് ഗോകുലം മൂവീസിന്റെ ബാനറില്‍ ‘തയാ’ അണിയിച്ചൊരുക്കിയിരിക്കുന്നത്.