പരികര്‍മ്മം എന്നാല്‍ ശുദ്ധീകരണത്തിനു സഹായിക്കുന്ന പ്രവൃത്തികളാണ്. ഏകാഗ്രതയിലൂടെയുള്ള മനസ്സിന്റെ ശുദ്ധീകരണത്തെ പരികര്‍മ്മം എന്നു പറയാം. ചിത്തവൃത്തി നിരോധം, അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും നേടാമെന്നു പതഞ്ജലി പറഞ്ഞു. അഭ്യാസമെന്താണ്? സ്ഥിതിയില്‍ ഉറച്ചു നില്ക്കാനുള്ള യത്‌നമാണ് അഭ്യാസം. സമാധി അവസ്ഥ തന്നെയാണ് സ്ഥിതി. അതിന് പല പരികര്‍മ്മങ്ങളും സഹായകരമാണ്.
പതഞ്ജലി മുനി സമാധി പാദത്തിലെ 33 മുതല്‍ 39 വരെയുള്ള സൂത്രങ്ങള്‍ ഈ പരികര്‍മ്മങ്ങളെയാണ് പറഞ്ഞു തരുന്നത്. ആറു മാര്‍ഗ്ഗങ്ങളെ നമ്മുടെ മുമ്പില്‍ നിരത്തുന്നു. ഇതല്ലെങ്കില്‍ അടുത്തത് എന്ന തരത്തില്‍ ‘വാ’ എന്ന ചേര്‍പ്പോടെ ആറ് പരികര്‍മ്മങ്ങള്‍ നമ്മുടെ മുമ്പില്‍ വെക്കുന്നു. സാധകന്റെ നിലയനുസരിച്ചും ഇഷ്ടമനുസരിച്ചും വേണ്ടതു സ്വീകരിക്കാം.
ചിത്ത പ്രസാദം, മനസ്സിന്റെ സ്വസ്ഥത എന്നിവ, ഒരു പരികര്‍മ്മമാണ്. സുഖികളോട് മൈത്രിയും ദുഃഖിതരോട് കരുണയും പുണ്യശീലരോട് ഹര്‍ഷവും പാപശീലരോട് ഉപേക്ഷയും ശീലിച്ചാല്‍ നമുക്ക് രാഗദ്വേഷങ്ങളില്‍ നിന്ന് മോചിതരായി മന:സ്വാസ്ഥ്യം നേടാം.
രാഗദ്വേഷവിയുക്തൈസ്തു
വിഷയാനിന്ദ്രിയൈശ്ചരന്‍
ആത്മവശൈ്യര്‍ വിധേയാത്മാ
പ്രസാദമധിഗച്ഛതി. (ഭ. ഗീ)
രാഗദ്വേഷങ്ങളില്ലാതെ തനിക്ക് നിയന്ത്രണമുള്ള ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങള്‍ അനുഭവിക്കുമ്പോള്‍ പ്രസാദമുണ്ടാവും.
അങ്ങിനെയുളള മന:പ്രസാദം അവന്റെ എല്ലാ ദു:ഖങ്ങളും നശിപ്പിക്കും. ബുദ്ധി സ്ഥിരമാവുകയും ചെയ്യും. ഇതാണ് ഒന്നാമത്തെ പരികര്‍മ്മം.
ചിത്ത പ്രസാദത്തിനുള്ള രണ്ടാമത്തെ ഉപായം (പരികര്‍മ്മം) പ്രാണായാമമാണ്. ശ്വാസ വായുവിനെ ശക്തിപൂര്‍വം പുറത്തേക്കു തള്ളുകയും (പ്രച്ഛര്‍ദ്ദനം) ശ്വാസത്തെ തടഞ്ഞുനിറുത്തുകയും (വിധാരണം ) ചെയ്യുന്നതിനെയാണ് ഇവിടെ ഒറ്റ സൂത്രം കൊണ്ട് പതഞ്ജലി പറഞ്ഞിരിക്കുന്നത്. അഷ്ടാംഗയോഗത്തിന്റെ ഭാഗമായി പ്രാണായാമം വിശദമായി പിന്നീടു വരുന്നുണ്ട്. പെട്ടെന്നു മനസ്സു ശാന്തമാകാന്‍ ഇപ്പോള്‍ പറഞ്ഞ അഭ്യാസം സഹായിക്കും എന്നു മാത്രം ഇവിടെ പറഞ്ഞു വെക്കാം.
മറ്റൊരു പരികര്‍മ്മമാണ് വിഷയവതീ പ്രവൃത്തി. വിഷയങ്ങള്‍, ശബ്ദ – സ്പര്‍ശ – രൂപ – രസ – ഗന്ധങ്ങളാണ് ; തന്മാത്രകളാണ്.
അല്പമായ അഭ്യാസം കൊണ്ടു തന്നെ അവയുടെ സാക്ഷാത്കാരം നേടാം. അതിനെയാണ് വിഷയവതീ പ്രവൃത്തി എന്നു പറയുന്നത്. മൂക്കിന്റെ അറ്റത്ത് മനസ്സിനെ ധാരണ ചെയ്താല്‍ അല്പകാലം കൊണ്ട് ദിവ്യഗന്ധത്തിന്റെ അനുഭൂതി കിട്ടും. ഇതാണ് ഗന്ധ പ്രവൃത്തി. നാക്കിന്റെ അറ്റത്ത് ധാരണ ചെയ്താല്‍ രസപ്രവൃത്തി അഥവാ ദിവ്യ രസാനുഭൂതി. താലു (അണ്ണാക്ക്) വില്‍ രൂപ പ്രവൃത്തി. നാക്കിന്റെ മധ്യത്തിലാണ് സ്പര്‍ശ സംവിത്, ദിവ്യസ്പര്‍ശാനുഭൂതി. ജിഹ്വാമൂലത്തില്‍ ശബ്ദ പ്രവൃത്തി. ഇവയിലൂടെ നമ്മുടെ ശ്രദ്ധ വര്‍ധിക്കും. ശാസ്ത്രത്തില്‍ ശ്രദ്ധ വര്‍ധിക്കും. ചിത്ത സ്ഥൈര്യമുണ്ടാവും.
മൂന്നാമത്തെ പരികര്‍മ്മമാണ് വിശോകാ – ജ്യോതിഷ്മതീ പ്രവൃത്തികള്‍. ശോകമില്ലാത്ത തേജോരൂപിയായ പ്രവൃത്തി. അതും ചിത്ത സ്ഥൈര്യം തരും. ഇവിടെ ഹൃദയകമലത്തിലാണ് ധാരണ ചെയ്യുന്നത്. അതില്‍ ബുദ്ധിസംവിത് ഉണ്ടാകും. ബുദ്ധി തിളങ്ങുന്ന ആകാശം പോലെ ശോഭിക്കുന്നു.. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, രത്‌നം, ദീപം എന്നിവയെപ്പോലെ പ്രകാശിക്കുന്നു. ചിത്തം അലകളടങ്ങിയ കടല്‍ പോലെ ശാന്തവും അനന്തവും ആയിത്തീരുന്നു. ഇതിനെ വ്യാസന്‍ രണ്ടു തരത്തില്‍ കാണുന്നു.
ഒന്ന് വിശോക പ്രവൃത്തി. അത് വിഷയ സംബന്ധിയാണ്. രണ്ടാമത്തേത് ജ്യോതിഷ്മതി പ്രവൃത്തി. അത് അസ്മിതാ മാത്രമായ പ്രവൃത്തിയാണ്.
നാലാമത്തെ പരികര്‍മ്മം ചിത്തത്തെ വീതരാഗ വിഷയമാക്കലാണ്. അതായത് ചിത്തത്തില്‍ രാഗത്തിന്റെയും ഭോഗ വാസനയുടെയും കണിക പോലുമില്ലാത്ത യോഗിവര്യമാരെ ധ്യാനിക്കുക. നാരദന്‍, ശ്രീശുകന്‍ മുതലായവര്‍ ഉദാഹരണം. യോഗ്യതയുള്ള സ്വന്തം ഗുരുവുമാവാം. അപ്പോള്‍ ധ്യാതാവിന്റെ മനസ്സു ശാന്തമാവും. സാത്വികമാവും.
അഞ്ചാമത്തെ പരികര്‍മ്മം സ്വപ്‌നത്തിലെയും സുഷുപ്തിയിലേയും ജ്ഞാനത്തെ ശ്രദ്ധിക്കലാണ്. സാധകന്‍ തന്റെ ജീവിതത്തിലെ അനുഭവങ്ങളും സ്വപ്‌നത്തിലെ അനുഭവങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടും തന്റെ യഥാര്‍ത്ഥ രൂപത്തെ മറക്കുന്നതായി കാണും. എല്ലാവസ്തുക്കളും അനിത്യങ്ങളായും കാണും. അപ്പോള്‍ മനസ്സ് വൈരാഗ്യ പൂര്‍ണമാവും. എല്ലാ ശ്രുതി – സ്മൃതികളിലും ജീവിതത്തെ ദീര്‍ഘ സ്വപ്‌നം എന്നു വിളിക്കുന്നതു കാണാം. സുഷുപ്തിയിലുളളവന്‍ ഇടയില്‍ സ്വപ്‌നം കാണും. അതുപോലെ ജാഗ്രത്തിലിരിക്കുന്നവനും ഇടയിലിടയില്‍ ലോകാനുഭവം നഷ്ടമാവും. ഇെതാക്കെ ചിന്തിക്കുമ്പോള്‍ മനസ്സ് വിരക്തവും സ്ഥിരവുമാകും. ഉറങ്ങുന്ന മനുഷ്യന്‍ ലോകം തന്നിലൊതുങ്ങിയതായി അറിയുന്നു. ഉണര്‍ന്നാല്‍ തന്നെ ലോകത്തിന്റെ ഒരു ചെറിയ ഭാഗമായി കാണുന്നു. ഇതൊക്കെ ചിന്തിക്കുന്നവന്‍ ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നു. യഥാര്‍ത്ഥ ദ്രഷ്ടാവിനെ അറിയുന്നു.
ആറാമത്തെ പരികര്‍മ്മം അഭിമത ധ്യാനം ആണ്. ചിലര്‍ തനിക്ക് ഇഷ്ടപ്പെട്ട കൃഷ്ണന്‍, അയ്യപ്പന്‍ മുതലായവരെ ധ്യാനിക്കുന്നു. അതിലുള്ള ഇഷ്ടം കൊണ്ടു മനസ്സുറക്കുന്നു.
ആറു പരികര്‍മ്മങ്ങളില്‍ ഏതു വേണമെന്നു തീരുമാനിക്കാന്‍ സാധകനു സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഇവയിലേതിലെങ്കിലും ചരിക്കുന്നത് ഉത്തമ സാധകന് ശ്രേയസ്‌കരമായിരിക്കുമെന്ന് നമുക്കുറപ്പിക്കാം.
Comments