കേരളത്തില്‍ നടക്കാറുണ്ടായിരുന്ന സംഘകാര്യക്രമങ്ങളില്‍ മുടങ്ങാതെ പങ്കെടുത്ത് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത് യാദവ്‌റാവുജിയുടെ പതിവായിരുന്നു. അതാത് കാലഘട്ടത്തിലെ സാഹചര്യങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്തി മാര്‍ഗ്ഗദര്‍ശനം നല്‍കുക എന്നത് എല്ലാകാലത്തേയും മിക്കവാറും എല്ലാ കാര്യകര്‍ത്താക്കള്‍ക്കും ഉള്ള ഒരു സദ്ഗുണമാണ്. അതോടൊപ്പം ഭാവിയെക്കുറിച്ചുകൂടി ചിന്തിച്ച് മനസ്സിലാക്കി അതിനനുയോജ്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുക എന്നത് അടുത്തപടിയാണ്. സംഘത്തിലെ ധാരാളം കാര്യകര്‍ത്താക്കള്‍ ഈ ഗുണവും കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ പ്രായോഗിക വശങ്ങള്‍ കൂടിയാലോചിച്ച് അതിനുവേണ്ട നീക്കുപോക്കുകള്‍ കാലേകൂട്ടി ചെയ്തുവെക്കുന്ന പ്രായോഗികമതിത്വമാണ് ഇതിന്റെ അടുത്ത ഘട്ടം. സംഘത്തിലെ അനുഭവജ്ഞരായ ധാരാളം കാര്യകര്‍ത്താക്കളെ ഇക്കൂട്ടത്തിലും നമുക്ക് കാണാം. അവരില്‍ അഗ്രഗണ്യനായിരുന്നു യാദവ്‌റാവുജി എന്നു പറഞ്ഞാല്‍ അതിശയോക്തി ആവില്ല.
ഒരിക്കല്‍ നാഗര്‍കോവിലില്‍ വെച്ചു നടന്ന ഒരു ബൈഠക്കില്‍ യാദവ്‌റാവുജി നടത്തിയ പ്രവചനമാണ് ഈ പ്രസ്താവനയ്ക്ക് ആധാരം. ഭാരതത്തില്‍ ആദ്യത്തെ ഹിന്ദുപ്രാന്തം ആവുന്നത് ഏത് സംസ്ഥാനമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സ്വാഭാവികമായും മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക എന്നിങ്ങനെയായിരുന്നു ഉത്തരം. എന്നാല്‍ മഹാരാഷ്ട്രത്തില്‍ ജനിച്ച് കര്‍ണ്ണാടകത്തില്‍ ജീവിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. തമിഴ്‌നാട് ആയിരിക്കും ഈ സ്ഥാനം നേടാന്‍ പോകുന്ന ആദ്യത്തെ സംസ്ഥാനം എന്നായിരുന്നു മറുപടി. ഹിന്ദുപ്രാന്തം എന്നത് ശാഖാസംഖ്യകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, എല്ലാ അര്‍ത്ഥത്തിലും അത് ഹിന്ദുത്വത്തെ പ്രതിനിധീകരിക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇപ്പോള്‍ കാണുന്ന എതിര്‍പ്പുകളെ വകവെക്കേണ്ടതില്ലെന്നും അവ താല്‍ക്കാലികമാണെന്നുമായിരുന്നു അദ്ദേഹത്തിന്റ അഭിപ്രായം. ജനസാമാന്യങ്ങളുടെ ഹൃദയത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഹിന്ദുത്വം ആരൂഢമായിരിക്കുന്നത് തമിഴ്‌നാട്ടിലാണെന്ന് അദ്ദേഹം പറഞ്ഞു. നഗരഗ്രാമങ്ങളിലെ സാമാന്യ ജനജീവിതത്തില്‍ ക്ഷേത്ര സംസ്‌കാരത്തനിമ ഉള്ളത് തമിഴ്‌നാട്ടിലാണെന്നും, ഭാരതത്തിലെ ഏതെങ്കിലുമൊരു സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയില്‍ അമ്പലമുണ്ടെങ്കില്‍ അത് തമിഴ്‌നാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ നിത്യജീവിതവുമായി എല്ലാ സംസ്ഥാനങ്ങളും നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എങ്കിലും തമിഴ്‌നാട്ടില്‍ അതിന്റെ ആഴം കൂടുതലാണെന്നും, തമിഴ്‌നാടിന്റെ നിത്യജീവിതത്തില്‍ നിന്നും ഹിന്ദുത്വം മുറിച്ചുമാറ്റാന്‍ സാധിക്കില്ലെന്നും അതിനുശ്രമിച്ചാല്‍ ജനങ്ങള്‍ തന്നെ അതിനെ പ്രതിരോധിക്കുമെന്നും യാദവ്‌റാവുജി പറഞ്ഞു. ഹിന്ദുത്വം സാമൂഹികമായി ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിട്ടത് തമിഴ്‌നാട്ടിലായിരുന്നു. എന്നിട്ടും തമിഴ്‌നാട്ടില്‍ ഹിന്ദുത്വം പ്രബലമാണ് എന്നതാണ് ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനം. ഈ പ്രവചനത്തിന്റെ സംഖ്യാത്മകവും വസ്തുതാപരവുമായ പരിണാമം എന്തുമാവട്ടെ, ഇതിന്റെ വിശകലനാത്മകമായ സാധ്യതയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. തമിഴ്‌നാട്ടിലെ ഹിന്ദുത്വത്തിന്റെ അപ്രതിരോധ്യമായ ഉയര്‍ത്തെഴുന്നേല്‍പ്പിനും തിരിച്ചുവരവിനും ഇന്നു നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. വിവേകാനന്ദ സ്മാരക നിര്‍മ്മിതിയില്‍ ആരംഭിച്ച് ചിദംബരം മീനാക്ഷിപുരക്ഷേത്രത്തിലൂടെ, രാമസേതു പ്രക്ഷോഭത്തിലൂടെ, ചെറുതും വലുതുമായ ഹൈന്ദവജാഗരണം തമിഴ്‌നാട്ടിലാണ് നടക്കുന്നതെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. ഭാരതത്തിലെ ആദ്യത്തെ “ഹിന്ദുമുന്നണി” രൂപം കൊണ്ടതും അവിടെയാണ്. തമിഴ്‌നാട്ടിലെ സംഘപ്രവര്‍ത്തനത്തിന് വേഗം കൂട്ടുന്നതിനായി കര്‍ണ്ണാടകത്തില്‍ നിന്നും സൂര്യനാരായണറാവുവിനെ അങ്ങോട്ടേക്കയച്ചത് യാദവ്‌റാവുജിയായിരുന്നു. തമിഴ്‌നാടിന്റെ തലസ്ഥാന നഗരമെന്നനിലയില്‍ ചെന്നൈയിലെ സംഘപ്രവര്‍ത്തനം ശക്തമാക്കണമെന്ന് തീരുമാനിച്ച് കേരളത്തില്‍ നിന്നും രാമചന്ദ്രന്‍ജി, സനല്‍ജി മുതലായ പ്രചാരകരുള്‍പ്പടെ മറ്റു പ്രാന്തങ്ങളില്‍ നിന്നും പ്രചാരകന്മാരെ കൊണ്ടുവന്ന് അവിടെ വിന്യസിച്ചതും യാദവ്‌റാവുജിയായിരുന്നു. ഇക്കൂട്ടത്തില്‍ കര്‍ണ്ണാടകത്തില്‍ നിന്ന് ചെന്നൈയിലെത്തിയ ഗോവിന്ദാജിയും, ആന്ധ്രയില്‍ നിന്നുള്ള ഭാസ്‌കര്‍റാവുജിയും ദീര്‍ഘകാലം അവിടെ തുടര്‍ന്നു. ഭാരത ദേവതയെക്കുറിച്ചുള്ള ദാര്‍ശനികവും പ്രായോഗികവുമായ ചിന്തകള്‍ ഡോക്ടര്‍ജിയുടേതെന്നപോലെ യാദവ്‌റാവുജിയുടെ ഹൃദയത്തിലും സദാസമയവും അലയടിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ക്ക് പാകപ്പെട്ടുവന്ന ഈ രാഷ്ട്രഭക്തിയുടെ അടിസ്ഥാനത്തിലായിരിക്കാം അദ്ദേഹത്തിന്റെ ഇത്തരം നിഗമനങ്ങള്‍.
മരണാസന്നനായി കിടന്ന പിതാവിന് അദ്ദേഹം എഴുതിയ കത്തിലെ ചിലവരികളില്‍ നിന്നും ഈ തത്ത്വം വായിച്ചെടുക്കാം. ബാല്യത്തില്‍ അമ്മയെ നഷ്ടപ്പെട്ട മിടുക്കനായ കുട്ടി സംഘപഥത്തില്‍ മാത്രം സഞ്ചരിച്ച് ത്യാഗമയമായ പ്രചാരകതപോനിഷ്ഠയനുഷ്ഠിച്ച് ജീവിക്കുകയായിരുന്നുവെന്നോര്‍ക്കണം. രണ്ടാം വിവാഹത്തില്‍ കുട്ടികളുണ്ടായിരുന്നെങ്കിലും പിതാവിന് അവസാനകാലത്ത് യാദവ്‌റാവുജിയെ കാണണമെന്ന ആഗ്രഹം വന്നു. അദ്ദേഹമാകട്ടെ ജയിലിലും. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം ഈ കത്തെഴുതിയത്. ”അവസാനകാലത്ത് അച്ഛന്റെ അടുത്തുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചതാണ്. പക്ഷെ വിധി അതിനേയും ഇല്ലാതാക്കി കളഞ്ഞു. ജയില്‍ മുക്തനായാല്‍ ഞാന്‍ നാഗ്പൂരില്‍ എത്തിച്ചേരാം. അല്ലാത്തപക്ഷം എന്നോട് ക്ഷമിക്കുക. ഇപ്പോള്‍ അങ്ങയുടെ അടുത്തെത്താന്‍ സാധിച്ചില്ലെങ്കിലും ഒരു കാര്യം ഞാന്‍ ഉറപ്പുതരാം. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അങ്ങയെ സേവിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ലെങ്കിലും അങ്ങയുടെ തേജസിനും കീര്‍ത്തിക്കും കളങ്കം വരുത്തുന്ന ഒരു പ്രവൃത്തിയും ഞാന്‍ ജീവിതത്തില്‍ ചെയ്തിട്ടില്ല. ഇന്നു ഞാന്‍ എന്തെങ്കിലുമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ യശസ്സും സാഫല്യവും അങ്ങേയ്ക്കുള്ളതാണ്. അങ്ങയുടെ അനുവാദത്തോടുകൂടി രാഷ്ട്രസേവനം ചെയ്യാന്‍ സാധിച്ചതിനാല്‍ എന്റെ കര്‍മ്മത്തിന്റെ മുഴുവന്‍ കീര്‍ത്തിയും അങ്ങേയ്ക്ക് അവകാശപ്പെട്ടതാണ്.” അവസാനകാലത്ത് പിതാവിനെ ശുശ്രൂഷിക്കാന്‍ വിധിവശാല്‍ ഭാഗ്യം കിട്ടാതിരുന്ന ഒരു പുത്രന്റെ വിലാപമല്ല ഈ കത്തിലുള്ളത്. രാഷ്ട്രസേവനം എന്നത് ജീവിതസാക്ഷാത്കാരത്തിന്റെ ഭാഗമാണെന്നും, അത് അവനവന് മാത്രമല്ല, കുടുംബത്തിനും രക്ഷിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും കൂടി യശസ്സ് നല്‍കുന്നുവെന്നും, സര്‍വ്വയോഗ്യതയോടുംകൂടി സത്കര്‍മ്മനിരതനായി ജീവിക്കുന്നതാണ് ഏറ്റവും വലിയ ഗുരുദക്ഷിണയും പുത്രധര്‍മ്മവുമെന്ന് ഈ കത്തില്‍ നിന്നും വായിച്ചെടുക്കാം. ഡോക്ടര്‍ജിയില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ഈ കാഴ്ചപ്പാട് യാദവ്‌റാവു ആ കത്തു വഴി അടുത്ത തലമുറയിലേക്ക് കൈമാറുകയാണ്. ഒരര്‍ത്ഥത്തില്‍ പ്രചാരക പന്ഥാവില്‍ പ്രയത്‌നിക്കുന്ന ആയിരങ്ങള്‍ക്കുള്ള ആശ്വാസവചനങ്ങളും, പ്രചാരക മാര്‍ഗ്ഗത്തിലേക്ക് ആയിരങ്ങളെ ആനയിക്കാനുള്ള ആഹ്വാനവചനങ്ങളുമാണ് ഈ കത്ത്. ഡോക്ടര്‍ജി ഇളയച്ഛന് എഴുതിയ അതേ ഭാഷ, അതേ ഭാവം, ഒരുപക്ഷെ പിന്നെയും പുറകോട്ടുപോയാല്‍ വിവേകാനന്ദസ്വാമികളുടെ കത്തുകളിലും ഈ ഭാവം കാണാം. അവിടുന്നും പുറകോട്ടുപോയാല്‍ ആചാര്യസ്വാമികള്‍ ആര്യാംബയോടുപറഞ്ഞ വാക്കുകളിലും ഈ വികാരം കേള്‍ക്കാം. ”ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച” എന്ന ആര്‍ഷവചനത്തിന്റെ അത്യുല്‍കൃഷ്ടമായ പരിപൂര്‍ത്തി. എന്റെ കര്‍മ്മം എന്റെ മോക്ഷത്തിന് മാത്രമല്ല, ഞാനുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാവര്‍ക്കും എന്റെ കര്‍മ്മത്തിന്റെ പുണ്യത്തിന് അവകാശമുണ്ടെന്ന ചിന്ത. പ്രചാരക പ്രവര്‍ത്തനവും അഥവാ മറ്റേത് വിധേനയുള്ള രാഷ്ട്ര സമര്‍പ്പണവും കേവലം വ്യക്തിധര്‍മ്മമല്ല, അത് കുലധര്‍മ്മവും രാഷ്ട്രധര്‍മ്മവും കൂടിചേര്‍ന്നതാണെന്ന കാഴ്ചപ്പാടിലേക്കാണ് ഈ കത്ത് വിരല്‍ ചൂണ്ടുന്നത്.
യാദവ്‌റാവുജിയുടെ താപസതുല്യമായ ജീവിതത്തിന്റെയും ഒട്ടും കലര്‍പ്പില്ലാത്ത സംഘഭക്തിയുടെയും സാഫല്യത്തിന് ആയിരക്കണക്കിന് സ്വയംസേവകര്‍ സാക്ഷികളാണ്. നൂറുകണക്കിന് കാര്യകര്‍ത്താക്കളും സംഘബന്ധുക്കളും പൗരപ്രമുഖരും അതിനു സാക്ഷികളാണ്. എങ്കിലും അതിന്റെയൊരു ഉത്കൃഷ്ട ഉദാഹരണമെന്ന നിലയ്ക്ക് എടുത്തുപറയേണ്ട ഒരു വിശേഷ കാര്യമുണ്ട്. മരണ ശേഷം അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ലിംഗായത് മഠാധിപതിയുടേതായിരുന്നു ഈ വിശേഷണം. അദ്ദേഹം സംസ്‌കാരചടങ്ങിന് വരുന്ന സമയത്ത്, അവിടെ ഉച്ചത്തില്‍ ഗീതാപാരായണം നടക്കുന്നുണ്ടായിരുന്നു. ഗീതാശ്ലോകങ്ങളുടെ പവിത്രമായ അന്തരീക്ഷത്തില്‍ ചിതയില്‍ ചേതനയറ്റു കിടക്കുന്ന യാദവനെ നോക്കി മടങ്ങുന്ന വഴി ആ സന്യാസിവര്യന്‍ തികച്ചും സ്വാഭാവികമായ ഒരു ആത്മഗതം നടത്തി. ഗീതാപാരായണക്കാരെ ചൂണ്ടിക്കാണിച്ചുകൊണ്ട് This is Theory എന്നു പറഞ്ഞ അദ്ദേഹം യാദവ്‌റാവുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് This is Practical-”എന്നും പറഞ്ഞ് നടന്നകന്നു. സ്വാമിജി എന്തര്‍ത്ഥത്തിലാണ് ഈ പരാമര്‍ശം നടത്തിയതെന്ന് യാദവ്‌റാവുജിയെ അറിയുന്നവര്‍ക്കറിയാം. എന്തായാലും ഒരു സന്യാസിവര്യനാല്‍ നവയുഗ യോഗേശ്വരനായി വിശേഷിപ്പിക്കപ്പെട്ട യാദവ് റാവുജിയുടെ ജീവിതം ധന്യം തന്നെ! ചന്ദനച്ചിതയിലെരിയുന്ന യാദവറാവുവിനെ നോക്കി ശിഷ്യനും സഹപ്രവര്‍ത്തകനും അന്നത്തെ സര്‍കാര്യവാഹും, അദ്ദേഹത്തിന്റെ ചിതക്ക് തീ കൊളുത്തിയ സഹോദര തുല്യനുമായ ശേഷാദ്രിജി പറഞ്ഞതും പ്രതിപാദ്യയോഗ്യമാണ്. ”തീയില്‍ എരിയുന്ന ചന്ദനത്തടികളും യാദവറാവുവിന്റെ ശരീരവും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അഹോരാത്രം യാത്ര ചെയ്ത് അദ്ദേഹം ചന്ദനം പോലെ തേഞ്ഞു തേഞ്ഞില്ലാതാവുന്നത് ആരും അറിഞ്ഞിരുന്നില്ല. ചന്ദനം പോലെ സുഗന്ധം പരത്തിക്കൊണ്ടാണ് അദ്ദേഹം സ്വയം അലിഞ്ഞില്ലാതായത്. അതിനാല്‍ ആ ശരീരവും ചന്ദനത്തടിയും തമ്മിലൊരു വ്യത്യാസവുമില്ല എന്നായിരുന്നു ശേഷാദ്രിജി പറഞ്ഞത്.
1930 കളില്‍ നിരവധി തവണ വിസ്താരകനായി പ്രവര്‍ത്തിച്ച് 1941 ല്‍ പ്രചാരകനായി തുടങ്ങിയ യാത്രയില്‍ കര്‍ണ്ണാടക പ്രാന്ത പ്രചാരക്, ദക്ഷിണഭാരതത്തിന്റെ ക്ഷേത്രീയ പ്രചാരക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അഖിലഭാരതീയ തലത്തില്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, സേവാപ്രമുഖ്, പ്രചാരക് പ്രമുഖ് എന്നീ ചുമതലകളും വഹിച്ചു. 1977 മുതല്‍ 1984 വരെ സഹ സര്‍കാര്യവാഹ് ചുമതലയും നിര്‍വഹിച്ചു. 1992 ആഗസ്റ്റ് 20-ാം തീയതി ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാംഗ്ലൂരില്‍ ആയിരുന്നു യാദവ്‌റാവുജിയുടെ ജീവിതയാത്ര അവസാനിച്ചത്.
(അവസാനിച്ചു)