കുട്ടിക്കാലത്ത് കൊടിയ ദാരിദ്ര്യത്തോട് പടവെട്ടി, പഠിച്ചു പാസായി. എന്നിട്ടും പഠനമുപേക്ഷിച്ച് ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയ യുവാവായിരുന്നു മാധവറാവു മൂളെ. ഇതിനിടയിലാണ് ഹൈദരാബാദില്‍ എട്ടു മാസം ജയിലില്‍ കിടന്നത്. ഇതിനിടയിലാണ് ഒന്നു രണ്ടു വര്‍ഷം വിസ്താരകനായി കൊങ്കണതീരത്ത് ഓടി നടന്നത്. വരാന്‍ പോകുന്ന ചരിത്ര സമരത്തിന്റെ നായകനെ നിയതി തയ്യാറാക്കുകയായിരുന്നു. യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെ നിരവധി സ്വയംസേവകര്‍ (ജീവിതത്തില്‍ പലയവസരങ്ങളില്‍) കടന്നുപോയിട്ടുണ്ട്. ഇന്നും കടന്നുപോകുന്നുമുണ്ട്. എന്നാല്‍ യുദ്ധാന്തരീക്ഷത്തിലൂടെ (യുദ്ധസമാനമല്ല) കടന്നുപോകുന്നതും ആ അവസരത്തില്‍ മാതൃഭൂമിയ്ക്ക് സേവനം ചെയ്യുന്നതും അത്യപൂര്‍വ്വ ഭാഗ്യത്തിന്റെ ഫലമാണെന്നാണ് സ്വയംസേവകര്‍ ചിന്തിക്കുക. അത്തരമൊരവസരത്തിനു നേതൃത്വം കൊടുക്കാനുള്ള ഭാഗ്യം മൂളെജിക്കും ലഭിച്ചു.
ഇതേ അനുഭവപശ്ചാത്തലത്തിലൂടെ പില്‍ക്കാലത്തും കടന്നുപോകാന്‍ നിയതി അദ്ദേഹത്തെ സഹായിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് പൂജനീയ സര്‍സംഘചാലകനും മറ്റു ദേശീയ നേതാക്കന്മാരും ജയിലിനകത്തായിരുന്നു. ഈ സമയത്ത് നിയോഗവശാല്‍ മൂളെജി സംഘത്തിന്റെ സര്‍കാര്യവാഹ് ആയിരുന്നു. ലോകസംഘര്‍ഷ സമിതിയുടെ അക്കാലത്തെ പ്രവര്‍ത്തനവും, സംഘത്തിന്റെ നയപരവും സംഘടനാപരവുമായ നിലപാടുകളും പ്രവര്‍ത്തനങ്ങളും ദേവദുര്‍ലഭരായ കാര്യകര്‍ത്താക്കളുടെ സഹായത്തോടെ നിര്‍വഹിക്കാന്‍ സംഘത്തിനു സാധിച്ചു. മൂളെജിയായിരുന്നു കപ്പിത്താന്‍. 1947 ലെ യുദ്ധത്തെ നേരിട്ടയാള്‍ക്കാണോ അടിയന്തിരാവസ്ഥയെ നേരിടാന്‍ ബുദ്ധിമുട്ട്.? അടിയന്തരാവസ്ഥയുടെ അവസാനം വരെ പോരാടി വിജയംവരിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ക്ക് സാധിച്ചത് സംഘത്തിന്റെ പിന്നാമ്പുറ പോരാട്ടം കൊണ്ടാണെന്നുള്ളത് ഇന്നു ചരിത്രമായി കഴിഞ്ഞിരിക്കുന്നു. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സ്വയംസേവകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയിരുന്നത് മൂളേജിയായിരുന്നു. അദ്ദേഹമായിരുന്നു വ്യാവഹാരിക തലത്തിലെ ഏറ്റവും ഉയര്‍ന്ന അധികാരി. സ്വാമി എന്ന പേരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മട്ടില്‍ സഫാരി സ്യൂട്ടും ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഒളിവുയാത്രകള്‍. കോഴിക്കോട്ടെ ഒരു ബൈഠക്കില്‍ ഇന്ദിരാഗാന്ധിക്കെതിരെ ദേശീയ തലത്തില്‍ നാം രൂപപ്പെടുത്തിയെടുത്ത പ്രതിഷേധം എങ്ങനെയാണ് ഒരു അടിയൊഴുക്കായി മാറുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. തിരുവണ്ണൂരിലെ ചന്ദ്രശേഖരപ്പണിക്കരുടെ (മണിയേട്ടന്‍) വീട്ടില്‍ നടന്ന ഈ ബൈഠക്കില്‍ ഭാസ്‌കര്‍റാവുജി, മാധവ്ജി, ഭാസ്‌കര്‍ജി എന്നിവര്‍ പങ്കെടുത്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഈ പ്രവചനം യാഥാര്‍ഥ്യമാവുകയും ചെയ്തു. ലോകസഭയുടെ നടുത്തളത്തില്‍ ഐതിഹാസികമായി രംഗപ്രവേശം ചെയ്തതു ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ആയിരുന്നെങ്കിലും അതിന്റെ രംഗവിതാനം ചെയ്തത് മൂളേജിയുടെ നേതൃത്വത്തിലായിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമി വിദേശത്ത് നടത്തിയ അടിയന്തരാവസ്ഥ വിരുദ്ധ നീക്കങ്ങള്‍ക്കുവേണ്ട ഒത്താശ ചെയ്തു നല്‍കിയതും മൂളെജിയായിരുന്നു. ഇക്കാര്യങ്ങള്‍ ട്വിറ്ററില്‍ ഡോ. സ്വാമി തന്നെ കുറിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരെ വിദേശ രാജ്യങ്ങളില്‍ സ്വയംസേവകരും അനുഭാവികളും ചേര്‍ന്നാരംഭിച്ച ”ഫ്രണ്ട്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി ഇന്റര്‍നാഷണല്‍” മൂളെജിയുടെ മാര്‍ഗദര്‍ശനത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. തീയില്‍ കുരുത്തത് വെയിലത്തു വാടില്ല എന്നതിന് മറ്റൊരുദാഹരണമായി മൂളെജിയുടെ നേതൃത്വം.
ഹിന്ദു മുസ്ലിം സംഘര്‍ഷം നിത്യസംഭവമായിരുന്ന പഞ്ചാബില്‍ നിത്യശാഖകള്‍ക്ക് ജീവന്‍ നല്‍കിയ വ്യക്തിയായിരുന്നു മൂളെജി. നൂറോളം അഭയാര്‍ത്ഥി കേന്ദ്രങ്ങളും ബാലമന്ദിരങ്ങളും മാതൃസംരക്ഷണ കേന്ദ്രങ്ങളും ഈ സംഘര്‍ഷാന്തരീക്ഷത്തിലും അടുക്കും ചിട്ടയുമായി പ്രവര്‍ത്തിച്ചത് മൂളെജിയുടെ നേതൃത്വത്തിലാണ്. പ്രയത്‌നശാലിയായ ഈ പ്രചാരകന്‍ ദാരിദ്ര്യം കാരണം മുടങ്ങിപ്പോയ കോളേജ് വിദ്യാഭ്യാസം നാല്പത്തഞ്ചാം വയസില്‍ പൂര്‍ത്തിയാക്കി. ഹിന്ദിയില്‍ ബിരുദത്തിനു തുല്യമായ പരീക്ഷ പാസാവുമ്പോള്‍ അദ്ദേഹം പ്രാന്തപ്രചാരകനായിരുന്നു. അതിനുശേഷം ദീനദയാല്‍ജിയുടെ സഹായത്തോടെ വീരസാവര്‍ക്കര്‍ എഴുതിയ ഗോമന്തക് കാവ്യം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണാധികാരികളും പാതിരിപ്പടയും ചേര്‍ന്ന് നടത്തിയ പീഡനങ്ങളാണ് ഇതിന്റെ ഇതിവൃത്തം.
1940 മുതല്‍ മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹം ഉത്തരഭാരതത്തിലായിരുന്നു. 19 വര്‍ഷക്കാലം പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു. 1959 മുതല്‍ 11 വര്‍ഷം ക്ഷേത്രീയ പ്രചാരകനായി. 1970-73 ല്‍ സഹ സര്‍കാര്യവാഹായും 1973 മുതല്‍ 1978 വരെ സര്‍കാര്യവാഹായും പ്രവര്‍ത്തിച്ചു. സംഘത്തിലെ ആദ്യത്തെ പ്രഭാതശാഖ ആരംഭിച്ചത് മൂളെജിയായിരുന്നു.
സ്വയംസേവകത്വത്തിന്റെ നിര്‍മ്മലഭാവവും പ്രചാരകത്വത്തിന്റെ നിര്‍മ്മമഭാവവും ഒത്തിണങ്ങിയ കാര്യകര്‍ത്താവായിരുന്നു മൂളെജി. അവസാനകാലത്ത് രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ പോലും താന്‍ കാരണം പ്രബന്ധകന്മാര്‍ക്ക് അസൗകര്യം ഉണ്ടാവരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ മൗലികചിന്ത. രാത്രിയില്‍ പത്തുപതിനഞ്ചു തവണ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റിരുന്ന ആ അസുഖക്കാരന്‍ പ്രബന്ധകന്മാരുടെ ഉറക്കത്തിനു ഭംഗം വരുത്താതെ സ്വയം കഷ്ടപ്പെടുകയായിരുന്നുവെന്ന് പരിചാരകര്‍ പറയുമ്പോള്‍ നമുക്കിന്ന് അത്ഭുതമില്ല. കാരണം അത് സംഘത്തിന്റെ മൗലികസ്വഭാവത്തിന്റെ പ്രകടീകരണം മാത്രമാണ്. എന്നാല്‍ ആ മൗലിക സ്വഭാവരൂപീകരണത്തിന്റെ പ്രാരംഭഘട്ടം കടന്നുപോയത് ഇത്തരം മഹാന്മാരിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം, കേന്ദ്രമന്ത്രി ആരിഫ് ബെയ്ഗ് പറഞ്ഞത് അദ്ദേഹത്തെ കാണുമ്പോള്‍ പിതാവിന്റെ കാല്‍ക്കീഴില്‍ വന്നണഞ്ഞ അനുഭവമായിരുന്നു”എന്നാണ്. ഈയൊരു മാന്ത്രികസ്പര്‍ശം കൊണ്ടാവാം 1944 ല്‍ പഞ്ചാബില്‍ നിന്നും ഒരുമിച്ച് 40 പ്രചാരകന്മാര്‍ ഇറങ്ങിയത്. സ്വാഭാവികമായും ഈ പൈതൃകത്തിന്റെ അവകാശം പൂജനീയ ഡോക്ടര്‍ജിക്കുതന്നെ. ”സാധാരണ വിദ്യാര്‍ത്ഥികളെ തിളക്കമാര്‍ന്ന വ്യക്തിത്വങ്ങള്‍ക്കുടമകളാക്കുന്ന ഡോക്ടര്‍ജിയുടെ സംഘമാസ്മരികത ഞാന്‍ മനസ്സിലാക്കിയത് മാധവ് റാവു മൂളെജിയിലൂടെയാണ്” എന്നാണ് ഗുരുജി ഇതിനെക്കുറിച്ച് പറഞ്ഞത്. 1978 സപ്തംബര്‍ 30-ാം തിയ്യതി അദ്ദേഹം ഇഹലോകം വെടിഞ്ഞു.
(അവസാനിച്ചു)