അടുത്തറിഞ്ഞവര്‍ക്കുപോലും അത്ഭുതങ്ങളുടെ ഉറവിടമാണ് അനന്യവും അനുപമവും ആശ്ചര്യദായകവുമായ സംഘത്തിലെ ചില വ്യവസ്ഥകള്‍. അത്തരത്തിലൊരു വ്യവസ്ഥയ്ക്ക് ഹരിശ്രീ കുറിച്ച വ്യക്തിയാണ് പ്രഭാകര്‍ ബല്‍വന്ത് ദാണി എന്ന ഭയ്യാജി ദാണി. സംഘത്തിലെ ആദ്യ ഗൃഹസ്ഥ പ്രചാരകന്‍. പൂജനീയ ഡോക്ടര്‍ജിയുടെ വിയോഗത്തിനുശേഷം സംഘസംവ്യാപനം ലക്ഷ്യമാക്കി ഗുരുജി നടത്തിയ ആഹ്വാനം ശിരസ്സാ വഹിക്കുന്നതിനായി പുത്രകളത്രാദികളെ വിട്ട് വ്യവസ്ഥാപിത പ്രചാരകനായ വ്യക്തി. പ്രചാരകനായിരിക്കെ സംഘടനയുടെ സമ്മതത്തോടെയോ നിര്‍ദ്ദേശത്തോടെയോ വിവാഹം കഴിച്ച് തത്കാലത്തേക്ക് പ്രചാരകനായി തുടര്‍ന്ന ചിലര്‍ ആദ്യകാലത്ത് സംഘത്തില്‍ ഉണ്ടായിരുന്നു. എങ്കിലും വിവാഹാനന്തരം നിയമിതരൂപത്തില്‍ പ്രചാരകനാവുന്ന ആദ്യ വ്യക്തി ഭയ്യാജി ദാണിയായിരുന്നു. ഇന്ന് ധാരാളം ഗൃഹസ്ഥീവിസ്താരകന്മാരും വാനപ്രസ്ഥി പ്രചാരകന്മാരും സംഘത്തില്‍ ഉള്ളതുകൊണ്ട് ഒരുപക്ഷെ ഇപ്പോള്‍ നമുക്കിതില്‍ പ്രത്യേകതയൊന്നും തോന്നില്ല. പക്ഷെ 1942 ല്‍ ഇതൊരു പുതുമയും മാതൃകയും ഭാവിയിലേക്കുള്ള ചൂണ്ടുപലകയുമായ കാല്‍വെയ്പായിരുന്നു. മൂന്നു വര്‍ഷം അദ്ദേഹം മധ്യപ്രദേശില്‍ സംഘപ്രചാരകനായി പ്രവര്‍ത്തിച്ചു. വിവാഹിതനായ പ്രാന്തപ്രചാരകന്‍.
1925 ല്‍ സംഘസംസ്ഥാപന വേളയില്‍ ഡോക്ടര്‍ജിയുടെ വീട്ടില്‍ സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്ത യുവാക്കളില്‍ ഒരാളായിരുന്നു ഭയ്യാജി ദാണി. കഷ്ടിച്ച് 18 വയസ്സ് മാത്രം പ്രായം. 1907 ഒക്‌ടോബര്‍ 9-ാം തിയ്യതി നാഗ്പൂരിലെ ‘ഉംറേഡ്’’എന്ന ഗ്രാമത്തില്‍ ബല്‍വന്ത് ദാണി എന്ന വ്യക്തിയുടെ മകനായി ജനിച്ചു. അവിടുത്തെ വിഖ്യാതമായ ഒരു സമ്പന്നകുടുംബത്തില്‍ ഏകസന്താനമായി ജനിച്ച പ്രഭാകര്‍ ദാണി ഒരു രാജകുമാരനെപ്പോലെ സകല സുഖസൗകര്യങ്ങളോടും കൂടിയാണ് ഭൗതികജീവിതം ആരംഭിച്ചത്. എങ്കിലും ഈശ്വരേച്ഛയാല്‍ രാഷ്ട്രജീവിതത്തിന്റേയും അധ്യാത്മ ജീവിതത്തിന്റേയും അറ്റുപോകാത്ത കണ്ണികളിലൊരാളാവാനുള്ള പരിശീലനം അദ്ദേഹത്തിന് കുട്ടിക്കാലത്തു ലഭിച്ചു. ഡോക്ടര്‍ജിയുടെ സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ബല്‍വന്ത് ദാണി ഒരു ദേശഭക്തനായിരുന്നു എന്നതാണ് ഇതിന്റെ കാരണം. സാവര്‍ക്കര്‍ സഹോദരന്മാരും ലോകമാന്യതിലകനും സ്വാതന്ത്ര്യസമരപദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഒത്തുകൂടിയിരുന്ന വീടുകളിലൊന്ന് ദാണിമാരുടേതായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ലോകമാന്യതിലകന്റെ മടിത്തട്ടിലിരുന്ന് വളരാനുള്ള ഭാഗ്യം ഭയ്യാജിക്ക് ലഭിച്ചു. പോരാത്തതിന് ഡോ. മൂംജെ, ഡോ. പരാംജ്‌പേ, ഡോ. ഹെഡ്‌ഗേവാര്‍ എന്നിവരുടെ ത്രിവേണീസംഗമത്തില്‍ മതിയാവോളം മുങ്ങിക്കുളിക്കുവാനുള്ള സൗഭാഗ്യവും അദ്ദേഹത്തിന് കുട്ടിക്കാലത്ത് ലഭിച്ചു. ഒരുപാട് വിപ്ലവകാരികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. 1928-29 കാലഘട്ടത്തില്‍ രാജ്ഗുരു ഒളിവില്‍ താമസിച്ചത് ദാണിമാരുടെ കൃഷിഭൂമിയിലാണ്. ഇത്തരത്തില്‍ ഭൗതികതയും ആധ്യാത്മികതയും, കുടുംബകാര്യവും രാഷ്ട്രകാര്യവും സമന്വയിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സഹജമായ പരിശീലനം അദ്ദേഹത്തിന് കുട്ടിക്കാലത്തുതന്നെ ലഭിച്ചുവെന്നു മനസ്സിലാക്കാം.
ഉജ്ജയിനിയിലും നാഗ്പൂരിലുമായിട്ടാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അഡ്വ. വിശ്വനാഥ് കേള്‍ക്കറുടെ വീട്ടില്‍ താമസിച്ചു പഠിക്കുന്ന സമയത്താണ് ഡോക്ടര്‍ജിയുമായി കൂടുതല്‍ അടുത്തിടപഴകുന്നത്. ഈ സമ്പര്‍ക്കം അദ്ദേഹത്തിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുളളൂ. സംഘസംസ്ഥാപനത്തിനുശേഷം ചില വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി നാഗ്പൂര്‍ വിട്ട് പുറത്തുപോയി പ്രവര്‍ത്തിച്ചിരുന്നു. വിദ്യാസമ്പന്നരായവര്‍ക്ക് ആയാസരഹിതമായി സമൂഹത്തെ സ്വാധീനിക്കാമെന്ന് ഡോക്ടര്‍ജിക്കറിയാമായിരുന്നു. വിദ്യാസമ്പന്നരെ സംഘത്തില്‍ കൊണ്ടുവരുന്നതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സംഘത്തിലുളളവര്‍ വിദ്യാസമ്പന്നരാവുന്നത് എന്നും ഡോക്ടര്‍ജി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് സംഘപ്രവര്‍ത്തനം ചെയ്യാന്‍ വേണ്ടി ബിരുദം നേടുക, നേടിയ വിദ്യ സംഘത്തിലൂടെ സമാജത്തിനായി ഉപയോഗിക്കുക എന്നൊരു ചിന്ത ഡോക്ടര്‍ജി സ്വയംസേവകരിലുണര്‍ത്തി. അപ്പോള്‍ പിന്നെ യുവാക്കളായ താത്യാതേലങ്ങും ഭയ്യാജി ദാണിയും നാഗ്പൂര്‍ വിട്ട് വാരാണസിയില്‍ വിദ്യ നേടാന്‍ ചെന്നതിന് മറ്റു കാരണങ്ങള്‍ തിരക്കേണ്ടതില്ല. ഡോക്ടര്‍ജി നേരിട്ടു സംസാരിച്ചാണ് അച്ഛന്റെ സമ്മതം വാങ്ങികൊടുത്തത്. ‘എന്റെ ശൈശവത്തിന്റെ കളിത്തൊട്ടില്‍’ എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച വാരാണസി അന്ന് സ്വാതന്ത്ര്യസമരത്തിന്റെ യാഗവേദിയും പരിണത പ്രജ്ഞരായ യുവാക്കളുടെ കര്‍മ്മഭൂമിയുമായിരുന്നു. ഭാരതത്തിലെമ്പാടുമുള്ള ഉല്‍പതിഷ്ണുക്കളായ യുവാക്കളുടെ ഹൃദയാഭിലാഷമായിരുന്നു ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പഠനം. താത്യാതേലങ്ങും ഭയ്യാജി ദാണിയും കാശിയെ സംഘടനാശാസ്ത്രത്തിന്റെ മര്‍മ്മങ്ങള്‍ തൊട്ടറിയാനുള്ള കളരിയാക്കി മാറ്റി. അവിടെയാണ് പിന്നീട് ഭാവുറാവുദേവറസും വസന്തറാവു ഓക്കും ബാപ്പുറാവു മോഘെയും പയറ്റിതെളിഞ്ഞതും. മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള സംഘത്തിന്റെ ആദ്യശാഖയും അവിടെയാണാരംഭിച്ചത്.
ഭയ്യാജിയുടെ കാശി ജീവിതത്തില്‍ ശ്രദ്ധേയമായത് മൂന്നു വിഷയങ്ങളാണ്. തന്റെ വൈയക്തികജീവിതവും സാമൂഹികജീവിതവും തമ്മിലുണ്ടായിരുന്ന നേര്‍ത്ത വിടവില്ലാതാകുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വവികാസമായിരുന്നു ഒന്നാമത്തെ നേട്ടം. രണ്ടാമത്തേത് സാമൂഹ്യദൃഷ്ടിയിലുള്ള നേതൃത്വപാടവത്തിന്റെ വികാസം. മൂന്നാമത്തേതും സുപ്രധാനവുമായ നേട്ടം സംഘകാര്യദൃഷ്ടിയിലുള്ള അദ്ദേഹത്തിന്റെ കര്‍തൃത്വശേഷിയുടെ വര്‍ദ്ധനവുമാണ്. ചുരുക്കത്തില്‍ സഹജമായ വ്യക്തിവികാസത്തിനും സ്വാഭാവികമായ നേതൃത്വവികാസത്തിനും ഐതിഹാസികമായ കര്‍തൃത്വവികാസത്തിനും കാശിയിലെ ജീവിതം അദ്ദേഹത്തെ പ്രാപ്തനാക്കി. ഇവയോരോന്നിനും നമുക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
സമ്പന്നകുടുംബത്തില്‍ ജനിച്ചതിന്റെ മുഷ്‌കോ അഹങ്കാരമോ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. ആ തലത്തില്‍ നിന്നും ഒരുപടികൂടി വളര്‍ന്ന് സഹപാഠികളോട് കരുണയോടെയും ഉദാരതയോടെയും അദ്ദേഹം ഇടപെട്ടു. മാസാമാസം അച്ഛന്‍ നല്‍കുന്ന 100 രൂപയുടെ കണക്കില്‍ സഹപാഠികള്‍ക്കായി ചെലവാക്കുന്ന തുകയുടെ പങ്ക് ക്രമേണ വര്‍ദ്ധിച്ചു വരാന്‍ തുടങ്ങി. സ്വന്തം ചെലവിനെക്കാള്‍ കൂടുതല്‍ ചെലവ് പലവക എന്ന കണക്കിലുള്‍പ്പെട്ടു. ബാപ്പുജി ദാണി അദ്ദേഹത്തിന്റെ മനസ്സിലെ ഈ ഭാവത്തെ തളര്‍ത്തിയില്ല. മെല്ലെമെല്ലെ ഭയ്യാജി എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന എല്ലാവരേയും സഹായിക്കുന്ന സഹപാഠിയായി മാറി. ഈ സാമൂഹ്യവീക്ഷണവും സഹതാപമനസ്സും അതോടൊപ്പം സരസതയും കൂടിയായപ്പോള്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്കവലയം വളര്‍ന്നുവലുതായി. സോഷ്യലിസ്റ്റുകാരും അദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ വന്നു. മഹാമന മാളവ്യാജിയടക്കം പല ഉന്നതരായ ദേശീയ നേതാക്കളും അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തില്‍പ്പെട്ടു. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റുകാരനായ ഭൂപേന്‍ മുഖര്‍ജിയും കോണ്‍ഗ്രസുകാരായ ദീനദയാല്‍ ഗുപ്ത, ശങ്കര്‍റാവുദാണി മുതലായവരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായി. എന്നാല്‍ ആ രത്‌നമാലയില്‍ മാണിക്യമെന്നോണം മിന്നിത്തിളങ്ങുന്ന പേര് പ്രൊഫസര്‍ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജിയുടേതാണ്. സമ്പന്ന കുടുംബത്തില്‍ ജനിച്ച സ്വയംസേവകനായ വിദ്യാര്‍ത്ഥിയില്‍ നിന്നും സമ്പര്‍ക്കപ്രിയനായ സംഘാടകനായി ഭയ്യാജിദാണി വളര്‍ന്നതിന്റെ ലക്ഷണമാണ് ഗുരുജിയുമായുള്ള സമ്പര്‍ക്കം. രണ്ടുപേരും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഗുരുജിയായിരുന്നു വയസ്സില്‍ മുതിര്‍ന്നത്. രണ്ടുപേരും നാഗ്പൂരുകാര്‍. രണ്ടുപേരും ദേശസ്‌നേഹികള്‍. അങ്ങനെ ഒരുപാട് സമാനതകള്‍. എന്നാല്‍ ഒരാള്‍ സ്വയംസേവകനായ വിദ്യാര്‍ത്ഥിയും മറ്റൊരാള്‍ സ്വയംസേവകനല്ലാത്ത അധ്യാപകനും. രണ്ടുപേരിലും സ്വാഭാവികമായിരുന്ന സമ്പര്‍ക്കപ്രിയത്വം കൊണ്ടും സ്വതസിദ്ധമായിരുന്ന സരസത്വം കൊണ്ടും ആ ബന്ധം വളര്‍ന്നു. പഠനത്തില്‍ പുറകിലായിപ്പോയ ശിഷ്യന് പ്രത്യേകം ട്യൂഷന്‍ നല്‍കി ഗുരുജി പഠിപ്പിച്ചു. തിരക്കുപിടിച്ച സംഘടനാ ജീവിതത്തിനിടയിലും ഭയ്യാജി നല്ല നിലയില്‍ ബിരുദം പാസ്സായി. ഭയ്യാജി ബിരുദധാരി ആവുമ്പോഴേക്കും ഗുരുജിയെ സംഘവ്രതധാരിയാക്കാനും അദ്ദേഹത്തിന് സാധിച്ചു. കത്തുകളിലൂടെയും നേരിട്ടും അദ്ദേഹം ഗുരുജിയെക്കുറിച്ച് ഡോക്ടര്‍ജിയെ ധരിപ്പിച്ചിരുന്നു. ഡോക്ടര്‍ജിയുടെ കാശിസന്ദര്‍ശനത്തിടെ ഭാവുറാവു ദാംലെയുടെ വീട്ടില്‍ വെച്ച് ഗുരുജിയെ ഡോക്ടര്‍ജിക്ക് പരിചയപ്പെടുത്തികൊടുത്തു. ശേഷം ഭാഗം ചരിത്രം. ഡോക്ടര്‍ജിയും ഗുരുജിയും പരസ്പരം ഹൃദയം കീഴടക്കി. നരനാരായണ സംഗമത്തിനു സാക്ഷ്യം വഹിച്ച സഞ്ജയന്റെ കണ്ണുകളുടെ നിര്‍വൃതി വര്‍ണ്ണനാതീതമാകയാല്‍ അതിനു മുതിരുന്നില്ല. ഭയ്യാജി സംഘചരിത്രത്തിന്റെ അച്ഛേദ്യമായ അധ്യായമായി മാറിയത് ഈ ‘സംഭാവന’ യിലൂടെയാണ്. ഗുരുവിനെ സംഘത്തിനു നല്‍കിയ ഈ ശിഷ്യന്‍. ഏതൊരു വിദ്യാര്‍ത്ഥി കാര്യകര്‍ത്താവിനും ഒരുചിരന്തനമാതൃകയാണ് – ഭയ്യാജി ദാണി.
പ്രൊഫസര്‍ ഗോള്‍വല്‍ക്കറെ ‘കീഴടക്കിയത്’’അദ്ദേഹത്തിന്റെ കര്‍ത്തൃത്വത്തിനുള്ള ഉദാഹരണമാണെങ്കില്‍ പ്രൊഫസര്‍ പുണതാം ബേക്കറെ‘’കീഴടക്കിയത്’’അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള ഉദാഹരണമാണ്. ഭയ്യാജി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ അപ്രഖ്യാപിത വിദ്യാര്‍ത്ഥി പ്രമുഖും പ്രൊഫസര്‍ അതിന്റെ ചുമതലക്കാരനുമായിരുന്നു. പ്രൊ. പുണതാംബേക്കര്‍ അത്യന്തം നിഷ്ഠാവാനും അല്പം കര്‍ക്കശക്കാരനുമായിരുന്നു. രാത്രി 10 മണിക്കു ശേഷം അദ്ദേഹം ആരെയും കാണുകയില്ല. എന്തത്യാവശ്യം ഉണ്ടെങ്കിലും പിറ്റേന്നു കണ്ടാല്‍മതി, എന്നാണദ്ദേഹത്തിന്റെ നിയമം. ഭയ്യാജിയോട് പ്രൊഫസര്‍ക്ക് നല്ല അടുപ്പമുണ്ടായിരുന്നെങ്കിലും നിയമം ലംഘിക്കാന്‍ അദ്ദേഹത്തിനും അനുവാദമില്ലായിരുന്നു. ഭയ്യാജി ഒരിക്കല്‍ രാത്രി 10 മണി കഴിഞ്ഞ് അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെന്നു. പ്രൊഫസര്‍ ഭയ്യാജിയോട് പിറ്റേന്ന് വരാന്‍ ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യമാണെന്ന് പറഞ്ഞിട്ടും പ്രൊഫസര്‍ തന്റെ നിയമം തെറ്റിക്കാന്‍ തയ്യാറായില്ല. അങ്ങയോട് സംസാരിക്കാതെ തിരിച്ചുപോകില്ലെന്നു പറഞ്ഞ് ഭയ്യാജി പുറത്തുതന്നെ നിന്നു. പ്രൊഫസര്‍ കതകടച്ച് അകത്തേക്കും പോയി. അല്പസമയം കഴിഞ്ഞ് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭയ്യാജി അക്ഷോഭ്യനായി മുറ്റത്തു നില്‍പ്പുണ്ടായിരുന്നു. സ്വല്പം അസ്വസ്ഥതയോടെ പ്രൊഫസര്‍ ഭയ്യാജിയോട് കാര്യമെന്തെന്നന്വേഷിച്ചു. വാതില്‍ക്കല്‍ നിന്നുപറയാനുള്ള വിഷയമല്ല അകത്തിരുന്നു സംസാരിക്കാമെന്ന് പറഞ്ഞ് ഭയ്യാജി പ്രൊഫസറുടെ നിയമം ലംഘിച്ച് അകത്തുകയറി. ചെറിയ കോപത്തോടെയെങ്കിലും പ്രൊഫസര്‍ അദ്ദേഹത്തോട് സംസാരിച്ചു. അവചാരിതമായി അല്പം മുമ്പുനടന്ന സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റുവെന്നും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിക്കണമെന്നും ഭയ്യാജി സമാധാനപുരസ്സരം അറിയിച്ചു. പ്രൊഫസര്‍ ഉടനടി അതിനുള്ള വ്യവസ്ഥകള്‍ ചെയ്തു. ഈ സംഭവത്തിനു ശേഷം അദ്ദേഹം തന്റെ നിയമങ്ങളെക്കുറിച്ച് പുനര്‍വിചാരം നടത്തി. ഇത്തരം പ്രതിസന്ധികളില്‍ തന്റെ വിദ്യാര്‍ത്ഥിക്ക് അക്ഷോഭ്യനായി നിലകൊള്ളാന്‍ സാധിക്കുകയും താന്‍ നിയമം പറഞ്ഞ് അവനോട് കോപിക്കുകയും ചെയ്യുന്നതിന്റെ അനൗചിത്യം പ്രൊഫസര്‍ മനസ്സിലാക്കി. ഇതിനുശേഷം ആ പ്രൊഫസറുടെ മനസ്സും അദ്ദേഹത്തിന്റെ വീടും മുഴുവന്‍ സമയവും പൊതുകാര്യപ്രസക്തിയുള്ള ഇടങ്ങളായി മാറി. സഹപാഠികളോട് ദീനാനുകമ്പയുള്ള സ്വയംസേവകനില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്ക് അത്താണിയാവുന്ന കാര്യകര്‍ത്താവിലേക്കുള്ള വളര്‍ച്ചയുടെ പടികള്‍ ഓരോന്നായി ഭയ്യാജി ചവിട്ടിക്കയറി. ഭയ്യാജി ഉഴുതുമറിച്ച മണ്ണിലാണ് പില്‍ക്കാലത്ത് ഭാവുറാവു ദേവറസുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ സംഘവിജയത്തിന്റെ നൂറുമേനി കൊയ്‌തെടുത്തത്.
(തുടരും)