കാശിയില്‍ നിന്നും ബിരുദധാരിയായി മടങ്ങിയെത്തിയ ഭയ്യാജി നാഗ്പൂരില്‍ എല്‍.എല്‍.ബി.ക്ക് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല. വലിയ കുടുംബത്തിലെ ഏക പിന്തുടര്‍ച്ചാവകാശി എന്ന നിലയില്‍ അദ്ദേഹം ഗാര്‍ഹസ്ഥ്യദൗത്യം നിര്‍വഹിക്കാന്‍ തുടങ്ങി. അതേസമയം തന്നെ നാഗ്പൂരിലെ സംഘപ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിത്തവും വഹിച്ചു. ഒരു കാല്‍ ഉംറേഡിലും മറ്റേ കാല്‍ നാഗ്പൂരിലും വെച്ച് അദ്ദേഹം ജീവിതം തുടര്‍ന്നു. രണ്ടു കര്‍മ്മങ്ങളും യഥോചിതം നിര്‍വഹിച്ച് ഒരു വിജയിയായി അദ്ദേഹം മുന്നേറി. ഏകദേശം പത്തുവര്‍ഷത്തോളം നാഗ്പൂരില്‍ വ്യത്യസ്ത ചുമതലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഈ കാലയളവിലാണ് സംഘത്തിന്റെ ക്രമാനുഗതമായ സംഘടനാ സംവിധാനവികാസം സംഭവിച്ചത്. ഇവയിലെല്ലാം ഭയ്യാജി പങ്കാളിയായിരുന്നു. സുപ്രധാന ബൈഠക്കുകളിലും സമരസത്യഗ്രഹങ്ങളിലും ഭയ്യാജി ഉണ്ടായിരുന്നു. വനസത്യഗ്രഹത്തിലും ഭാഗ്യനഗര്‍ സത്യഗ്രഹത്തിലും പങ്കെടുത്തു.
1942 മുതല്‍ 1945 വരെ മധ്യപ്രദേശിന്റെ പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു. കുടുംബം നാഗ്പൂരിലും കുടുംബനാഥന്‍ മധ്യപ്രദേശിലും. ഈ മൂന്നു വര്‍ഷക്കാലം രണ്ടിടങ്ങളിലും യാതൊരു വീഴ്ചയും കൂടാതെ അദ്ദേഹം ഗൃഹസ്ഥപ്രചാരകനായി പ്രവര്‍ത്തിച്ചു. പ്രചാരകത്വം മനസ്സിന്റെ അവസ്ഥയാണെന്നും, പ്രചാരകമനസ്സിനെ ഇല്ലാതാക്കാന്‍ ഗാര്‍ഹികബന്ധനങ്ങള്‍ക്ക് സാധിക്കില്ലെന്നും മൂന്നു വര്‍ഷം കൊണ്ട് അദ്ദേഹം തെളിയിച്ചു. ആ മൂന്നുവര്‍ഷം മധ്യപ്രദേശിന്റെ സംഘചരിത്രത്തിലെ കുതിച്ചു ചാട്ടത്തിന് നാന്ദികുറിച്ചുവെന്നത് മറ്റൊരുവശം. അതദ്ദേഹത്തിന്റെ സംഘാടനപാടവത്തിന്റെ ദൃഷ്ടാന്തം.
1945 ല്‍ ഗുരുജി അദ്ദേഹത്തെ നാഗ്പൂരിലേക്ക് തിരിച്ചുവിളിച്ച് കൂടുതല്‍ ഉത്തരവാദിത്തമുള്ള ചുമതല ഏല്‍പ്പിച്ചു. 1946 ല്‍ അദ്ദേഹത്തെ സര്‍കാര്യവാഹായി നിയോഗിച്ചു. 1946 മുതല്‍ 10 വര്‍ഷക്കാലവും 1962 മുതല്‍ മൂന്നു വര്‍ഷക്കാലവും അദ്ദേഹം സര്‍കാര്യവാഹായി പ്രവര്‍ത്തിച്ചു. ഇതുവരെയുള്ളവരില്‍ സര്‍കാര്യവാഹ് പദവി വഹിക്കുന്ന അവസാനത്തെ ഗൃഹസ്ഥ കാര്യകര്‍ത്താവാണദ്ദേഹം. വീട്ടിലും നാഗ്പൂരിലും മാറിമാറി ഉത്തരവാദിത്തം നിറവേറ്റിയ പാരമ്പര്യം കൊണ്ട് അദ്ദേഹം മധ്യഭാരതത്തിലും അതാവര്‍ത്തിക്കുന്നതില്‍ വിജയിച്ചു. ഈ രണ്ടനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഗൃഹസ്ഥനായിരിക്കെ സര്‍കാര്യവാഹായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അനായാസേന സാധിച്ചു. സഹജമായ വ്യക്തിവൈഭവവും പരിശീലനത്താല്‍ സിദ്ധിച്ച കര്‍ത്തൃത്വവൈഭവവും അസംഖ്യം സ്വയംസേവകരുടെ പിന്തുണയും ഒത്തുചേര്‍ന്നപ്പോള്‍ സര്‍കാര്യവാഹ് ചുമതലയും കുടുംബചുമതലയും അദ്ദേഹത്തിന് നിഷ്പ്രയാസം നിറവേറ്റാനായി. കുടുംബഭാരം വരുമ്പോള്‍ ‘കാര്യവാഹ്’’ചുമതലയില്‍ നിന്നുമാറി നില്‍ക്കാം എന്ന് സദുദ്ദേശ്യത്തോടെ ചിന്തിച്ച് ചുമതല വിട്ടൊഴിയാന്‍ ഒരുമ്പെടുന്നവര്‍ ആ ഗൃഹസ്ഥ സര്‍കാര്യവാഹിനെ നിമിഷമാത്രയ്ക്ക് ഓര്‍ത്താല്‍ മതിയാവും. 1965 വരെ 13 വര്‍ഷക്കാലമാണ് അദ്ദേഹം ആ ചുമതല നിര്‍വഹിച്ചത്. ഗുരുജിയാണ് ഏറ്റവും കൂടുതല്‍ കാലം സര്‍സംഘചാലകായി പ്രവര്‍ത്തിച്ചതെങ്കില്‍ ആ കാലയളവില്‍ അദ്ദേഹത്തോടൊപ്പം ഏറ്റവും കൂടുതല്‍ കാലം സര്‍കാര്യവാഹായിരുന്നത് ഭയ്യാജിയാണ്. സംഘത്തില്‍ ഏറ്റവും കൂടുതല്‍ കാലം സര്‍കാര്യവാഹ് പദവി വഹിച്ചതും അദ്ദേഹം തന്നെ. ഭയ്യാജിദാണി (13), ശേഷാദ്രിജി (13), ഭയ്യാജിജോഷി (12) . ഗൃഹസ്ഥനായ സര്‍കാര്യവാഹായിരിക്കുമ്പോഴും പ്രവാസത്തില്‍ തിരക്കുകാണിക്കുന്ന കാര്യകര്‍ത്താവായിരുന്നില്ല ഭയ്യാജി. പ്രവാസത്തിന്റെ മുഖ്യ ഉദ്ദേശ്യം പൂര്‍ത്തിയാക്കികഴിഞ്ഞാലും ഒന്നോ രണ്ടോ ദിവസം അധികമായി കാര്യക്ഷേത്രത്തില്‍ ചിലവഴിച്ചിട്ടാണ് അദ്ദേഹം മടങ്ങുക. കേരളത്തില്‍ വന്നപ്പോഴെല്ലാം രണ്ടോ മൂന്നോ ദിവസം അധികം താമസിച്ച് അനൗപചാരിക സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ബോട്ടുയാത്രയും കടല്‍ത്തീരയാത്രയും മറ്റുമായി കാര്യകര്‍ത്താക്കള്‍ക്കും പ്രചാരകന്മാര്‍ക്കുമൊപ്പം സമയം ചിലവഴിച്ചിട്ടേ അദ്ദേഹം മടങ്ങിയിരുന്നുള്ളൂ. ആലപ്പുഴയിലെ ഡി. നാരായണ പൈയുടെ വീട്ടില്‍ താമസിച്ച സമയത്തെ അനുഭവങ്ങള്‍ മുതിര്‍ന്ന പ്രചാരകനായ ആര്‍. ഹരിയേട്ടന്‍ ഓര്‍മ്മിക്കുന്നു. മടക്കയാത്രക്കിടയില്‍ അദ്ദേഹത്തിന്റെ ടിക്കറ്റ് സ്വന്തം കൈവശം വെച്ച് പ്ലാറ്റ്‌ഫോം ടിക്കറ്റ് അദ്ദേഹത്തിന് നല്‍കി മദിരാശി വണ്ടിയില്‍ കയറ്റിവിട്ട സന്ദര്‍ഭം ഉണ്ടായിരുന്നു. മാ. ഭാസ്‌കര്‍ റാവുജി ടിക്കറ്റ് മാറിപ്പോയ കാര്യം സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ച്, അന്നത്തെ സൗകര്യങ്ങള്‍ക്കനുസരിച്ച് വേണ്ട സംവിധാനങ്ങള്‍ ചെയ്തു. അതേസമയം തീവണ്ടിക്കകത്തും അതിനു ശേഷം പിന്നീട് മദിരാശിയില്‍ വെച്ച് കണ്ടപ്പോഴും തീര്‍ത്തും അക്ഷോഭ്യനായി പെരുമാറിയതും അസൗകര്യമെന്ന് ചിന്തിക്കുന്നതിന് പകരം ഈ സംഭവത്തെ രസകരമായ ഒരനുഭവമാക്കി മാറ്റി അവതരിപ്പിച്ചതും അദ്ദേഹത്തിന്റെ മനഃസ്ഥൈര്യത്തിനുള്ള ഉദാഹരണമാണ്.
അദ്ദേഹം സര്‍കാര്യവാഹായിരുന്ന കാലഘട്ടത്തിലാണ് സംഘം സര്‍വപ്രതിസന്ധികളെയും അഭിമുഖീകരിച്ചത്. അദ്ദേഹത്തിനു മുമ്പും പിമ്പും സമാനമായ പല വെല്ലുവിളികളും സംഘം നേരിട്ടുവെങ്കിലും അവയൊക്കെയും ബാഹ്യമായ വെല്ലുവിളികളായിരുന്നു. എന്നാല്‍ ഭയ്യാജിക്ക് ഒരേസമയം ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ നേരിടേണ്ടി വന്നു. ഭാരതവിഭജനം, അഭയാര്‍ത്ഥി പ്രവാഹം, കലാപങ്ങള്‍, ആദ്യതിരഞ്ഞെടുപ്പ്, ഗാന്ധിവധാനന്തര നിരോധനം, ഗുരുജിയുടെ അറസ്റ്റ്, സത്യഗ്രഹം മുതലായ ബാഹ്യപ്രതിസന്ധികളും, സംഘത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ആഭ്യന്തര സംവാദങ്ങള്‍ ഉണ്ടാക്കിയ ആന്തരിക പ്രതിസന്ധികളും അദ്ദേഹം നിഷ്പ്രയാസം തരണം ചെയ്തു. അദ്ദേഹത്തിന്റെ അത്ഭുതാവഹമായ കര്‍മ്മശേഷിയും ഗുരുജിയുടെ അനുഗ്രഹാശിസ്സുകളും സ്വയംസേവകരുടെ മഹനീയ ത്യാഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ സംഘം സകലപ്രതിബന്ധങ്ങളെയും തരണം ചെയ്തു. പ്രതിബന്ധങ്ങളെ ഒഴിവാക്കി മുന്നോട്ടു പോവേണ്ട ഘട്ടത്തില്‍ അങ്ങനെയും തട്ടിമാറ്റി മുന്നോട്ടുപോവേണ്ട ഘട്ടത്തില്‍ അങ്ങനെയും ഭയ്യാജി സംഘത്തെ നയിച്ചു. ‘യെ ബൈഠെ ബൈഠെ കാം കര്‍ത്തേ ഹേ’”എന്നാണ് അദ്ദേഹത്തെക്കുറിച്ച് പറയാറുള്ളത്. ഇരുന്നിടത്ത് നിന്ന് കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള മനക്കരുത്തും ആജ്ഞാശക്തിയും അത് നിറവേറ്റാനുള്ള ഇച്ഛാശക്തിയും അദ്ദേഹത്തിന് കൈമുതലായിരുന്നു.
സംഘത്തിന്റെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച സംഘത്തിലെ ആഭ്യന്തര സംവാദങ്ങള്‍ അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയും ഉള്‍ക്കരുത്തും വെളിവാക്കുന്നവയായിരുന്നു. സംഘം നേരിട്ട് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഭരണകൂടത്തെ നേരിടാന്‍ സാധിക്കുകയുള്ളുവെന്ന വാദം അക്കാലത്ത് സ്വയംസേവകര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നുവന്നു. ഒരുപാട് സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. ഈ സമയത്തെല്ലാം ഗുരുജിക്കും ഭയ്യാജിക്കും മറ്റു മുതിര്‍ന്ന സംഘഅധികാരിമാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. സംഘം ഒരു രാഷ്ട്രീയപ്രസ്ഥാനമല്ല, ഒരിക്കലും അങ്ങനെ ആവേണ്ടതില്ല എന്ന കാഴ്ചപ്പാടില്‍ ഇവര്‍ അടിയുറച്ചു നിന്നു. ഇക്കാര്യത്തില്‍ മറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്ക് അതുസംബന്ധിച്ച് കൃത്യമായ മാര്‍ഗദര്‍ശനം നല്‍കാന്‍ ഗുരുജി ഭയ്യാജിയെ ചുമതലപ്പെടുത്തി. ഒറ്റയ്ക്കും കൂട്ടായും ഈ പ്രശ്‌നമുന്നയിച്ച എല്ലാവരുമായും സരസമായും ശക്തമായും അദ്ദേഹം സംവദിച്ചു. പലപ്പോഴും ഗുരുജിയോട് ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സമാധാനം നല്‍കാന്‍ ഗുരുജി ഭയ്യാജിയെ നിയോഗിച്ചിട്ടുമുണ്ട്. ഇപ്രകാരം ആശയപരമായതും ആദര്‍ശപരമായതുമായ ആശങ്കകളെ അദ്ദേഹം ഇല്ലാതാക്കി. സംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം ശാഖയാണെന്നും തിരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം പ്രാണവായു ചേര്‍ത്ത് ആണയിട്ടു പറഞ്ഞു. എന്നിട്ടും ആകുലചിത്തരായിരുന്നവരോട് തത്കാലം സംഘത്തില്‍ നിന്നും മാറി നില്‍ക്കുന്നതാവും ഉചിതമെന്ന് ഉപദേശിക്കാനും അദ്ദേഹം മടികാണിച്ചില്ല. 1952 ലെ അഖിലഭാരത പ്രതിനിധി സഭയിലെ ആ പ്രഭാഷണം മൂന്നുമണിക്കൂര്‍ കഴിഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്. ”സംഘം പേരുമാറ്റി രാഷ്ട്രീയത്തിലിറങ്ങി ഭരണം നേടിയല്ല നിരോധനത്തിന് പകരം വീട്ടേണ്ടത്. സംഘം സംഘമായിതന്നെ നിന്നുകൊണ്ട് രാഷ്ട്രീയ സംവിധാനങ്ങളുടെ സഹായമില്ലാതെ പ്രതിസന്ധികളെ അതിജീവിക്കണം. അതാണ് യഥാര്‍ത്ഥ പോരാട്ടം, അതാണ് യഥാര്‍ത്ഥ വിജയം. അല്ലാത്തപക്ഷം നമ്മുടെ മുഖം എപ്പോഴും അപമാനഭാരത്താല്‍ കുനിഞ്ഞിരിക്കും. അതുപാടില്ല” ഇതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ നമ്മുടെ സേവനത്തിന്റെ കര്‍മ്മഫലം ഇതാണോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ”രാഷ്ട്രീയാധികാരം നേടാന്‍ വേണ്ടിയാണോ നമ്മള്‍ നിരാലംബരെ സഹായിക്കുന്നത്” എന്ന മറുചോദ്യം ഉന്നയിച്ച് അദ്ദേഹം ആശയം വ്യക്തമാക്കി. 70 വര്‍ഷം മുമ്പ് അദ്ദേഹം സ്വീകരിച്ച ആ നിലപാടാണ് സംഘത്തിന് ഇന്നു ലഭിക്കുന്ന അംഗീകാരത്തിന്റെ അടിസ്ഥാനം.
അദ്ദേഹം ഒരേസമയം സരസനും കര്‍ക്കശക്കാരനുമായിരുന്നു. ആരേയും ബോറടിപ്പിക്കാത്ത നെടുനീളന്‍ ബൈഠക്കുകളായിരുന്നു അദ്ദേഹത്തിനു പ്രിയം. നര്‍മ്മരസപ്രിയനും എല്ലാവരോടും അടുത്തിടപഴകുന്ന സ്വഭാവക്കാരനുമായിരുന്നു. അതേസമയം കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും യാതൊരു മടിയും കാണിച്ചിട്ടില്ല. ഡോക്ടര്‍ജിയോട് ചോദിക്കാതെ ഭാഗ്യനഗര്‍ സത്യഗ്രഹത്തിനു സ്വയം പുറപ്പെട്ടതും ഗുരുജിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചതുമെല്ലാം അദ്ദേഹത്തിന്റെ സ്വഭാവപ്രകൃതത്തിലെ വ്യതിരിക്തതയെ സൂചിപ്പിക്കുന്ന സംഭവങ്ങളാണ്. ഡോക്ടര്‍ജി അദ്ദേഹത്തെ ശകാരിക്കാതെ സത്യഗ്രഹത്തിന് പോകാന്‍ അനുവദിച്ചുകൊണ്ട് തിരുത്തി. 1956 ല്‍ ഗുരുജിയുടെ അമ്പത്തൊന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ച സംഭവം അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കാണിക്കുന്നു. ഭയ്യാജിയുടെ സംഘസങ്കല്പത്തിലെ ഉള്‍ക്കരുത്തുകൂടി അവിടെ പ്രകടമായി. നിരോധനകാലത്ത് സംഘം നേരിട്ട അക്രമങ്ങളും പീഡനങ്ങളും നമുക്ക് കനത്ത ബാധ്യതകള്‍ ഉണ്ടാക്കി വെച്ചു. അതിനൊരു പരിഹാരമെന്നോണമാണ് ഗുരുജിയുടെ പിറന്നാള്‍ അവസരത്തില്‍ നിധിശേഖരണം തീരുമാനിച്ചത്. ഗുരുജി ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും ഭയ്യാജി അദ്ദേഹത്തെ അനുനയിപ്പിച്ചുവെന്നും നമുക്കറിയാം. അവര്‍ തമ്മിലുള്ള സംഭാഷണം നമ്മുടെ സംഘടനാതത്വശാസ്ത്രത്തിലെ സുവര്‍ണ്ണാധ്യായമാണ്.
സംഘത്തിന്റെ സാമ്പത്തിക ശേഷി, സ്വയംസേവകരുടെ ആത്മവിശ്വാസം, പ്രചാരക വിന്യാസശേഷി ഇവയൊക്കെ ശക്തിപ്പെടുത്താന്‍ എന്തെങ്കിലും കര്‍മ്മപരിപാടി ഉടന്‍ ചെയ്യണമെന്ന് ഭയ്യാജി പറഞ്ഞു. അതിന് എന്നെ ബലിയാടാക്കണോ എന്ന് ഗുരുജി ചോദിച്ചു. ആരെങ്കിലും ബലിയാടാവാതെ തരമില്ലെന്നും, ഭാരതത്തിലെമ്പാടും അറിയപ്പെടുന്ന താങ്കളാണ് അതിനിപ്പോള്‍ യോഗ്യനെന്നും ഭയ്യാജി മറുപടി പറഞ്ഞു. ഇതിനു മറുപടിയായി ഗുരുജി ഉന്നയിച്ച വിഷയം ദാര്‍ശനികമായിരുന്നു. പിറന്നാളാഘോഷം ശരീരപൂജയാണെന്നും താനതില്‍ വിശ്വസിക്കുന്നില്ലെന്നും അതിനാലതിന് സമ്മതിക്കാനാവില്ലെന്നും ഗുരുജി പറഞ്ഞു. സംഘകാര്യം നിര്‍വഹിക്കുന്നതിനിടയില്‍ സര്‍സംഘചാലകന്റെ ശരീരബോധത്തെക്കുറിച്ച് താനാദ്യമായാണ് കേള്‍ക്കുന്നതെന്ന് ഭയ്യാജി പറഞ്ഞു. സര്‍സംഘചാലകന്റെ ശരീരചിന്തയേക്കാള്‍ വലുതല്ലേ സംഘകാര്യം എന്നദ്ദേഹം ചോദിച്ചു. ശരീരം വയ്യാത്തത് കാരണം സര്‍സംഘചാലകനെന്ന നിലയില്‍ താങ്കള്‍ ഏതെങ്കിലും സംഘപരിപാടി റദ്ദാക്കിയിട്ടുണ്ടോ എന്നു ഭയ്യാജി ചോദിച്ചു. സ്വാഭാവികമായും ഇല്ല എന്നുത്തരം. താങ്കളുടെ ശരീരരോഗം സംഘകാര്യത്തിന് തടസ്സമാവില്ലെങ്കില്‍ ശരീരബോധവും സംഘകാര്യത്തിന് തടസ്സമാവില്ല എന്ന് ഭയ്യാജി പറഞ്ഞു. പിറന്നാള്‍ ആഘോഷം തീരുമാനിക്കപ്പെട്ടു. ദാര്‍ശനികവും പ്രായോഗികവുമായ സമസ്യകള്‍ക്ക് സമന്വയത്തിലൂടെ ഉത്തരം കണ്ടെത്തി സംഘകാര്യം നിരുപാധികം മുന്നോട്ടു നയിച്ച ഈ സര്‍കാര്യവാഹിന്റെ കാര്യശേഷിയെക്കുറിച്ച് ചിന്തിക്കുന്ന മാത്രയില്‍ നമുക്കഭിമാനിക്കാം.
(തുടരും)
Comments