ഒരിക്കല്‍ അഖിലഭാരതീയ ബൈഠക്കില്‍ ഭയ്യാജിയും ദീനദയാല്‍ജിയും തമ്മില്‍ ചൂടുപിടിച്ച സംവാദമുണ്ടായി. ഒരു പ്രത്യേക വിഷയത്തില്‍ ദീനദയാല്‍ജി ശക്തമായ എതിര്‍വാദമുന്നയിച്ചു. ഭയ്യാജി ദീനദായാല്‍ജിയെ ഖണ്ഡിച്ചു. ദീനദയാല്‍ജി വീണ്ടും എഴുന്നേറ്റു. ഭയ്യാജി അദ്ദേഹത്തിനു മറുപടി നല്‍കി. ദീനദയാല്‍ജി പിന്നെയും ഖണ്ഡിച്ചു. ഭയ്യാജി വീണ്ടും മറുപടി പറഞ്ഞു. മുമ്പെങ്ങുമില്ലാത്തവിധം അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പൊതുവെ സൗമ്യനായ ദീനദയാല്‍ജി പിന്നെയും എഴുന്നേറ്റ് വാദിക്കാന്‍ തുടങ്ങി. സംവാദം ചൂടുപിടിച്ചു. ചര്‍ച്ച തര്‍ക്കമായി, അന്തരീക്ഷം കലുഷിതമായി. ഗുരുജിയടക്കം സര്‍വരും അത്ഭുതപ്പെട്ടു. ശക്തമായ എതിര്‍വാദത്തിനു ശേഷം ദീനദയാല്‍ജി ഇരുന്നു. ഈ സന്ദര്‍ഭത്തില്‍ ഭയ്യാജിയുടെ സംയോജകത്വം വെളിവാക്കുന്ന പെരുമാറ്റത്തിന് എല്ലാവരും സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ മറുപടി വളരെ സൗമ്യവും സരസവുമായിരുന്നു. ‘ദീനദയാല്‍ ഇതുവരെ വാദിച്ച എല്ലാ ന്യായങ്ങള്‍ക്കുമുള്ള മറുപടി ദീനദയാല്‍ തന്നെ തയ്യാറാക്കി പറയാന്‍ സര്‍കാര്യവാഹ് ആവശ്യപ്പെടുന്നു’ എന്നായിരുന്നു നിര്‍ദ്ദേശം. ദീനദയാല്‍ജിയടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു. ഭയ്യാജി പറഞ്ഞ ആശയത്തെ പിന്തുണക്കുന്ന വാദങ്ങള്‍ ദീനദയാല്‍ജി തന്നെ പരസ്യമായി പറഞ്ഞു. പ്രമേയം പാസ്സായി. ചെറുതും വലുതുമായ ഇത്തരം നിരവധി സംഭവങ്ങള്‍ക്ക് സംഘചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന കാര്യം നമുക്കും അനുഭവവേദ്യമാണല്ലോ.
അദ്ദേഹത്തിന്റെ അതിശക്തമായ നേതൃത്വശൈലിക്കും അതിതീവ്രമായ നിര്‍ണ്ണയശക്തിക്കും മുന്നില്‍ പലരും അടിപതറിപ്പോയിട്ടുണ്ട്. കേട്ടാല്‍ കഠിനതരമെന്നുതോന്നിക്കുന്ന പല തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്. പക്ഷെ അവയൊക്കെയും ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള കൃത്യമായ ചുവടുവെയ്പുകളായിരുന്നുവെന്ന് പിന്നീട് മനസ്സിലാവും. കഠിനവും കര്‍ക്കശവുമെങ്കിലും അവയ്ക്ക് പിറകില്‍ ന്യായവും യുക്തിയും സംഘത്തിന്റെ തത്വവും ഉണ്ടാകുമെന്ന് ഉറപ്പാണ്. 1948 ലെ നിരോധനം പിന്‍വലിക്കാനുള്ള ചര്‍ച്ചകള്‍ പലകുറി പരാജയപ്പെട്ടപ്പോള്‍ ഗുരുജിയോടൊപ്പം അദ്ദേഹം നടത്തിയ ഒരു സുപ്രധാന നീക്കം ഇതിനുള്ള ഉദാഹരണമാണ്. ഗുരുജി ജയിലില്‍ വെച്ച് സര്‍ക്കാരുമായി കത്തിടപാടുനടത്തിയിട്ടും ഫലം കാണാതിരുന്നപ്പോള്‍ അത് നിര്‍ത്താന്‍ തീരുമാനിച്ചു. സ്തംഭനാവസ്ഥ നീക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ഇരുപക്ഷത്തിനും പരിചയക്കാരനായ ശ്രീ. മൗലിചന്ദ്ര ശര്‍മ്മയെ ഭയ്യാജിയുമായി ചര്‍ച്ചയ്ക്കയച്ചു. ചര്‍ച്ചയില്‍ ഭയ്യാജി അതിശക്തമായ നിലപാടെടുത്തു. ഇനി സംഘം അതിന്റേതായ മാര്‍ഗത്തിലൂടെ മുന്നോട്ടുപോകും. ഗുരുജി ഇനി സര്‍ക്കാരിന് കത്തെഴുതാന്‍ പോകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഇനി എന്തു ചെയ്യുമെന്ന് ശര്‍മ്മ ചോദിച്ചു. ഉടന്‍തന്നെ ഭയ്യാജി തന്റെ കീശയില്‍ നിന്നും മൗലിചന്ദ്ര ശര്‍മ്മക്ക് തിരിച്ചു പോകാനുള്ള റെയില്‍വേ ടിക്കറ്റ് എടുത്ത് മേശപ്പുറത്ത് വെച്ചു. ഇനി ഇതുമാത്രമാണ് താങ്കള്‍ക്ക് ചെയ്യാനുള്ളതെന്ന് ഭയ്യാജി പറഞ്ഞു. ഭയ്യാജിയുടെ ഈ നീക്കം സര്‍ക്കാരിന്റെ തുടര്‍നയങ്ങളില്‍ പ്രതിഫലിച്ചു. സംഘത്തിലെ നയതന്ത്രവിദഗ്ദ്ധനാണ് ഭയ്യാജി എന്ന് സെന്‍ട്രല്‍ പ്രൊവിന്‍സ് മുഖ്യമന്ത്രിയായിരുന്ന ഡി.പി.മിശ്രയും പിന്നീട് ഠേംഗ്ഡിജിയോട് പറഞ്ഞിട്ടുണ്ട്.
കത്തെഴുതുന്നതിലും വൃത്തനിവേദനത്തിലുമെല്ലാം അരുചി പുലര്‍ത്തിയ വ്യക്തിയാണ് ഭയ്യാജി. സര്‍കാര്യവാഹ് ആയിരിക്കുമ്പോഴും അദ്ദേഹം ഇക്കാര്യത്തില്‍ മടി കാണിച്ചിരുന്നു. എങ്കിലും അവശ്യഘട്ടങ്ങളില്‍ സ്വപ്രകൃതത്തിനു വിപരീതമായി സംഘാനുകൂലമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പരിശീലിച്ചിരുന്നു. ഒരിക്കല്‍ അടിയന്തിരമായി പ്രാന്തസംഘചാലകന്മാര്‍ക്ക് കത്തെഴുതേണ്ട സാഹചര്യം ഉണ്ടായി. ഭയ്യാജിയുടെ വ്യക്തിപരമായ അരുചി കാരണം ഇതില്‍ കാലതാമസം വന്നു. ഇതു മനസ്സിലാക്കിയ ഗുരുജി സ്വന്തം കൈപ്പടയില്‍ എല്ലാവര്‍ക്കും കത്തുകളെഴുതി ഒപ്പിടാനായി ഭയ്യാജിക്ക് സമര്‍പ്പിച്ചു. ഗുരുജിയുടെ കൈപ്പടയിലുള്ള കത്തില്‍ ഒപ്പിട്ടയക്കുന്നതിലെ അനൗചിത്യം മനസിലാക്കിയ ഭയ്യാജി ഉടന്‍ തന്നെ കൃഷ്ണറാവു മൊഹ്‌രീലിന്റെ സഹായത്തോടെ വേറെ കത്തുകള്‍ തയ്യാറാക്കി ഒപ്പിട്ടയച്ചു. ഗുരുജി എഴുതിയ കത്തുകള്‍ സൂക്ഷിച്ചുവെക്കുകയും ചെയ്തു. ഇത്തരം രസകരമായ പല സ്വഭാവവിശേഷങ്ങളും ഉണ്ടായിരുന്നെങ്കിലും ഭയ്യാജി സ്വയംസേവകര്‍ക്കും മറ്റ് കാര്യകര്‍ത്താക്കള്‍ക്കും പ്രിയപ്പെട്ട സര്‍കാര്യവാഹായിരുന്നു.
ഒരിക്കല്‍ ഒരു ബൈഠക്കിനിടെ ഒരു സ്വയംസേവകനോട് താങ്കളുടെ ഗടയില്‍ എത്ര അംഗങ്ങളുണ്ടെന്ന് ഭയ്യാജി ചോദിച്ചു. മൂന്നോ നാലോ പേര്‍ കാണുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഈ സംഖ്യ വളരെ കുറവാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പറഞ്ഞ സ്വയംസേവകനും ഇതറിയാമായിരിക്കാം. ഇത് മനസിലാക്കിയ ഭയ്യാജി അദ്ദേഹത്തെ ശകാരിക്കുന്നതിനു പകരം സരസമായി മറുപടി പറഞ്ഞു; ”ഇതിലും കൂടുതല്‍ പേര്‍ എന്റെ വീട്ടിലെ ഗടയിലുണ്ട്.” ഇത് പറഞ്ഞ മാത്രയില്‍ ബൈഠക്കില്‍ കൂട്ടച്ചിരി ഉയര്‍ന്നു. കൊല്ലത്ത് വെച്ച് 1952 ല്‍ നടന്ന ശീതകാല ശിബിരത്തില്‍ ഭയ്യാജി പങ്കെടുത്തിരുന്നു. ശിബിരത്തിനുശേഷം അക്കാലത്തെ പതിവനുസരിച്ച് മുതിര്‍ന്ന അനുഭാവികളുടെയും പൗരപ്രമുഖരുടെയും സംഗമം നിശ്ചയിച്ചു. സംഗമം ശിബിരത്തിനിടയില്‍ നിശ്ചയിക്കാതെ ശിബിരത്തിന് ശേഷം നിശ്ചയിച്ചതിന്റെ അനൗചിത്യത്തെക്കുറിച്ച് ഭയ്യാജി സൂചിപ്പിച്ചു. സംഗമത്തില്‍ എത്രപേര്‍ ഉണ്ടാവുമെന്ന് അദ്ദേഹം അന്വേഷിച്ചു. 100 പേരെ ക്ഷണിച്ചിട്ടുണ്ടെന്ന് മറുപടി കിട്ടി. അതില്‍ എത്ര പേരെ പ്രതീക്ഷിക്കുന്നുവെന്ന് ഭയ്യാജി ചോദിച്ചു. 25 പേരോളം ഉണ്ടാവുമെന്ന് സംഘാടകര്‍ മറുപടി പറഞ്ഞു. അതിലാഘവത്തോടെ പറഞ്ഞ ഈ മറുപടിയില്‍ അത്യന്തം ഗൗരവത്തോടെ അദ്ദേഹം പ്രതികരിച്ചു:”This will spoil the dignity of RSS and its Sarkaryavah” എന്നദ്ദേഹം പറഞ്ഞു. നൂറുപേരെ ക്ഷണിച്ചിട്ട് 25 പേരെ വരുത്തുന്നത് സംഘത്തിന്റെ അന്തസ്സിന് ചേര്‍ന്ന പ്രവര്‍ത്തനമല്ല എന്ന് ഭയ്യാജി 70 വര്‍ഷം മുമ്പ് സുവ്യക്തമായി പറഞ്ഞുവെച്ചിരിക്കുന്നു.
സര്‍കാര്യവാഹ് എന്ന നിലയിലെ അദ്ദേഹത്തിന്റെ ആദ്യപകുതി 1956 ല്‍ അവസാനിച്ചു. 1956 ല്‍ പിതാവിന്റെ നിര്യാണത്തിനുശേഷം അദ്ദേഹം പൂര്‍ണ്ണമായും വീടുകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 1962 ല്‍ വീണ്ടും സര്‍കാര്യവാഹാകുന്നത് വരെ അദ്ദേഹം നാഗ്പൂരിലെ ‘നരകേസരി പ്രകാശന്‍’ എന്ന പ്രസിദ്ധീകരണ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ചു. സംഘമാവശ്യപ്പെട്ടപ്പോള്‍ 1962 ല്‍ വീണ്ടും സര്‍കാര്യവാഹായി. 1962 ല്‍ അദ്ദേഹം വീണ്ടും സര്‍കാര്യവാഹായപ്പോള്‍ ദില്ലി കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് വാരികയായ ‘”The Link, Patriot ‘ എന്നിവ അനാവശ്യ പ്രചരണങ്ങള്‍ നടത്തിയിരുന്നു.”The Meat eating Dani took over” എന്നായിരുന്നു ഒരു ലേഖനത്തിന്റെ തലക്കെട്ട്. പ്രതിനിധിസഭ നടക്കുന്നതിനിടെ ഇക്കാര്യം ഗുരുജിയുടെ ശ്രദ്ധയില്‍പെട്ടു. തലക്കെട്ട് നോക്കിയതിനുശേഷം വാരിക ഗുരുജി തന്നെ ഭയ്യാജിക്ക് നല്‍കി. ”ഇവരിതെഴുതിയതു നന്നായി. ഇനി പ്രവാസത്തിനിടയില്‍ ആവശ്യപ്പെടാതെ തന്നെ മാംസഭക്ഷണം കിട്ടുമായിരിക്കു”മെന്ന് ഭയ്യാജി പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.
1963 ല്‍ സര്‍കാര്യവാഹായിരിക്കെയാണ് അദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗം പിടിപ്പെട്ടത്. 1965 മാര്‍ച്ചില്‍ ചുമതല ഒഴിഞ്ഞു. തുടര്‍ന്ന് ശ്രീ.ബാളാസാഹേബ് ദേവറസ്ജി സര്‍കാര്യവാഹായി. ആരോഗ്യസ്ഥിതി പൂര്‍ണ്ണമായും മെച്ചപ്പെട്ടില്ലെങ്കിലും പഴയ കാര്യക്ഷേത്രമായിരുന്ന ഇന്‍ഡോറില്‍ നടക്കുന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുക്കാന്‍ പോയി. പിന്നീട് ഹൃദയാഘാതം വന്ന് ആശുപത്രിയിലായി. അവിടെ വെച്ച് സുഹൃത്ത് അണ്ണാജി പുരാണിക്കിന്റെ ചരമവാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന് രണ്ടാമതും ഹൃദയാഘാതം വന്നു. അതില്‍ നിന്നു നിവര്‍ത്തിക്കാതെ, 1965 മെയ് 2ന് ഇന്‍ഡോറില്‍ വെച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
കഠിനഹൃദയനായ ഭയ്യാജിക്ക് ഉറ്റസുഹൃത്തിന്റെ മരണവാര്‍ത്തയില്‍ ഇത്രത്തോളം ആഘാതമേല്‍ക്കുമെന്ന് എങ്ങനെ വിശ്വസിക്കും! അദ്ദേഹത്തെ അടുത്തറിയുന്ന യാദവ്‌റാവുജി ഇതിനുള്ള ഉത്തരം നല്‍കുന്നു. ‘വജ്രാദപി കഠോരാണി മൃദൂനീ കുസുമാദപി’. ഒരേസമയം വജ്രത്തേക്കാള്‍ കഠിനവും പുഷ്പത്തേക്കാള്‍ മൃദുലവുമായ ഹൃദയത്തിനുടമയുമായിരുന്നു ഭയ്യാജി. സാധാരണ സന്ദര്‍ഭങ്ങളില്‍ പുഷ്പസമാനവും വിശേഷസാഹചര്യങ്ങളില്‍ വജ്രസമാനവുമായ ഹൃദയം അതായിരുന്നു ‘ഭയ്യാജി സ്പര്‍ശനം’”എന്ന് യാദവ്‌റാവുജി സ്മരിച്ചിട്ടുണ്ട്. ക്ഷേത്രദര്‍ശനത്തിനുപോയ ഡോക്ടര്‍ജിയുടെ ചെരിപ്പു നഷ്ടപ്പെട്ടപ്പോള്‍, ബഡ്ജറ്റനുവദിക്കാത്തതിനാല്‍ ഒരു കാലയളവു മുഴുവന്‍ ചെരിപ്പിടാതെ നടന്ന ഡോക്ടര്‍ജിയെ വര്‍ണ്ണിക്കുമ്പോള്‍ ഭയ്യാജിയുടെ കണ്ണുനിറഞ്ഞ കാര്യം മുന്‍ മദിരാശി പ്രാന്തകാര്യവാഹ് അഡ്വ.എ.ദക്ഷിണാമൂര്‍ത്തിയും വിവരിച്ചിട്ടുണ്ട്.
സംഘപ്രവര്‍ത്തകരോടിടപെടുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി മറ്റൊരു കുടുംബമുള്ള കാര്യം ആര്‍ക്കും മനസ്സിലാവില്ല. ദുര്‍ലഭമായി മാത്രം കാണാവുന്ന വ്യക്തിത്വം. 1948 ലെ നിരോധന സമയത്ത് കോണ്‍ഗ്രസ്സുകാര്‍ തന്റെ വീടു കൊള്ളയടിക്കുമ്പോള്‍ അദ്ദേഹം ഗുരുജിയുടെ വീടിനുള്ള കാവലൊരുക്കുന്ന തിരക്കിലായിരുന്നു. ഗൃഹസ്ഥനെങ്കിലും പ്രചാരകനല്ലേ. വീട്ടിലിരിക്കുമ്പോള്‍ സ്വയംസേവകനെങ്കിലും വീടുവിട്ടാല്‍ എല്ലാ കാര്യകര്‍ത്താക്കളും പ്രചാരകന്മാര്‍ തന്നെ. ഈ മനോഗതിയുടെ ആവിര്‍ഭാവവും ആവിഷ്‌കാരവും ഡോക്ടര്‍ജിയിലായിരുന്നെങ്കിലും അതിന്റെ വളര്‍ച്ച ഭയ്യാജിയെപ്പോലുള്ള കാര്യകര്‍ത്താക്കളിലൂടെയാണ്.
സംഘത്തിന്റെ ആദ്യബൈഠക്കില്‍ ‘മഹാരാഷ്ട്ര സ്വയംസേവക സംഘം’ എന്ന പേര് നിര്‍ദ്ദേശിച്ചത് ഇദ്ദേഹമായിരുന്നു. വിധിവശാല്‍ മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള ആദ്യസംഘശാഖയുടെ പ്രചാരകനും ഇദ്ദേഹം തന്നെ. പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ പോരാടിയെ പടനായകന്‍. ആദ്യത്തെ ഗൃഹസ്ഥപ്രചാരകന്‍. ഇതുവരെയുള്ളതില്‍ വെച്ച് അവസാനത്തെ ഗൃഹസ്ഥീ സര്‍കാര്യവാഹ്. ടെന്നീസ് റാക്കറ്റ് പിടിച്ച ക്രീം കളര്‍ ഷര്‍ട്ടുകാരനെ സര്‍സംഘചാലകനാവാന്‍ അവസരമൊരുക്കിയ കര്‍തൃത്വശേഷി. ഇങ്ങനെ നിരവധി വിശേഷണങ്ങള്‍. ശ്രീഗുരുജിയും ഭയ്യാജി ദാണിയും തമ്മിലുള്ള ഹൃദയബന്ധം സംഘപ്രവര്‍ത്തനത്തെ ശരിയായ ദിശയില്‍ കൊണ്ടുപോവുന്നതില്‍ മുഖ്യപങ്കു വഹിച്ചു. ഏതു സംഘടനയുടെയും ഏറ്റവും ഉന്നതരായ രണ്ടു സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള മനപ്പൊരുത്തത്തിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമാണ് ഗുരുജിയും ഭയ്യാജിയും ചേര്‍ന്ന് സംഘത്തെ നയിച്ച 13 വര്‍ഷത്തെ സഹവര്‍ത്തിത്വം. സംഘപ്രവര്‍ത്തനത്തിനിടയിലെ ആത്മബന്ധങ്ങളുടെ മൂല്യം സഹവര്‍ത്തിത്വത്തിനുമപ്പുറത്തേക്ക് സഹയോഗിത്വത്തിലേക്ക് ഉയര്‍ത്തിക്കാട്ടിയ ബന്ധമായിരുന്നു ഇവരുടേത്. ‘കാല്‍ചുവട്ടിലെ മണ്ണൊലിച്ചുപോയ പ്രതീതിയാണ് ഭയ്യാജിയുടെ മരണം എന്നിലുളവാക്കിയത്’ എന്ന് ഗുരുജി അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞത് ഇക്കാരണം കൊണ്ടാണ്.
(അവസാനിച്ചു)