ചുറ്റും ശബ്ദമടഞ്ഞവര്‍, പ്രിയരെയാ വാക്കാല്‍ തണുപ്പിച്ച്, കൈ-
നെറ്റിയ്ക്കൊന്നുപിടിച്ച്, സാന്ത്വനവചസ്സോതേണ്ടവര്‍, വേണ്ടവര്‍
പറ്റുന്നില്ലവ,നല്ലതാര്‍ക്കുമിവിടിന്നാശ്വാസമാകാനിനി-
ച്ചെറ്റും വൈകരുതിന്നുനീ തരിക നിന്‍ സിദ്ധൗഷധം മുക്കുടി.
വാക്കേവേണ്ടു, നനുത്തവാക്ക്, മകനിന്നമ്മയ്ക്ക് നല്‍കാന്‍ പ്രിയം,
കേള്‍ക്കെത്താപമകന്ന് പ്രേയസിമുഖം ചിന്നി പ്രകാശിക്കുവാന്‍
വാക്കാല്‍ നല്ല പ്രതീക്ഷ നല്‍കി, മധുരംതേറുന്നനാള്‍ ചേരുമെ-
ന്നാര്‍ക്കും ചൊല്ലിടുവാന്‍, കരുത്തുപകരാന്‍, പ്രാര്‍ത്ഥിപ്പു വാഗ്ദേവതേ.
വാക്കില്ലി,ന്നൊരു നോക്കുപോലുമകലം നോക്കി,ക്കടുപ്പിച്ചുതാന്‍
നോക്കില്‍ക്കാണുമൊരാളയാള്‍ക്കെതിരുവന്നീടുന്നവന്‍തന്‍ മനം
കാക്കില്ലാരെയുമാരുമെന്നനിലയാ,ണെല്ലാരുമൊന്നെന്നപോല്‍!
ചേക്കേറാനൊരു ചില്ലവേണമതിനാല്‍ നിന്‍കാല്‍ക്കലാം കാക്കണേ.
വാക്കും വാക്കുമടുത്തിരുന്ന് കുശലം ചൊല്ലുന്നനാള്‍, ചേര്‍ന്നിരു-
ന്നാര്‍ക്കും കാതൊടു കാതുചേര്‍ത്തുപറയാന്‍, കൂട്ടായി മോദിച്ചിടാന്‍.
ചാക്കിന്‍കാലമൊടുങ്ങിനീങ്ങി,യമരത്വം നല്‍കിടും വിദ്യ,ലാ-
ക്കാക്കി,ച്ചാരെയിരിക്കുവാന്‍ ‘ഹരി’യരിക്കുള്ളില്‍ വരപ്പിക്കു നീ
ഒന്നായ്, നീണ്ട വടത്തിലൊന്നു വിരല്‍തൊട്ടാ നിന്‍തേരുമുമ്പേറിയെന്‍
നന്നായുള്ളവഴിക്ക് ജീവിതരഥം മുന്നേറ്റുവാന്‍ പോറ്റുവാന്‍
ഇന്നീമാനവരാശിയാകെ സബലം തോഷിച്ചുപോഷിച്ചിടാന്‍
തന്നീടെന്നുമെവര്‍ക്കുമൗഷധമതായ് സിന്ദൂരവും മുക്കുടീം.
Comments