ഒക്‌ടോബര്‍ 15 വിജയദശമി
വീണ്ടും വിജയദശമി സമാഗതമായിരിക്കുന്നു. ഭാരതത്തില്‍ ഏറ്റവും വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് വിജയദശമി. അത് ഓരോ പ്രദേശങ്ങളില്‍ ഓരോ പേരിലാണ് ആഘോഷിക്കപ്പെടുന്നത്. നവരാത്രിയായും ദുര്‍ഗ്ഗാപൂജയായും ദസറ ആയും കാളിപൂജയായും രാമലീലയായും എല്ലാം ആഘോഷിക്കപ്പെടുന്നു. ഇതിനെല്ലാം കാരണമായ ചില കഥകളും ഐതിഹ്യങ്ങളും പ്രചാരത്തില്‍ ഉണ്ട്. എന്നാല്‍ എല്ലാം ധര്‍മ്മത്തിന്റെ വിജയവും അധര്‍മ്മത്തിന്റെ നാശവുമാണ് ഉദ്‌ഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതത്തെ ഒന്നാക്കുന്ന ഒരു സാംസ്‌കാരിക ഉത്സവമാണ് വിജയദശമി. ഗുജറാത്തിലും രാജസ്ഥാനിലും വിജയദശമി ആഘോഷിക്കുന്നു. എന്നാല്‍ അതിര്‍ത്തിയുടെ അപ്പുറത്ത് കടന്നാല്‍ വിജയദശമി ഇല്ല. അതായത് ഈ ഭൂപ്രദേശത്ത് നിറഞ്ഞ് നില്‍ക്കുന്നതും ഈ ജനത ആവേശപൂര്‍വ്വം ആഘോഷിക്കുന്നതുമായ ഉത്സവമാണ് വിജയദശമി. ഭാരതത്തിന്റെ ഏകതയെ ഉദ്‌ഘോഷിക്കുന്ന വിജയദശമി, ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം ഹിന്ദു സംസ്‌കാരമാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.
ഭാരതം ഏക രാഷ്ട്രമാണ്. ഹിന്ദു രാഷ്ട്രമാണ് എന്ന ആശയം അടിസ്ഥാനമാക്കി രൂപംകൊണ്ട രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പ്രസ്ഥാനം പിറവിയെടുത്തതും ഈ പുണ്യദിനത്തിലാണ്. ഭാരതം ചിരപുരാതനമായ രാഷ്ട്രമാണ്. ഒരൊറ്റ രാഷ്ട്രമാണ് ഭാരതം എന്നതാണ് സംഘത്തിന്റെ അടിസ്ഥാനപരമായ വിശ്വാസപ്രമാണം. ഈ വിശാലമായ രാഷ്ട്രത്തിലെ ജനതയെ ഏകീകരിക്കുന്നതും അതിനെ അതിന്റെ ഭൂതകാലത്തോടും ഭാവിയോടും ബന്ധപ്പെടുത്തുന്നതും ഹിന്ദു സംസ്‌കാരമാണ്. സനാതന ധര്‍മ്മമാണ്, ഹിന്ദു സംസ്‌കാരമാണ് ഭാരതത്തിന്റെ ആത്മാവ്. വിജയദശമി വിളംബരം ചെയ്യുന്ന സന്ദേശവും സംഘത്തിന്റെ അടിസ്ഥാന വിശ്വാസപ്രമാണവും സമരസപ്പെടുന്നതുകൊണ്ടാണ് വിജയദശമി സംഘത്തിന്റെ ഒരു പ്രധാന ഉത്സവമായത്.
രാഷ്ട്രീയ സ്വയംസേവക സംഘം പിറവിയെടുത്തിട്ട് 96 വര്‍ഷം പിന്നിടുന്നു. നാല് വര്‍ഷം കൂടി കഴിഞ്ഞാല്‍ 100 തികയുകയാണ്. ഹിന്ദു സമാജത്തെ ഉണര്‍ത്തുക, സംഘടിപ്പിക്കുക എന്ന ലക്ഷ്യവുമായി പിറവിയെടുത്ത സംഘം അതിന്റെ സാഫല്യത്തിലേക്ക് അടുക്കുകയാണ്. ഹിന്ദുസമാജത്തിന്റെ സംഘടിതാവസ്ഥയും അതിലൂടെ സംജാതമാകുന്ന ശക്തിയും രാജ്യത്തിന് ഉറച്ച നട്ടെല്ല് പ്രദാനം ചെയ്യുന്നു.
ഈ വര്‍ഷം സപ്തംബര്‍ 9 മുതല്‍ 11 വരെ അമേരിക്കയില്‍ വച്ച് നടന്ന നിരവധി സര്‍വ്വകലാശാലകളുടേയും പണ്ഡിതന്മാരുടേയും പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ട ഒരു ആഗോള സമ്മേളനത്തിന്റെ ലക്ഷ്യം ‘ഡിമോളിഷിങ്ങ് ഹിന്ദുത്വ’ എന്നതായിരുന്നു. അതിനായി അവര്‍ തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററില്‍ ചിത്രീകരിക്കുന്നത് ഗണവേഷധാരികളായ സ്വയംസേവകരെ ആണിയായും അത് ഒരു ചുറ്റിക ഉപയോഗിച്ച് പറിക്കുന്നതുമാണ്. അതിന്റെ താല്പര്യം ഹിന്ദുത്വത്തെ തകര്‍ക്കാന്‍ സംഘത്തെ നശിപ്പിക്കണം എന്നത് തന്നെയാണ്. ഹിന്ദുധര്‍മ്മം, ഹിന്ദുസംസ്‌കാരം, ഹിന്ദുസമാജം എന്നിവയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത പ്രവര്‍ത്തകരായ സ്വയംസേവകര്‍ ഇന്ന് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും നിറഞ്ഞിരിക്കുന്നു. ഹിന്ദു ജീവിതദര്‍ശനവും ഹിന്ദു തത്വചിന്തയും ദേശീയ ജീവിതത്തെ പുനഃസംഘടിപ്പിക്കുകയാണ്. ഈ ആശയങ്ങള്‍ ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതുകൊണ്ടാണ് അതിനെ ചെറുക്കാനും തകര്‍ക്കാനുമായി എല്ലാ ഹിന്ദു വിരുദ്ധ ശക്തികളും ഒന്നിക്കുന്നത്. ഹിന്ദു സമാജത്തേയും ഹിന്ദു സംസ്‌കാരത്തേയും ഹിന്ദു രാഷ്ട്രത്തേയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഈ സമ്മേളനത്തിലൂടെ വെളിപ്പെടുന്നത്. ഇതില്‍ ഭാഗഭാക്കാവുന്ന ചില ഇന്ത്യന്‍ ബുദ്ധിജീവികളും ഉണ്ട് എന്നത് ഏറെ ഖേദകരമാണ്.
ഈ അന്താരാഷ്ട്ര സമ്മേളനം ബുദ്ധികൊണ്ട് ഇന്ത്യയെ ചെറുക്കാനാണെങ്കില്‍ നമ്മുടെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ശക്തികൊണ്ട് ഇന്ത്യയെ തകര്‍ക്കാന്‍ ലക്ഷ്യം വയ്ക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുതിയ അട്ടിമറിക്ക് പിന്നില്‍ ചൈനയുടേയും പാകിസ്ഥാന്റെയും പ്രത്യക്ഷമായ ഇടപെടലുകളുണ്ട്. ഈ മേഖലയിലെ അസ്ഥിരതയും അരാജകത്വവും ഇന്ത്യയെ ദുര്‍ബലപ്പെടുത്താനും ഇന്ത്യയുടെ യുദ്ധ തയ്യാറെടുപ്പുകളെ ശക്തിപ്പെടുത്താനും കാരണമാകുന്നുണ്ട്. പക്ഷെ ഏത് വെല്ലുവിളികളേയും നേരിടാന്‍ തക്കവണ്ണം ഇന്ത്യ കരുത്താര്‍ജ്ജിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തില്‍ മലബാറില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന വംശഹത്യയുടെ 100-ാം വാര്‍ഷികം ആചരിക്കുകയാണ്. 1921-ല്‍ മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ നടന്ന ലഹളകള്‍ തികച്ചും ഏകപക്ഷീയമായിരുന്നു. മതവെറി പൂണ്ട മുസ്ലീം കലാപകാരികള്‍ക്കെതിരെ ചെറുത്തുനില്‍ക്കാനോ പോരാടാനോ ഹിന്ദുക്കള്‍ക്ക് ആയില്ല. അന്ന് കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ ഉടനീളം ഇതായിരുന്നു സാഹചര്യം. കാരണം ഹിന്ദുസമാജം സംഘടിതമായിരുന്നില്ല. ഹിന്ദുക്കള്‍ക്കൊരു നേതൃത്വം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് 2021-ല്‍ അതല്ല സാഹചര്യം. ഹിന്ദു സമൂഹം സംഘടിതരാണ്. സമാജത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ നേതൃത്വമുണ്ട്. ഏത് അക്രമങ്ങളേയും അഭിമുഖീകരിക്കാനും വേണ്ടിവന്നാല്‍ തിരിച്ചടിക്കാനും ഹിന്ദു സമാജത്തിന് കഴിയും. ഹിന്ദു സമാജത്തിന്റെ ഈ രൂപ പരിണാമത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം വലിയ പങ്കാണ് വഹിച്ചത്. സംഘടിതവും ശക്തവുമായ ഒരു ഹിന്ദു സമൂഹം ഭാരതത്തില്‍ എവിടേയും ഇന്ന് കാണാനാവും.
കൊറോണ മഹാമാരി പ്രത്യക്ഷത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ഇടയില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിക്കാന്‍ സ്വയംസേവകര്‍ക്ക് സാധിക്കുന്നുണ്ട്. കൊറോണ വ്യാപനം കൊണ്ട് ബുദ്ധിമുട്ടുന്ന സേവന മേഖലയിലായാലും അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തിനായി ജനങ്ങളുടെ പങ്കാളിത്തം സമാഹരിക്കാനായാലും വ്യത്യസ്തമായ രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ഗുരുദക്ഷിണ രക്ഷാബന്ധന്‍ ഉത്സവങ്ങളിലായാലും മുഴുവന്‍ സമാജത്തേയും ഒന്നിച്ച് നിറുത്താന്‍ സ്വയംസേവകര്‍ക്ക് സാധിക്കുന്നുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് നാം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
സംഘപ്രവര്‍ത്തനം ഭാരതത്തിന്റെ മുക്കിലും മൂലയിലും എത്തിയിട്ടുണ്ട്. ഇനി വേണ്ടത് എല്ലാവരിലേക്കും എത്തിച്ചേരുക എന്നതാണ്. സംഘം സര്‍വ്വവ്യാപിയും സര്‍വ്വ സ്പര്‍ശിയും ആകണം. കേരളത്തിലെങ്കിലും പലരും ഇപ്പോഴും സംഘത്തിനോട് അടുക്കാന്‍ മടികാണിക്കുന്നത് അവര്‍ക്ക് ഹിന്ദുത്വത്തിലുള്ള അഭിമാനരാഹിത്യം മൂലമാണ്. അതുകൊണ്ട് ഹിന്ദു സ്വാഭിമാനമുണരുക, ഹിന്ദു സ്വാഭിമാനമുണര്‍ത്തുക എന്നത് സംഘവ്യാപനത്തിന്റെ അനിവാര്യതയാണ്. ഹിന്ദു സമാജത്തില്‍ ഹിന്ദുസ്വാഭിമാനം ഉണര്‍ത്താനുള്ള പ്രബോധനം അത്യാവശ്യമാണ്. സംഘത്തിന്റെ സഹജമായ പ്രവര്‍ത്തനമായ ഹിന്ദു സമാജത്തെ ഉണര്‍ത്തുക, സംഘടിപ്പിക്കുക എന്ന ദൗത്യം നാം ഇനിയും തുടരേണ്ടിയിരിക്കുന്നു. അതില്‍ നിന്നും നിഷ്ഠാവാന്മാരായ പ്രവര്‍ത്തകരെ സംഘ കാര്യപദ്ധതിയിലൂടെ പാകപ്പെടുത്തി ആദര്‍ശ സ്വയംസേവകരായി വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ശാഖയിലൂടെ നടക്കുന്ന വ്യക്തിത്വ നിര്‍മ്മാണ പ്രക്രിയ അനുസ്യൂതം തുടരേണ്ടിയിരിക്കുന്നു. നമ്മുടെ യുവ കാര്യകര്‍ത്താക്കളെ ആദര്‍ശനിഷ്ഠയും ലക്ഷ്യബോധവും നല്‍കി പുതിയ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാക്കിയും സംഘത്തിന്റെ ആദര്‍ശത്തോട് അടുത്ത് വന്ന മുഴുവന്‍ പ്രവര്‍ത്തകരേയും സക്രിയരാക്കിയും സംഘം മുഴുവന്‍ സമാജത്തിലേക്കും വ്യാപിക്കാനുള്ള ഒരു മുന്നേറ്റം അനിവാര്യമാണ്. വരുന്ന 3-4 വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. സ്വയംസേവകരുടെ ആദര്‍ശനിഷ്ഠ ഒട്ടും ചോര്‍ന്നുപോകാതെ നാം മുഴുവന്‍ സമാജത്തിലേക്കും വ്യാപിക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രതിജ്ഞ പുതുക്കാനുള്ളതാവട്ടെ ഈ വര്‍ഷത്തെ വിജയദശമി ആഘോഷം.
(ആര്‍.എസ്.എസ്.പ്രാന്തകാര്യവാഹ് ആണ് ലേഖകന്‍)