ശാസ്ത്രഗവേഷണത്തിലെ അത്ര നിറപ്പകിട്ടില്ലാത്ത ഒരു മേഖലയാണ് തിയററ്റിക്കല്‍ ഫിസിക്‌സ്. സാമ്പ്രദായികമായി തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള, ഏതാണ്ട് പൂര്‍ണ്ണമായും ഗണിതസമവാക്യങ്ങളില്‍ അഭിരമിക്കുന്ന, സാധാരണ ലോജിക്കുകള്‍ക്ക് വഴങ്ങാത്ത, ആള്‍ക്കാരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ പ്രയാസമുള്ള തിയറികളില്‍ ആണ് ഈ മേഖല സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ബഹിരാകാശം, ആണവോര്‍ജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭാശാലികള്‍ക്ക് കിട്ടുന്ന താരപരിവേഷമൊന്നും തിയററ്റിക്കല്‍ ഫിസിക്‌സിലെ ജീനിയസ്സുകള്‍ക്ക് ലഭിക്കില്ല. ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമൊക്കെ ലഭിക്കാനും പ്രയാസമാണ്.
ഓര്‍ക്കുക.. ഐന്‍സ്റ്റീനു ശേഷം ലോകം കണ്ട മഹാജീനിയസ്സുകളില്‍ ഒരാളായ സ്റ്റിഫന്‍ ഹോക്കിങ്ങിനു പോലും ഒരു നൊബേ ല്‍ സമ്മാനം ലഭിച്ചിട്ടില്ല. കാരണം വേറൊന്നുമല്ല, പ്രപഞ്ച നിയമങ്ങളുടെ അടിസ്ഥാന കാരണങ്ങളില്‍ നിന്നും ഒരു നൂറ്റാണ്ട് മുന്നേ പുറത്താക്കപ്പെട്ട ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളെ ഉപയോഗിച്ച് വികസിപ്പിക്കപ്പെട്ട ടെക്നോളജികള്‍ വെച്ച് വേണം ന്യൂട്ടനെ നിഷേധിക്കുന്ന തിയറികള്‍ക്ക് തെളിവ് കണ്ടെത്താന്‍ എന്ന വിചിത്ര നിയമങ്ങള്‍ തന്നെ.
ഇതൊക്കെ കൊണ്ടുതന്നെ ശാസ്ത്രപ്രതിഭ കൂടാതെ നിര്‍മ്മമരും ഋഷിതുല്യരുമായ ജീനിയസ്സുകള്‍ക്ക് മാത്രമേ തിയററ്റിക്കല്‍ ഫിസിക്‌സില്‍ പ്രവര്‍ത്തിക്കാനും കാര്യമായ സംഭാവനകള്‍ നല്‍കുവാനും കഴിയൂ. സ്റ്റിഫന്‍ ഹോക്കിങ്, ഇസിജി സുദര്‍ശന്‍, ജയന്ത് നര്‍ലിക്കര്‍, സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ തുടങ്ങി ഏതാനും എണ്ണപ്പെട്ടവര്‍ മാത്രമേ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളൂ. അതിലെ ഒരു പ്രധാനപ്പെട്ട അംഗമാണ് കഴിഞ്ഞദിവസം അകാലത്തില്‍ അന്തരിച്ച മലയാളി ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍.
കേരളത്തിലെ, കാലഹരണപ്പെട്ട സാമ്പ്രദായിക ശാസ്ത്രപഠനത്തില്‍ കൂടി ഒരു ഡിഗ്രി, പിജി സ്വന്തമാക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവര്‍ക്ക് ശാസ്ത്രമേഖലയില്‍ കാര്യമായി സംഭാവന നല്‍കാന്‍ കഴിയുന്ന തരത്തിലല്ല നമ്മുടെ വിദ്യാഭ്യാസപദ്ധതി രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയുള്ള വിദ്യാഭ്യാസരീതിയിലൂടെ പഠിച്ചിറങ്ങി ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഒരു തിയററ്റിക്കല്‍ ഫിസിസിസ്റ്റ് ആവുക എന്നിടത്താണ് താണു പത്മനാഭന്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നത്. 1979ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുമാണ് അദ്ദേഹം ഫിസിക്‌സില്‍ ബിഎസ്സി ബിരുദം നേടുന്നത്. ബിഎസ്സി കാലത്ത് തന്നെ തന്റെ ആദ്യ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
പൊതുവെ പിജി കോഴ്സുകള്‍ക്ക് ശേഷം ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെടുന്ന, തിയററ്റിക്കല്‍ ഫിസിക്‌സിന്റെ ഒരു സ്വപ്‌നഭൂമി തന്നെയായ ബോംബെയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചിലേക്ക് കേവലമൊരു ബിരുദവുമായി കടന്നു ചെന്ന ആദ്യ വിദ്യാര്‍ത്ഥി ഒരു പക്ഷെ താണു പത്മനാഭന്‍ ആയിരിക്കും.
പിന്നീടുള്ള വര്‍ഷങ്ങളില്‍ ടാറ്റ, കേംബ്രിഡ്ജ്, ബാംഗളൂരിലെ രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെല്ലാം കോസ്‌മോളജിയിലെ പ്രമുഖ ഫാക്കല്‍റ്റി ആയി സേവനമനുഷ്ഠിച്ചു.1997 മുതല്‍ പൂനയിലെ Inter-University Centre for Astronomy and Astrophysics (IUCAA))ല്‍ അക്കാദമിക് മേധാവി, ഡീന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ശാസ്ത്രത്തില്‍ ആണ്ടുമുങ്ങി ധ്യാനനിമഗ്‌നര്‍ ആയവര്‍ക്ക് മാത്രമേ ഗഹനമായ ശാസ്ത്രതത്വങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ. സ്റ്റിഫന്‍ ഹോക്കിങ്, സുദര്‍ശന്‍ എന്നിവരൊക്കെ റിലേറ്റിവിറ്റി പോലുള്ളവ വിവരിക്കുന്നത് ഒരു സ്‌കൂള്‍ കുട്ടിക്ക് പോലും മനസ്സിലാകുന്ന രീതിയിലാണ്. താണു പദ്മനാഭന്റെ ഏറ്റവും വലിയ സംഭാവനയും ഇതുപോലെ ശാസ്ത്രത്തെ ജനകീയവല്‍ക്കരിക്കുന്ന കാര്യത്തിലാണ്. അതിനു വേണ്ടി നൂറുകണക്കിന് വേദികളില്‍ അദ്ദേഹം സംസാരിച്ചു, ആയിരക്കണക്കിന് ലേഖനങ്ങള്‍ എഴുതി. കോസ്‌മോളജിയിലെയും തിയററ്റിക്കല്‍ ഫിസിക്‌സ് പ്രപഞ്ചോല്പത്തി തുടങ്ങിയ ഗവേഷണമേഖലകളിലെയും എണ്ണം പറഞ്ഞ ടെക്സ്റ്റ് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതാണ്. ഗവേഷണങ്ങളുടെ റഫറന്‍സ് ഗ്രന്ഥങ്ങള്‍ മുതല്‍ ജനകീയവും ലളിതവുമായ ശാസ്ത്രവിശദീകരണങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ അതിവിശാലമായ റേഞ്ചുള്ള ശാസ്തജ്ഞര്‍ ലോകത്ത് തന്നെ അപൂര്‍വ്വമാണ്.
അത്യന്തം ഗ്ലാമര്‍ ഉള്ള, കേരളസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആകാനുള്ള ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് എന്റെ ജന്മം ഗവേഷണങ്ങള്‍ക്ക് മാത്രമുള്ളതാണ്, ഞാനിത് കൊണ്ട് തൃപ്തനാണ് എന്നാണ്. ഋഷിതുല്യമായ മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ ഇതുപോലുള്ള വന്‍ വാഗ്ദാനങ്ങളോട് ഇങ്ങനെ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെയാകണം വന്‍ വിദേശ ഓഫറുകള്‍ നിരസിച്ച്, മാതൃരാജ്യത്തെ പരിമിതികളില്‍ മുഴുകാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും.
അതെ.. താണു പത്മനാഭന്‍ ഒരു ശാസ്ത്രജ്ഞന്‍ മാത്രമല്ല…ഒരു സന്ദേശവും പ്രകാശവും കൂടിയാണ്…