ഒന്നുമറിഞ്ഞില്ല, ഞാനൊരു ജീവന്റെ
മിന്നാമിനുങ്ങായ് പറക്കുന്നു പിന്നെയും
വന്നു മടങ്ങുന്നു ദുഃഖവും ശാന്തിയും
ഇന്നലെ രാമായണം ചൊന്നമാതിരി!
അഗ്നിയില്‍ വെന്ത ശലഭപ്രദോഷങ്ങള്
ഉത്ഥാനമന്ത്രം ജപിച്ച പ്രഭാതങ്ങള്‍
അസ്ത്രങ്ങളില്‍ സ്വയം ഹോമിക്കുമുച്ചകള്
സ്വസ്ഥനിര്വ്വാണം ലഭിച്ച തീര്‍ത്ഥാടനം
എത്ര മഹാരഥ്യ മാറ്റൊലിക്കൊള്ളുമീ
യുദ്ധസന്നാഹത്തിനപ്പുറം വാഴ്വിന്റെ
നിസ്വസംഗീതസ്വരപ്പുറപ്പാടിന്റെ
നിശ്വാസരാഗം സമുദ്രത്തിരകളില്‍
ദിക്കുകള്ക്കോരോ നിറം പൂശുമാരവ-
ശ്ശക്തിക്കൊടിപ്പടം ചോദിച്ചു: നീയൊരു
മര്ത്ത്യനാകാനുള്ള യോഗ്യതയ്ക്കേതണു
പത്തവതാരം കഴിഞ്ഞു വന്നെത്തണം?!