ഭാരതത്തിന്റെ മൂല്യവത്തായ ജ്ഞാനഭണ്ഡാഗാരത്തില്‍ നിന്നും നിരവധി വഴികളിലൂടെ അറിവ് പുറത്തേക്ക് പ്രവഹിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായതും തത്വശാസ്ത്രപരമായതുമായ വഴികളിലൂടെയായിരുന്നു ഈ ജ്ഞാനപ്രവാഹം. വാണിജ്യ വ്യാപാര സംരംഭങ്ങള്‍ പുറംലോകവുമായി ബന്ധം പുലര്‍ത്താന്‍ സ്വാഭാവികമായും ഭൂമിശാസ്ത്രപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു.
ഇക്കൂട്ടത്തില്‍ അതിപ്രധാനമായ ഒരു വഴിയാണ് ആധുനികഭാരതത്തിന്റെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖൈബര്‍ ചുരം. പുറത്തേക്ക് വിദ്യയും വ്യാപാരവും പ്രവഹിപ്പിച്ച ഈ ചുരം തന്നെയാണ് അകത്തേക്ക് അക്രമികളെ പ്രവേശിപ്പിച്ചതും. ഈയര്‍ത്ഥത്തില്‍ ഖൈബര്‍ ചുരം ഭാരതത്തിന്റെ പതനാഭ്യുദയ യാത്രയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നു പറയാം. കാരണം ചെങ്കിസ്ഖാനും സൈറസും ഡാരിയസും ഖൈബര്‍ ചുരം വഴിയാണ് ഭാരതത്തിലേക്ക് വന്നത്. പിന്നീട് ഗസ്‌നിയും ഗോറിയും മറ്റു കാട്ടറബികളും ഭാരതത്തിലേക്ക് കടന്നതും ഇതുവഴിയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ബ്രിട്ടീഷ് പടയാളികളുടെ കാലൊച്ചകള്‍ക്കും വെടിയൊച്ചകള്‍ക്കും ഖൈബര്‍ ചുരം സാക്ഷിയായി. ഭഗവപതാകയുടെ ഉജ്ജ്വലതേജസില്‍ നിന്നുണ്ടായ ജ്ഞാനകിരണങ്ങള്‍ പുറത്തേക്കു കടന്ന അതേ ഖൈബര്‍ ചുരത്തിലെ മണ്ണ് ഇങ്ങനെ ഭാരതീയരുടെ ചോരവീണു ചുവന്നു.
1925 ല്‍ നാഗ്പൂരില്‍ ഭാരതത്തിന്റെ നൂതന വിജയഗാഥയുടെ ചരിത്രമുദ്രണങ്ങള്‍ ആരംഭിച്ചു. ഭാരതത്തിന്റെ നാലുഭാഗത്തേക്കും യാഗാശ്വങ്ങളെ പടച്ചുവിട്ട അഭിനവ ധര്‍മ്മപുത്രരുടെ പോരാളികള്‍ വടക്കുപടിഞ്ഞാറന്‍ ഭാരതത്തെ ലാക്കാക്കിയും നീങ്ങിയിരുന്നു. 1937 ല്‍ രാജാഭാവു പാതുര്‍ക്കര്‍ അന്നത്തെ പഞ്ചാബിലെത്തി സംഘകാര്യം ആരംഭിച്ചു. അദ്ദേഹത്തിന്റെ കൈകള്‍ക്കു ശക്തിപകരാന്‍ തൊട്ടുപിന്നാലെ മറ്റൊരു സേനാനായകനെയും സംഘമങ്ങോട്ടയച്ചു. മാധവ് കൊണ്‌ഡോപന്ത് മൂളെ എന്ന മാധവ്‌റാവു മൂളെജിയായിരുന്നു പഞ്ചാബിലെ ആ സേനാപതി. ഇന്നത്തെ പാക്കിസ്ഥാനില്‍ പുതിയകാല വിജയത്തിന്റെ ചരിത്രമുദ്ര പതിപ്പിക്കാന്‍ ആ നാഗ്പൂരുകാരനു സാധിച്ചു. മുഴുവന്‍ ഭാരതത്തിനും സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ ജീവനും സ്വത്തും വേരും അഭിമാനവും നഷ്ടപ്പെട്ട ഒരു കൂട്ടം ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ ബാക്കിയുണ്ടായിരുന്നു. സ്വതന്ത്ര ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ചെന്നെത്താന്‍ കഴിയാതിരുന്ന അഖണ്ഡഭാരതത്തിന്റെ പ്രദേശങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു. അക്ഷരാര്‍ത്ഥത്തില്‍ ഖൈബര്‍ ചുരത്തില്‍ ഒരിക്കല്‍ കൂടി ഭഗവപതാക പാറിപ്പറന്നു. അതിനു നേതൃത്വം നല്കാനുളള നിയോഗമുണ്ടായതാവട്ടെ മാധവ്‌റാവു മൂളെജിയ്ക്കായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഹരിസിങ്ങ് നല്‍വ എന്ന സിഖ് സേനാപതിക്കുശേഷം ഖൈബറില്‍ കാവി പതാക ഉയര്‍ത്തിയ സംഘസേനാപതിയായിരുന്നു മാധവ്‌റാവു മൂളെജി.
1912 നവംബര്‍ 7ന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ഓഝര്‍ഖോല്‍ എന്ന ഗ്രാമത്തിലാണ് മാധവ് കൊണ്ഡോപന്ത് മൂളെജി ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം താവഴിയില്‍ പൂജനീയ ഗുരുജിയുടെ കുടുംബവുമായി ബന്ധമുള്ളതാണ്. ഒരു സഹോദരനും ആറു സഹോദരിമാരും മൂളെജിയുമടക്കം എട്ടു പേരുള്ള കുടുംബമായിരുന്നു പൂജാരിയായിരുന്ന കൊണ്ഡോപന്ത് മൂളെജിയുടേത്. പാരമ്പര്യമായി വേദമന്ത്രങ്ങളും പൂജയുമായി കഴിഞ്ഞുകൂടുന്ന വരായിരുന്നു അവര്‍. 1923 ല്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂരിലെ മൂത്ത സഹോദരിയുടെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസവും തുടര്‍പഠനവും. പഠനത്തില്‍ സമര്‍ത്ഥനായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് ഉപന്യാസരചനാ മത്സരത്തില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്. ഒന്നാം ക്ലാസോടെ മെട്രിക്കുലേഷന്‍ പാസായതിനു ശേഷം 1930 ല്‍ കോളേജില്‍ ചേര്‍ന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ കോളേജ് വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ചു. ദാരിദ്ര്യത്തില്‍ നിന്നും കരകയറണമെന്ന ഉദ്ദേശ്യത്തോടെ സൈക്കിള്‍കടയില്‍ ജോലിക്കു കയറി. കുറച്ചുകാലം നാഗ്പൂരില്‍ ഈ ജോലി നോക്കിയതിനുശേഷം തീരദേശ മഹാരാഷ്ട്രയിലെ ചിപ്‌ളൂണില്‍ സ്വന്തമായി ഇതേ രൂപത്തിലുള്ള കട ആരംഭിച്ചു. ഇതിനോടകം തന്നെ വിപ്ലവാശയങ്ങളുമായി അദ്ദേഹം പരിചയപ്പെട്ടിരുന്നു. നാഗ്പൂരിലെ ജീവിതത്തിനിടയില്‍ പൂജനീയ ഡോക്ടര്‍ജിയുമായും അടുത്തു. 12-ാം വയസില്‍ വീരസാവര്‍ക്കറുടെ പ്രഭാഷണം കേള്‍ക്കാനിടയായപ്പോള്‍ പൊട്ടിമുളച്ച രാഷ്ട്രചിന്തയില്‍ നിന്നുമാണ് ഈ വിപ്ലവചിന്തകള്‍ ഉടലെടുത്തത്. 1926 ല്‍ അസുഖം വന്ന് ഭാവുജി കാവ്‌റേയുടെ വൈദ്യശാലയില്‍ ചികിത്സക്കെത്തിയപ്പോള്‍ ഡോക്ടര്‍ജിയെ കണ്ടു. അതിനുശേഷം ശാഖാപ്രവേശം. ശാഖയില്‍ മൂളെജിയെ സ്വാധീനിച്ച മറ്റൊരു വ്യക്തി ദാദാറാവു പരമാര്‍ത്ഥായിരുന്നു. ഡോക്ടര്‍ജി ഇല്ലാത്തപ്പോള്‍ അപ്പാജിയോടൊപ്പവും യാത്ര ചെയ്തു. ബാളാസാഹേബ് ദേവറസ്ജിയുടെ ഉറ്റ മിത്രമായിരുന്നു മൂളെജി. ഈ രൂപപ്പെടലുകള്‍ പിന്നീട് ഡോക്ടര്‍ജിയുടെ കരങ്ങളിലൂടെ കടന്നുപോയപ്പോള്‍ പാകപ്പെടലായി മാറി.
1931 ല്‍ ഡോക്ടര്‍ജി വിവിധ സ്ഥലങ്ങളിലും വിവിധ ശാഖകളിലും സന്ദര്‍ശനം നടത്തിയപ്പോള്‍ മൂളെജിയേയും കൂടെക്കൂട്ടി. ഡോക്ടര്‍ജിയോടൊപ്പം സംഘകാര്യാര്‍ത്ഥം യാത്ര ചെയ്യാന്‍ സാധിച്ച വ്യക്തി. നാഗ്പൂരിനു പുറത്തുള്ള യാത്രകളില്‍ പലപ്പോഴും ഡോക്ടര്‍ജി ഇദ്ദേഹത്തെ യാത്രയയക്കാനും സ്വീകരിക്കാനും റെയില്‍വെ സ്റ്റേഷനുകളില്‍ ചെന്നിട്ടുണ്ട്. ഈ യാത്രയ്ക്കിടയില്‍ മഹാരാഷ്ട്രയിലെ സംഘപ്രവര്‍ത്തനത്തെക്കുറിച്ചും സംഘേതരമായ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളെക്കുറിച്ചും യുവാവായ മൂളെജി മനസ്സിലാക്കാന്‍ തുടങ്ങി. നാരായണ്‍റാവു സാവര്‍ക്കറെയും ഡോ. മൂംജെയെയും വിശ്വനാഥ്‌റാവു കേള്‍ക്കറേയും പോലുള്ള മഹാരഥന്മാരെ അടുത്തുകണ്ടു പരിചയിക്കാനും ഈ യാത്രയില്‍ അദ്ദേഹത്തിനു സാധിച്ചു. ഒരര്‍ത്ഥത്തില്‍ മാധവ്‌റാവു മൂളെയെന്ന ഭാവിപ്രചാരകനെ വാര്‍ത്തെടുക്കാനുള്ള പരിശ്രമമായിരുന്നു ഡോക്ടര്‍ജി നടത്തിയത്. എന്നത്തെയുംപോലെ അതും വിജയകരമായി പരിണമിച്ചതിന് ചരിത്രം സാക്ഷി. മെല്ലെ മെല്ലെ മാധവ്‌റാവുവിന്റെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാം സ്ഥാനം സംഘപ്രവര്‍ത്തനത്തിനായി.
1933 ല്‍ ചിപ്‌ളൂണില്‍ ശാഖ തുടങ്ങി. ഡോക്ടര്‍ജിയും ദാദാറാവുജിയും ഏകനാഥ്ജിയുമൊക്കെ ഈ ശാഖ സന്ദര്‍ശിച്ചു തുടങ്ങി. മൂളെജിയുടെ സാന്നിധ്യത്തിനായി വീടും കടയും ശാഖയും തമ്മില്‍ മത്സരമായി. മത്സരത്തില്‍ ശാഖ തന്നെ ജയിച്ചു. മകനെ വല്ലപ്പോഴും കണ്ടാലെങ്കിലും മതിയെന്ന് സമ്മതിച്ചുകൊണ്ട് അമ്മ ആശ്വസിച്ചു. ശാഖ ശക്തമായതോടെ മൂളെജി സൈക്കിള്‍ കടയില്‍ നിന്നും മുക്തനായി. കട നോക്കാന്‍ മറ്റൊരാളെ ഏല്‍പ്പിച്ചുകൊണ്ട് മൂളെജി ശാഖ നോക്കാനായി വീടുവിട്ടിറങ്ങി. അന്നത്തെ വ്യവസ്ഥയില്‍ വിസ്താരക പ്രവര്‍ത്തനമായിരുന്നു അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ ശാഖയില്‍ നിന്നും നാലഞ്ചുപേര്‍ ഇതേ ശൈലിയില്‍ വിസ്താരക പ്രവര്‍ത്തനം നടത്തി. 1937 ല്‍ ഹൈദരാബാദിലെ നൈസാമിനെതിരെ സത്യഗ്രഹം നടത്താനായി നാട്ടില്‍ നിന്നും ഒരു സംഘവുമായി അദ്ദേഹം പുറപ്പെട്ടു. സമരാനന്തരം അവിടെ എട്ടുമാസം ജയിലിലും കിടന്നു. 1938 ല്‍ പൂണെയിലെ ഹനുമാന്‍മന്ദിര സമരത്തിലും (സോന്യാമാരുതി സത്യഗ്രഹം) പങ്കെടുത്തു. 1938 ലെ സംഘശിക്ഷാവര്‍ഗ്ഗില്‍ മുഖ്യശിക്ഷകനായി പ്രവര്‍ത്തിച്ചു. ഗുരുജിയായിരുന്നു വര്‍ഗ്ഗ് അധികാരി. വെറും ആറു വര്‍ഷത്തെ സംഘടനാപാരമ്പര്യം മാത്രമുണ്ടായിരുന്ന ഗുരുജി സംഘത്തിന്റെ സര്‍കാര്യവാഹാകുന്നത് ഇതിനു തൊട്ടടുത്ത വര്‍ഷമാണ്. ഈ വര്‍ഗ്ഗിന്റെ സമാരോപിനു ശേഷം മുഖ്യശിക്ഷകന്‍ വീടുവിട്ടിറങ്ങി ഇന്നത്തെ നിലയിലുള്ള പ്രചാരകജീവിതവും തുടങ്ങി. ഒരു വര്‍ഗ്ഗിനകത്ത് വര്‍ഗ്ഗാധികാരിയും മുഖ്യശിക്ഷകനും വര്‍ഗ്ഗ് കാര്യവാഹുമൊക്കെ ഒരു മാസക്കാലത്തോളം അടുത്തിടപഴകി ജീവിക്കുമെന്ന് നമുക്കറിയാമല്ലോ. ഇത്തരത്തിലുള്ള മഹാരഥന്മാരുടെ മഹാസംഗമങ്ങള്‍ എല്ലായ്‌പ്പോഴും പവിത്രവും ചിലപ്പോഴൊക്കെ ചരിത്രപരവും ആയിരിക്കും. ഇത്തരത്തിലുള്ള ചരിത്രപ്രാധാന്യം 1938 ലെ വര്‍ഗ്ഗിനുണ്ടായി. ആ വര്‍ഗ്ഗിലെ അധികാരിയും മുഖ്യശിക്ഷകും പിന്നീട് സര്‍കാര്യവാഹുമാരായി എന്നതാണ് ഒരു ചരിത്രവിശേഷം. ഈ സമാഗമത്തിന്റെ ചരിത്രവൈശിഷ്ട്യം അടിവരയിട്ടുറപ്പിക്കാന്‍ ഗുരുജിയുടെ ഒരു പരാമര്‍ശവും ഹേതുവാണ്. ”സംഘത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മാധാവ്‌റാവു മൂളെജി എന്ന മുഖ്യശിക്ഷകന്റെ വിചാരവും വ്യവഹാരവും കാരണമായി”- എന്നാണ് ഗുരുജി ഈ ഇടപഴകലിനെക്കുറിച്ച് പിന്നീട് പറഞ്ഞത്. 1939 ലെ സിന്ദി ബൈഠക്കില്‍ കൃഷ്ണറാവു മൊഹ്‌രീലിനൊപ്പം അതിന്റെ അണിയറയിലെ വ്യവസ്ഥകളിലെ സജീവസാന്നിധ്യമായിരുന്നു മൂളെജി. ഈ വര്‍ഗ്ഗ് പൂര്‍ത്തിയായ ഉടനെതന്നെ പ്രചാരകപന്ഥാവില്‍ പ്രയാണമാരംഭിച്ചു. 1939 ല്‍ പ്രചാരകനായെങ്കിലും പഞ്ചാബിലേക്ക് നിയുക്തനായത് 1940 ലായിരുന്നു.
പഞ്ചാബില്‍ രാജാഭാവു പാതുര്‍ക്കര്‍ജിയുടെ തേരോട്ടമുണ്ടായ മണ്ണിലാണ് മാധവ്‌റാവു മൂളെജി സംഘത്തിന്റെ വേരുകളാഴ്ത്തിയിറക്കിയത്. പാതുര്‍ക്കര്‍ജിയുടെ പ്രതാപപൂര്‍വ്വമായ സംഘപ്രവര്‍ത്തനത്തിന് അനുയോജ്യനായ അനുഗാമിയെയായിരുന്നു പഞ്ചാബിന് ലഭിച്ചത്. ഗ്രാമങ്ങളിലും കലാലയങ്ങളിലും മൂളെജി നേരിട്ടു യാത്ര ചെയ്ത് സംഘ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സദ്ഗുരു പ്രതാപ്‌സിംഗ്ജിയെപ്പോലുള്ള സിഖ് ഗുരുക്കന്മാരുടെ സഹകരണവും സഹായങ്ങളും അദ്ദേഹത്തിന് ലഭിച്ചു. ആര്യസമാജവുമായും അവരുടെ സ്ഥാപനമായും അടുത്തിടപഴകി പ്രവര്‍ത്തിച്ചു. ഹിന്ദ് മസ്ദുര്‍ സംഘ് (ഒങട) പ്രവര്‍ത്തകരില്‍ തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വരെ സംഘത്തെ എത്തിക്കാനും അവരില്‍ പലരെയും സംഘാനുകൂലികളാക്കി മാറ്റാനും മൂളെജിയുടെ നേതൃത്വത്തിലുള്ള സംഘവ്രതികള്‍ക്ക് സാധിച്ചു. മുസ്ലീം സ്വാധീനമുള്ള പ്രദേശങ്ങളില്‍ സൈ്വരമായി പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിപ്പിക്കാനും, സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഉടലെടുത്താല്‍ അവയെ നേരിടാനും സന്നദ്ധരായ വലിയൊരു സ്വയംസേവകനിരയെ അദ്ദേഹം കെട്ടിപ്പടുത്തു. ഇവരില്‍ ചിലര്‍ സുന്നത്തു ചെയ്ത് മുസ്ലീംവേഷം ധരിച്ച്, മുസ്ലീങ്ങള്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് സംഘപ്രവര്‍ത്തനം നടത്തി. ഇത്തരത്തില്‍ മാധവറാവുജി സൃഷ്ടിച്ച സ്വയംസേവകനിരയായിരുന്നു വിഭജനകാലത്തെ കൊടുംക്രൂരതകളില്‍ നിന്നും ഇരകളെ രക്ഷിച്ചതും കൊടുംയാതനകളില്‍ അവര്‍ക്കു താങ്ങായതും.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും സ്വാതന്ത്ര്യസമരം നടന്ന കുറച്ചു സ്ഥലങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നു. മാഹി, ഗോവ, ഹൈദരാബാദ് തുടങ്ങിയവയൊക്കെ ഈ ഗണത്തില്‍പ്പെടുന്നതാണ്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഭരണകൂടത്തിന്റെ മൂകസാക്ഷിത്വത്തില്‍ ഭാരതീയര്‍ പീഡിപ്പിക്കപ്പെട്ട ചുരുക്കം ചില സ്ഥലങ്ങളേയുള്ളൂ. അക്കൂട്ടത്തില്‍ കൂടുതല്‍ പ്രദേശങ്ങളും ഇന്നത്തെ പാക്കിസ്ഥാനിലും കശ്മീരിലും പഞ്ചാബിലുമായിരുന്നു. ഈ ഭീഷണ സാഹചര്യങ്ങളെയൊക്കെ അതിജീവിക്കാന്‍ പഞ്ചാബിലെ സ്വയംസേവകര്‍ സജ്ജരായിരുന്നു. ആര്യസമാജം പോലുള്ള സഹോദര സംഘടനകളുടെ സഹകരണം കൂടിയായപ്പോള്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള സ്വാതന്ത്ര്യസമരം ഫലപ്രദമായി നയിക്കാന്‍ മൂളെജിക്കു സാധിച്ചു. പഞ്ചാബിലെ പ്രശ്‌നബാധിത മേഖലകളില്‍ നിന്നും എത്തിയ ഒരു സ്വയംസേവകന്റെ പിതാവ് സംഘശിക്ഷാവര്‍ഗ്ഗില്‍ ഗുരുജിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് മനസിലാക്കിയതിനുശേഷം സംഘശിക്ഷാവര്‍ഗ്ഗ് ഉടനടി അവസാനിപ്പിക്കാന്‍ സംഘം തീരുമാനിച്ചു. മാത്രമല്ല, നമ്മുടെ സഹോദരങ്ങളായ ഭാരതീയര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സംഘം സ്വയംസേവകരോടു നിര്‍ദ്ദേശിച്ചു. പീഡനങ്ങളും അക്രമങ്ങളും അരങ്ങിലായിരുന്നുവെങ്കില്‍ അണിയറയില്‍ വന്‍തോതിലുള്ള കൂട്ടമതംമാറ്റം നടക്കുന്നുണ്ടായിരുന്നു. വര്‍ഗ്ഗിലെ സമാരോപില്‍ മാധവ്‌റാവു മൂളെജി സാഹചര്യത്തിന്റെ ഭീഷണത സഗൗരവം പ്രതിപാദിക്കുകയും സ്വയംസേവകരെ സേവനസന്നദ്ധരാക്കുകയും ചെയ്തു. ജീവന്‍ നഷ്ടപ്പെട്ടാലും കര്‍മ്മഭൂമിയില്‍ നിന്നും പിന്തിരിയുകയില്ലെന്ന് മനസ്സാലുറപ്പിച്ചിട്ടാണ് അവര്‍ വര്‍ഗ്ഗില്‍ നിന്നും തിരികെ പോയത്. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ഗോപീചന്ദ് ഭാര്‍ഗവുമായി കൂടിക്കാഴ്ച നടത്തി. ”കൈയ്യില്‍ തോക്കും പീരങ്കിയുമൊന്നുമില്ലെങ്കിലും നമ്മുടെ സ്വയംസേവകരെ നമുക്കു വിശ്വസിക്കാം. അവനവന്റെ ജീവന്‍ വെടിഞ്ഞിട്ടാണെങ്കില്‍ പോലും ആപത്തില്‍പ്പട്ട ഭാരതീയരെ സ്വയംസേവകര്‍ രക്ഷിച്ചിരിക്കും”- ഇതായിരുന്നു മൂളെജി മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പ്. അന്ന് ആ ശിബിരത്തില്‍ നിന്നും സേവനം നടത്താനുള്ള ആഹ്വാനം ശിരസാവഹിച്ച് യുദ്ധഭൂമിയില്‍ പോരാടാനിറങ്ങിയ സ്വയം സേവകരാരും പിന്നീട് വീടുകളില്‍ തിരിച്ചെത്തിയിട്ടില്ല. വിഭജനത്തിന്റെ ദുഃഖചരിത്രം പറയുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കാണുമ്പോള്‍ അവയില്‍ എല്ലാത്തിലും ഒരു സ്വയംസേവകന്റെ മൃതശരീരം ഉണ്ടാവുമെന്നുറപ്പാണ്. അപ്രകാരം പറഞ്ഞതുപോലെ തന്നെ ജീവന്‍ വെടിഞ്ഞുകൊണ്ട് അവര്‍ തോക്കുകളോടും പീരങ്കികളോടും മുസ്ലീംവാളുകളോടും പോരാടി.
യുദ്ധസമാനമായ അന്തരീക്ഷം നമ്മുടെ രാഷ്ട്രജീവിതത്തില്‍ ധാരാളമുണ്ടായിട്ടുണ്ട്. ഓരോ ഘോരയുദ്ധത്തിന്റെയും അവസാനം ഇവിടുത്തെ മണ്ണിന്റെ മണം മുറ്റുന്ന സാധാരണക്കാരന്റെ ജീവിതം അതികഠിനമായിരുന്നു. യുദ്ധങ്ങള്‍ കഴിഞ്ഞ് വിജയികളായ രാജാക്കന്മാര്‍ അങ്കം വിട്ട് അന്തഃപുരങ്ങള്‍ പുല്‍കിയപ്പോള്‍, സാധാരണക്കാരന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതം പുതിയ പുതിയ യുദ്ധങ്ങളെ നേരിട്ടിരുന്നു. അത് മുഹമ്മദ് ഗോറി മുതല്‍ റോബര്‍ട്ട് ക്ലൈവ് വരെ നീണ്ടുനിന്നു. ഗോറിയുടെ കൊളളയ്ക്ക് ശേഷവും ക്ലൈവിന്റെ ആധുനിക അധിനിവേശാനന്തരവും ഹിന്ദുവിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ജീവിതം ഒടുങ്ങാത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോയത്. ഇപ്രകാരം യുദ്ധങ്ങള്‍ക്കു ശേഷം ഭരണകൂടപരമായ താത്കാലിക സമാധാനങ്ങള്‍ ഉണ്ടായപ്പോഴും സാമൂഹികമായ അശാന്തി ഇവിടെ യുദ്ധസമാനമായ അന്തരീക്ഷം നിലനിര്‍ത്തി. മൗണ്ട്ബാറ്റണ്‍ ഭാരതം വിട്ടപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ഈ അവസ്ഥയുടെ ചില അവശിഷ്ടങ്ങള്‍ ഇന്നത്തെ സാമൂഹ്യജീവിതത്തിലും കാണാം. സംഘം മുഖേനയും അല്ലാതെയുമുണ്ടായ ദേശീയതയുടെ നവ്യവും ഭവ്യവുമായ ഉയര്‍ത്തെഴുന്നേല്‍പ്പ് കാരണം ഇക്കാലത്ത് അവ കൂടുതല്‍ ദൃശ്യമാകുന്നില്ലെന്ന് മാത്രം. സ്വാതന്ത്യാനന്തരഭാരതത്തില്‍ ഇത്തരം ഭീഷണികളെ നേരിടാന്‍ സംഘത്തിന്റെ സ്വയംസേവകര്‍ക്ക് സാധിക്കുമെന്നതിനുള്ള ആദ്യത്തെ പരീക്ഷണവും അതിന്റെ വിജയവുമാണ് നാം ലാഹോറിലും കാശ്മീരിലും കണ്ടത്. ആ സമയത്ത് ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് മൂളെജി.
ഡോക്ടര്‍ജിയുടെ ശിക്ഷണത്തില്‍ സംഘകാര്യകര്‍ത്താക്കളുടെ സഹജമായ ശൈലിയിലുള്ള പാകപ്പെടല്‍ പ്രക്രിയയിലൂടെയാണ് മൂളെജിയും വളര്‍ന്നു വന്നത്. അദ്ദേഹത്തിന്റെ സവിശേഷ ജീവിത സാഹചര്യങ്ങളിലെ വെല്ലുവിളികളിലൂടെ ആരംഭിച്ച് ഖണ്ഡിതഭാരതത്തിന്റെ സവിശേഷ വെല്ലുവിളികളിലൂടെ കടന്നുവന്ന് അടിയന്തരാവസ്ഥയുടെ സവിശേഷ പ്രതിസന്ധികളില്‍ പരിപക്വത പ്രാപിച്ച കര്‍തൃത്വമായിരുന്നു മൂളെജിയുടേത്. ഇതിനിടയിലെ സമ്പൂര്‍ണ്ണസംഘജീവിതം തപോമയമായിരുന്നുവെന്ന് അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാവും.
(തുടരും)