1943-ല്‍ മദിരാശി പ്രാന്തത്തിലേയ്ക്ക് പ്രചാരകനായി നിയോഗിക്കപ്പെട്ട ദത്താജി ഡിഡോള്‍ക്കര്‍ കര്‍മ്മ ക്ഷേത്രത്തില്‍ ഏതുരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ദാദാറാവുവിനോട് ചോദിച്ചു. രൂക്ഷമായ ഒരു നോട്ടമല്ലാതെ അദ്ദേഹം പ്രതീക്ഷിച്ച തരത്തിലുള്ള ഉപദേശമൊന്നും ഉണ്ടായില്ല. ഒടുവില്‍ തൃശ്ശൂരിലേയ്ക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് അദ്ദേഹത്തിന് മറുപടി കിട്ടി. “If you know what to do, you will know how to do.” പ്രചാരകപഥത്തിലെ വ്യത്യസ്തമായ അനുഭവങ്ങളെയും നൈസര്‍ഗ്ഗികമായ പുതിയ സല്‍പരീക്ഷണങ്ങളെയും പുറകോട്ടു വലിക്കുന്ന എല്ലാവിധ മുന്‍ധാരണകളെയും ഉപദേശസഹസ്രാവലികളെയും നിരാകരിക്കാനുള്ള ആഹ്വാനമായിരുന്നു ഈ വാക്കുകള്‍.
ഇത്തരത്തില്‍ സംഘപഥത്തിലെ വലിയ വലിയ സമസ്യകളെ ചെറിയ പുഞ്ചിരികള്‍ കൊണ്ടുതള്ളിക്കളയാനുള്ള ശക്തി പകരുന്ന സുന്ദരമായ വാക്കുകളെ സ്വയംസേവകരുടെ ഹൃദയത്തില്‍ കോറിയിടാന്‍ ദാദാറാവുവിനു കഴിഞ്ഞു. സ്വയം സംസാരിക്കുന്ന അത്തരം ചില ഉദാഹരണങ്ങള്‍ നോക്കാം;
“Sangh is an evolution of the life mission of the Hindu nation.”
“Dangers do not come alone, they come in battalions, but come along with opportunities.”
“Organisation for its own sake. Nobody to be kicked and no soul to be damned.”
“Are you irregularly regular or regularly irregular in the Shakha?”
“There is no reason in your saying that season is the reason for the decrease of a Shakha..?”
“I have seen a few shakhas with few swayamsevaks; but here are good many swayamsevaks without a shakha.”
“Shall I send an Englishman to work for you. No outsider, everybody is insider. Shakha is for you, of you, by you.”
“No temeperament, No tendency. No faculty, No facility. If you are sent to hell, organise hell.”
“No lip symapathy, we want leg sympathy. Come to sanghsthan.”
“Opposition is Supposition.”
അന്തരാര്‍ത്ഥം ഗ്രഹിച്ചാല്‍ ഇതൊക്കെയും ഋഷിവചനങ്ങള്‍ പോലെ സ്മരിക്കാവുന്ന സൂത്രവാക്യങ്ങളാണെന്ന് നമുക്ക് മനസ്സിലാക്കാം. വളരെ തീവ്രതയേറിയ വൈചാരികതയും ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന വൈകാരികതയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കുണ്ടായിരുന്നു. ഡോക്ടര്‍ജിയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ അദ്ദേഹം സ്വയമേവ വികാരത്തിന് അടിപ്പെടുകയും ചെയ്യും. 1963-ല്‍ ബറേലിയിലെ സംഘ ശിക്ഷാവര്‍ഗ്ഗില്‍ ഡോക്ടര്‍ജിയെക്കുറിച്ചു സംസാരിച്ചു കഴിഞ്ഞതിനു ശേഷം ഡോക്ടര്‍ജിയുടെ ഓര്‍മ്മകളാല്‍ വലഞ്ഞ അദ്ദേഹത്തിന് അന്നുരാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. രാത്രി രണ്ടു മണിക്ക് ഉറങ്ങാനാവാതെ ഡോക്ടര്‍ജിയെക്കുറിച്ച് ചിന്തിച്ചു സങ്കടപ്പെട്ടിരുന്ന ദാദാറാവുവിനെ കണ്ട് അന്നത്തെ പ്രാന്തപ്രചാരകനായിരുന്ന രജുഭയ്യയും ദുഃഖിതനായി. ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ കൊണ്ട് നെയ്‌തെടുത്തതാണ് അദ്ദേഹത്തിന്റെ ജീവിതം.
ഡോക്ടര്‍ജി നേരിട്ടു ശ്രദ്ധിച്ച ഗണയില്‍ സംഘത്തിന്റെ ബീജമന്ത്രം ചൊല്ലിപ്പഠിച്ച ദാദാറാവു, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ഇരുപത്തിമൂന്നു വര്‍ഷം സംഘപഥത്തില്‍ ജീവിച്ചു. ഡോക്ടര്‍ജിയോടുള്ള അചഞ്ചലമായ കടപ്പാടാണ് കുശപഥക്കിലെ എല്ലാവരെയും പോലെ ദാദാറാവുവിനെയും ഈ തീരുമാനത്തിലെക്ക് നയിച്ചത്. ആദ്യനിരോധനം നീങ്ങിയതിനുശേഷം അധ്യാത്മിക ചിന്തകളില്‍ മുഴുകിയ അദ്ദേഹം പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തിലേയ്ക്കു പോയി. വിവിധ ആശ്രമങ്ങളില്‍ മാറിമാറി ജീവിച്ച അദ്ദേഹം ഈ കാലഘട്ടത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നില്ല. അതേസമയം മറ്റൊരു സംഘടനയിലോ പ്രസ്ഥാനത്തിലോ അംഗമായിരുന്നില്ല. ആയിടയ്‌ക്കൊരിക്കല്‍ പാലക്കാട് സന്ദര്‍ശിച്ച അദ്ദേഹത്തോട് ജില്ലാ സംഘചാലകന്‍ മുട്ടത്തില്‍ ഈച്ചരമേനോന്‍ ചോദിച്ചു:- ‘ “Dadaji, What is your association with Aurobindo Ashram?’ വെടിയുണ്ടപോലെ ഉത്തരം വന്നു:- “I have no asssociation with any association whatsoever.”
ദാദാറാവുജിയുടെ ഈ സ്ഥിത്യന്തരത്തില്‍ മനംനൊന്ത ആത്മമിത്രം ആപ്‌ടെജി അദ്ദേഹത്തെ തിരികെ നാഗ്പൂരിലെത്തിക്കണമെന്നു രോഗശയ്യയില്‍ വെച്ച് അപ്പാജി ജോഷിയെ ചട്ടം കെട്ടി. അപ്പാജി പോണ്ടിച്ചേരിയിലേക്ക് എഴുതി. അദ്ദേഹത്തിന്റെ കത്ത് കിട്ടിയപ്പോള്‍ ദാദാറാവുജി പൂണെയില്‍ വന്ന് അപ്പാജിയെ കണ്ടു. മണിക്കൂറുകള്‍ സംസാരിച്ചതിനുശേഷം പൊട്ടിക്കരഞ്ഞ അവരുടെ സ്‌നേഹത്തിനു കീഴ്‌പ്പെട്ട് ദാദാറാവുജി സംഘപഥത്തില്‍ വീണ്ടും സജീവമാകാന്‍ തീരുമാനിച്ചു. പിന്നീട് വീണ്ടും ഹരിശ്രീ കുറിച്ചുകൊണ്ട് പൂര്‍വാധികം ശക്തിയോടും ഭക്തിയോടും കൂടി സംഘ സപര്യയില്‍ മുഴുകി. ആസാമില്‍ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. ആശ്രമത്തില്‍ ആയിരുന്നപ്പോള്‍ പോലും അദ്ദേഹത്തിന്റെ സംഘ ദര്‍ശനത്തിലെ കണിശനിഷ്ഠ പുറത്തുവന്ന സന്ദര്‍ഭമുണ്ടായി. ആശ്രമത്തിന്റെ പ്രതിജ്ഞ ചെയ്യാന്‍ സഹയോഗികള്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘ പ്രതിജ്ഞയ്ക്കുമേല്‍ മറ്റൊരു പ്രതിജ്ഞയുടെ നിരര്‍ത്ഥകത മനസ്സിലാക്കിയ അദ്ദേഹം അതിന് കൂട്ടാക്കിയില്ല. ”ജീവിതത്തില്‍ പ്രതിജ്ഞ ഒരിക്കലേ എടുക്കേണ്ടതുള്ളൂ. അത് നേരാം വണ്ണംപൂര്‍ത്തിയാക്കിയാല്‍ മതി” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പിന്നെയുള്ള കുറച്ചുകാലം സംഘത്തിന്റെ വര്‍ഗ്ഗുകളിലും മറ്റു പരിപാടികളിലും അദ്ദേഹം പഴയ പോലെ നിരന്തരം യാത്ര ചെയ്തു സന്തുഷ്ടനായി. തിരിച്ചു വന്നതിനു ശേഷം 1962 ല്‍ സംഘസംസ്ഥാപകന്റെ സ്മൃതിമന്ദിരത്തിന്റെ ഉദ്ഘാടനാഘോഷത്തിനിടയില്‍ കേരളത്തില്‍ നിന്നുള്ള ഒരു പ്രചാരകനെ കണ്ടപ്പോള്‍ ഒരു സുഹൃത്തിനെപ്പോലെ പുറകുവശത്തുകൂടി ചെന്ന് അദ്ദേഹത്തിന്റെ ചെവി രണ്ടും പിടിച്ചുവലിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ‘I have come back’ എന്ന് പറഞ്ഞ് പുഞ്ചിരിക്കുന്ന ദാദാറാവുജിയെ കണ്ട സഹപ്രവര്‍ത്തകന്‍ പക്ഷെ കരയുകയായിരുന്നു. കുറച്ചു നാളത്തെ ഇടവേളയ്ക്കുശേഷം അദ്ദേഹത്തിന്റെ തിരിച്ചു വരവില്‍ എല്ലാവരും സന്തുഷ്ടരായി. സംഘം ഒരു കുടുംബസംഘടനയാണെന്ന ഗുരുജിയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി ശരിവെയ്ക്കപ്പെട്ടു. ലോകത്തില്‍ വിവിധ സംഘടനാ ചരിത്രങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ‘വഴിമാറിപ്പോയ പ്രവര്‍ത്തകരുടെ തിരിച്ചുവരവുകള്‍’ കുടുംബത്തിലെന്നപോലെ ആഘോഷിക്കുന്ന പതിവ് നമുക്ക് പണ്ടേ ഉണ്ടായിരുന്നുവെന്ന് ചുരുക്കം.
1956 ഫെബ്രുവരിയില്‍ ഗുരുജി പട്ടാമ്പിയില്‍ ആയുര്‍വ്വേദചികിത്സയിലായിരുന്നപ്പോള്‍ അവധൂതപരിക്രമണങ്ങളിലായിരുന്ന ദാദാജി തീര്‍ത്തും അവിചാരിതമായി അവിടെ പ്രത്യക്ഷപ്പെട്ടു. ആരോടൊക്കെയോ അന്വേഷിച്ചെത്തിയതാണദ്ദേഹം. ഗുരുജിയെ കണ്ട് സംസാരിക്കണമെന്നതായിരുന്നു ഏക ഉദ്ദേശ്യം. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് രണ്ടുപേരും മുറിക്കകത്തൊരുമിച്ചിരുന്നു സംസാരിച്ചു.
അടച്ചിട്ട മുറിയില്‍നിന്നും അര മണിക്കൂര്‍ കഴിഞ്ഞു കലങ്ങിയ കണ്ണുകളുമായി പുറത്തുവന്ന അദ്ദേഹം “I have washed his feet with my tears” എന്നുപറഞ്ഞു മുഴുമിപ്പിക്കാതെ, കണ്ടു നിന്ന സഹപ്രവര്‍ത്തകരുടെ മനസ്സില്‍ തീ കോരിയിട്ടുകൊണ്ടു നടന്നകന്നു. ഗുരുജിയുടെ കാലുകള്‍ കണ്ണീരുകൊണ്ട് കഴുകിയെന്നു പറഞ്ഞ അദ്ദേഹം “I used to follow him like a faithful dog” എന്നായിരുന്നു ഡോക്ടര്‍ജിയെക്കുറിച്ചു അഭിമാനത്തോടെ പറഞ്ഞിരുന്നത്. ഇടിവെട്ടുന്നതുപോലെയും തീവമിക്കുന്നതുപോലെയും ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ എങ്കിലും അത്യന്തം അര്‍ത്ഥവത്തായതും അതിതീവ്രമായ വൈകാരികതയുണര്‍ത്തുന്നതും തികച്ചും സത്യസന്ധവുമായിരുന്നു. പലരും പറയാന്‍ കൊതിക്കുന്ന വാചകങ്ങള്‍ ആണ് അദ്ദേഹം ഡോക്ടര്‍ജിയെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞത്. ആധുനികമഹാഭാരതത്തില്‍ പ്രജാക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തി മഹാപ്രസ്ഥാനം ചെയ്ത അഭിനവ യുധിഷ്ഠിരനെ അവിരതം പിന്തുടര്‍ന്ന് സ്വര്‍ഗ്ഗം പൂകിയ നായയുടെ ജന്മംപോലും പവിത്രമെന്നു മനസ്സിലാക്കുമ്പോള്‍ മാത്രമേ ദാദാറാവുജിയുടെ ഈ വാക്കുകളുടെ പരമാര്‍ത്ഥം നമ്മില്‍ വികാരമുണര്‍ത്തുകയുള്ളൂ. അതുകൊണ്ടാണ് അദ്ദേഹത്തെ അവധൂതന്‍ എന്നു വിളിക്കുന്നത്. നമ്മുടെ കയ്യിലുള്ള കോലുകൊണ്ടളന്നാല്‍ പിടികിട്ടാത്തവന്‍. അനുകരിക്കാന്‍ വിഷമമുള്ള ജീവിതവും എന്നാല്‍ സാക്ഷാത്ക്കരിക്കാന്‍ എളുപ്പമുള്ള ജീവിതതത്ത്വവുമാണ് ഡോക്ടര്‍ജിയുടെ മാനസപുത്രനായ ദാദാറാവുവിന്റേത്.

1963-ല്‍ സോണിപത്തില്‍ നടന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുത്തു ദില്ലി കാര്യാലയത്തില്‍ മടങ്ങിയെത്തിയ അദ്ദേഹം സൂര്യാഘാതത്തെ തുടര്‍ന്നുണ്ടായ കഠിനമായ പനിയെ തുടര്‍ന്ന് ജൂണ്‍ 27-നു ദില്ലി കാര്യാലയത്തില്‍ വെച്ച് ശരീരം വെടിഞ്ഞു. മാധവറാവുമുളെജി ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.
(അവസാനിച്ചു)