Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഒരു ഇന്ദ്രധനുസ്സിന്റെ ഓര്‍മ്മയ്ക്ക്

സി.പി. നായര്‍സി.പി. നായര്‍
6 August 2021

1954ല്‍ ഞാന്‍ പഴയ സിക്‌സ്ത്ത് ഫോമില്‍ പഠിക്കുമ്പോഴാണ് വയലാറിന്റെ ‘ആയിഷ’ വെളിച്ചം കണ്ടത്. (അന്ന് ആ പ്രതിഭാശാലിക്കു വയസ്സ് 26 ”കൊന്തയും പൂണൂലും” രചിക്കുമ്പോള്‍ വെറും 22!) സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളായ പാഠപുസ്തകങ്ങളില്‍ – അന്നത്തെ ‘ഗദ്യപാഠാവലി’ കളിലും ‘പദ്യപാഠാവലി’ കളിലും ഉള്‍ക്കൊള്ളിച്ചിരുന്ന കവിതകളില്‍ നിന്നും എത്രയോ വിഭിന്നമായ ഒരു കവിത! വയലാറിന്റെ വാങ്മയത്തെ പില്‍ക്കാലത്ത് ശ്രദ്ധേയവും ‘ജനപ്രിയ’വുമാക്കിയ ഘടകങ്ങളൊക്കെ ‘ആയിഷ’ യിലുമുണ്ടായിരുന്നു. സാധാരണക്കാരനായ, ഇറച്ചിവെട്ടുകാരനായ അദ്രമാന്റെയും അയാളുടെ മകള്‍ ആയിഷയുടെയും അതിസാധാരണമായ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരു പ്രമേയം; ലളിത സുന്ദരമായ, ഞാന്‍ പഠിച്ചു പോന്ന നിയോക്ലാസ്സിക് കവിതകളില്‍ സുലഭമായ കൃത്രിമത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത, ഹൃദയദ്രവീകരണക്ഷമമായ ആഖ്യാന ശൈലി: പതിമൂന്നു വയസ്സുകാരനായ എന്റെ അപക്വമായ ചിത്ത സത്വത്തെപ്പോലും വര്‍ഷങ്ങളോളം ഉന്മഥിച്ച ഒരു കഥാതന്തു; ഉള്ളില്‍ത്തട്ടുന്ന, സുപരിചിതമായ ബിംബങ്ങള്‍, സംഗീതസുരഭിലമായ, സരളമായ പദാവലി; സര്‍വ്വോപരി, വായനക്കാരനോടുള്ള ഊഷ്മളമായ, ഭ്രാതൃനിര്‍വിശേഷമായ ഒരുടുപ്പം – അധ്യാത്മ രാമായണം കിൡപ്പാട്ട്, കൃഷ്ണഗാഥ, രാമായണചമ്പു, വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും ആശാന്റെയും കവിതകള്‍ – അന്നത്തെ പാഠപുസ്തകങ്ങളിലെ സുപരിചിതമായ ഈ കാവ്യമാതൃകകളില്‍ക്കൂടി വളര്‍ന്ന എനിക്ക് ‘ആയിഷ’ തീര്‍ത്തും വ്യത്യസ്തമായ, ഉള്ളിനെ പിടിച്ചുലച്ച ഒരനുഭൂതിയായിരുന്നു. വീണ്ടും വീണ്ടും വായിച്ച്, അതിലെ ഒട്ടേറെ വരികള്‍ ശിലാരേഖകളെന്നപോലെ എന്റെ അപക്വമായ മനസ്സില്‍ പതിഞ്ഞു. അവയില്‍ ചിലതെങ്കിലും അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും, മനീഷ വാര്‍ദ്ധക്യം മൂലം ക്ഷീണിച്ചിട്ടും, ഓര്‍മ്മയില്‍ അവാച്യമായ മാധുരിയോടും അദമ്യമായ ഗൃഹാതുരത്വത്തോടും ജാഗരണം കൊള്ളുന്നുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

ആയിഷ, നാടിന്‍ രോമാഞ്ചങ്ങള്‍ തന്‍
നീലക്കാടിന്നായിടെ കൈയില്‍ വന്ന മഞ്ഞത്തുമ്പിയെ
പ്പോലെ,
കൊച്ചു ഗ്രാമത്തിന്‍ മുഗ്ധസങ്കല്പങ്ങളില്‍പ്പൂത്ത
പിച്ചക മലര്‍ക്കാവിന്‍ മടിയില്‍ വിഹരിച്ചു!
***
കൈകളില്‍ പ്പൊട്ടിപ്പൊട്ടിച്ചിരിക്കും വളകളും,
കൈതപ്പൂതിരുകിയ ചുരുളന്‍ മുടിക്കെട്ടും,
പുഞ്ചിരിയടരാത്ത മുഖവും, തേനൂറുന്ന
കൊഞ്ചലും – മറക്കുമോ നിങ്ങളെന്നായിഷയെ?
(ഓര്‍മ്മയില്‍ നിന്നെഴുതിയത്)
ബാല്യം വിടപറഞ്ഞു കൗമാരം തിരനോട്ടമാരംഭിച്ച എന്റെ മനസ്സില്‍ ഭാവസാന്ദ്രങ്ങളായ ഈ വരികള്‍ അവ്യക്തമായ, അവ്യാകൃതമായ എന്തെന്തു വികാരങ്ങള്‍ സൃഷ്ടിച്ചു എന്നു പറയാന്‍ സാധ്യമല്ല. അവയ്ക്കു ജന്മം നല്‍കിയ, കാവ്യ ദേവത കനിഞ്ഞനുഗ്രഹിച്ച കവിയെക്കാണാന്‍ ഹൃദയം വെമ്പല്‍കൊണ്ടിരിക്കവേയാണ് ആലപ്പുഴ ചന്ദനക്കാവിലുള്ള ഞങ്ങളടെ വീട്ടില്‍ ഒരു സായാഹ്നത്തില്‍ * അച്ഛനോടൊത്ത് അദ്ദേഹം വന്നെത്തിയത്. തറയില്‍ ചമ്പ്രം പടിഞ്ഞിരുന്ന് എന്തോ എഴുതുകയായിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റു. അജ്ഞാതമായ ഏതോ അന്തഃപ്രചോദനത്തിനു വിധേയനായി, വിടര്‍ന്ന പുഞ്ചിരിയോടെ ഞാന്‍ കവിയെ കൈകൂപ്പിത്തൊഴുതു.

”ഇത് എസ്.പി.പിള്ള – നിനക്കറിയാമല്ലൊ, അല്ലേ”? അച്ഛന്‍ ഒരു കുസൃതിച്ചോദ്യം ചോദിച്ചു. വയലാറിന്റെ പടം ധാരാളം കണ്ടിട്ടുണ്ടായിരുന്ന ഞാന്‍ പ്രതിഷേധിച്ചു.
”എസ്.പി.പിള്ളയും മറ്റുമല്ല. ഇതാരാണെന്ന് എനിക്കറിയാം.”

ADVERTISEMENT

”പിന്നാരാ? ങ, പ്രേം നസീറാണെന്നു നിനക്കു മനസ്സിലായി, അല്യോ?” അച്ഛന്‍ മറ്റൊരു ചൂണ്ടയെറിഞ്ഞു.
”ഇതു വയലാര്‍ രാമവര്‍മ്മയാ, എനിക്കറിയാം. ഞാന്‍ ആയിഷ വായിച്ചിട്ടുണ്ട്.” അല്പം സങ്കോചത്തോടും തെല്ലഭിമാനത്തോടും ഞാന്‍ പറഞ്ഞു.
വയലാറിനെ എന്റെ മറുപടി സ്പര്‍ശിച്ചുവെന്നു തോന്നുന്നു. അദ്ദേഹം വാത്സല്യത്തോടെ എന്നെ ചേര്‍ത്തു നിറുത്തി, എന്റെ പഠിത്തക്കാര്യവുമൊക്കെ ചോദിച്ചതോര്‍ക്കുന്നു.
ഓന്നാട്ടുകര ഭാഷയില്‍, എനിക്കു ‘സ്വര്‍ഗ്ഗം കിട്ടിയ വാശി’ ആയിരുന്നു, എന്റെ ആരാധ്യപുരുഷന്റെ വാത്സല്യം കിട്ടിയപ്പോള്‍!
നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞാണു വയലാറിനെ അതേ വീട്ടില്‍ വച്ച് – ചന്ദനക്കാവിലെ വേലായുധന്‍ മുതലാളിയുടെ ‘ലക്ഷ്മിസദന’ത്തില്‍ വച്ച് – വീണ്ടും കണ്ടത്. (മനോഹരമായ ആ പഴയ വീട് ഇന്നില്ല). അതിനകം കോളേജ് വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതിനാല്‍ ‘കൊന്തയും പൂണൂലും’, ‘മുളങ്കാടും’, ‘സര്‍ഗ്ഗഗീത’വും വായിച്ചിരുന്നു. കവിയോടൊപ്പം ഞങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അന്നത്തെ ‘ഐക്കണ്‍'(കരീി)ആയിരുന്ന കൗമുദി പത്രാധിപര്‍ കെ.ബാലകൃഷ്ണന്‍ എന്ന ബാലയണ്ണനും ഉണ്ടായിരുന്നു. സമയം രാത്രി പത്തുമണി കഴിഞ്ഞിരിക്കണം. അതിഥികള്‍ രണ്ടുപേരും ”വാരുണീമദവിഹ്വല” രായി, പരസ്പരം ആശ്ലേഷിച്ചും അവലംബനം നല്‍കിയുമാണ് വരവ്.

അതിഥി സല്‍ക്കാരപ്രിയനും സഹൃദയനും ആയിരുന്ന അച്ഛന്, അത്ര വളരെ സാധാരണമല്ലാത്ത ആ വരവു രസിച്ചെന്നു തോന്നുന്നു. അദ്ദേഹം സ്‌നേഹോദരമായ, ഊഷ്മളമായ സ്വാഗതമരുളി.
‘എന്റെ ഗുരുവേ!’ എന്ന് ഉച്ചത്തില്‍ ഉദീരണം ചെയ്തുകൊണ്ട് ഉഭയകക്ഷികളും ചേര്‍ന്ന് അച്ഛനെ ആലിംഗനം ചെയ്തു. ഏറെ പ്രയാസപ്പെട്ട് അച്ഛന്‍ ശിഷ്യന്മാരില്‍ നിന്നും വിമുക്തി നേടി രണ്ടു പേരെയും ഒരു തരത്തില്‍ കസേരയിലിരുത്തി.

‘പൊന്നു തമ്പുരാന്റെ വിശപ്പ്! ചേച്ചിയേ! രണ്ടു പേര്‍ക്ക് അത്താഴം തന്നേ ഒക്കൂ! വിശന്നു വീറുകിഴിഞ്ഞു! ഈ മഹാപാപി ദാഹിച്ച വെള്ളം പോലും തന്നില്ല!”അമ്മയുടെ പേര്‍ക്ക് ബാലയണ്ണന്റെ അടിയന്തിര സഹായാഭ്യര്‍ത്ഥനയാണ്.

അച്ഛന്‍ ഒരു കൃത്രിമ ഗൗരവം നടിച്ചു. ‘എന്തോന്നു ഹേ ഇത്? മറുതാ ഇറങ്ങുന്ന നേരത്ത് വലിഞ്ഞു കേറിവന്ന്, ഓര്‍ക്കപ്പുറത്ത് അത്താഴം ചോദിക്കുന്നോ? പണ്ട് ഉലഹന്നാന്‍ മാപ്പിള സാര്‍ ചോദിച്ചതുപോലെ, ഇവിടെ ദമയന്തീടെ ചട്ടിയോ മറ്റോ ഇരുപ്പുണ്ടോ തോന്നുമ്പം തോന്നുമ്പം ചോറും കറീം വിളമ്പാന്‍?’

ദമയന്തിയുടെ ചട്ടി ഭാവനാസൃഷ്ടിയല്ലെന്ന് അമ്മ തെളിയിച്ചു. പത്തുപതിനഞ്ചുമിനിട്ടിനകം ആവിപറക്കുന്ന പഴയരിക്കഞ്ഞി, ചൂടു ചെറുപയര്‍ തോരന്‍, കടുകുമാങ്ങ, പപ്പടം എന്നീ വിശിഷ്ട ഭോജ്യങ്ങള്‍ തയാറായി. ശിഷ്യദ്വയം വയര്‍ നിറയെ ഭുജിച്ച്, അഭിനന്ദന സൂചകമായി ഏമ്പക്കങ്ങള്‍ വിട്ട് സംതൃപ്തരായി ‘ഗുരു’ വിനോട് യാത്ര വഴങ്ങി.

കൊച്ചി തുറമുഖം ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരിക്കെ, 1975 ജൂണ്‍ മാസത്തിലാണ് ഞാന്‍ വയലാറിനെ അവസാനമായി കണ്ടത് – ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനെതിരെ അന്നു പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച്. എന്റെ കൂടെ ഭാര്യയും മകള്‍ അഞ്ചു വയസ്സുകാരി ഗായത്രിയും ഉണ്ടായിരുന്നു. ആ മാസം 25 നാണല്ലൊ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പത്രങ്ങള്‍ക്കു കര്‍ശനമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. സെന്‍സര്‍ഷിപ്പ് പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടു മുമ്പ്, സ്വതന്ത്രമായ അന്തരീക്ഷത്തില്‍ അവസാനമായി പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന്റെ കൊച്ചി പതിപ്പിന്റെ ഒരു കോപ്പി, എന്റെ ഭാര്യയുടെ ബന്ധുവായ അസിസ്റ്റന്റ് എഡിറ്റര്‍ വിജയകുമാര്‍ തോപ്പുംപടിയില്‍ കാത്തുനിന്ന് എനിക്കു കൈമാറിയിരുന്നു.

എന്നെ കണ്ടയുടന്‍ വയലാര്‍ ഓടിയെത്തി എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ നല്‍കിയ പത്രം അദ്ദേഹം ആവേശത്തോടെ വാങ്ങി വായിച്ചു. അടിയന്തരാവസ്ഥയെക്കുറിച്ച് കുറച്ചുനേരം സംസാരിച്ച്, എന്റെ മകളെ ലാളിച്ചതിനു ശേഷം അദ്ദേഹം യാത്ര പറഞ്ഞു. (വയലാറിന്റെ ”മുത്തുമണിപ്പളുങ്കുവെള്ളം” എന്ന മനോഹരമായ ഗാനം ”ആരോമലുണ്ണി” എന്ന ചിത്രത്തിലേതാണെന്നു തോന്നുന്നു – അവള്‍ അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ചുവെന്നാണോര്‍മ്മ).

ഓര്‍ക്കാപ്പുറത്താണ് അതീവ ഗുരുതരാവസ്ഥയില്‍ വയലാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയ വാര്‍ത്ത, ഒക്‌ടോബര്‍ മാസം ഒടുവില്‍, ഒരു സന്ധ്യയ്ക്കു വന്നെത്തിയത്. പിറ്റേദിവസം 27-ാം തീയതി, അദ്ദേഹം ഒരു ദീപ്ത സ്മരണയായി മാറി. വയലാറിന്റെ സംസ്‌ക്കാരച്ചടങ്ങിനു രാത്രിയില്‍ ഞാനെത്തിയതു പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനും വയലാറിന്റെ ആരാധനകനുമായ ഏ.കെ.കെ. നമ്പ്യാരോടൊത്തായിരുന്നു. അന്നു തുലാം പത്ത് ആയിരുന്നു – വയലാര്‍ സമരത്തിന്റെ വാര്‍ഷികം. അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഗൗരിയമ്മയെ വഴിയില്‍ കണ്ടുമുട്ടിയതും ഓര്‍മ്മയുണ്ട്.
ഞങ്ങള്‍ കൊച്ചിയ്ക്കു മടങ്ങുമ്പോള്‍ രാഘവപ്പറമ്പിലെ ചിതയില്‍ നിന്നും നേരിയ പുകച്ചുരുളുകള്‍ ഉയരുന്നുണ്ടായിരുന്നു. അകാലത്തു വിടപറഞ്ഞ മറ്റൊരു ‘വേണുഗാനലോല’ന്റെ ശേഷിപ്പ്! അദ്ദേഹത്തിന് അന്നു നാല്പത്തേഴു കഴിഞ്ഞിരുന്നില്ല.

ഞാനൊരു സാഹിത്യ നിരൂപകന്‍ പോയിട്ടു സാഹിത്യ വിദ്യാര്‍ത്ഥിപോലുമല്ല. പക്ഷെ വയലാറിനെ അനുസ്മരിക്കുമ്പോഴൊക്കെ അദ്ദേഹത്തെ ഒഴുക്കന്‍ മട്ടില്‍ ‘വിപ്ലവകവി’ എന്നു പരാമര്‍ശിച്ചു കേള്‍ക്കുമ്പോള്‍ എനിക്കു വല്ലായ്മ തോന്നിയിട്ടുണ്ട് – കുഞ്ഞിരാമന്‍ നായരെ ‘ഭക്തകവി’ എന്നു വിളിച്ചു കേള്‍ക്കുമ്പോഴത്തെപ്പോലെ. നിരൂപകവരേണ്യനായ മുണ്ടശ്ശേരി, മഹാകവി കുമാരനാശനെ ”വിപ്ലവത്തിന്റെ ശുക്രനക്ഷത്രം” എന്നു വിശേഷിപ്പിച്ചു കണ്ടപ്പോഴും എനിക്ക് ഈ ‘പന്തിയില്ലായ്മ’ തോന്നി. അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധമായ പ്രയോഗം ഉപയോഗിച്ചു പറഞ്ഞാല്‍, തെല്ലൊരു ‘അസംപ്രേക്ഷ്യകാരിത്വം’ ആ സാഹിത്യ മര്‍മ്മജ്ഞനെ ബാധിച്ചോ എന്നൊരു ശങ്ക അനുഭവപ്പെട്ടു. ആദ്യകാലത്തു വയലാര്‍ വിപ്ലവത്തിന്റെ വൈകാരികാവേശം ഉള്‍ക്കൊണ്ടിരുന്നുവെന്നതു ശരിയാണ്. ജന്മിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും ക്രൂരതകളെയും അവയ്‌ക്കെതിരായി പൊരുതുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിതശക്തിയെയും രക്ത സാക്ഷിത്വത്തെയും ഒക്കെക്കുറിച്ച് അദ്ദേഹം വാചാലമായി പാടിയിട്ടുണ്ട്. പക്ഷെ ആത്യന്തികമായി, വയലാര്‍ കവിതയുടെ ആത്മാവ് വിപ്ലവാവേശമല്ല, ഉദാത്തമായ മാനവികതയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
എന്ന്, ഏറെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈരടിയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഊഷ്മളമായ, നിരവധിയായ ആ മാനവികത തന്നെയാണെന്ന് എനിക്കു തോന്നുന്നു. പുന്നപ്ര വയലാറും രക്തം പുരണ്ട ഗാനവും തെലുങ്കാനയിലെ അമ്മയും നാഗസാക്കിയിലെ കുരിശുമൊക്കെ പിന്നിട്ട്, മാനവികതയുടെ രാജപഥത്തില്‍ ഏറെ മുന്നോട്ടു പോയ ഒരു ‘മനുഷ്യകഥാനുഗായി’യുടേതാണ്. വയലാറിനെ ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കവിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ അംശമായി എനിക്കു അനുഭവപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ചിരസ്മരണീയങ്ങളായ കവിതകളൊക്കെ ‘പാവം മാനവഹൃദയത്തെ’ കേന്ദ്രീകരിച്ചുള്ളവയാണ്; ജീവിതമെന്ന അജ്ഞേയമായ പ്രഹേളികയിലെ നിരാശ്രയനായ മനുഷ്യന്റെ അനിവാര്യമായ വിധിയായ ‘ശാശ്വതമൊന്നേ ദുഃഖ’ത്തെ സ്പര്‍ശിക്കുന്നവയാണ്.

മനുഷ്യന്‍, മനുഷ്യന്‍ ഞാ-
നെന്നില്‍ നിന്നാരംഭിച്ചു
മഹത്താം പ്രപഞ്ചത്തിന്‍
മധുര സങ്കല്പങ്ങള്‍!
***
മനുഷ്യന്‍- സൗന്ദര്യത്തെ,
സത്യത്തെ, സംസ്‌കാരത്തെ
യുണര്‍ത്തിജ്ജീവിപ്പിക്കും
സാമൂഹ്യ മനുഷ്യന്‍ ഞാന്‍!
ഞാന്‍ മിഴിയടയ്ക്കുമ്പോള്‍
രാവുകള്‍ – പകലുകള്‍,
ഞാന്‍ മിഴി തുറക്കുമ്പോ-
ളന്വഹം വന്നെത്തുന്നു.

എന്ന് സാഭിമാനം അവകാശപ്പെടുന്ന കവിയുടെ സര്‍ഗ്ഗപ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദു മനുഷ്യന്‍ തന്നെയാകാതെ വയ്യ, മാനവ ജീവിതത്തിലെ വൈഫല്യങ്ങളും ദുഃഖങ്ങളും, ”നോവുമാത്മാവിനെ സ്‌നേഹി” ക്കാനുള്ള വ്യഗ്രതയും അദ്ദേഹത്തിന്റെ കവിതയുടെ രൂപവും ഭാവവും മാറ്റി, അതിനു നിതാന്തോജ്ജ്വലമായ മനുഷ്യസ്‌നേഹത്തിന്റെ പരിവേഷം നല്‍കി എന്നു വിലയിരുത്തുന്നത് അസ്ഥാനത്തല്ലെന്നു തോന്നുന്നു. ”വ്യക്തിസത്വവും കവിസത്വവും തമ്മിലുള്ള പൊരുത്തക്കേട്” എന്നു ചില വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ആ പ്രത്യേകത, ഈ വികാസപരിണാമത്തിനപ്പുറം പോകുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്.

”കാലമാണവിശ്രമം പായുമെന്നശ്വം; സ്‌നേഹ-
ജ്വാലയാണെന്നില്‍ക്കാണും ചൈതന്യം സനാതനം”
എന്ന് ഉദ്‌ഘോഷിച്ച വയലാറിന്റെ കവിതയുടെ ആത്മാവ്, ആ ‘സ്‌നേഹജ്വാല’തന്നെ.

വയലാര്‍ ”പാട്ടുകള്‍ പാടാന്‍ വേണ്ടി നാടും കൂടും വിട്ടു കോടമ്പക്കത്തെ കല്പകശാഖികളിലേക്കു പറന്നു പോയി” എന്നു പരിഭവം ചൊല്ലുന്ന ലീലാവതി ടീച്ചര്‍ തന്നെ, ”കവിതാക്കാലത്തു പാട്ടിനെ കവിതയിലലിയിച്ച കവി, പാട്ടുകാലത്തു കവിതയെ പാട്ടിലലയിച്ചു” എന്ന, ആലോചനാമൃതമായ, അത്യന്തഹൃദ്യമായ ഒരഭിനന്ദനവചനം കൂടിപ്പറയുന്നുവെന്നതു ശ്രദ്ധേയമാണ്. ഞാന്‍ വായിച്ച ഒരു കണക്കനുസരിച്ചു വയലാര്‍ നാനൂറിലേറെ ചിത്രങ്ങള്‍ക്കു വേണ്ടി രണ്ടായിരത്തില്‍പ്പരം ഗാനങ്ങളെഴുതിയിട്ടുണ്ടത്രെ! ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ചലച്ചിത്ര ഗാനങ്ങളെന്നവണ്ണം, വയലാറിന്റെ പാട്ടുകളും പലപ്പോഴും മികച്ച കവിതയായി രൂപാന്തരപ്പെടുന്നു. ലീലാവതി ടീച്ചര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ”ഭാവധ്വനനമെന്ന മൗലികകാവ്യധര്‍മ്മം എപ്പോഴും തന്റെ പാട്ടുകളില്‍ പാലിക്കാന്‍ കഴിഞ്ഞതാണു ഗാന നിര്‍മ്മതാവെന്ന നിലയില്‍ വയലാറിന് അത്യുന്നതമായ സ്ഥാനം നേടിക്കൊടുത്തത്” ഈ വൈശിഷ്ട്യം നാം പ്രമുഖ ഗാനരചയിതാക്കളായ സഹീര്‍ ലുധിയാന്വി, ഷക്കീല്‍ ബദായുനി, ഹസ്രത്ത് ജയപുരി, ഖമര്‍ ജലാലബാദി, ഗുല്‍സാര്‍ തുടങ്ങി മികച്ച കവികള്‍ കൂടിയായ പ്രതിഭാധനന്മാരുടെ ചലച്ചിത്ര ഗാനങ്ങളിലും കണ്ടെത്തുന്നു. കവിതയും സിനിമാപ്പാട്ടും തമ്മിലുള്ള അതിര്‍വരമ്പ് ഏറെക്കുറെ അപ്രത്യക്ഷമാകുന്നു. ഉത്തമ കവിതയിലെന്നപോലെ, ഭാവഗാംഭീര്യവും കല്പനാ ചാതുരിയും ശബ്ദ സൗഭഗവും ഗാനമാധുരിയും അവരുടെ ഗാനങ്ങളില്‍ അവരറിയാതെ വന്നു നിറയുന്നു – അനിവാര്യമായ, സദ്യോജാതമായ (spontaneous) ഒരു പരിണാമം. അതാകട്ടെ, പ്രേക്ഷകര്‍ക്ക് – ആസ്വാദകര്‍ക്ക് എന്നു തന്നെ പറയണം – അനാഖ്യേയമായ ഒരാനന്ദനുഭൂതി പകര്‍ന്നു നല്‍കുന്നു – സ്വര്‍ണ്ണത്തിനു സുഗന്ധമെന്ന പോലെ. വയലാര്‍ – ദേവരാജന്‍ – യോശുദാസ് ത്രയത്തിന്റെ ഗാനങ്ങള്‍ ഒരു ചലച്ചിത്രത്തിന്റെ സമ്പൂര്‍ണ്ണ വിജയം ഉറപ്പുവരുത്തുന്ന മുഖ്യഘടകമായി എന്നും നിലനിന്നതിന്റെ കാരണവും മറ്റൊന്നല്ല.

* അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി. ചെല്ലപ്പന്‍ നായര്‍. അച്ഛന്‍ അന്ന് കുട്ടനാട് ഡെവലപ്പ്‌മെന്റ് ബ്ലോക്ക് ആപ്പീസറായിരുന്നു – ആസ്ഥാനം ആലപ്പുഴ.

Tags: വയലാര്‍Vayalar
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies