കഠോപനിഷത്ത് –
രണ്ടാം അധ്യായം, ആറാം വല്ലി
ശ്ലോകം:9
‘ന സംദൃശേ തിഷ്ഠതി രൂപമസ്യ
ന ചക്ഷുഷാ പശ്യതി കശ്ചനൈനം
ഹൃദാ മനീഷാ മനസാ ഭിക്‌ളുപ്‌തോ
യ ഏ തദ് വിദൂരമൃതാസ്‌തേ ഭവന്തി’
= ഇവന്റെ (ആത്മന്‍) രൂപം നമുക്ക്കണ്ണ് കൊണ്ട് കാണാന്‍ കഴിയില്ല. (കാഴ്ച എന്ന, കണ്ണിന്റെ കഴിവു കൊണ്ട് കണ്ടെത്താന്‍ പറ്റില്ല എന്നര്‍ത്ഥം) മനസ്സിനെപ്പോലും നിയന്ത്രിക്കുന്ന, ഹൃദയത്തിന്റെ ബുദ്ധികൊണ്ട് മാത്രം (ധ്യാനാത്മകമായ സഹൃദയ ബുദ്ധി – അളളലരശേ്‌ല ഉീാമശി ുീംലൃ) അറിയാന്‍ സാധിക്കുന്നു. അങ്ങനെ അറിഞ്ഞവര്‍മാത്രം മരണമില്ലാത്തവരായിത്തീരുന്നു.
മനുഷ്യന് ജ്ഞാനേന്ദ്രിയങ്ങള്‍ കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നിവയാണ്. ദര്‍ശനം – ഘ്രാണനം – രുചിത്വം – സ്പര്‍ശനം – ശ്രവണം – എന്നീ കഴിവുകളിലൂടെയാണ് ഇന്ദ്രിയങ്ങള്‍ അറിവ് നേടുന്നത്. പക്ഷെ, ആത്മാവിനെ ഇത്തരം കഴിവിലൂടെ അറിയാന്‍ സാധിക്കില്ല. കാരണം: പ്രകൃതി തന്നെ ഇത്തരം കഴിവുകള്‍ക്ക് അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്. നഗ്‌ന നേത്രങ്ങളിലൂടെ കാണാന്‍ പറ്റാത്ത വൈറസ്സുകള്‍ തന്നെ കോടാനു കോടിയാണ്. ഊര്‍ജ്ജതരംഗങ്ങളില്‍ പലതും (ഉദാ: വൈദ്യുതോര്‍ജ്ജം) രൂപഭേദം വന്നാല്‍ മാത്രമേ നാം അറിയൂ. വൈദ്യുത കമ്പിയിലെ വൈദ്യുതി പ്രവാഹം നമുക്ക് കാണുന്നില്ല, കേള്‍ക്കുന്നില്ല, രുചിക്കാന്‍ പറ്റില്ല, ശ്വസിച്ചറിയാന്‍ പറ്റില്ല. അനുഭവിക്കാം: എന്നാല്‍ ഇടി മിന്നലിനെ കാണാം, ശബ്ദം അറിയാം, അത് ഇതേ വരെ അളക്കാനോ സംഭരിച്ച് വെയ്ക്കാനോ നമുക്ക് സാധിച്ചിട്ടില്ല. എങ്ങനെയാണ് അത് ഉണ്ടാകുന്നത് എന്നതും പലതരം അഭിപ്രായങ്ങളായി നിലകൊള്ളുന്നു.
ഇടിമിന്നലിന് പോലും ഊര്‍ജ്ജം ലഭിക്കുന്ന ആ അദൃശ്യ ശക്തിയാണ് ബ്രഹ്മ തത്ത്വം. അതുകൊണ്ട് നമ്മുടെ ഇന്ദ്രിയത്തെ അടിസ്ഥാനമാക്കിയും, ഇന്നത്തെ ഇലക്ട്രോണിക്ക് മൈക്രോസ്‌കോപ്പുകള്‍ വച്ചും ‘എല്ലാം കണ്ടെത്തി’ എന്ന് ധരിക്കുന്ന യുക്തിവാദം ബാലിശമാണ്. മറിച്ച് ഹൃദയത്തിന്റെ കഴിവുകള്‍ ഉപയോഗിച്ച് അതിനെ നാം സ്വയം സാക്ഷാത്ക്കരിക്കണം. അവര്‍ക്ക് സംസാര സാഗര മുക്തി സാധ്യമാവും.
ശ്ലോകം: – 10
‘യദാ പഞ്ചാവതിഷ്ഠന്തേ
ജ്ഞാനാനി മനസാ സഹ
ബുദ്ധിശ്ച ന വിചേഷ്ടതി
താമാഹു: പരമാം ഗതിം.’
= എപ്പോള്‍ അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍ മനസ്സിനോട് കൂടി നിശ്ചലമായി നില്‍ക്കുന്നുവോ, ബുദ്ധിയും പ്രവര്‍ത്തിക്കാതിരിക്കുന്നുവോ, ആ അവസ്ഥയെ പരമമായ ഗതി എന്ന് പറയുന്നു.
ഇന്ദ്രിയങ്ങള്‍ ബാഹ്യങ്ങളായ കാര്യങ്ങളിലാണ് ഉടക്കുക. അതിനാലാണ് ബാഹ്യേന്ദ്രിയങ്ങള്‍ എന്ന് പറയുന്നത്. ഇവയെ ഭൗതിക സുഖ വിഷയങ്ങളില്‍ നിന്ന് പിന്‍വലിച്ച് മനസ്സില്‍ അടക്കണം. സങ്കല്‍പ്പിക്കുന്നതിലും വികല്‍പ്പിക്കുന്നതിലും മനസ്സാണ് കേമന്‍. മനസ്സിനെ ബുദ്ധിയില്‍ ലയിപ്പിക്കുക, ഒടുവില്‍ ആത്മാവില്‍ എല്ലാം കേന്ദ്രീകരിക്കണം. ഈയൊരു തലത്തില്‍ എത്തുകയാണ് വേണ്ടത്.
ശ്ലോകം: 11
‘താം യോഗമിതി മന്യന്തേ
സ്ഥിരാമിന്ദ്രിയ ധാരണാം
അപ്രമത്തസ്മതാ ഭവതി
യോഗോ ഹി പ്രഭവാപ്യയൗ’
=ആ സ്ഥിരമായ ഇന്ദ്രിയ നിയന്ത്രണത്തെ യോഗം എന്ന് വിചാരിക്കുന്നു. അപ്പോള്‍ പ്രമാദരഹിതനായി ഭവിക്കണം. കാരണം യോഗം ഉല്‍പ്പത്തിയോടും നാശത്തോടും കൂടിയത് ആണല്ലോ.
ചിത്തവൃത്തികളെ നിയന്ത്രിക്കലാണ് യോഗ എന്ന് പതഞ്ജലിമഹര്‍ഷി വ്യക്തമാക്കുന്നു. ശക്തമായ ഇന്ദ്രിയങ്ങള്‍ ജ്ഞാനികളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കും. അപ്പോള്‍ അതിനെ അതിജീവിക്കുന്നവന്‍ വിജയിക്കും. അതിനാല്‍ ഇന്ദ്രിയനിഗ്രഹി എപ്പോഴും ശ്രദ്ധയോടെ ജീവിക്കണം.
ശ്ലോകം: 12
‘നൈവ വാചാ ന മനസാ
പ്രാപ്തും ശക്യോ ന ചക്ഷുഷാ
അസ്തീതി ബ്രുവതോƒന്യത്ര
കഥം തദുപലഭ്യതേ.’
=ആ ആത്മാവിനെ വാക്കു കൊണ്ട് പ്രാപിക്കുവാന്‍ സാധിക്കില്ല, മനസ്സുകൊണ്ട് പ്രാപിക്കുവാന്‍ കഴിയില്ല, കണ്ണു കൊണ്ട് ‘ഉണ്ട്’ എന്ന് പറയുന്നവനെ ഒഴിച്ച് മറ്റൊരുവനാല്‍ ആ ബ്രഹ്മം എങ്ങനെ അറിയും?
ബ്രഹ്മജ്ഞാനം എന്നത് വാക്കു കൊണ്ടോ മനസ്സുകൊണ്ടോ കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ കൊണ്ടോ നേടാന്‍ സാധിക്കില്ല. പ്രത്യക്ഷമായ പ്രമാണം ഇവിടെ സാധ്യമല്ല. ഒരു പരീക്ഷണശാലയിലും അത് കണ്ടെത്തി അനുഭവവേദ്യമാക്കാനും സാധ്യമല്ല. സ്വാനുഭവത്തില്‍ അറിയുക മാത്രമാണ് ഇതിന് അടിസ്ഥാനം.
ശ്ലോകം: – 13
‘അസ്തീത്യേവോ പല ബ്ധവ്യ –
സ്തത്ത്വ ഭാവേന ചോഭയോ:
അസ്തീത്യേവോ പലബ്ധസ്യ
തത്ത്വഭാവ : പ്രസീദതി.’
=ഉണ്ട് എന്ന് തന്നെ അറിയപ്പെടേണ്ടതാകുന്നു. യഥാര്‍ത്ഥമായ ഭാവത്തിലും അറിയപ്പെടേണ്ടതാകുന്നു. രണ്ടിലും വെച്ച് അറിയപ്പെട്ടിട്ടുള്ളവന്ന് യഥാര്‍ത്ഥ ഭാവം പ്രത്യക്ഷമാകുന്നു.
ബുദ്ധി തുടങ്ങിയ ഉപാധികളോട് കൂടിയ ആത്മാവ് ഉണ്ടെന്ന് തന്നെ വിശ്വസിക്കേണ്ടതാകുന്നു. കാര്യങ്ങള്‍ കാരണത്തില്‍ ലയിക്കുമ്പോള്‍ ആത്മനെ അറിയണം. ഉപാധികള്‍ ഇല്ലാതാവുമ്പോഴാണ് ആത്മ ബോധം ഉണ്ടാവുക. ആദ്യമേ സോപാധികമായി ആത്മ ബോധം നിലവിലുള്ളവന് പിന്നീട് നിരുപാധികമായ ആത്മതത്ത്വം ഗ്രഹിക്കാന്‍ വിഷമമില്ല.
ഇവിടെ വ്യക്തമാവേണ്ടത് ഉപാധികളോട് (ഭൗതികമായ തെളിവ്) കൂടിയല്ലാതെ നാം ചിലതെങ്കിലും അംഗീകരിക്കുന്നതുപോലെ നമ്മുടെ ശരീരത്തിന്റെയും മറ്റും നിലനില്‍പ്പ് ആന്തരികമായ ഏതോ ശക്തിയാല്‍ നിലനില്‍ക്കുന്നതാണ് എന്ന രീതിയിലുള്ള ധാരണ ഉണ്ടെങ്കില്‍ താനേ നാം നിരുപാധിക ബോധത്തില്‍ എത്തും. രുചി, ദുഃഖം, വേദന, ദേഷ്യം, എന്നിവയൊന്നും ഉപാധി കൊണ്ട് തിട്ടപ്പെടുത്താന്‍ സാധിക്കില്ല എന്നതു പോലെ ഉപാധികള്‍ക്കപ്പുറത്ത് ചിലതുണ്ട് എന്ന അറിവില്‍ നാം എത്തണം എന്ന് താല്‍പ്പര്യം. എങ്കില്‍ ബ്രഹ്മ തത്ത്വ ബോധത്തിലെത്താന്‍ പ്രയാസമുണ്ടാകില്ല.
ശ്ലോകം : 14
‘യദാ സര്‍വ്വേ പ്രമുച്യന്തേ
കാമാ യേƒസ്യ ഹൃദി ശ്രിതാ:
അഥ മര്‍ത്ത്യോƒ മൃത്യോ ഭവ –
ത്യ ത്ര ബ്രഹ്മ സമശ്‌നുതേ.’
= ഇവന്റെ ഹൃദിസ്ഥമായ ബുദ്ധിയില്‍ ആശ്രയിച്ചിരിക്കുന്നതായ ചില കാമങ്ങള്‍ ഉണ്ടോ, അവയെല്ലാം എപ്പോള്‍ നശിക്കുന്നുവോ അപ്പോള്‍ മര്‍ത്ത്യന്‍ (മരിക്കുന്നവന്‍) മരിക്കാത്തവനായിത്തീരുന്നു, ഈ ജന്മം തന്നെ ബ്രഹ്മത്തെ അനുഭവിക്കുന്നു.
മോക്ഷാര്‍ത്ഥിയുടെ ബുദ്ധിയിലുള്ള ആഗ്രഹങ്ങളെല്ലാം നശിക്കുമ്പോള്‍ മരണമില്ലാത്തവനായിത്തീരുന്നു.
ഈ ജന്മത്തില്‍ത്തന്നെ അയാള്‍ക്ക് ബ്രഹ്മാനുഭൂതിയുണ്ടാകുന്നു.
ആഗ്രഹങ്ങളാണ് മനുഷ്യന്റെ ചിന്തകളെ ദുഷ്ടമാക്കുന്നത്, സദ്ചിന്തകള്‍ മനസ്സില്‍ വേരുറക്കുമ്പോള്‍ സ്വാഭാവികമായും ഭൗതിക താല്‍പ്പര്യങ്ങളില്‍ നിന്ന് മനുഷ്യന്‍ പിന്‍വലിയും. അതിനാണ് ജ്ഞാനപ്പാനയും രാമായണവും ഭഗവദ് ഗീതയും പോലുള്ള ഗ്രന്ഥങ്ങള്‍ കുട്ടിക്കാലത്ത് തന്നെ ഹൃദിസ്ഥമാക്കണം എന്ന് ഗുരുക്കന്‍മാര്‍ അനുശാസിക്കുന്നത്. ഈയൊരു ജീവിതത്തില്‍ നിന്നാണ് ബ്രഹ്മ തത്ത്വചിന്തയിലേക്ക് സ്വാഭാവികമായും നീങ്ങുക.
ശ്ലോകം : 15
‘യദാ സര്‍വ്വേ പ്രഭിദ്യന്തേ
ഹൃദയസ്യേഹ ഗ്രന്ഥയ:
അഥ മര്‍ത്ത്യോ ƒമൃതോ
ഭവത്യേതാവദ്ധ്യനുശാസനം’
=ഇവിടെ ബുദ്ധിയുടെ കെട്ടുകള്‍ എല്ലാം എപ്പോള്‍ പൊട്ടിപ്പോകുന്നുവോ, അപ്പോള്‍ മനുഷ്യന്‍ മരണമില്ലാത്തവനായിത്തീരുന്നു. ഇതു മാത്രമാകുന്നു വേദങ്ങളുടെ അനുശാസനം.
ബുദ്ധിയാണ് ജീവികളുടെ ഏറ്റവും വലിയ കഴിവ് എന്നാണ് മനുഷ്യരുടെ വിചാരം. ആധുനിക ശാസ്ത്രം ബുദ്ധിമണ്ഡലത്തിന് (Cognitive Domain) വളരെയേറെ പ്രാധാന്യം നല്‍കിയിരിക്കുന്നു, ബൗദ്ധിക ഏഷണയാണ് (കഝ) മനുഷ്യന്റെ നേട്ടം എന്ന് അഭിമാനിക്കുന്നു. എന്നാല്‍ പഴയ കാലം മുതല്‍ പറയാറുണ്ട് ബുദ്ധി മാത്രം വളര്‍ന്നവരെ ‘ബുദ്ധി രാക്ഷസര്‍’ എന്ന്. രാവണന് നാല് വേദങ്ങളും ആറ് ശാസ്ത്രങ്ങളും അറിയുമായിരുന്നു. ജന്മം കൊണ്ട് ബ്രാഹ്മണനുമായിരുന്നു. പക്ഷെ, ധര്‍മ്മനിഷ്ഠ ഉണ്ടായിരുന്നില്ല.
മനശ്ചാലക മണ്ഡലത്തിന്റെ (Psycho Motor )-വികാസമാണ് മനുഷ്യനെ ആത്മനിയന്ത്രണത്തിലേക്കും ഇന്ദ്രിയനിഗ്രഹത്തിലേക്കും നയിക്കുക.
സൗന്ദര്യ മണ്ഡലമാണ് (Affective) മനുഷ്യനെ ധാര്‍മ്മികവും ആത്മബോധമുള്ളവനുമാക്കുക. (EQ and SQ)
ബുദ്ധിയുടെ കെട്ട് സ്വാര്‍ത്ഥമായ കാഴ്ചപ്പാടുകള്‍ വളര്‍ത്തുമ്പോള്‍ ആത്മീയ ചിന്ത മനുഷ്യനെ ബ്രഹ്മതത്ത്വത്തിലേക്കും ശാന്തിയിലേക്കും നയിക്കും എന്നര്‍ത്ഥം.
ശ്ലോകം : 16
‘ ശതം ചൈകാ ച ഹൃദയസ്യ നാഡ്യ –
സ്താസാം മൂര്‍ദ്ധാനമഭിനി :
സൃതൈകാ തയോര്‍ദ്ധ്വമായന്നമൃതത്ത്വമേതി
വിഷ്വങ്ങന്യാ ഉത്ക്രമണേ ഭവന്തി.’
= ഹൃദയത്തിന് നൂറ്റി ഒന്ന് നാഡികള്‍ ഉണ്ട്. അവയില്‍ ഒന്ന് മൂര്‍ദ്ധാനം മൂര്‍ദ്ധാവിന്ന് നേരേ പോകുന്നു. അതിലൂടെ മേലോട്ട് പോകുന്നവന്‍ മരണത്തെ അതിജീവിക്കുന്നു. മറ്റുള്ളവ പല വിധത്തില്‍ സംസാര പ്രാപ്തിക്കായിത്തീരുന്നു.
ഹൃദയത്തില്‍ നിന്ന് നേരേ ബ്രഹ്മരന്ധ്രത്തിലേക്ക് പോകുന്ന സുഷുമ്‌ന നാഡിയിലൂടെ പ്രാണനെ മുകളിലേക്ക് വിടുന്ന പ്രവൃത്തിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മൂലാധാരം എന്ന പേരില്‍ അറിയപ്പെടുന്ന ആധാര ചക്രമായ മര്‍മ്മസ്ഥാനം നട്ടെല്ലിന്റെ താഴ് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇവിടെ നിന്ന് മുകളിലേക്കാണ് ഇട, പിംഗള, സുഷുമ്‌ന എന്നീ നാഡികള്‍ സൂക്ഷ്മ ശരീരത്തില്‍ നില കൊള്ളുന്നത്. സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാചക്രം എന്നീ തലങ്ങളെ പിണഞ്ഞു കൊണ്ട് സ്ഥിതി ചെയ്യുന്ന ഇവയിലൂടെ പ്രാണന്‍ സഞ്ചരിക്കുന്നു. മൂലാധാരത്തില്‍ ഏഴര ചുറ്റ് ചുറ്റി സര്‍പ്പാകൃതിയില്‍ നിലകൊള്ളുന്ന കുണ്ഡലിനി ചൈതന്യത്തെയാണ് ധ്യാനത്തിലൂടെ സഹസ്രാരപത്മം വഴി ബ്രഹ്മരന്ധ്രത്തിലേക്ക് അയക്കേണ്ടത്. മറിച്ച് മരണ സമയത്ത് മറ്റ് നവ ദ്വാരങ്ങളിലേതെങ്കിലും വഴിയാണ് ജീവന്‍ വിനിര്‍ഗളിക്കുന്നതെങ്കില്‍ മോക്ഷമില്ല, പുനര്‍ജന്മം ഉറപ്പാണ്. പ്രാണായാമപരിശീലനത്തിലൂടെ മൂര്‍ദ്ധാവിലേക്ക് കുണ്ഡലിനി ശക്തിയെ എത്തിക്കാന്‍ സാധിക്കും. ഈ വിദ്യയാണ് മുകളിലെ ശ്ലോകത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശ്ലോകം. 17
‘അംഗുഷ്ഠ മാത്ര: പുരുഷോƒന്തരാത്മാ
സദാ ജനാനാം ഹൃദയേ സന്നിവിഷ്ട:
തം സ്വാച്ഛരീരാത് പ്രവൃഹേ –
ന് മുഞ്ജാതി വേഷീകാം ധൈര്യേണ.
തം വിദ്യാച്ഛുക്രമമൃതം
തം വിദ്യാ ച്ഛു ക്രമമൃതമിതി.’
=പെരുവിരലോളം വലുപ്പമുള്ള പുരുഷന്‍ അന്തരാത്മാവായി എപ്പോഴും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു. ആ പുരുഷനെ തന്റെ ശരീരത്തില്‍ നിന്ന്, മുഞ്ഞപ്പുല്ലില്‍ നിന്ന് നടുത്തണ്ട് എന്നപോലെ ധൈര്യത്തോട് കൂടി വേര്‍പെടുത്തി എടുക്കണം. ആ പുരുഷനെ ശുദ്ധമായ ബ്രഹ്മമെന്ന് അറിയണം.
എല്ലാ ജീവികളിലും ഈശ്വരന്‍/ബ്രഹ്മം കുടികൊളളുന്നു എന്നും, മരണത്തെ ഓര്‍ത്ത് വേവലാതി വേണ്ടാ എന്നുമാണ് ഇവിടെ വ്യക്തമാക്കുന്നത്. ബ്രഹ്മ ചൈതന്യം സ്വന്തം ഇച്ഛക്കനുസരിച്ചാണ് ശരീരം കൊള്ളുന്നതും ഉപേക്ഷിക്കുന്നതും. അതില്‍ ദുഃഖിച്ചിട്ട് കാര്യമില്ല. ജനനവും മരണവും പ്രകൃതി നിയോഗമാണ്, അത് നിയന്ത്രിക്കാനോ തകര്‍ക്കാനോ നമുക്ക് കഴിയില്ല, പിന്നെ എന്തിനാണ് വേവലാതി? എന്ന് ചോദ്യം. മരണം എന്ന മാറ്റത്തെ എന്നും സ്വീകരിക്കാന്‍ തയ്യാറാവുക.
ശ്ലോകം : 18
‘മൃത്യു പ്രോക്തം നചികേതോƒഥലബ്ധ്വാ
വിദ്യാമേതാം യോഗവിധിം ച കൃത്സ്‌നം
ബ്രഹ്മ പ്രാപ്‌തോവിരജോƒഭൂത് വിമൃത്യു
രനോƒപി ഏവം യോ വിദധ്യാത്മ മേവം’
=പിന്നീട് നചികേതസ് മൃത്യുവിനാല്‍ പറയപ്പെട്ട ഈ ബ്രഹ്മവിദ്യയേയും സമഗ്രമായ യോഗവിദ്യയേയും ലഭിച്ചിട്ട് രജസ് ഇല്ലാത്തവനായി, മരണമില്ലാത്തവനായി ബ്രഹ്മത്തെ പ്രാപിച്ചു. യാതൊരുവന്‍ ഈ രീതിയില്‍ ആത്മനെ അറിയുന്നുവോ അവന്‍ ബ്രഹ്മത്തെ പ്രാപിക്കും.
കഠോപനിഷത്ത് ഇവിടെ സമാപിക്കുകയാണ്. ബ്രഹ്മത്തെ അറിഞ്ഞ്, മരണമില്ലാത്ത ആ സത്യത്തെ സ്വയം ബോധ്യപ്പെട്ടാല്‍ ഏവര്‍ക്കും ശാന്തി ലഭിക്കും എന്ന് ഉപനിഷത്ത്.
(അവസാനിച്ചു)