തിരുവനന്തപുരം: പുതിയ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്കാന് തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി. മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഉടനടി പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു.
ഈ ഉത്തരവിന്റെ മറവില്‍ കേരളത്തിലെമ്പാടും അനധികൃതമായ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കപ്പെടും. തങ്ങളുടേതല്ലാത്ത മതവിശ്വാസമുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പോലും വിധ്വംസകശക്തികള്‍ കടന്നുകയറി അനധികൃത ആരാധനാലയങ്ങള്‍ നിര്‍മ്മിക്കും. ഒപ്പം നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനവും അരങ്ങേറും. ഇത് ജനങ്ങളുടെ സൈ്വര്യജീവിതത്തിനും സമാധാനത്തിനും വലിയ വെല്ലുവിളി സൃഷ്ടിക്കും. കേരളത്തിലെ പ്രത്യേക മതവിഭാഗം സമസ്തമേഖലകളെയും കൈയടക്കി വച്ചിരിക്കുന്ന അത്യന്തം സ്ഫോടനാത്മകമായ സാഹചര്യത്തില്‍ ഈ ഉത്തരവ് ധാരാളമായി ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇസ്ലാമിക ഭീകരസംഘടനകളായ ഐ.എസ്, അല്‍ഖ്വയ്ദ തുടങ്ങിയവ കേരളത്തില്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ വര്‍ഗീയതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് ജനാധിപത്യസര്ക്കാര് പിന്മാറേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഈ ഉത്തരവ് പിന്‍വലിച്ച് മുമ്പുണ്ടായിരുന്ന നിയമവും ചട്ടങ്ങളും മാനദണ്ഡങ്ങളും സര്‍ക്കാര്‍ ഉടനടി പുനഃസ്ഥാപിക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.