അടൂര്‍ എന്നത് ഒരു സ്ഥലപ്പേരാണ്. എന്നാല്‍ ഈ സ്ഥലപ്പേര് ഉച്ചരിക്കുമ്പോള്‍ ലോകത്തെവിടെയുമുള്ള സിനിമാസ്വാദകരുടെ മനസ്സില്‍ തെളിയുന്നത് വെള്ളിനിറത്തില്‍ പിറകോട്ട് നീണ്ട മുടിയുള്ള, നീളന്‍ ഖദര്‍ ജുബ്ബയിട്ട ഒരാളുടെ രൂപമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍. ലോകസിനിമയില്‍ മലയാളത്തിന് ശ്രദ്ധേയമായ ഇടം നേടിക്കൊടുത്ത ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായ അടൂരിന് എണ്‍പത് തികഞ്ഞു. ജൂലായ് 3ന്. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ ആദ്യ സിനിമയായ സ്വയംവരത്തിന് അമ്പതാണ്ട് തികയും. മലയാളസിനിമയില്‍ നവതരംഗം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന ഈ ചലച്ചിത്രകാരന്‍ തന്റെ അരനൂറ്റാണ്ടുകാലത്തെ സിനിമാജീവിതത്തിലൂടെ മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടവയാണ്.
വളരെ യാദൃച്ഛികമായാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. ചെറുപ്പം മുതലേ നാടകത്തോടായിരുന്നു താത്പര്യം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാടകങ്ങള്‍ എഴുതിയിരുന്നു. സമപ്രായക്കാരായ ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ നാടകങ്ങള്‍ കളിക്കും. വീട്ടിലുള്ളവരെല്ലാം കലയില്‍ താത്പര്യമുള്ളവരായിരുന്നു. അന്ന് പുറത്തിറങ്ങിയ പ്രശസ്ത നാടകകൃതികളെല്ലാം വായിക്കാനും അടൂരിന് അവസരം ലഭിച്ചിരുന്നു. മറ്റ് സാഹിത്യകൃതികളും വായിക്കും. പന്തളം എന്‍എസ്എസ് കോളജില്‍ ഇന്റര്‍മീഡിയേറ്റിന് പഠിക്കുമ്പോഴും നാടകങ്ങള്‍ കളിച്ചിരുന്നു. പിന്നീട് എഴുത്തുകാരനും ഗവേഷകനുമായ ജി. ഭാര്‍ഗവന്‍പിള്ളയോടൊപ്പമൊക്കെ നാടകം കളിച്ചത് അടൂര്‍ ഓര്‍ക്കുന്നുണ്ട്.
ബിഎസ്‌സിക്ക് പഠിക്കുമ്പോഴാണ് മധുര ഗാന്ധിഗ്രാമിനെ കുറിച്ച് കേള്‍ക്കുന്നത്. അവിടെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചു. പാസ്സായാല്‍ ഉടന്‍ ജോലി കിട്ടും എന്നതായിരുന്നു അങ്ങനെ തീരുമാനിക്കാന്‍ കാരണം. ഗാന്ധിഗ്രാമില്‍ എത്തിയപ്പോള്‍ അവിടെ മലയാളം വകുപ്പിന്റെ അദ്ധ്യക്ഷനായി ജി. ശങ്കരപ്പിള്ളയുണ്ട്. നാടകാചാര്യനായ അദ്ദേഹത്തിന്റെ സാന്നിധ്യം നാടകത്തോടുള്ള താത്പര്യം വര്‍ദ്ധിപ്പിച്ചു. ഗാന്ധിഗ്രാമിലെ പഠനം കഴിഞ്ഞ് നാഷണല്‍ സാമ്പിള്‍ സര്‍വ്വെ വകുപ്പില്‍ ജോലിക്ക് ചേര്‍ന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ജോലി മടുത്തുതുടങ്ങിയിരുന്നു. മറ്റൊരവസരം വന്നാല്‍ ജോലി വിടാന്‍ തന്നെ തീരുമാനിച്ചു. ഒരുദിവസം ചെങ്ങന്നൂരിലെ ഒരു ചായക്കടയില്‍ വച്ച് മുഷിഞ്ഞ പത്രക്കടലാസില്‍ ഭാരത സര്‍ക്കാരിന്റെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനത്തിനുള്ള പരസ്യം കണ്ടതാണ് അടൂരിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. സ്‌ക്രീന്‍ പ്‌ളേ റൈറ്റിങ് ആന്‍ഡ് ഡയറക്ഷന്‍ കോഴ്‌സിന് ചേര്‍ന്നാല്‍ നാടകരചനയില്‍ കൂടുതല്‍ പ്രാഗത്ഭ്യം നേടാന്‍ സാധിക്കും എന്ന ചിന്തയോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ തീരുമാനിക്കുന്നത്. അപേക്ഷയയച്ചു. പ്രവേശനപരീക്ഷയും ഇന്റവ്യൂവും പാസ്സായി, ഒന്നാം റാങ്കോടെ തന്നെ.
നല്ല നാടകക്കാരനാകാനുള്ള പഠിപ്പ് നേടാനെത്തിയ ഗോപാലകൃഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ലോകസിനിമകള്‍ ഗൗരവത്തോടെ കണ്ടുതുടങ്ങുകയും ഋത്വിക് ഘട്ടക്കിനെ പോലുള്ള മാസ്‌റ്റേഴ്‌സിന്റെ ക്ലാസ്സുകളും സംവാദങ്ങളും അനുഭവിക്കുകയും ചെയ്തതോടെ നാടകത്തിന്റെ ലോകത്തു നിന്നും സിനിമയെന്ന മാസ്മരികതയിലേക്ക് മാറുകയായിരുന്നു. സത്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷമാണ് ഈ മാറ്റം സംഭവിക്കുന്നതെന്നും ആദ്യവര്‍ഷം മുഴുവന്‍ ഈ കോഴ്‌സിനെ നാടകരചനയ്ക്കുള്ള പരിശീലനക്കളരിയായി കണക്കാക്കുകയായിരുന്നു താനെന്നും അടൂര്‍ പറഞ്ഞിട്ടുണ്ട്.
അറുപതുകളുടെ ഒടുവില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നാട്ടിലെത്തിയ ശേഷം സിനിമാരംഗത്ത് സജീവമാകുന്നതിന് മുമ്പ് തിരുവനന്തപുരത്ത് ചൊല്‍ക്കാഴ്ച എന്ന കലാരൂപം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് അടൂരിന്റെ നേതൃത്വത്തിലാണ്. കവി അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഇത്. ചൊല്‍ക്കാഴ്ച പിന്നീട് കേരളമെങ്ങും അവതരിപ്പിക്കുന്ന ഒരു കലാരൂപമായി മാറി.
1965ലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞെത്തുന്നത്. ആ വര്‍ഷം തന്നെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിക്ക് അദ്ദേഹം രൂപം നല്‍കി. വിദേശങ്ങളിലെയും ഇന്ത്യയിലെയും മികച്ച സിനിമകള്‍ പ്രേക്ഷകരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രലേഖ ഫിലിം സൊസൈറ്റി ആരംഭിച്ചത്. ഈ സൊസൈറ്റിയുമായി ബന്ധപ്പെട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ചിത്രലേഖ ഫിലിം കോപ്പറേറ്റീവ് എന്ന സഹകരണ സംഘമാണ് അടൂരിന്റെ ആദ്യചിത്രമായ സ്വയംവരം നിര്‍മ്മിച്ചത്. 1972ലായിരുന്നു അത്. അന്നുവരെയുണ്ടായിരുന്ന സിനിമാസങ്കല്‍പങ്ങളെയെല്ലാം തിരുത്തിയെഴുതിയ സിനിമയായിരുന്നു സ്വയംവരം. ‘അഭൂതപൂര്‍വ്വമായ ഒരു ഭാവുകത്വസംക്രമണമായിരുന്നു സ്വയംവരത്തിലൂടെ മലയാള സിനിമ ദര്‍ശിച്ചത്’ എന്നാണ് സിനിമാനിരൂപകനായ എം.എഫ്. തോമസ് വിലയിരുത്തിയിട്ടുള്ളത് (അടൂരിന്റെ ചലച്ചിത്രയാത്രകള്‍).
നിയോ റിയലിസ്റ്റ് രീതിയില്‍ ഇന്ത്യയില്‍ ആദ്യമുണ്ടായ സത്യജിത് റായിയുടെ പഥേര്‍പാഞ്ചാലിയെ സ്വയംവരം അനുകരിച്ചു എന്ന ആരോപണം ആ ചിത്രം പുറത്തിറങ്ങിയപ്പോഴുണ്ടായിരുന്നു. എന്നാല്‍ റൊമാന്റിസിസവും റിയലിസവുമായുള്ള സംഘര്‍ഷമാണ് സ്വയംവരത്തിലുള്ളതെന്നായിരുന്നു ഈ ആരോപണമുന്നയിച്ചപ്പോള്‍ ഒരഭിമുഖത്തില്‍ അടൂര്‍ നല്‍കിയ മറുപടി. മിഥ്യയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ സിനിമയെന്ന് അദ്ദേഹം സ്വയംവരത്തെ വിശേഷിപ്പിച്ചു. ലൊക്കേഷനില്‍ വച്ച് നേരിട്ട് ശബ്ദലേഖനം നടത്തിക്കൊണ്ട് ഷൂട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സിനിമ എന്ന സവിശേഷതയും സ്വയംവരത്തിനുണ്ട്. യുണിസെഫിനു വേണ്ടി ഒരു ചിത്രമെടുത്തതിന് പ്രതിഫലമായി അടൂരിന് ലഭിച്ച നാഗ്ര റെക്കോര്‍ഡര്‍ ആണ് സ്വയംവരത്തിന്റെ ശബ്ദലേഖനത്തിന് ഉപയോഗിച്ചത്.
സ്വയംവരം നിര്‍മ്മിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അടൂര്‍ തന്റെ രണ്ടാമത്തെ ചിത്രമായ കൊടിയേറ്റം ചെയ്യുന്നത്. അത് കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം എലിപ്പത്തായം, പിന്നെയും നാല് വര്‍ഷം കഴിഞ്ഞ് മുഖാമുഖം… ഇങ്ങനെ വലിയ ഇടവേളകള്‍ അടൂരിന്റെ സിനിമകള്‍ക്കുണ്ട്. താന്‍ ചെയ്യുന്ന ഓരോ സിനിമയെയും വ്യത്യസ്തമാക്കുക എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ഒരു ചിത്രം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അതിന്റെ പ്രമേയവും നിര്‍മ്മാണഘട്ടത്തില്‍ കൈക്കൊണ്ട രീതികളുമെല്ലാം മനസ്സില്‍ നിന്ന് മായണം. പുതിയ ഒരു ആശയം മനസ്സില്‍ രൂപപ്പെടുന്നത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാവാം. തന്റെ അനുഭവങ്ങളിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെയും അത്തരം ആശയങ്ങള്‍ രൂപപ്പെടുമ്പോഴാണ് അടൂര്‍ പുതിയ സിനിമയിലേക്ക് കടക്കുന്നത്.
കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ അടൂരില്‍ നിന്ന് നമുക്ക് ലഭിച്ചത് ആകെ 12 കഥാചിത്രങ്ങളും 23 ഡോക്യുമെന്ററി-ഹ്രസ്വ ചിത്രങ്ങളുമാണ്. അവയില്‍ മിക്കവാറും എല്ലാം തന്നെ ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടി. വിവാദങ്ങളുണ്ടായപ്പോഴൊക്കെ മാന്യമായും സൗമ്യമായും മാത്രം പ്രതികരിച്ചു. മുഖാമുഖം, വിധേയന്‍ എന്നീ സിനിമകളാണ് കൂടുതല്‍ വിവാദങ്ങളുയര്‍ത്തിയത്. 1984ല്‍ റിലീസായ മുഖാമുഖത്തില്‍ സമൂഹത്തിന്റെ മൂല്യപ്രതിസന്ധിയാണ് മുഖ്യ പ്രമേയമെന്ന് അടൂര്‍ പറയുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ തന്നെ ഈ ചിത്രം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെയും കമ്മ്യൂണിസത്തിന്റെയും അപചയത്തെ തുറന്നുകാണിക്കുന്ന സിനിമയാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഈ സിനിമയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. സക്കറിയയുടെ നീണ്ടകഥയെ അടിസ്ഥാനമാക്കിയാണ് വിധേയന്‍ എന്ന സിനിമ അടൂര്‍ സംവിധാനം ചെയ്തത്. കഥയിലുണ്ടായിരുന്ന ഒരു സന്ദര്‍ഭം സിനിമയില്‍ ഒഴിവാക്കിയെന്നും അത് സവര്‍ണ ഫാസിസ്റ്റുകളെ ഭയന്നാണ് എന്നും സക്കറിയ പ്രസ്താവനയിറക്കിയതാണ് വിവാദമായത്.
സ്വന്തം നാടിന്റെയും ജീവിതപരിസരങ്ങളുടെയും ചൂടും ചൂരും അനുഭവിപ്പിക്കുന്ന സിനിമകളാണ് അടൂരിന്റെ എല്ലാ ചിത്രങ്ങളും. കേരളത്തിന്റെ യഥാര്‍ത്ഥ സാമൂഹ്യാവസ്ഥകളെ സത്യസന്ധമായി ആവിഷ്‌കരിക്കുന്ന കലാസൃഷ്ടികള്‍ എന്ന നിലയിലാണ് ആ സിനിമകളെ വിലയിരുത്തേണ്ടത്. എലിപ്പത്തായമായാലും മതിലുകളായാലും കഥാപുരുഷനായാലും നിഴല്‍ക്കുത്തായാലും നാല് പെണ്ണുങ്ങളായാലും എല്ലാം വിവിധ കാലഘട്ടങ്ങളിലെ കേരളീയ ജീവിതവും മനുഷ്യാവസ്ഥകളുമാണ് പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും പരമാവധി സൂക്ഷ്മതയോടെ ചെയ്തവയാണ്. അതുകൊണ്ടു തന്നെ അവയെല്ലാം ഏറെ സമയമെടുത്തും ശ്രമകരമായും പൂര്‍ത്തിയാക്കിയവയാണ്. അടൂരിന്റെ പാത്രസൃഷ്ടിയിലും സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധങ്ങളുടെ സങ്കീര്‍ണത കാണാനാവും.