Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

സേവനം തന്നെ ജീവിതം

അഭിമുഖം- ധനഞ്ജയ് സഖ്‌ദേവ് / ടി.സുധീഷ്

കേസരി ഡെസ്ക്കേസരി ഡെസ്ക്
9 July 2021

താന്‍ പഠിച്ച വൈദ്യശാസ്ത്രം സമൂഹസേവനത്തിന്റെ ഉപാധിയാക്കി മാതൃകാജീവിതം നയിക്കുന്ന ഡോക്ടറാണ് വയനാട് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ പ്രധാന ഭിഷഗ്വരനായ ധനഞ്ജയ് സഖ്‌ദേവ്. ഏറ്റവും പിന്നാക്കക്കാരായ ജനവിഭാഗങ്ങള്‍ക്ക് ചികിത്സ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഭാരതത്തിന്റെ മധ്യഭാഗത്തുകിടക്കുന്ന നാഗ്പൂരില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി വയനാട്ടിലെ കുഗ്രാമമായ മുട്ടിലില്‍ എത്തിയത്. നാലു പതിറ്റാണ്ടുകാലത്തെ നിശ്ശബ്ദ സേവനത്തിലൂടെ, കഷ്ടപ്പാടുകളും പ്രാതികൂല്യങ്ങളും അതിജീവിച്ചുകൊണ്ട് വനവാസി ജീവിതത്തെ വികസനപാതയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ നിസ്തുലമായ സേവന മാതൃകയെ ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചു. തന്റെ ജീവിതത്തെ, അനുഭവങ്ങളെ, ആദര്‍ശത്തെ എല്ലാം കേസരി വായനക്കാരുമായി പങ്കുവെക്കുകയാണ് ഡോ.ധനഞ്ജയ് സഖ്‌ദേവ് കേസരി സഹപത്രാധിപര്‍ ടി.സുധീഷിന് അനുവദിച്ച അഭിമുഖത്തിലൂടെ.

നാഗ്പൂരില്‍ നിന്ന് കിലോമീറ്ററുകള്‍ക്കിപ്പുറം കേരളത്തിലെ വയനാട്ടില്‍ വനവാസികളെ സേവിക്കാന്‍ എത്തിയ ആളാണ് താങ്കള്‍. ഇവിടെ എത്തിയിട്ട് 40 വര്‍ഷം തികഞ്ഞു. എന്തായിരുന്നു ഇത്തരമൊരു ദൗത്യത്തിനുള്ള പ്രേരണ?
♣ഞാന്‍ ആര്‍.എസ്.എസ്സിന്റെ ഒരു സ്വയംസേവകനാണ്. ചെറുപ്പം മുതലേ ശാഖയില്‍ പോകാറുണ്ടായിരുന്നു. പരമപൂജനീയ ഗുരുജിയെ കാണാനും അദ്ദേഹത്തിന്റെ ബൈഠക്കില്‍ പങ്കെടുക്കാനുമുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. 1975ല്‍ സംഘത്തിന്റെ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ വെച്ച് പ്രചാരകനായി പോകാന്‍ ആഗ്രഹിക്കുന്നവരുടെ ബൈഠക്കില്‍ ഞാനും പങ്കെടുത്തിട്ടുണ്ടായിരുന്നു. ആ വര്‍ഷം തന്നെ ഞാന്‍ എം.ബി.ബി.എസ്സിന് ചേര്‍ന്നു. പഠനം കഴിഞ്ഞ് 1980ല്‍ ആണ് ഞാന്‍ പ്രചാരകനായി കേരളത്തിലേക്ക് വരുന്നത്. ദീനരേയും അവശ ജനവിഭാഗത്തേയും സേവിക്കുക എന്ന സംഘ ആദര്‍ശം തന്നെയാണ് പ്രചാരകനായി പ്രവര്‍ത്തിക്കാന്‍ എനിക്ക് പ്രേരണയായത്.

Google NewsAdd Kesari Weekly as a preferred source on Google

പ്രചാരക പ്രവര്‍ത്തനത്തിന് കേരളത്തിലെ വനവാസി മേഖല തിരഞ്ഞെടുക്കാന്‍ എന്താണ് കാരണം?
♣ ഡോക്ടറായതുകൊണ്ട് സ്വാഭാവികമായും വനവാസി മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടപ്പെട്ടത്. രണ്ട് ഓപ്ഷനാണ് അന്ന് ഉണ്ടായിരുന്നത്; ഒന്ന് വടക്കുകിഴക്കും മറ്റത് കേരളവും. അന്ന് കേരളത്തിന്റെ പ്രാന്ത പ്രചാരകനായിരുന്ന ഭാസ്‌കര്‍ റാവുജി നാഗ്പൂരില്‍ വന്ന് പൂജനീയ സര്‍സംഘചാലക് ദേവറസ്ജിയെ കണ്ട് കേരളത്തില്‍ വയനാട് വിവേകാനന്ദ മെഡിക്കല്‍ മിഷനിലേക്ക് ഒരു ഡോക്ടറെ അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അതിനെ തുടര്‍ന്ന് ദേവറസ്ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ വയനാട്ടിലേക്ക് വന്നത്. ഇപ്പോഴത്തെ സര്‍സംഘചാലക് പൂജനീയ മോഹന്‍ജി ഭാഗവത് ആണ് അന്ന് ഞങ്ങളുടെ പ്രദേശത്തെ പ്രചാരക് ആയിരുന്നത്. അദ്ദേഹമാണ് എന്നെ പ്രചാരകനായി അയക്കുന്നത്.

വയനാട്ടില്‍ വരുന്നതിനുമുമ്പ് ഈ മേഖലയില്‍ സേവനം ചെയ്തതിന്റെ അനുഭവമുണ്ടായിരുന്നോ?
♣ ഉണ്ടായിരുന്നു. നാഗ്പൂരിന്റെ പ്രാന്തപ്രദേശത്ത് ഒരു വിവേകാനന്ദ മെഡിക്കല്‍ സെന്റര്‍ ഉണ്ടായിരുന്നു. അന്ന് അത് ആശുപത്രിയായി വളര്‍ന്നിരുന്നില്ല. ഞങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സംഘങ്ങളായി അവിടെ പോകുകയും ഗ്രാമീണ മേഖലയിലെ ജനങ്ങളെ സേവിക്കുകയും ചെയ്തിരുന്നു. ഇന്ന് ആ മെഡിക്കല്‍ സെന്റര്‍ വളര്‍ന്ന് വലിയ ഹോസ്പിറ്റലായി മാറി.

ADVERTISEMENT
വനവാസി കല്യാണാശ്രമം സ്ഥാപകന്‍
ബാലാസാഹേബ് ദേശ്പാണ്ഡെക്കൊപ്പം


വനവാസി മേഖലയിലെ സേവനത്തിന് മാതൃകയായി ആരെങ്കിലും മുന്നിലുണ്ടായിരുന്നോ?

♣ നാഗ്പൂര്‍ സ്വദേശികളായ ഡോ.ഷിലേദാറും അദ്ദേഹത്തിന്റെ ഭാര്യയും ആണ് വനവാസി മേഖലയില്‍ പ്രവര്‍ത്തിച്ച ആദ്യത്തെ ഡോക്ടര്‍മാര്‍. ഇവര്‍ നല്ലൊരു മാതൃകയായിരുന്നു. ഝാര്‍ഖണ്ഡില്‍ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. 1969 മുതല്‍ 75 വരെ അവര്‍ അവിടെ പ്രവര്‍ത്തിച്ചു. 75ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തി തിരിച്ചുപോരാന്‍ അവിടുത്തെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അവര്‍ നമുക്കെല്ലാം വലിയൊരു പ്രേരണയും മാതൃകയുമായിരുന്നു.

ചെറുപ്പത്തില്‍ തന്നെ ശാഖയില്‍ പോകാന്‍ തുടങ്ങി എന്ന് പറഞ്ഞല്ലോ. എന്തായിരുന്നു അതിനുപ്രേരണ?
♣ ഞങ്ങളുടെ നാട്ടില്‍ ഒരു സ്വഭാവമുണ്ട്. വൈകുന്നേരമായാല്‍ എല്ലാവരും ശാഖയില്‍ പോകും; പ്രത്യേകിച്ച് കുട്ടികള്‍. സ്‌കൂളില്‍ നിന്ന് വന്നു കഴിഞ്ഞാല്‍ നേരെ ശാഖയ്ക്കാണ് പോകുക. അതില്‍ എല്ലാ വിഭാഗക്കാരുമുണ്ടാകും. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയിലെ ആള്‍ക്കാരുടെ കുട്ടികള്‍ ശാഖയില്‍ വരാറുണ്ടായിരുന്നു. ശാഖയിലെ കളികളും കഥപറയലുമൊക്കെ എല്ലാവരേയും ആകര്‍ഷിക്കുമായിരുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ശാഖ. അവിടെ ശക്തമായ നിരവധി ശാഖകളും നല്ല പരിപാടികളുമുണ്ടായിരുന്നു. അഖില ഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സുനില്‍ കുല്‍ക്കര്‍ണി, ഗുജറാത്ത് പ്രാന്തപ്രചാരക് ആയിരുന്ന രവീന്ദ്ര ഭുസാരി എന്നിവരൊക്കെ ഞങ്ങളുടെ ശാഖയില്‍ നിന്ന് വളര്‍ന്ന് വന്നവരായിരുന്നു. മോഹന്‍ജി ഭാഗവതും അദ്ദേഹത്തിനുമുമ്പുള്ള ശ്രീകൃഷ്ണ മോത്ത്‌ലിയും ഞങ്ങളുടെ സമയത്ത് അവിടെ പ്രചാരകരായി ഉണ്ടായിരുന്നു.

വയനാട്ടില്‍ എത്തിയപ്പോഴത്തെ സാഹചര്യം എന്തായിരുന്നു?
♣ 1980 സപ്തംബറില്‍ ഞാന്‍ നേരെ കൊച്ചിയിലേക്കായിരുന്നു വന്നത്. അവിടെ എന്റെ ഒരു അമ്മാവന്‍ ഒരു കമ്പനിയില്‍ മാനേജരായി ഉണ്ടായിരുന്നു. അവരുടെ കൂടെയാണ് വയനാട്ടിലേക്ക് വന്നത്. ആ സമയത്ത് വയനാട്ടില്‍ വിശ്വഹിന്ദുപരിഷത്തിന്റെ വിഭാഗ് സെക്രട്ടറിയായി മുതിര്‍ന്ന പ്രചാരകന്‍ വി.പി. ജനാര്‍ദ്ദനന്‍ ഉണ്ടായിരുന്നു. മുട്ടിലില്‍ അന്നു ഒരു മെഡിക്കല്‍ സെന്റര്‍ എന്ന നിലയ്ക്കാണ് മെഡിക്കല്‍ മിഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. മലബാറിലെ ആദ്യകാല സംഘപ്രചാരകനായിരുന്ന ശങ്കര്‍ശാസ്ത്രിയാണ് 1972ല്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തത്. വിശ്വഹിന്ദു പരിഷത്തായിരുന്നു ആരംഭിച്ചത്. മുംബൈ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ബ്രാഞ്ചായിട്ടാണ് മുട്ടിലില്‍ ആരംഭിക്കുന്നത്. കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, എ.പി. കേശവന്‍ നായര്‍ എന്നിവരായിരുന്നു ആ കാലത്തെ ഭാരവാഹികള്‍.

ആ മെഡിക്കല്‍ സെന്റര്‍ ആണ് പിന്നീട് മെഡിക്കല്‍ മിഷന്‍ ആശുപത്രിയായി വളര്‍ന്നത്. ശരിയല്ലേ?
♣ അതെ. വയനാട്ടില്‍ വനവാസി മേഖലയില്‍ മെഡിക്കല്‍ സെന്റര്‍ ആരംഭിക്കുക എന്ന ആശയം രൂപപ്പെട്ടപ്പോള്‍ അതിനായി ഒരു കെട്ടിടം ആവശ്യമായിവന്നു. മുട്ടിലില്‍ രാധാഗോപിമേനോന്‍ പണിത സ്‌കൂള്‍ കെട്ടിടം ഒഴിഞ്ഞ് കിടക്കുന്നതായി അറിഞ്ഞ് സംഘപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചു. ഈ ഉദ്യമത്തോട് സഹകരിക്കാന്‍ ഒട്ടും മടി കാണിക്കാത്ത അദ്ദേഹം സ്‌കൂളിന്റെ രണ്ട് കെട്ടിടവും ഒരേക്കര്‍ സ്ഥലവും അനുവദിച്ചുതന്നു. കുറച്ചുകാലത്തിനുശേഷം ഒരേക്കര്‍ ഭൂമി കൂടി വാങ്ങി. 1972ലാണ് മെഡിക്കല്‍ മിഷന്‍ ആശുപത്രി ആരംഭിക്കുന്നത്. കുറേക്കാലം കോട്ടയത്തുള്ള ഡോ.കൃഷ്ണമൂര്‍ത്തി ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരെ സേവനത്തിനു ലഭിക്കാതെ വന്നപ്പോഴാണ് ഇവിടുത്തെ കാര്യകര്‍ത്താക്കള്‍ സംഘത്തിന്റെ കേന്ദ്ര അധികാരികളെ സമീപിച്ചത്.

വയനാട്ടില്‍ വന്നപ്പോഴുള്ള അനുഭവം എന്തായിരുന്നു?
♣ മറക്കാനാകാത്ത അനുഭവങ്ങളാണ് വയനാട് എനിക്ക് സമ്മാനിച്ചത്. പ്രധാന പ്രശ്‌നം ഭാഷയായിരുന്നു. എനിക്ക് മലയാളം തീരെ അറിയില്ല. വനവാസി വിഭാഗത്തിന്റെ ഗോത്രഭാഷ തീരെ മനസ്സിലായില്ല. താമസസ്ഥലത്ത് പ്രാഥമിക സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. റോഡില്ല, കറന്റ് പോയാല്‍ പിന്നെ എപ്പോഴെങ്കിലും വന്നാല്‍ ആയി. ഫോണ്‍ ഇല്ല. വാഹനം ഇല്ല. പരിമിതികളുടെ പട്ടിക വലുതാണ്. ഇതെല്ലാം പ്രതീക്ഷിച്ചു തന്നെ വന്നതുകൊണ്ട് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. കൂടെ പ്രവര്‍ത്തിക്കാന്‍ ഉണ്ടായത് സന്ന്യാസി തുല്യനായ വ്യക്തിയായിരുന്നു; പി.വി. കരുണാകരന്‍. തലശ്ശേരിക്കാരനായ കരുണാകരന്‍ വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വി.ആര്‍.എസ്. എടുത്ത അദ്ദേഹത്തെ ഭാസ്‌കര്‍റാവുജി മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. ആത്മീയമായ പശ്ചാത്തലമുള്ള കരുണാകരന്‍ സ്വാമി ചിന്‍മയാനന്ദന്റേയും സ്വാമി ദയാനന്ദസരസ്വതിയുടേയും കൂടെ പ്രവര്‍ത്തിച്ച് അനുഭവ പരിചയമുള്ള ആളായിരുന്നു. ഓഫീസിന്റെ പ്രവര്‍ത്തനങ്ങളും മറ്റെല്ലാ കാര്യങ്ങളും കരുണേട്ടന്‍ നോക്കിയിരുന്നു. എല്ലാവരുമായും നന്നായി ഇടപഴകാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് നല്ല ഇംഗ്ലീഷ് പരിജ്ഞാനവുമുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലുള്ളവരുടെ പരിപൂര്‍ണ്ണ സഹായം ഉണ്ടായതുകൊണ്ട് ഭാഷയടക്കമുള്ള കാര്യങ്ങളൊക്കെ പെട്ടെന്ന് പഠിക്കാന്‍ സാധിച്ചു.

മെഡിക്കല്‍ മിഷന്റെ ആദ്യകാല പ്രവര്‍ത്തകര്‍: സി. ചന്ദ്രശേഖരന്‍,
ഡോ.ധനഞ്ജയ സഖ്‌ദേവ്, പി.വി.കരുണാകരന്‍, ഡോ.മോഹന്‍ദാസ്.

താങ്കള്‍ വരുന്ന കാലത്ത് വനവാസി സമൂഹം അലോപ്പതി ചികിത്സയോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യമായിരുന്നല്ലോ. എങ്ങനെയാണ് അവര്‍ ചികിത്സ സ്വീകരിക്കാന്‍ തയ്യാറായത്?
♣ സംഘത്തിന്റെ സ്വയംസേവകര്‍ക്കും വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തകര്‍ക്കുമെല്ലാം വനവാസി കോളനികളുമായി നല്ല ബന്ധമായിരുന്നു. കോളനികളില്‍ നല്ല ശാഖകള്‍ ഉണ്ടായിരുന്നു. ആദിവാസി സംഘത്തിന്റെ പ്രവര്‍ത്തനവും സജീവമായിരുന്നു. വനവാസികളെ ബോധവല്‍ക്കരിക്കാന്‍ അവരുടെ സേവനം പ്രയോജനപ്പെട്ടു. 1982ല്‍ മെഡിക്കല്‍ മിഷന്റെ പത്താം വാര്‍ഷികത്തില്‍ ആണ് മൊബൈല്‍ യൂണിറ്റ് ആരംഭിച്ചത്. പേജാവൂര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥയായിരുന്നു മുഖ്യ അതിഥി. മൊബൈല്‍ യൂണിറ്റ് ആയതോടെ ഞങ്ങള്‍ കോളനികളില്‍ പോയി ചികിത്സ തുടങ്ങി. അസുഖം കണ്ടെത്തുകയും മരുന്ന് നല്‍കുകയും ചെയ്തു. പലരും മരുന്ന് കഴിക്കില്ല. ചിലര്‍ കഴിക്കും. മരുന്നു കഴിച്ചവര്‍ക്ക് അസുഖം ഭേദമാകുന്നു എന്ന അനുഭവം സമൂഹത്തില്‍ മാറ്റമുണ്ടാക്കി. പതുക്കെ അവര്‍ ചികിത്സയോട് സഹകരിച്ചു തുടങ്ങി. അന്ന് ഈ ഭാഗത്ത് ആര്‍.എസ്.എസ്. പ്രചാരകനായിരുന്ന എറണാകുളം സ്വദേശി സി.എസ്. മുരളി ഏറെ സഹായം ചെയ്തിരുന്നു.

ആദിവാസി സംഘം പ്രവര്‍ത്തകരുടെ സേവനം എന്തൊക്കെയായിരുന്നു?
♣ പ്രധാനമായും അവരുടേത് ഫീല്‍ഡ് വര്‍ക്ക് ആയിരുന്നു. ആദിവാസി സംഘത്തിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ വനവാസികള്‍ വിശ്വസിക്കുമായിരുന്നു. ഉയര്‍ന്ന വിഭാഗക്കാരായ കുറിച്യരുടെ കോളനിയില്‍ പണിയവിഭാഗത്തിലുള്ളവരെ കയറ്റില്ലായിരുന്നു. കുറുച്യ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് വെച്ചാല്‍ മറ്റു വിഭാഗക്കാര്‍ വരില്ല. അപ്പോള്‍ പണിയ കോളനിയില്‍ വേറെത്തന്നെ ക്യാമ്പ് വെക്കണമായിരുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഈ പ്രശ്‌നം കുറേയൊക്കെ മാറിയിട്ടുണ്ട്.

കേന്ദ്രമന്ത്രിയായിരുന്ന ജുവല്‍ ഒറോം ആശുപത്രി
സന്ദര്‍ശിച്ചപ്പോള്‍

താങ്കള്‍ അവിടെ എത്തുന്ന സമയത്തുള്ള വനവാസി വിഭാഗങ്ങളുടെ ആരോഗ്യസ്ഥിതി എന്തായിരുന്നു?
♣ പൊതുവേ ഇന്ത്യയിലുടനീളം വനവാസി ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യ-വിവരസാങ്കേതിക മേഖലകളില്‍ വളരെ പിന്നാക്കമായിരുന്നു. വാസ്തവത്തില്‍ സംഘ-വിവിധ ക്ഷേത്ര സംഘടനകളാണ് വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഈ ജനവിഭാഗങ്ങള്‍ക്ക് വിവേകാനന്ദ മെഡിക്കല്‍ മിഷനോട് ആദരവും വിശ്വാസവും വര്‍ദ്ധിച്ചു.
സാധാരണയായി വയറിളക്കം, ഛര്‍ദ്ദി, കോളറ തുടങ്ങിയ അസുഖങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന അസുഖങ്ങളുമാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ക്ക് അനീമിയപോലുള്ള അസുഖങ്ങള്‍ പതിവാണ്. അതില്‍ ചിലര്‍ക്ക് പനി, ശരീരവേദന, ക്ഷീണം എന്നിങ്ങനെ വന്നപ്പോള്‍ അത് സിക്കിള്‍ സെല്‍ (അരിവാള്‍) രോഗമാണോ എന്ന് സംശയം തോന്നി. നാഗ്പൂരില്‍ വച്ച് ഈ രോഗത്തെക്കുറിച്ചുള്ള അറിവ് എനിക്കുണ്ടായിരുന്നു. അന്ന് ഇവിടെ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമൊന്നുമില്ലായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു ടീം വന്ന് പരിശോധിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ചൗഹാന്റെ ഇടപെടലിനെത്തുടര്‍ന്ന് ദല്‍ഹി എയിംസില്‍ നിന്ന് ഒരു സംഘം വന്നു. അവര്‍ കുറേ ക്യാമ്പുകള്‍ നടത്തി. രക്തപരിശോധന നടത്തി. സിക്ലിംങ് ടെസ്റ്റ് ചെയ്തു. പിന്നെ രോഗം സ്ഥിരീകരിക്കുന്നതിന് വേണ്ടി രക്തം കൊണ്ടുപോയി. അങ്ങനെയാണ് സിക്കിള്‍ സെല്‍ രോഗം സ്ഥിരീകരിക്കുന്നത്.

എങ്ങനെയാണ് സിക്കിള്‍ സെല്‍ അനീമിയ (അരിവാള്‍ രോഗം) എന്ന രോഗത്തെ പ്രതിരോധിച്ചത്?
♣ ഇതൊരു ജനിതകരോഗമാണ്. പാരമ്പര്യമായി കൈമാറ്റം ചെയ്തു കിട്ടുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു പ്രൊജക്ട് ഉണ്ടായിരുന്നു. ദല്‍ഹി എയിംസ്, ഗവണ്‍മ്മെന്റിന്റെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരോടൊപ്പം സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും ആ പ്രോജക്ടില്‍ പങ്കാളിയായിരുന്നു. പ്രോജക്ടിന്റെ ഒരു പ്രധാന കേന്ദ്രവും മെഡിക്കല്‍ മിഷന്‍ ആയിരുന്നു. കേരളത്തില്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത് മെഡിക്കല്‍ മിഷന്‍ ആയിരുന്നു. 1997 -2001 വരെ നാല് വര്‍ഷമായിരുന്നു പ്രൊജക്ടിന്റെ കാലാവധി. പ്രൊജക്ടിന്റെ ഭാഗമായി നിത്യവും കോളനികളില്‍ പോയി രക്തം പരിശോധിക്കും. അങ്ങനെ ഒരു ലക്ഷത്തിലധികം പേരെ പരിശോധിച്ചു. അവര്‍ക്ക് മൂന്ന് തരത്തിലുള്ള കാര്‍ഡ് നല്‍കി. രോഗികളായവര്‍ക്ക് ചുവപ്പ് കാര്‍ഡ്, രോഗവാഹകര്‍ക്ക് നീല, അസുഖമില്ലാത്തവര്‍ക്ക് വെള്ള എന്നിങ്ങനെ. രക്തത്തില്‍ ഹീമോഗ്ലോബിന്‍ എഎ ആണെങ്കില്‍ അവര്‍ രോഗികളല്ല. എസ്.എസ്. ആണെങ്കില്‍ രോഗിയാണ്. എ.എസ്.ആണെങ്കില്‍ രോഗികളല്ല, രോഗവാഹകരാണ്. വിവാഹത്തിന് മുന്നേ ഇത്തരക്കാര്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കും. രണ്ട് വാഹകര്‍ തമ്മിലോ രണ്ട് രോഗികള്‍ തമ്മിലോ കല്യാണം കഴിക്കാന്‍ പാടില്ല. കഴിച്ചാല്‍ രോഗം അടുത്ത തലമുറയ്ക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലണ്. സിക്കിള്‍ സെല്ലിന് (അരിവാള്‍ രോഗം) ഏറ്റവും നല്ല ചികിത്സ ഇപ്പോഴും മെഡിക്കല്‍ മിഷനില്‍ തന്നെയാണ്.

കേരളത്തില്‍ ഇങ്ങനെയൊരു ദൗത്യവുമായി വന്നപ്പോള്‍ താങ്കള്‍ക്ക് ഏറെ മാറേണ്ടി വന്നിട്ടുണ്ടാകുമല്ലോ?
♣ ശരിയാണ്, ഒത്തിരി മാറേണ്ടി വന്നിട്ടുണ്ട്. കേരളത്തിന്റെ സംസ്‌കാരവും നാഗ്പ്പൂരിന്റെ സംസ്‌കാരവും തമ്മില്‍ ഏറെ വ്യത്യാസമുള്ളതായാണ് അനുഭവപ്പെട്ടത്. നാഗ്പൂരില്‍ കുറച്ചുകൂടി സൗഹൃദപരമായ അന്തരീക്ഷം ഉണ്ടെന്ന് തോന്നുന്നു. വ്യക്തി ബന്ധങ്ങള്‍ കുറച്ചുകൂടി ദൃഢമായിട്ടുള്ളത് അവിടെയാണെന്നാണ് തോന്നിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ സ്വാധീനംകൊണ്ടോ മറ്റോ ആകാം ഇവിടെ ഭൗതികത കുറച്ച് കൂടുതലായാണ് തോന്നിയത്. അവിടുത്തെ അപേക്ഷിച്ച് ആളുകള്‍ പരസ്പരം അടുത്ത് ഇടപഴകുന്നത് ഇവിടെ കുറവാണ്. ഭക്ഷണം, കാലാവസ്ഥ, മറ്റ് ആചാരങ്ങള്‍ എന്നിവയൊക്കെ ഏറെ വ്യത്യസ്തമാണ്. ഈ ബുദ്ധിമുട്ട് പ്രതീക്ഷിച്ച് തന്നെയാണ് ഇവിടുത്തേക്ക് വന്നത്. അതുകൊണ്ട് പ്രശ്‌നമില്ല. പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി പരിഗണിക്കാറില്ല. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനപരമായ ആവശ്യങ്ങള്‍ എങ്ങനെയാണ് നിര്‍വ്വഹിച്ചത്?
♣ആശുപത്രിയില്‍ വനവാസി – ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് ചെറിയൊരു ഫീസ് വാങ്ങി ചികിത്സ നല്‍കുന്നു. നിരവധി സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇന്നും സഹായിക്കുന്നുണ്ട്. കോഫി ബോര്‍ഡ്, ടീബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കോംട്രസ്റ്റ്, കേസരിവാരിക, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇപ്പോള്‍ അടുത്തായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അങ്ങിനെ നിരവധി മേഖലകളില്‍ നിന്ന് സഹായം ലഭിച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ മിനിസ്റ്ററി ഓഫ് ട്രൈബല്‍ അഫയേര്‍സ് ആശുപത്രിക്കും മൊബൈല്‍ യൂണിറ്റിനും സഹായം നല്‍കിയിട്ടുണ്ട്. ഇപ്പോഴും നല്‍കുന്നുണ്ട്.

”നിങ്ങളെപ്പോലെ ആകണം”

ഒരിക്കല്‍ ആദരണീയനായ നാനാജി ദേശ്മുഖ് മെഡിക്കല്‍ മിഷനില്‍ വന്നു. 1983-84 കാലഘട്ടത്തിലായിരുന്നു അത്. അദ്ദേഹം മെഡിക്കല്‍ മിഷന്‍ പ്രവര്‍ത്തകരോടൊപ്പം ചില കോളനികള്‍ സന്ദര്‍ശിച്ചു. കോളനി നിവാസികളുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം അവരോട് ചോദിച്ചു:”What we can do for you” (നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?) അപ്പോള്‍ അതിലൊരു യുവാവ് പറഞ്ഞു: “We want to become like you”(ഞങ്ങള്‍ക്ക് നിങ്ങളെപ്പോലെ ആകണം എന്ന്).വിദ്യാഭ്യാസമടക്കം മറ്റ് വികസനങ്ങളാണ് അവര്‍ ഉദ്ദേശിച്ചത്. അതാണ് സമഗ്രവികസനം എന്ന കാഴ്ചപ്പാടിലേക്ക് നമ്മെ നയിച്ചത്.

വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മുന്നോട്ടുവെയ്ക്കുന്ന ആദര്‍ശം എന്താണ്? ഇതിനു കീഴില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ?
♣ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ കേവലം ഒരു ആശുപത്രി എന്ന നിലയില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. അത് വനവാസി വിഭാഗത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തക്കുന്ന സംവിധാനമാണ്. ‘അഞ്ച് എസ്’ ആണ് അതിന്റെ പ്രവര്‍ത്തനപദ്ധതി.
1. സ്വാസ്ഥ്യ: സ്വാസ്ഥ്യമിത്ര സ്‌കീം, ആരോഗ്യരക്ഷ വനവാസികളുടെ ആരോഗ്യസംരക്ഷണത്തിനും പോഷണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം. ആശുപത്രിയും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും അത് ചെയ്യുന്നു.
2. ശിക്ഷണ്‍: വനവാസികളെ വിദ്യ അഭ്യസിപ്പിക്കാനുള്ള പ്രവര്‍ത്തനം. ഏകാധ്യാപക സ്‌കൂള്‍ ആണ് അതില്‍ പ്രധാനം. 125 ഏകാധ്യാപക സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സ്‌കൂളില്‍ ശരാശരി 20 വിദ്യാര്‍ത്ഥികള്‍ ഉണ്ടാകും. മുംബൈയിലെ ടൈഡ് ട്രസ്റ്റ് (Tribal Integrated Development and Educational Trust) ഇതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്.
3. സംസ്‌കാര്‍: വനവാസികള്‍ക്കിടയില്‍ സംസ്‌കാരം വളര്‍ത്താനുള്ള പ്രവര്‍ത്തനമാണ് ഇത്. എല്ലായിടത്തും കുട്ടികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ബാലസംസ്‌കാര്‍ കേന്ദ്രങ്ങളുണ്ട്.
4. സ്വാഭിമാന്‍: വനവാസി സമൂഹത്തില്‍ സ്വാഭിമാനം വളര്‍ത്തിക്കൊണ്ട് അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇത്.
5. സാമാജിക്: വനവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഗ്രാമസേവാസമിതികള്‍ ഉണ്ടാക്കി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവര്‍ക്ക് തന്നെ പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള സംവിധാനമാണ് ഇത്.
നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യം ഇതാണ്. അല്ലാതെ കേവലം ആശുപത്രി നടത്തുക എന്നതല്ല. മുന്‍ സര്‍സംഘചാലക് പൂജനീയ ദേവറസ് ജി ആശുപത്രിയുടെ വളര്‍ച്ചയെക്കുറിച്ച് പറഞ്ഞത്, ”വളര്‍ച്ച ലംബമായിട്ടാകരുത്; തിരശ്ചീനമായിട്ടാകണം” എന്നാണ്. നല്ല പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നടത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അല്ലാതെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നടത്തുക എന്നതായിരിക്കരുത്. അങ്ങനെയായിപ്പോയാല്‍ നമ്മുടെ ഉദ്ദേശ്യം മാറിപ്പോകും. മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പണമുണ്ടാക്കാനുള്ള ഉപാധിയായി മാറിപ്പോകും.

മെഡിക്കല്‍ മിഷന്റെ മൊബൈല്‍ ആശുപത്രി

മാവോയിസ്റ്റ് പ്രവര്‍ത്തന മേഖലകളാണല്ലോ ഈ പ്രദേശങ്ങള്‍. മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളോട് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ഇവര്‍ പ്രകടിപ്പിച്ചിട്ടുണ്ടോ?
♣ തിരുനെല്ലി ഭാഗത്താണ് കൂടുതലായും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനമുള്ളത്. പ്രത്യക്ഷമായി അധികം തടസ്സങ്ങള്‍ അവരുടെ ഭാഗത്തുനിന്ന് നമുക്ക് നേരിടേണ്ടിവന്നിട്ടില്ല. ഒരിക്കല്‍ തിരുനെല്ലിയില്‍ അവര്‍ എതിര്‍പ്പുമായി വന്നിരുന്നു. മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത് അറിയിച്ചുകൊണ്ടുള്ള നോട്ടീസില്‍ ആര്‍.എസ്.എസ്സിന്റെ പേരാണ് വെച്ചിരുന്നത്. അതാണ് എതിര്‍പ്പിന് കാരണമായത്. ആശുപത്രിക്കെതിരെ അവര്‍ ഒന്നും ചെയ്തിട്ടില്ല. അവരുടെ ആള്‍ക്കാരും ചികിത്സയ്ക്കായി ഇവിടെയാണ് എത്തുന്നത്. ഗവണ്‍മെന്റ് പോലും ഈ അടുത്തകാലത്താണല്ലോ വനവാസികള്‍ക്കായി പ്രവര്‍ത്തനം തുടങ്ങിയത്. നമ്മള്‍ 48 വര്‍ഷത്തോളമായി ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ മെഡിക്കല്‍ മിഷന്‍ ഏവരുടേയും ബഹുമാന കേന്ദ്രമാണ്. ഗവണ്‍മെന്റിനുപോലും മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനം വലിയ ആശ്വാസമാണ്. കാരണം അവര്‍ക്ക് അത്രയും തലവേദന കുറഞ്ഞല്ലോ.

മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ വനവാസിമേഖലയില്‍ ഉണ്ടായി എന്ന് വിശദീകരിക്കാമോ?
♣ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വനവാസികളുടെ ജീവിതത്തില്‍ വലിയതരത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസ നിലവാരം കുറേയൊക്കെ ഉയര്‍ന്നു. സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറഞ്ഞു. അവരില്‍ നിന്ന് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരായി നിരവധി പേര്‍ ഉണ്ടാകുന്നുണ്ട്. മറ്റ് ഉന്നതതലങ്ങളിലും എത്തിപ്പെടുന്നുണ്ട്. നാടിന്റെ സംസ്‌കാരം അവരില്‍ ഊട്ടി ഉറപ്പിക്കാന്‍ കുറെയൊക്കെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ലഹരി വസ്തുക്കളുടെ അമിത ഉപയോഗം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കും കുറവുവന്നിട്ടുണ്ട്.

കേസരി സബ് എഡിറ്റര്‍മാരായ ടി.സുധീഷും ടി.വിജയനും ഡോ.സഖ്‌ദേവുമായി സംസാരിക്കുന്നു

രാഷ്ട്രം പത്മശ്രീ നല്‍കി താങ്കളെ ആദരിച്ചിരിക്കുകയാണ്. ഒരു സ്വയംസേവകന്‍ എന്ന നിലയില്‍ ഈ അംഗീകാരത്തെ താങ്കള്‍ എങ്ങിനെയാണ് നോക്കിക്കാണുന്നത്?
♣ പത്മശ്രീ കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതികളില്‍ ഒന്നാണല്ലോ അത്. എന്നാല്‍ ഈ അംഗീകാരം എനിക്ക് വ്യക്തിപരമായി കിട്ടിയ ഒന്നായി ഞാന്‍ കാണുന്നില്ല. വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ഡോ. സഗ്‌ദേവിന്റെ പ്രവര്‍ത്തനമല്ല; ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ്. ഒരു വണ്‍മാന്‍ഷോ അല്ല; ~ഒരു ടീം വര്‍ക്കിന്റെ പ്രവര്‍ത്തന വിജയമാണ്. അതുകൊണ്ടു തന്നെ ഈ അംഗീകാരത്തില്‍ എല്ലാവരും സന്തുഷ്ടരാണ്. എന്റെത് ഒരു സ്വയംസേവകന്റെ പ്രവര്‍ത്തനമാണ്. അല്ലാതെ ഒരു മെഡിക്കല്‍ ഓഫീസര്‍ എന്ന നിലയിലുള്ളതല്ല. ഞാന്‍ ഇവിടെ സംഘപ്രചാരകനായിട്ടാണ് വന്നത്. യാതൊരുവിധ അംഗീകാരത്തിനോ പ്രശസ്തിക്കോ വേണ്ടി ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ സന്തോഷം വ്യക്തിപരമല്ല. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ തങ്ങളുടേതായ പ്രചരണം നടത്താറില്ല. അങ്ങനെയൊരു സ്ഥാപനത്തെ ഗവണ്‍മെന്റ് അംഗീകരിക്കുമ്പോള്‍ അത് സന്തോഷകരമാണ്. ജനങ്ങളില്‍ സ്ഥാപനത്തെക്കുറിച്ചുള്ള വിശ്വാസം വര്‍ദ്ധിക്കുന്നു. ഇതിന്റെ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണയാകുന്നു. പൊതുവില്‍ നാമെല്ലാം അംഗീകാരം ഇഷ്ടപ്പെടുന്നവരാണല്ലോ. അത് പ്രവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കും.

ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പത്മശ്രീ പുരസ്‌കാരം ലഭിച്ച ഡോ.സഖ്‌ദേവിനെ അഭിനന്ദിക്കാനെത്തിയപ്പോള്‍

താങ്കളുടെ കുടുംബത്തെക്കുറിച്ച് പറയാമോ?
♣ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം തിരിച്ച് നാട്ടില്‍പോയി പ്രവര്‍ത്തിക്കാന്‍ ചിന്തിച്ച എന്നോട് ഇവിടെത്തന്നെ തുടരാനും കുടുംബജീവിതം നയിക്കാനും ആവശ്യപ്പെട്ടത് മുതിര്‍ന്ന സംഘകാര്യകര്‍ത്താക്കളാണ്. അതുപ്രകാരം കോഴിക്കോട്ടെ സംഘപ്രവര്‍ത്തകനായ ശ്രീറാം ഗുര്‍ജറിന്റെ മകള്‍ സുജാതയെ എനിക്കായി അവര്‍ കണ്ടെത്തി. 1985ല്‍ ആണ് എന്റെ വിവാഹം നടന്നത്. നാഗ്പൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ പൂജനീയ സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ്ജി പങ്കെടുത്തിരുന്നു. എനിക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. മൂത്തമകള്‍ അതിഥി; നാഗ്പൂരില്‍ എഞ്ചിനീയര്‍ ആയി പ്രവര്‍ത്തിക്കുന്നു. അവളുടെ വിവാഹം കഴിഞ്ഞു. അവിടെത്തന്നെ ഒരു കമ്പനിയില്‍ മാനേജരായ അജയ് ഷഹാബുദ്ക്കല്‍ ആണ് ഭര്‍ത്താവ്. രണ്ടാമത്തെ മകള്‍ ഗായത്രി. എം.ബി.ബി.എസ്. കഴിഞ്ഞതിനുശേഷം ഒരു വര്‍ഷം ഇവിടെ വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ പാറ്റ്‌ന എയിംസില്‍ എം.ഡിക്കു അഡ്മിഷന്‍ കിട്ടി.

മകള്‍ അതിഥിയ്ക്കും ഭാര്യ സുജാതയ്ക്കുമൊപ്പം

എന്റെ സഹോദരന്മാരില്‍ ഒരാള്‍ (വിനയന്‍) നാഗ്പൂരില്‍ തന്നെയുണ്ട്. മറ്റൊരാള്‍ നാസിക്കിലും മൂന്നാമതൊരാള്‍ അമേരിക്കയിലുമാണ്. മറ്റ് ബന്ധുക്കള്‍ നാഗ്പൂരില്‍ തന്നെ ഉണ്ട്. ഇടയ്ക്ക് നാഗ്പൂരില്‍ പോകുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്.

മെഡിക്കല്‍ മിഷനില്‍ സേവനം ചെയ്ത ഡോക്ടര്‍മാര്‍ ആരൊക്കെയായിരുന്നു?
♣മെഡിക്കല്‍ മിഷനില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാരില്‍ പലരും ഇന്ന് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് വര്‍ഷം ഇവിടെ ഉണ്ടായിരുന്ന ഡോ.ജയന്ത് പൂജാരി ഇപ്പോള്‍ ദല്‍ഹിയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ ആയുഷ് കമ്മീഷന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ ഡോ. ആദികേശവന്‍ ഇവിടെ പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ റെയില്‍വേയില്‍ പാലക്കാട് ഡിവിഷനില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. തിരുവനന്തപുരത്ത് തന്നെയുള്ള ഡോ.നാരായണന്‍ സംഘ പ്രചാരകനായിരുന്നു. ഇവിടുത്തെ പ്രവര്‍ത്തനത്തിനുശേഷം അട്ടപ്പാടിയിലെ വിവേകാനന്ദ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു. ഡെറാഡൂണിലെ ഡോ. അനൂജ് സിംഗാളും അദ്ദേഹത്തിന്റെ ഭാര്യയും 15 വര്‍ഷം ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1997 മുതല്‍ 2012 വരെയാണ് അത്. ഇപ്പോള്‍ ഡെറാഡൂണില്‍ പ്രവര്‍ത്തിക്കുന്നു. തമിഴ്‌നാട്ടിലെ ഏറുമാടുള്ള ഡോ. അശ്വിനി കുറച്ചുകാലം ഇവിടെ ഉണ്ടായിരുന്നു. അവിടുത്തെ ആര്‍.എസ്.എസ്. ജില്ലാ സംഘചാലക് സുന്ദരത്തിന്റെ മകളാണ്. വിവാഹശേഷം അവര്‍ തിരിച്ചുപോയി.

മകള്‍ ഗായത്രി ആശുപത്രിയില്‍
രോഗികളെ പരിശോധിക്കുന്നു
സേവനത്തിന്റെ 25-ാം വര്‍ഷത്തില്‍ പൂജനീയ സര്‍സംഘചാലക് സുദര്‍ശന്‍ജി ഡോ.സഖ്‌ദേവിനെ ആദരിക്കുന്നു.സമീപം പി.ഇ.ബി.മേനോന്‍, മകള്‍, ഭാര്യ.

മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച പ്രമുഖ വ്യക്തികള്‍ ആരൊക്കെയാണ്?
♣ ഉഡുപ്പി ആശ്രമം മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ, ധര്‍മ്മസ്ഥലട്രസ്റ്റ് അധ്യക്ഷന്‍ വീരേന്ദ്ര ഹെഗ്‌ഡെ, നാനാജി ദേശ്മുഖ്, സുദര്‍ശന്‍ജി, മോഹന്‍ജി ഭാഗവത്, ശേഷാദ്രിജി, യാദവറാവു ജോഷി, കേന്ദ്രമന്ത്രി ജുവല്‍ഓറം, സ്വാമി ദയാനന്ദ സരസ്വതി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖര്‍ ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്.

 

Share22TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies