രാമനാട്ടുകര സ്വര്‍ണ്ണ കവര്‍ച്ച കേരളത്തിലെ രാഷ്ട്രീയ രംഗത്ത് മറ്റൊരു ചരിത്രമാണ് കുറിച്ചത് എന്നതില്‍ സംശയമില്ല. വിദേശത്തുനിന്ന് സ്വര്‍ണ്ണം കടത്തുക, കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം കസ്റ്റംസിനെയും മറ്റു ഏജന്‍സികളെയും വെട്ടിച്ച് പുറത്തെത്തിക്കുക, ആ കള്ളക്കടത്തു സാമഗ്രി കൊണ്ടുവരുന്നവരെ ആക്രമിച്ച് അതത്രയും കൈക്കലാക്കുക. ഇതില്‍ രാഷ്ട്രീയ നേതൃത്വം പങ്കാളിയാവുക. മുന്‍കാലങ്ങളില്‍ ഒന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍. ഭരണകക്ഷി അഴിമതി നടത്തുന്നു എന്നൊക്കെ നാം ധരിച്ചിട്ടുണ്ട്. കാട്ടിലെ തടി വെട്ടിവിറ്റ് നൂറുകണക്കിന് കോടികള്‍ നേടിയത് ഇതിനകം കേട്ടുവല്ലോ. എന്നാല്‍ കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കുന്നവരില്‍ നിന്ന് മൂന്നിലൊന്ന് കരസ്ഥമാക്കുന്ന രാഷ്ട്രീയ നേതൃത്വം; അത് ആദ്യമായി കേള്‍ക്കുന്ന കാര്യമാണ്.
സ്വര്‍ണ്ണക്കടത്ത് കേരളത്തിലുണ്ട് എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. കൊച്ചി, കോഴിക്കോട,് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇത് നടക്കുന്നുണ്ട് എന്നത് പലവട്ടം സ്ഥിരീകരിക്കപ്പെട്ടിരുന്നു. തിരുവനന്തപുരവും പിന്നിലായിരുന്നില്ല. നമ്മുടെ കേന്ദ്ര ഏജന്‍സികള്‍, കസ്റ്റംസ്, ഡി ആര്‍ ഐ ഒക്കെ വേണ്ടതിലധികം കരുതലുകള്‍ ഒരുക്കിയിരുന്നു എന്നത് ശരിയാണ്, പ്രത്യേകിച്ചും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം. ആധുനിക സ്‌കാനറുകള്‍ അടക്കം സ്ഥാപിച്ചു. എന്നിട്ടും കള്ളക്കടത്ത് നടന്നുപോന്നു. അതിനെയൊക്കെ മറികടക്കാനാവുന്ന വിദ്യകള്‍ അവര്‍ സ്വീകരിച്ചു. മറ്റൊന്ന് കപ്പലില്‍ തന്നെ കള്ളന്മാര്‍ ഉണ്ടായി എന്നതാണ്. അത്തരക്കാരെയും കണ്ടെത്തി, ശക്തമായ നടപടികള്‍ ഉണ്ടായി. കുറെ ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനില്‍ ആയതോര്‍ക്കുക. പക്ഷെ കരുതലുകള്‍ പോരാ, ക്രമീകരണങ്ങള്‍ ഇനിയും മാറേണ്ടതുണ്ട് എന്നതാണ് കേരളം ഇക്കാര്യത്തില്‍ നല്‍കുന്ന സന്ദേശം. തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാര്‍ ഇത് വേണ്ടത്ര ഗൗരവത്തോടെ പരിശോധിക്കും എന്നുതന്നെ കരുതാം.
കാവലാള്‍ കള്ളനായാലോ?
ഇവിടെ പ്രശ്‌നം കാവല്‍ക്കാരന്‍ തന്നെ മോഷണം നടത്തുന്നു അഥവാ മോഷണത്തിന് സൗകര്യമൊരുക്കുന്നു എന്നതാണ്. അതാണ് രാമനാട്ടുകര നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആരാണ് ഇവിടെ തട്ടിപ്പ് ശൃംഖലയിലുള്ളത്? വിദേശത്തുനിന്ന് സ്വര്‍ണ്ണം വാങ്ങാന്‍ അവിടെ ദല്ലാളന്മാര്‍, അത് ഇന്ത്യയിലേക്ക് എത്തിയ്ക്കാന്‍ വേറെയൊരു സംഘം; ഇവിടെയെത്തിയത് ഏറ്റുവാങ്ങാനും ലക്ഷ്യത്തിലെത്തിക്കാനും മറ്റൊരു സംഘം. ഇതിനിടയില്‍ കവര്‍ച്ച നടത്താന്‍ മറ്റൊരു കൂട്ടര്‍. ഇതിനെയൊക്കെ നിയന്ത്രിക്കുന്നത് സംസ്ഥാനത്ത് നിര്‍ണ്ണായക രാഷ്ട്രീയ സ്വാധീനമുള്ള പാര്‍ട്ടിയും നേതാക്കളും. കള്ളക്കടത്തും കവര്‍ച്ചയും പാര്‍ട്ടി; പരിപാടിയാക്കിയവര്‍ കേരളത്തില്‍ വാഴുന്നു എന്നതല്ലേ വസ്തുത.
കവര്‍ച്ചകള്‍, വാഹനാപകടങ്ങള്‍ ഒക്കെയും നാം പലപ്പോഴും കേരളത്തില്‍ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കൊടകര സംഭവം ഏറെ ചര്‍ച്ച ചെയ്തതാണല്ലോ. അവിടെ കവര്‍ച്ചക്കേസില്‍ അറസ്റ്റിലായത് സി പി എമ്മുകാരും സി പി ഐക്കാരുമൊക്കെയാണ്. ഏതാണ്ട് രണ്ടു ഡസന്‍ പേരെയാണ് കേരള പോലീസ് പിടികൂടിയത്. അവിടെ സഖാക്കള്‍ പിടിയിലായപ്പോള്‍ സിപി എം ഞെട്ടിയില്ല എന്നതോര്‍ക്കുക; ഏതാണ്ട് ഒരു ഡസന്‍ പേര് സിപിഎമ്മുകാരാണ് എന്നത് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സാധാരണ നിലക്ക് അന്നേ അവരെയൊക്കെ പാര്‍ട്ടി തള്ളിപ്പറയേണ്ടതായിരുന്നു. അതിത്രയായിട്ടും കണ്ടിട്ടില്ല. അവരൊക്കെ ഇപ്പോഴും ജയിലിലുണ്ടുതാനും. രാമനാട്ടുകര സമാനമായ ഒരു സംഭവമാണ്. ആദ്യത്തേതില്‍ പണമാണ് തട്ടിയതെങ്കില്‍ ഇവിടെ സ്വര്‍ണ്ണമാണ്. എന്നാല്‍ ഇവിടെയിപ്പോള്‍ മറ്റാരെയും ചാരി രക്ഷപ്പെടാന്‍ സി പി എമ്മിനാവുന്നില്ല. കൊടകരയില്‍ ചെയ്തത് പോലെ വിഷയം വഴിതിരിച്ചുവിടാനും മറ്റുള്ളവരുടെ തലയില്‍ കെട്ടിയേല്പിക്കാനും സാധിക്കാതെ വന്നു. മാത്രമല്ല തങ്ങള്‍ കവര്‍ച്ചക്കും ക്വട്ടേഷന്‍ സംഘത്തിനുമെതിരാണ് എന്ന് പ്രചാരണവും നടത്തി. രാമനാട്ടുകരയിലേത് പോലെ തന്നെ കൊടകരയിലേതും അറിയപ്പെടുന്ന പാര്‍ട്ടി സഖാക്കളായിരുന്നല്ലോ; പാര്‍ട്ടി നേതാക്കളുടെ വിശ്വസ്തരായ ആളുകളായിരുന്നല്ലോ. ഡി വൈ എഫ് ഐ നേതാക്കളുണ്ടായിരുന്നല്ലോ. കവര്‍ച്ചയല്ലേ രണ്ടിടത്തും നടന്നത്, രണ്ടും നിയമലംഘനമല്ലേ. ഇവിടെ എന്താണ് സി പി എമ്മിനെ അലട്ടുന്ന പ്രശ്‌നം?
മൂന്നിലൊന്ന് വാങ്ങുന്നവര്‍
രാഷ്ട്രീയത്തില്‍ പണമുണ്ടാക്കാന്‍ വഴിവിട്ട് പലതും പലരും ചെയ്യാറുണ്ട്. എന്തിനും പണം കൂടിയേ തീരൂ എന്നതൊക്കെ അംഗീകരിച്ചാല്‍ തന്നെ അതിനായി കള്ളക്കടത്തു നടത്താമെന്ന് ചിന്തിക്കാമോ, അതും ഭരണത്തിലുള്ള പാര്‍ട്ടിക്കാര്‍. രാജീവ് ഗാന്ധി ബൊഫോഴ്സ് കേസില്‍പെട്ട് ഉഴലുന്ന കാലഘട്ടത്തില്‍ ഒരു മുന്‍ കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞകാര്യം ഓര്‍മ്മയിലുണ്ട്; ആ ഉദ്യോഗസ്ഥന്റെ പേര് ഓര്‍മ്മയില്‍ വരുന്നില്ല. ഇന്ത്യ ഭരിക്കുന്ന ഒരു നേതാവിന് പണം വേണമെങ്കില്‍ ഇതുപോലെ പ്രതിരോധ ഇടപാടില്‍ അഴിമതി നടത്തണോ …….?. തന്റെ പാര്‍ട്ടിക്ക് ഇത്ര കോടി വേണം എന്നൊരു സന്ദേശം കൊടുത്താല്‍ പോരെ, ഇവിടത്തെ പണച്ചാക്കുകള്‍ അത് കൊണ്ടുവന്നു തരില്ലേ. ‘ തന്റെ വീടിന് പുറത്ത് ഒരു തോര്‍ത്ത് വിരിച്ചിട്ടാല്‍ പോരെ ‘ എന്നാണ് അദ്ദേഹമെഴുതിയത്. ഇന്നിപ്പോള്‍ സംഭാവന സ്വീകരിക്കാന്‍ പാര്‍ട്ടികള്‍ക്ക് നിയമ വിധേയമായ സംവിധാനവുമുണ്ടല്ലോ; ഇലക്ഷന്‍ ബോണ്ട്. അതിനുപുറമെ അനുഭാവികള്‍, പാര്‍ട്ടിക്കാര്‍ എന്നിവരില്‍നിന്ന് പണം പറ്റാന്‍ വേറെ സംവിധാനവുമുണ്ട്. അപ്പോഴാണ് കള്ളക്കടത്ത് സ്വര്‍ണ്ണവും അതിന്റെ കവര്‍ച്ചയുമൊക്കെ പാര്‍ട്ടി പരിപാടിയാക്കുന്നത്. ഇതിലൂടെ കിട്ടുന്ന പണത്തിന്റെ മൂന്നിലൊന്ന് പാര്‍ട്ടിക്കുള്ളതാണ് എന്നു വ്യക്തമാക്കുന്ന ശബ്ദരേഖ ഇതിനകം വെളിച്ചം കണ്ടല്ലോ. പാര്‍ട്ടി ലെവി പോലെയാണ് കള്ളക്കടത്ത് എന്നല്ലേ ഇതില്‍ നിന്നൊക്കെ തിരിച്ചറിയേണ്ടത്?
ഇതൊക്കെ ആലോചിക്കുമ്പോള്‍ നേരത്തെ കേട്ട ‘ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്തില്‍’ ആര്‍ക്കൊക്കെ എന്തൊക്കെ റോള്‍ ഉണ്ടായിരിക്കാം; ഏറെ സംശയാസ്പദമായ പശ്ചാത്തലം ഉള്ളവരെ അര്‍ഹതപ്പെടാത്ത തസ്തികകളില്‍ നിയമിച്ചതും തീറ്റിപ്പോറ്റിയതും ഒക്കെ മൂന്നില്‍ ഒന്നിന്റെ വരുതിയിലാണോ? വിദേശ രാജ്യത്തെ ഡിപ്ലോമാറ്റ് ഇതിനൊക്കെ കൂട്ടുനിന്നു എന്ന് ഇതിനകം കസ്റ്റംസ് പറഞ്ഞിട്ടുണ്ട്; സെക്രട്ടറിയേറ്റും അതിനപ്പുറവും അവര്‍ നിരങ്ങിയെന്നതും പൊതുമണ്ഡലത്തിലുണ്ട്. അതില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ട് എന്ന് പലരും പറഞ്ഞുവെങ്കിലും കുറച്ചുപേരെങ്കിലും അതുണ്ടാവുമോ എന്ന് സംശയിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നും കള്ളപ്പണവും മറ്റും ഉള്‍പ്പെട്ട കേസുകളില്‍ പെടുന്നതും പുറത്തുപറയാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നതും നാം ചര്‍ച്ച ചെയ്തകാര്യമാണല്ലോ. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ സുഹൃത്തുക്കളാണോ ഈ തട്ടിപ്പിലുമുള്ളത് എന്നതും സ്വാഭാവികമായും പരിശോധിക്കപ്പെടേണ്ടതുണ്ട്. പലതും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട് എന്നര്‍ത്ഥം .
നിയന്ത്രണം സഖാക്കള്‍ക്ക്;അതും ജയിലില്‍ നിന്നും
ഇതിനേക്കാളൊക്കെ ശ്രദ്ധിക്കേണ്ടത്, ഈ സ്വര്‍ണ്ണക്കടത്തും കവര്‍ച്ചയുമൊക്കെ നിയന്ത്രിക്കുന്നത് കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന സി പി എമ്മുകാരായ ആള്‍ക്കാരാണ് എന്നതാണ്. കൊലപാതകക്കേസുകളിലും മറ്റും പ്രതിചേര്‍ക്കപ്പെട്ടവര്‍, ശിക്ഷിക്കപ്പെട്ടവര്‍ ഒക്കെ. വിദേശത്തും മറ്റും ഇത്തരം കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എങ്ങിനെ ഇവര്‍ക്കാവുന്നു? സെല്ലുകളില്‍ അവര്‍ക്ക് ഫോണ്‍ ലഭിക്കുന്നു; അത് അവര്‍ക്ക് നിര്‍ബാധം ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നൊക്കെവേണ്ടേ വിലയിരുത്താന്‍. ജയില്‍ നിയമങ്ങള്‍ എങ്ങിനെയാണിവര്‍ കാറ്റില്‍ പറത്തുന്നത് ? ക്രിമിനലുകള്‍ എന്ന് വിശേഷിക്കപ്പെടുന്നവര്‍ക്ക് മുന്നില്‍ എന്തുകൊണ്ടാണ് സംസ്ഥാനത്തെ ഭരണകൂടം മുട്ടുമടക്കുന്നത്? അതോ ഇതൊക്കെയും പാര്‍ട്ടി പരിപാടിയായതിനാല്‍ ജയിലുള്ളവര്‍ക്കും പാര്‍ട്ടിയില്‍ ഒരു റോള്‍ കൊടുക്കുന്നു എന്നാണോ? ഏറെ ചര്‍ച്ചചെയ്യപ്പെട്ട ടിപി വധക്കേസിലെ പ്രതികളാണ് ഇവരിലേറെയും എന്നതുമോര്‍ക്കുക. അവര്‍ പാര്‍ട്ടിക്കുവേണ്ടി ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രത്യുപകാരമാണോ ഈ കള്ളക്കടത്തിലെ റോള്‍. ജയിലിലിരുന്നുകൊണ്ട് വലിയതോതില്‍ പണം സമ്പാദിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുന്നു. അവരിലൊരാളുടെ വിവാഹത്തിന് നേതാക്കള്‍ പോയതുമോര്‍ക്കേണ്ടതുണ്ട്.
സി പി എമ്മിന് ഇങ്ങനെ എന്തും ചെയ്യാമായിരിക്കും. അതവരുടെ ധാര്‍മ്മികതയുടെ പ്രശ്‌നം. ഇത്തരക്കാര്‍ക്ക് എന്തുമാവാമല്ലോ. പക്ഷെ, കേരളത്തിലെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ഇതൊക്കെ എങ്ങിനെ ചെയ്യാനാവും? നിയമങ്ങള്‍ പാലിക്കേണ്ടവര്‍ എങ്ങിനെയാണ് ഇതൊക്കെ ചെയ്തുകൂട്ടുക ? മാത്രമല്ല നേരത്തെ സൂചിപ്പിച്ചത് പോലെ തിരുവനന്തപുരത്തു നടന്ന കള്ളക്കടത്തും രാമനാട്ടുകരയും കൊടകരയും മറ്റ് സ്വര്‍ണ്ണ കള്ളക്കടത്ത് സംഭവങ്ങളും തമ്മിലെ സാമ്യത, ബന്ധം ഒക്കെ സമഗ്രമായി അന്വേഷിക്കപ്പെടണം. കസ്റ്റംസ് മാത്രമന്വേഷിച്ചാല്‍ തീരുന്ന, അല്ലെങ്കില്‍ അവസാനിക്കുന്ന ഒരു പ്രശ്‌നമാണിത് എന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതിക്കൂടാ എന്നര്‍ത്ഥം.
ഇവിടെ ഒരു കാര്യം കൂടിയുണ്ട്. ഇക്കാര്യത്തില്‍ (രാമനാട്ടുകര) ഇതെഴുതും വരെ, സിപിഎമ്മിന്റെ നേതാക്കള്‍ പലരും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ഒഴുക്കന്‍ മട്ടില്‍ എന്തൊക്കെയോ പറഞ്ഞു എന്നുവരുത്തി. കണ്ണൂരിലെ നേതാക്കളാണ് ന്യായീകരണത്തിനെത്തിയത്; പിന്നെ യുവ നേതാക്കളും. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് ഇനിയെങ്കിലും സിപിഎം ജനങ്ങളോട് തുറന്നു പറയട്ടെ. ചുരുങ്ങിയത്, തിരുവനന്തപുരം മുതല്‍ രാമനാട്ടുകര വരെയും, ഇതില്‍ പെടാത്തതുമായ കള്ളക്കടത്ത് ഇടപാടുകളിലൂടെ മൂന്നിലൊന്ന് എന്ന മട്ടില്‍ എത്ര കോടി കിട്ടി എന്നും പാര്‍ട്ടി വിശദീകരിക്കട്ടെ. ഒളിച്ചിവെച്ചിട്ട് കാര്യമില്ല എന്നതും അവര്‍ മനസ്സിലാക്കും എന്ന് കരുതാം.