ന്യൂദല്‍ഹി: കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന രംഗത്ത് മഹാത്മാ അയ്യങ്കാളി വഹിച്ച പങ്ക് വളരെ വലുതാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് ലാല്‍സിങ് ആര്യ പറഞ്ഞു. പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ കമ്മിറ്റി ദല്‍ഹി കേന്ദ്ര കാര്യാലയത്തില്‍ സംഘടിപ്പിച്ച അയ്യങ്കാളി സമാധി ദിനത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍, സഞ്ചാര സ്വാതന്ത്ര്യം എന്നിവ പട്ടിക വിഭാഗ ജനതക്ക് നേടിത്തന്നത് അയ്യങ്കാളിയുടെ പോരാട്ടത്തിന്റെ ഭാഗമാണ്. ലോകത്ത് ആദ്യമായി നടന്ന കാര്‍ഷിക വിപ്ലവം അയ്യങ്കാളിയുടെ പോരാട്ടങ്ങളുടെ ചരിത്ര നേട്ടമാണ്. വിദ്യാഭ്യാസത്തിലൂടെ പട്ടിക വിഭാഗ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാം എന്നുള്ള ചിന്താഗതിയിലൂന്നിയ പ്രവര്‍ത്തനത്തിലൂടെ ഈ സമൂഹത്തെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട നവോത്ഥാന നായകനല്ല അയ്യങ്കാളി. അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ അധഃസ്ഥിത വിഭാഗ ജനതയുടെ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുമെന്നും ലാല്‍സിങ് ആര്യ പറഞ്ഞു. ചടങ്ങില്‍ പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിമാരായ ഡോ. ബോലസിങ് എംപി, സഞ്ജയ് നിര്‍മ്മല്‍, മഹന്തു ശംഭുനാഥ് ട്യൂണ്ട്യ, അനിത ആര്യ എന്നിവര്‍ പ്രസംഗിച്ചു.