യോഗവാസിഷ്ഠത്തിലെ കഥയാണ് പറഞ്ഞു വന്നത്. മേരു ശ്യംഗത്തില്‍ വസിക്കുന്ന ചിരഞ്ജീവിയായ ഭുശുണ്ഡന്‍കാക്ക അലംബുഷ എന്ന ശിവ പാര്‍ഷദയുടെ വാഹനമായ ചണ്ഡന്‍ എന്ന കാക്കയ്ക്ക് മറ്റു വാഹനങ്ങളായ ഹംസിനികളില്‍ ജനിച്ച 21 കാക്കകളില്‍ മൂത്തവനാണ്. പ്രളയത്തെപ്പോലും അതിജീവിച്ച യോഗിവര്യനും സിദ്ധനുമായിരുന്ന അവനെ സന്ദര്‍ശിച്ച വസിഷ്ഠന്‍ അവന്‍ ജീവിതത്തില്‍ കണ്ട കാഴ്ചകളെപ്പറ്റി ചോദിച്ചു.
ഭുശുണ്ഡന്‍ പറഞ്ഞു :-
എത്രയോ പേരുടെ ജന്മങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അഞ്ചു കൂര്‍മാവതാരം കണ്ടിട്ടുണ്ട്. 12 തവണ അമൃതമഥനം കണ്ടു. മഹാഭാരതവും രാമായണവും എഴുതുന്നതു കണ്ടു. ഇത്തരം പറഞ്ഞാല്‍ തീരാത്തത്ര സംഭവങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങയുടെ തന്നെ എട്ടാമത്തെ ജന്മമാണ് ഞാന്‍ കാണുന്നത്. ഓരോ ജന്മത്തിലും നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ടുമുണ്ട്.
വസിഷ്ഠന്‍ ചോദിച്ചു :-
അങ്ങയെ എന്തുകൊണ്ടാണ് മരണം ബാധിക്കാത്തത്?
കാക്ക പറഞ്ഞു.
ഇത് അങ്ങയ്ക്ക് അറിയാത്ത കാര്യമല്ല. എങ്കിലും പറയാം. ഹൃദയത്തില്‍ വാസനകള്‍ (പൂര്‍വജന്മ സംസ്‌കാരങ്ങള്‍) ഇല്ലാത്തവനെ മരണം തീണ്ടുകയില്ല. രാഗദ്വേഷങ്ങളാകുന്ന വിഷം നിറഞ്ഞ അത്യാഗ്രഹം എന്ന സര്‍പ്പം മനസ്സാകുന്ന മാളത്തില്‍ കയറിയിട്ടില്ലെങ്കില്‍ മരണം ബാധിക്കില്ല. വിവേകമാകുന്ന വെള്ളം കുടിക്കുന്നവനെയും ബ്രഹ്മപദത്തില്‍ ചിത്തം ലയിച്ചവരെയും കാലന്‍ തൊടില്ല.
എന്താണ് പ്രാണ ചിന്ത?
എല്ലാം അറിഞ്ഞു കൊണ്ടു തന്നെ അങ്ങെന്താണ് ഇങ്ങിനെ ചോദിക്കുന്നത്! എങ്കിലും പറയാം. ഈ ശരീരമാകുന്ന വീടിന് വാതം, പിത്തം, കഫം എന്നിങ്ങനെ മൂന്നു തൂണുകളുണ്ട്. ഇന്ദ്രിയങ്ങളാകുന്ന ഒന്‍പത് വാതിലുകള്‍ ഉണ്ട്. സൂക്ഷ്മ ശരീരം ഭാര്യ; തന്മാത്രകള്‍ ബന്ധുക്കള്‍; അഹങ്കാരമാണ് വീട്ടുകാരന്‍.
ഇടതും വലതുമായി ഇഡാ – പിങ്ഗളാ നാഡികള്‍ ഉണ്ട്. പ്രാണന്‍, അപാനന്‍, സമാനന്‍, വ്യാനന്‍, ഉദാനന്‍ എന്നിങ്ങനെ അഞ്ചു പ്രാണങ്ങള്‍ ഉണ്ട്. പ്രാണന്റെ മുഖ്യസ്ഥാനം ഹൃദയകമലമാണ്. അവിടെ തന്നെ മുഖ്യ പ്രാണന്‍. അതാണ് ത്വഗിന്ദ്രിയത്തിന് സ്പര്‍ശ സാമര്‍ഥ്യം കൊടുക്കുന്നത്; ഭക്ഷണം ദഹിപ്പിക്കുന്നത്; നാക്കിന് സംസാരശേഷി നല്കുന്നത്.
മേലോട്ടും താഴോട്ടും സഞ്ചരിക്കുന്ന പ്രാണന്‍, അപാനന്‍ എന്നിങ്ങനെ രണ്ടു പ്രധാന പ്രാണന്മാരുണ്ട്. അവ ഹൃദയാകാശത്തിലെ സൂര്യ ചന്ദ്രന്മാരാണ്. അവയുടെ ഗതി അറിഞ്ഞ് സാധന ചെയ്താല്‍ മരണത്തെ ജയിക്കാം.
പ്രാണന്റെ ഗതി പറഞ്ഞു തരണം – വസിഷ്ഠന്‍ പറഞ്ഞു.
ഹൃദയകമലത്തില്‍ നിന്ന് പ്രയത്‌നം കൂടാതെ പുറത്തേക്കുള്ള പ്രാണവായുപ്രവാഹമാണ് രേചകം. പുറത്തു 12 അംഗുലം താഴെ നിന്നും അംഗ സ്പര്‍ശത്തോടെ യത്‌ന രഹിതമായി ഉള്ളിലേക്ക് അപാനവായു പ്രവേശിക്കുന്നത് പൂരകം. അപാനവായു ഹൃദയത്തില്‍ പ്രവേശിച്ച് പ്രാണന്‍ (രേചകം) ഉദിക്കുന്നതു വരെയുള്ള കാലം അന്ത:കുംഭകാവസ്ഥ. അതുപോലെ പുറത്ത് മൂക്കിന്റെ അറ്റത്തു നിന്നും 12 അംഗുലം അകലെയുളള സ്ഥാനത്തു ബാഹ്യകുംഭകം വരും. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഒക്കെ ഈ പ്രാണാപാന ചിന്ത ചെയ്യണം. മനസ്സുകൊണ്ടും ചെയ്യണം. അപ്പോള്‍ മനസ്സ് അടങ്ങും. ശാന്തമാവും.
ഹൃദയകമലവും നാസികാഗ്രത്തില്‍ നിന്നും 12 അംഗുലം പുറത്തുള്ള കേന്ദ്രവും ബ്രഹ്മസ്ഥാനം തന്നെ. പ്രാണന്‍ സൂര്യനും അപാനന്‍ ചന്ദ്രനുമാണ്. പ്രാണരൂപിയായ സൂര്യന്‍ അന്ധകാരത്തെ നശിപ്പിച്ച് ആത്മജ്ഞാനമുണ്ടാക്കും. അപാന രൂപിയായ ചന്ദ്രന്‍ അമൃതത്വത്തെ കൊണ്ടുവരും. രണ്ടു ബ്രഹ്മസ്ഥാനങ്ങളിലെയും കുംഭകം അമരത്വത്തെ കൊണ്ടുവരും. അതിലൂടെയാണ് ഞാന്‍ സിദ്ധികള്‍ നേടിയത്.
ഭുശുണ്ഡന്‍ ആത്മീയ ജീവിത പദ്ധതിയെപ്പറ്റി ധാരാളം സംസാരിച്ച ശേഷം വസിഷ്ഠനെ നമിച്ചു കൊണ്ട് നിര്‍ത്തി. വസിഷ്ഠന്‍ നമസ്‌കാരപൂര്‍വം വിടവാങ്ങി.
യോഗവാസിഷ്ഠം ഉന്നതശ്രേണിയിലുളള സാധകര്‍ക്കുള്ളതാണ്. അതുകൊണ്ടു തന്നെ ഇതിലെ മുഖ്യപ്രതിപാദ്യം ആത്മജ്ഞാനവും അദ്വൈതവേദാന്ത ചിന്തയുമാണ്. പ്രാണനിരോധ പൂര്‍വകമായ യോഗവും. ഹഠയോഗവുമായി ഇതിനു വലിയ സാമ്യമില്ല.
മഹാഭാരതത്തില്‍ ഭഗവദ്ഗീത പോലെയാണ് രാമായണത്തില്‍ യോഗവാസിഷ്ഠം. ഒന്നു യുദ്ധരംഗത്താണ്. അതുകൊണ്ടു തന്നെ 700 ശ്ലോകത്തിലൊതുങ്ങി. മറ്റേത് രാജകൊട്ടാരത്തില്‍ സ്വസ്ഥമായിരിക്കുമ്പോഴാണ്. 36000 ശ്ലോകങ്ങള്‍ വേണ്ടി വന്നു.