സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകരെ ഞാന്‍ ഏറ്റവുമധികം ചോദിച്ചു വശംകെടുത്തിയ ഒരു സംശയമുണ്ട്.
എറണാകുളത്തേക്കാള്‍ എന്തുകൊണ്ടാണ് മൂന്നാറില്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്. മുകളിലേക്ക് പോകുന്തോറും നമ്മള്‍ സൂര്യനോട് അടുക്കുകയല്ലേ. അപ്പോള്‍ ചൂടല്ലേ കൂടേണ്ടത്.
ഈ സംശയം മാറാന്‍ ഒരുപാട് കാലമെടുത്തു. ഡിഗ്രിക്കും പിജിക്കും പഠിച്ചത് ഫിസിക്‌സ് ആയിരുെന്നങ്കിലും ഈ സംശയത്തിന് വ്യക്തമായ ഉത്തരം കിട്ടിയില്ല.
സംഗതി ഇതാണ്.
ഭൂമിയുടെ ഉപരിതലത്തോട് ചേര്‍ന്ന് ചൂട് കൂടുതലാകാന്‍ രണ്ട് കാരണമുണ്ട്. ഗുരുത്വകര്‍ഷണം കാരണം വായുതന്മാത്രകളുടെ ഡെന്‍സിറ്റി ഉപരിതലത്തില്‍ വളരെ കൂടുതലായിരിക്കും. ഡെന്‍സിറ്റി കൂടുമ്പോള്‍ പ്രഷര്‍ കൂടും. പ്രഷര്‍ കൂടുമ്പോള്‍ വായുതന്മാത്രകള്‍ കൂടുതല്‍ അടുക്കും, അപ്പോള്‍ അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനവും ഘര്‍ഷണവും കൂടും. സ്വഭാവികമായി ചൂടും കൂടും. പിന്നൊന്ന് സൂര്യരശ്മികള്‍ പതിക്കുമ്പോള്‍ ഭൂമിയുടെ ഉപരിതലം ചൂടാകും അപ്പോള്‍ ഉണ്ടാകുന്ന ഹീറ്റ് റെഡിയേഷന്‍. ഇത് രണ്ടുമാണ് സമുദ്രനിരപ്പില്‍ ചൂട് കൂടാന്‍ കാരണം.
മുകളിലേക്ക് പോകുമ്പോള്‍ എയര്‍ പ്രഷര്‍ കുറയുന്നു. കാരണം വായുതന്മാത്രകള്‍ അധികവും ഉപരിതലത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. പ്രഷര്‍ കുറയുമ്പോള്‍ ചൂടും കുറയും. പ്രഷര്‍കുക്കറില്‍ ചൂട് കൂടുതലായത് കൊണ്ടാണ് ചിക്കനും മട്ടനുമൊക്കെ പതിനഞ്ച് മിനിറ്റില്‍ വേവുന്നത്.
ഇങ്ങനെ ഓരോ ആയിരം മീറ്ററിലും 6 ഡിഗ്രി വീതം കുറഞ്ഞുവരും. ആയിരം മീറ്റര്‍ എന്നാല്‍ ഏതാണ്ട് മൂവായിരം അടി. അപ്പോള്‍ 8000 അടി ഉയരത്തിലുള്ള മൂന്നാറില്‍ എറണാകുളത്തെക്കാള്‍ 10-12 ഡിഗ്രിയെങ്കിലും കുറവായിരിക്കും. പ്രഷര്‍ കുറയുമ്പോള്‍ ഓക്‌സിജനും കുറയും. അത് 28000 അടി ഉയരമുള്ള എവറസ്റ്റ് ആകുമ്പോള്‍ -25 ആകും.
നമ്മള്‍ ബസ്സില്‍ വയനാട്ടിലേക്കും മൂന്നാറിലേക്കുമൊക്കെ പോകുമ്പോള്‍ ചെവിയില്‍ എന്തോ തോന്നില്ലേ. പുറത്തെ പ്രഷര്‍ കുറയുമ്പോള്‍ ശരീരം അഡ്ജസ്റ്റ് ചെയ്യുന്നതാണിത്. ചെവിയില്‍ ആണ് ഈ ബാലന്‍സിങ് നടക്കുന്നത്. കരണം പുകച്ചു അടി കിട്ടിയവന്‍ കറങ്ങി താഴെ വീഴുന്നതും പ്രഷര്‍ വേരിയേഷന്‍ കാരണമുള്ള ബാലന്‍സിങ് നഷ്ടപ്പെടുന്നത് കൊണ്ടാണ്.
ഇങ്ങനെ മുകളിലേക്ക് പോകുന്തോറും ചൂട് കുറഞ്ഞു കുറഞ്ഞു വരും. വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്കറിയാം. 30000-40000 അടി ഉയരത്തില്‍ പുറത്തെ ചൂട് അനൗണ്‍സ് ചെയ്യും. അത് പൂജ്യത്തിന് താഴെ -35-40 ആയിരിക്കും. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ പലര്‍ക്കും ഭീകരമായ ചെവി വേദന ഉണ്ടാകുന്നത് മേല്‍പ്പറഞ്ഞ, അതിവേഗമുള്ള പ്രഷര്‍ വേരിയേഷന്‍ ആണ്.
ELR – Environmental loss rate എന്നാണ് ഈ പ്രതിഭാസത്തിനു പറയുക.