സംഘത്തിലെ ആദ്യത്തെയും അവസാനത്തെയും സര്‍സേനാപതി ആയിരുന്ന മാര്‍ത്തണ്ഡറാവു ജോഗ് ഒന്നാം ലോകഅമഹായുദ്ധത്തില്‍ പങ്കെടുത്ത ഒരു വിമുക്ത സൈനികനായിരുന്നു. 1920-ല്‍ സൈനിക സേവനം മതിയാക്കി നാഗ്പൂരില്‍ തിരിച്ചെത്തിയ അദ്ദേഹം ഡോക്ടര്‍ജിയാല്‍ പ്രഭാവിതനായി സംഘസംസ്ഥാപനം മുതല്‍ സംഘപഥത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങി.
1899-ല്‍ നാഗ്പൂരിലെ ശുക്രവാര്‍പേട്ടിലുള്ള ജോഗവാഡ (ജോഗ് തറവാട് എന്നര്‍ത്ഥം) യിലെ ഒരു വ്യവസായി കുടുംബത്തിലാണ് മാര്‍ത്തണ്ഡറാവു ജനിച്ചത്. അക്കാലത്തെ ഒട്ടുമിക്ക പ്രവര്‍ത്തകരെയും പോലെ മാര്‍ത്തണ്ഡറാവുവും കോണ്‍ഗ്രസിലും സംഘത്തിലും ഒരേസമയം പ്രവര്‍ത്തിച്ചിരുന്നു. പൊതുവേ കാവി നിറത്തിലുള്ള തലപ്പാവ് ധരിച്ചിരുന്ന മാര്‍ത്തണ്ഡറാവു കോണ്‍ഗ്രസ്പരിപാടികളില്‍ വെള്ള ഗാന്ധിതൊപ്പി ധരിക്കുമായിരുന്നെങ്കിലും സംഘഗണവേഷം ധരിക്കുമ്പോള്‍ കറുത്ത തൊപ്പി വെക്കാനും മടികാണിച്ചിരുന്നില്ല. ഇതോടൊപ്പം ഹിന്ദുമഹാസഭയിലെ നേതാക്കന്മാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഡോക്ടര്‍ജിയെ പോലെ തന്നെ രാജ്യത്തിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും നല്ല മനസ്സോടെ കാണാന്‍ ശ്രമിച്ചതു കൊണ്ടാണ് അദ്ദേഹത്തിന് ഈ മൂന്നു പ്രസ്ഥാനങ്ങളിലും ഒരേസമയം സഹകരിക്കാന്‍ കഴിഞ്ഞത്. ചുരുക്കത്തില്‍ അദ്ദേഹം ഒരേസമയം നിഷ്ഠയുള്ള കോണ്‍ഗ്രസ്സുകാരനും സ്വാഭിമാനിയായ ഹിന്ദുവുമായിരുന്നു.
1914 ല്‍ ലോകമാന്യ ബാലഗംഗാധര തിലകന്‍ നാഗ്പൂരിലെ ബുടി എന്നയാളുടെ വീട്ടില്‍ താമസിച്ചിരുന്ന സമയത്ത് ബാലനായ മാര്‍ത്തണ്ഡറാവുവിനാണ് അദ്ദേഹത്തിന്റെ പ്രബന്ധകനാവാന്‍ അവസരം ലഭിച്ചത്. തിലകനോടൊപ്പമുള്ള സഹവാസം മാര്‍ത്തണ്ഡറാവുവിന്റെ വ്യക്തിത്വനിലവാരത്തെയും ദേശസ്‌നേഹത്തെയും ഉയര്‍ത്തി. ചെറുപ്പം മുതലേ സൈനിക നടപടിക്രമങ്ങളില്‍ ഉണ്ടായ ആകര്‍ഷണം നിമിത്തം അദ്ദേഹം ഒന്നാംലോക മഹായുദ്ധ കാലത്ത് സൈന്യത്തില്‍ ചേര്‍ന്നു. ആദ്യകാലത്ത് മറാഠാ റെജിമെന്റിലും പിന്നീട് പഞ്ചാബ്-ഗൂര്‍ഖ റെജിമെന്റുകളിലുമായി പൂണെ, അഹമ്മദ് നഗര്‍, പഞ്ചാബ് (ഇപ്പോള്‍ പാകിസ്ഥാനില്‍) എന്നിവിടങ്ങളില്‍ സൈനിക സേവനമനുഷ്ഠിച്ചു. യുദ്ധാനന്തരം 1920 ല്‍ പട്ടാളജീവിതം അവസാനിപ്പിച്ച് നാഗ്പൂരില്‍ മടങ്ങിയെത്തി.
യുവാവായിരിക്കെ ക്യാന്‍സര്‍ രോഗിയായപ്പോള്‍ അതിനെ മനോബലം കൊണ്ട് അതിജീവിച്ച മാര്‍ത്തണ്ഡറാവുവിന് ക്യാന്‍സര്‍ വൈദ്യന്‍ എന്ന വിളിപ്പേരു നല്‍കിയാണ് സുഹൃത്തുക്കള്‍ ആദരിച്ചത്. ഞാനല്ല, വീട്ടിലെ ആല്‍മരവും ഹനുമാന്‍ സ്വാമിയുമാണ് ക്യാന്‍സര്‍വൈദ്യന്മാര്‍ എന്നാണ് അദ്ദേഹം ഇതിന് മറുപടിയായി പറഞ്ഞിരുന്നത്. അനാരോഗ്യം വകവെക്കാതെ ഈ സമയത്തൊക്കെയും അദ്ദേഹം സാമൂഹിക രംഗത്ത് സജീവമായിരുന്നു. നാഗ്പൂരിലെ ഗണേശോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മാര്‍ത്തണ്ഡറാവുവും കുടുംബവും മുഖ്യപങ്കു വഹിച്ചിരുന്നു.
ഡോക്ടര്‍ജിയുടെ വീടിന്റെ ഏറ്റവും അടുത്ത് താമസിച്ചിരുന്ന സഹപ്രവര്‍ത്തകനായിരുന്നു ജോഗ്. കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ എന്ന നിലയിലാണ് മാര്‍ത്തണ്ഡറാവുജി ഡോക്ടര്‍ജിയുമായി കൂടുതല്‍ അടുത്തത്.
1925-ല്‍ സംഘസംസ്ഥാപനമെന്ന സുപ്രധാന തീരുമാനമെടുത്ത ബൈഠക്കില്‍ ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് വരാന്‍ സാധിച്ചില്ല. തൊട്ടടുത്തദിവസം ഡോക്ടര്‍ജി സ്വയം അദ്ദേഹത്തെ പോയിക്കണ്ട് ബൈഠക്കിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തെ സംഘത്തിലേക്ക് സ്വാഗതം ചെയ്തു. ഓരോ വ്യക്തിയുടെയും പ്രാധാന്യം മനസ്സിലാക്കുന്ന കലയില്‍ അതിനിപുണനായ ഡോക്ടര്‍ജിക്ക് ഒരുപക്ഷെ, മാര്‍ത്തണ്ഡറാവുജി സംഘപഥത്തില്‍ അണിചേരണമെന്ന കാര്യത്തിലും നിര്‍ബന്ധബുദ്ധി ഉണ്ടാകാതെ തരമില്ല. ബൈഠക്കില്‍ വരാന്‍ സാധിച്ചില്ലെങ്കിലും തന്റെ എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് ഡോക്ടര്‍ജിക്ക് വാക്കു നല്‍കിയെങ്കിലും സംഘപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ അദ്ദേഹം സജീവമല്ലായിരുന്നു.
ഒരുരാത്രിയില്‍ ഏകദേശം പതിനൊന്നരയോടെ ഒരത്യാവശ്യ കാര്യവുമായി ഡോക്ടര്‍ജി അദ്ദേഹത്തെ ബന്ധപ്പെട്ടു. അസമയമായതു കാരണം അദ്ദേഹം ഡോക്ടര്‍ജി ഏല്‍പ്പിച്ച പ്രവര്‍ത്തനം നിര്‍വഹിക്കാന്‍ മടികാണിച്ചു. അദ്ദേഹത്തില്‍ നിര്‍ബന്ധം ചെലുത്താതെ ഡോക്ടര്‍ജി തിരികെ പോയി. മറുത്തൊരക്ഷരം പറയാതെയും തര്‍ക്കത്തിന് നില്‍ക്കാതെയും ശിരസ്സു താഴ്ത്തി നടന്നു നീങ്ങിയ ഡോക്ടര്‍ജി അദ്ദേഹത്തിന്റെ മനസ്സിനെ ഉലച്ചു. പശ്ചാത്താപം കൊണ്ട് പിന്നെയാ രാത്രിയില്‍ അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത ദിവസം തന്നെ ഡോക്ടര്‍ജിയെ കണ്ട് ക്ഷമ ചോദിച്ച മാര്‍ത്തണ്ഡറാവു ക്രമേണ ഡോക്ടര്‍ജിയുടെ അനുഭാവിയും അനുയായിയുമായി. പിന്നീട് സംഘത്തിന്റെ ബൈഠക്കുകള്‍ സ്ഥിരമായി നടത്തിയിരുന്നത് മാര്‍ത്തണ്ഡറാവുവിന്റെ വീട്ടിലായിരുന്നു.
നാഗ്പൂരില്‍ ശാഖകളുടെ എണ്ണം അമ്പതാക്കി ഉയര്‍ത്താനുള്ള സുപ്രധാന പദ്ധതി നിശ്ചയിച്ചത് ജോഗവാഡയില്‍ നടന്ന ബൈഠക്കിലായിരുന്നു. സംഘശിക്ഷാ വര്‍ഗുകളുടെ അവസാന ദിവസം എല്ലാ ശിക്ഷാര്‍ത്ഥികള്‍ക്കും ഒരു നേരത്തെ ഭക്ഷണം ഇദ്ദേഹത്തിന്റെ വീട്ടില്‍ നിശ്ചയിക്കാറുണ്ട്. ഡോക്ടര്‍ജിയും ഗുരുജിയും ജോഗിന്റെ വീട്ടില്‍ സ്ഥിരസമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ആകര്‍ഷകമായ ഒരു ഗ്രന്ഥാലയം ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് രാജകീയ വര്‍ഗുകള്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ആദ്യകാല ബൗദ്ധിക് വര്‍ഗ്ഗുകള്‍ നടത്തിയിരുന്നത്. കൃഷിയും ഗോശാലയും ഗ്രന്ഥാലയവുമടക്കം ഒരു മാതൃകാഹിന്ദു ഭവനമായിരുന്നു ജോഗവാഡ.
ഡോക്ടര്‍ജിയോടൊപ്പം വീടുവീടാന്തരം കയറിയിറങ്ങി ബാലസ്വയംസേവകരെ ശാഖയില്‍ എത്തിക്കാനും, വര്‍ഗ്ഗുകളുടെ നടത്തിപ്പു വ്യവസ്ഥയിലും മാര്‍ത്തണ്ഡറാവു സജീവമായിരുന്നു. 1926 മുതല്‍ എല്ലാ ഞായറാഴ്ചകളിലും സ്വയംസേവകര്‍ക്ക് സഞ്ചലനപരിശീലനം നല്‍കാനുള്ള ചുമതല മാര്‍ത്തണ്ഡറാവുവിനായിരുന്നു. ചിലപ്പോഴൊക്കെ ഗണവേഷം ധരിച്ചു കുതിരപ്പുറത്ത് ശാഖയില്‍ വന്നിരുന്ന സര്‍സേനാപതി മാര്‍ത്തണ്ഡറാവു ജോഗ് സ്വയംസേവകര്‍ക്ക് ഒരാവേശമായിരുന്നു. നാഗ്പൂരിലെ വിജയദശമി പഥസഞ്ചലനത്തില്‍ ഭഗവധ്വജമേന്തി കുതിരപ്പുറത്ത് പോകാനുള്ള അവസരം മാര്‍ത്തണ്ഡറാവുവിനാണ് ലഭിക്കാറുള്ളത്. 1927 മെയ് മാസത്തില്‍ നടന്ന ആദ്യത്തെ സംഘ ശിക്ഷാവര്‍ഗ്ഗിന്റെ നടത്തിപ്പിനുവേണ്ടി ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചത് അണ്ണാ സോഹനിയും മാര്‍ത്തണ്ഡറാവുവുമായിരുന്നു. 1930-ല്‍ വനസത്യഗ്രഹത്തിന്റെ രണ്ടാംഘട്ടത്തില്‍ പങ്കെടുത്ത് ഇദ്ദേഹം ജയില്‍വാസം അനുഷ്ഠിച്ചു. 1939-ല്‍ ഡോക്ടര്‍ജി ദാദാറാവു പരമാര്‍ത്ഥിനെ ചെന്നൈയിലേക്ക് അയച്ചപ്പോള്‍ മാര്‍ത്തണ്ഡറാവു ജോഗും കൂടെ പോയിരുന്നു.
ആദ്യകാലത്ത് സംഘപ്രവര്‍ത്തനത്തിനായി നാഗപൂരിന് പുറത്തു പോയ ബാപ്പുറാവു മോഘെ ജനസമ്പര്‍ക്കം നിലനിര്‍ത്താനും ജീവനോപായമെന്ന നിലയ്ക്കും ബലൂണ്‍ കച്ചവടം നടത്തിയിരുന്നു. ആ സമയത്ത് നാഗ്പൂരില്‍ മാര്‍ത്തണ്ഡറാവുജിക്കു സ്വന്തമായൊരു ബലൂണ്‍ ഫാക്ടറി ഉണ്ടായിരുന്നത് കൊണ്ടാണ് ഇക്കാര്യം നടപ്പിലായത്. അവിടെ നിന്നുള്ള കൈയഴിഞ്ഞ സഹായം കാരണമാണ് മോഘേജിക്ക് മുന്നോട്ടു പോകാനായത്.
1948-ല്‍ ഗാന്ധിജിയുടെ മരണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്സുകാര്‍ അദ്ദേഹത്തിന്റെ ബലൂണ്‍ ഫാക്ടറി തീയിട്ടു നശിപ്പിച്ചു. ഐ.എന്‍.എ അംഗമായിരുന്ന മേജര്‍ ജോഷിയുടെ നേതൃത്വത്തില്‍ വളരെ പണിപ്പെട്ടാണ് തീയണച്ചത്. രണ്ടാമതും ഇതേശ്രമം നടന്നപ്പോള്‍ അദ്ദേഹം തോക്കുമായി വന്നു സ്വയം പടക്കളത്തിലിറങ്ങി കോണ്‍ഗ്രസ്സുകാരെ തടയുകയായിരുന്നു.
1926 വരെ പൂര്‍ണ്ണ കോണ്‍ഗ്രസ്സുകാരനായിരുന്ന ജോഗിനെ ഡോക്ടര്‍ജി സാവധാനം സംഘകാര്യകര്‍ത്താവാക്കി മാറ്റുകയായിരുന്നു. 1942 അവസാനം വരെ അദ്ദേഹം സര്‍സേനാപതിയായി തുടര്‍ന്നു. പിന്നീട് അന്നത്തെ സാഹചര്യവും സൗകര്യവും പരിഗണിച്ച് അധികാരി ശ്രേണിയിലെ ഈ ചുമതല റദ്ദാക്കി. അതുവരെ അദ്ദേഹം തന്നെയായിരുന്നു സര്‍സേനാപതി. സംഘചരിത്രത്തില്‍ ആദ്യത്തെയും അവസാനത്തെയും സര്‍സേനാപതിയാണ് മാര്‍ത്തണ്ഡറാവുജി. ഡോക്ടര്‍ജിയുടെ വിയോഗത്തിനുശേഷം, 1949-ല്‍, അന്നത്തെ പരംപൂജനീയ സര്‍സംഘചാലക് ഗുരുജിക്കെഴുതിയ ഒരു കത്തില്‍ മാര്‍ത്തണ്ഡറാവുവിന്റെ മനസ്സില്‍ ഡോക്ടര്‍ജിക്കുള്ള സ്ഥാനവും സംഘത്തോടുള്ള അടുപ്പവും തെളിഞ്ഞു കാണാനാവും. അദ്ദേഹം ഗുരുജിക്കെഴുതുന്നു; ‘ഞാന്‍ അങ്ങയുടേതാണ്, സംഘത്തിന്റെയും. സംഘകാര്യം നിര്‍വ്വഹിക്കുവാനുള്ള അവസരം നല്‍കി എന്നെ സ്‌നേഹിച്ച പരംപൂജനീയ ഡോക്ടര്‍ജിയും സംഘവുമാണ് എന്റെ ജീവിതത്തെ സാര്‍ത്ഥകമാക്കിയത്’.”ഇതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. വ്യത്യസ്ത വിഷയങ്ങളില്‍ ആശയവ്യക്തത വരുത്തുന്നതിനായും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനായും അദ്ദേഹം നിരന്തരം ഗുരുജിയുമായി ബന്ധപ്പെട്ടിരുന്നു.
വാര്‍ദ്ധക്യകാലത്ത് മക്കളോടൊപ്പം ആന്‍ഡമാന്‍ ദ്വീപുകളിലും, ചെന്നൈയിലും, ബംഗളൂരുവിലുമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംഘനിഷ്ഠയിലും ഭക്തിയിലും ഒരു കുറവുമുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് മിക്ക പ്രവര്‍ത്തകരും ജയിലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹം എഴുപത്തിയാറാം വയസ്സില്‍ ഡോക്ടര്‍ജി സ്മൃതിമന്ദിരത്തിന്റെ സംരക്ഷണപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. സ്മൃതി മന്ദിരം ഒരു പോറലുപോലും ഏല്‍ക്കാതെ സംരക്ഷിക്കണമെന്ന് അദ്ദേഹം രേഖാമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
1979-ല്‍ കര്‍ണ്ണാടകയില്‍ പൂജനീയ സര്‍സംഘചാലകന്‍ പങ്കെടുക്കുന്ന ഒരു സാംഘിക്ക് നടക്കുകയുണ്ടായി. പരിപാടിക്കിടയില്‍ സര്‍സംഘചാലകന്റെ സെക്രട്ടറി ആബാജി ഥത്തേ പിറകിലെ സ്വയംസേവകരുടെ കൂട്ടത്തില്‍ നിന്നും ഒരു വയോവൃദ്ധനെ സ്വയം കൈ പിടിച്ചു കൊണ്ടുവന്നു മുന്‍നിരയില്‍ ഇരുത്തി. പ്രഭാഷണം കഴിഞ്ഞയുടന്‍ വേദിയില്‍ നിന്നും സാമാന്യേന ഓടിത്തന്നെ താഴെയിറങ്ങിയ ദേവറസ്ജി നേരെ പോയത് ഈ വയോധികനെ ലക്ഷ്യമാക്കിയായിരുന്നു. എണ്‍പതാം വയസ്സില്‍ വാര്‍ദ്ധക്യത്തെയും അനാരോഗ്യത്തെയും അവഗണിച്ചു കൊണ്ട് വാശിപിടിച്ച് സംഘപരിപാടിയില്‍ പങ്കെടുക്കാനെത്തിയ സംഘത്തിന്റെ ആദ്യസര്‍സേനാപതി മാര്‍ത്തണ്ഡറാവു ജോഗിനെ അഭിവന്ദനംചെയ്യാനായിരുന്നു പൂജനീയ സര്‍സംഘചാലകന്‍ വേദിയില്‍ നിന്നും താഴേക്ക് ഓടിയെത്തിയത്. 1981 മെയ് 4-ന് ഡോക്ടര്‍ജിയുടെ സഹപ്രവര്‍ത്തകനും ആദ്യമൂന്നു പദാധികാരികളില്‍ ഒരാളുമായ ആ ദേശഭക്തന്‍ പരലോകം പൂകി.