തേഞ്ഞിപ്പാലം: കോവിഡിന്റെയും അപ്രതീക്ഷിതമായെത്തിയ പേമാരിയുടെയും സാഹചര്യത്തില്‍ പാട്ടത്തിനെടുത്ത വയലില്‍ കൃഷിചെയ്ത് വിളയിച്ചെടുത്ത മൂന്നര ടണ്‍ കപ്പ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കിയിരിക്കുകയാണ് കര്‍ഷകനും കൂലിപ്പണിക്കാരനുമായ കുറുങ്ങോട്ടു പറമ്പില്‍, പറമ്പന്‍ സുബ്രഹ്മണ്യന്.
പള്ളിക്കല്‍ പഞ്ചായത്ത് സേവാഭാരതി കോവിഡ് ഹെല്‍പ്പ് ഡെസ്ക്കിനാണ് സഹായം കൈമാറിയത്. പള്ളിക്കല്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള സുബ്രഹ്മണ്യന് ഹിന്ദു ഐക്യവേദി പള്ളിക്കല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് കൂടിയാണ്.
ഹിന്ദു ഐക്യവേദി താലൂക്ക് സമിതി പ്രസിഡന്റ് വേലായുധന് കൂനോള്‍മാട്,സംഘടന സെക്രട്ടറി കെ.പി. നിധീഷ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സേവാഭാരതി പള്ളിക്കല്‍ പഞ്ചായത്ത് സമിതി കോഡിനേറ്റര്‍ സുധീഷ് പള്ളിക്കല്‍ ഏറ്റുവാങ്ങി. സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയ കപ്പ പള്ളിക്കല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലെത്തിച്ചു നല്കി.