വിവിധക്ഷേത്ര പ്രവര്‍ത്തകര്‍ സംഘത്തിന്റെ ബലത്തിലല്ല പ്രവര്‍ത്തിക്കേണ്ടത് എന്ന് ഏകനാഥ റാനഡെ പറയാറുണ്ടായിരുന്നു. പുതിയ മേഖലയില്‍ സ്വന്തം പ്രയത്‌നം കൊണ്ടാവണം വിവിധ ക്ഷേത്രങ്ങള്‍ പ്രവര്‍ത്തന വിജയം നേടേണ്ടത്. സംഘത്തെ ആശ്രയിച്ചുമാത്രമുള്ള പ്രവര്‍ത്തനം അന്തിമവിജയം നല്‍കില്ല എന്നദ്ദേഹം പറയാറുണ്ട്. അതുകൊണ്ടുതന്നെ, താന്‍ സ്വയം ഏതു പുതിയ ദൗത്യം ഏറ്റെടുക്കുമ്പോഴും ശൂന്യതയില്‍ നിന്നാണ് തുടങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു. ”അത്തരം സാഹചര്യങ്ങളില്‍ ഞാന്‍ 1938 ലെ പുതിയ പ്രചാരകനാണെന്ന് സ്വയം സങ്കല്പിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങും”.”ഇതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയും വിജയരഹസ്യവും.
3 വര്‍ഷം അഖില ഭാരതീയ പ്രചാരക് പ്രമുഖായി പ്രവര്‍ത്തിച്ചതിനുശേഷം, 1956 ല്‍ അദ്ദേഹം സര്‍കാര്യവാഹായി തിരഞ്ഞെടുക്കപ്പെട്ടു. കാറ്റും കോളും തരണം ചെയ്ത് സംഘനൗക മുന്നോട്ടുപോയിരുന്നെങ്കിലും മൂടിക്കെട്ടിയിരുന്ന ആകാശത്ത് മാര്‍ഗ്ഗനക്ഷത്രങ്ങള്‍ വ്യക്തമായി തെളിഞ്ഞിരുന്നില്ല. നിരോധനത്തെ അതിജീവിച്ചെങ്കിലും നിരാശ കെട്ടടങ്ങിയിരുന്നില്ല. പഴയ കാര്യകര്‍ത്താക്കളും പുതിയ സാഹചര്യങ്ങളും, ലിഖിതമായ ഭരണഘടനയും അലിഖിതമായ കീഴ്‌വഴക്കങ്ങളും ചിരന്തനമായ ആദര്‍ശവും കാലികമായ ആശയക്കുഴപ്പങ്ങളും. പുതിയ സര്‍കാര്യവാഹിന്റെ മുമ്പില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. മധ്യപ്രദേശിലെന്നപോലെ ഈ ചുമതലയിലും ഭയ്യാജിയുടെ പിന്തുടര്‍ച്ചക്കാരനായി എത്തിയ ഏകനാഥ്ജി തന്റെ ജീവിതത്തിലെ ഈ ഘട്ടത്തെയും അതിജീവിച്ചു.
സംഘത്തില്‍ ഇന്നു കാണുന്ന ഘടനാപരമായ പല വ്യവസ്ഥകളും ഏകനാഥ്ജിയുടെ കാര്യനിര്‍വഹണ കൗശലത്തിന്റെ പ്രതിഫലനങ്ങളാണ്. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ മണ്ഡല തലം എന്ന സംവിധാനവും വിഭാഗനുസരിച്ചുള്ള ഘടനയും അക്കാലത്തു വന്നതാണ്. ഒരു സര്‍കാര്യവാഹ് എന്ന നിലയില്‍ ജില്ലാതലത്തില്‍ യാത്ര ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. വൃത്തനിവേദനവും, കാര്യകര്‍തൃഗണപ്പട്ടികയുമൊക്കെ അനിവാര്യതയായി മാറി. ഭാരതം മുഴുവനും കാര്യശൈലിയില്‍ ഐകരൂപ്യം ഉണ്ടാക്കാന്‍ അദ്ദേഹം യത്‌നിച്ചു. ആചാരപദ്ധതി നവീകരിച്ചു. പ്രാര്‍ത്ഥനയുടെ ഉച്ചാരണവും വ്യാഖ്യാനവും കാലദേശങ്ങള്‍ക്കനുസരിച്ച് മാറിപ്പോകാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഡയറിയും പേനയും കാര്യകര്‍ത്താവിന്റെ ശരീരഭാഗങ്ങളാക്കി മാറ്റി. ബൈഠക്കില്‍ വരാത്തവരെ അന്വേഷിക്കാന്‍ തുടങ്ങി. സംഘശിക്ഷാവര്‍ഗ്ഗുകളുടെ പാഠ്യക്രമം പരിഷ്‌കരിച്ചു. സംഘടനയില്‍ അടിമുടി മാറ്റം അനുഭവപ്പെട്ടു. ഈ സമയത്ത് സംഘടനയുടെ കെട്ടുമാറിയെങ്കിലും മട്ടു മാറാതിരിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹത്തിന്റെ ഓരോ നീക്കവും അതിസൂക്ഷ്മമായിരുന്നു.
സംഘടനയുടെ ഔപചാരിക സംവിധാനങ്ങള്‍ മാറിയെങ്കിലും കീഴ്‌വഴക്കങ്ങള്‍ മാറിയില്ല. അല്ലെങ്കില്‍ മാറാതെ സൂക്ഷിക്കാന്‍ അദ്ദേഹമുള്‍പ്പെടെ എല്ലാവരും ബോധപൂര്‍വ്വം പരിശ്രമിച്ചു. ഔപചാരിക കാര്യക്രമങ്ങളില്‍ മാത്രമല്ല സ്വയംസേവകരുടെ സംഘനിഷ്ഠയും സേവാഭാവനയും കുടികൊള്ളുന്നത്. ഡോക്ടര്‍ജിയുടെ കാലം മുതല്‍ക്കേ പാലിച്ചുപോരുന്ന കീഴ്‌വഴക്കങ്ങളിലാണത്. അവയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് ഔപചാരിക സംവിധാനത്തിന്റെ നവീകരണം നടന്നത്. ഇക്കാര്യം സര്‍കാര്യവാഹ് എന്ന നിലയില്‍ ഏകനാഥ്ജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
നെപ്പോളിയന്റെ സൈനിക വിന്യാസശൈലിയോട് തുലനം ചെയ്യാവുന്ന കാര്യനിര്‍വഹണശേഷിയായിരുന്നു ഏകനാഥ റാനഡെ എന്ന സര്‍കാര്യവാഹ് പ്രദര്‍ശിപ്പിച്ചത്. ഈ വിശേഷണം അദ്ദേഹത്തിന് നല്‍കിയത് മറ്റാരുമല്ല, ഒരു ഔപചാരിക സദസില്‍ വെച്ച് പരംപൂജനീയ ഗുരുജി തന്നെയാണ് അദ്ദേഹത്തെ നെപ്പോളിയനോട് താരതമ്യപ്പെടുത്തിയത്. ”തന്റെ എല്ലാ വിജയങ്ങള്‍ക്കു മുമ്പും സഹപ്രവര്‍ത്തകര്‍ക്ക് വിജയമാര്‍ഗ്ഗത്തിന്റെ വഴികള്‍ വിശദമായി വിവരിച്ചുകൊടുക്കുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെയാണ് ഈ സഭയില്‍ ഏകനാഥ്ജിയെ കാണുമ്പോള്‍ എനിക്കോര്‍മ്മവരുന്നത്””എന്നായിരുന്നു ഗുരുജിയുടെ നിരീക്ഷണം. പൂര്‍ണ്ണതയുടെ പൂജാരിയാണ് ഇദ്ദേഹമെന്നു പറയുന്നതിന്റെ ഒരു കാരണം, ഈ തലനാരിഴകീറിയുള്ള വിശകലനവും വിശദീകരണവുമാണ്.
ബൈഠക്കുകളിലും ബൗദ്ധിക്കുകളിലും അദ്ദേഹം പുലര്‍ത്തിയിരുന്ന അനിതരസാധാരണമായ സൂക്ഷ്മത അദ്ദേഹത്തിന്റെ ഈ പൂര്‍ണ്ണതാപൂജയ്ക്കുള്ള മറ്റൊരുദാഹരണമാണ്. കഠിനപരിശ്രമം കൊണ്ട് വ്യത്യസ്ത ഭാഷകള്‍ സ്വായത്തമാക്കിയിരുന്ന അദ്ദേഹം, ബൗദ്ധിക്കുകള്‍ എഴുതി തയ്യാറാക്കി, പലകുറി വായിച്ച് മനഃപാഠമാക്കി പറയുന്ന പതിവുകാരനായിരുന്നു. സര്‍കാര്യവാഹ് ആയിരുന്നപ്പോഴും ഈ രീതിയ്ക്ക് മാറ്റം വന്നില്ല. ഭാഷാപരിജ്ഞാനം അലങ്കാരത്തിനോ അഹങ്കാരത്തിനോ വേണ്ടി അദ്ദേഹം ദുരുപയോഗം ചെയ്യാറില്ല. ഭാരതത്തിന്റെ ദക്ഷിണസംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ വേണ്ടി ഒരു നിഘണ്ടു അദ്ദേഹം കൂടെ കൊണ്ടുനടക്കാറുണ്ടായിരുന്നു. ഇതൊക്കെയും നിഷ്ഠയുടെ ഭാഗം. പൂര്‍ണ്ണതയുടെ ഭാഗം ഇതിനുമപ്പുറത്താണല്ലോ. ഇംഗ്ലീഷ് ബൗദ്ധിക്കിനിടെ ഉചിതമായ വാക്കു കിട്ടിയില്ലെങ്കില്‍, പകരം സമാനാര്‍ത്ഥമുള്ള മറ്റൊരുപദം അദ്ദേഹം ഉപയോഗിക്കില്ലായിരുന്നു. അദ്ദേഹത്തിന് പറയാനുള്ള ആശയത്തിനും സംഘസംസ്‌കാരത്തിനും യോജിക്കുന്ന പദം സരസ്വതീകടാക്ഷത്താല്‍ നാവില്‍ വരുന്നത് വരെ, അദ്ദേഹം കാത്തുനില്‍ക്കുമായിരുന്നു. ബൗദ്ധിക്കിനിടയില്‍ ഭാഷയുടെയും പദങ്ങളുടെയും ഭംഗിയല്ല ആശയത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാവമാണ് പ്രധാനം. പ്രഭാഷണത്തിന്റെ ഒഴുക്കിലല്ല പ്രവര്‍ത്തനത്തിന്റെ മിടുക്കിലാണ് കാര്യം. വിവേകാനന്ദ കേന്ദ്രസേവാവ്രതിയായ തൃതീയവര്‍ഷ ശിക്ഷിതയായ ഒരു കാര്യകര്‍ത്താവിന്റെ അനുഭവം രസകരവും ഉദ്‌ബോധകവുമാണ്. നല്ല കാര്യകര്‍ത്താവ് ‘സദാചരണതത്പര’നായിരിക്കണം എന്ന് ഏകനാഥജി ബൈഠക്കില്‍ പറഞ്ഞു. വിസ്തരിച്ചു പറയവേ അതിന് മൂന്ന് വശങ്ങളുണ്ടെന്ന് പറഞ്ഞു. ഒന്ന് – കാര്യകര്‍ത്താവ് സദാചരണത്തില്‍ തല്‍പരനായിരിക്കണം. ശീലവാനായിരിക്കണം. രണ്ടാമത് – അയാള്‍ സമാജത്തിലെ മുതിര്‍ന്നവരേയും ജ്യേഷ്ഠപ്രവര്‍ത്തകരേയും വിനയപൂര്‍വ്വം ആദരിക്കുന്നവനായിരിക്കണം. അഹങ്കാരി ആയിരിക്കരുത്. അതായത് അയാള്‍ സദാ – ചരണ – തത്പരനായിരിക്കണം. എന്നാല്‍ കാര്യത്തില്‍ വ്യഗ്രതയുള്ളവനായിരിക്കണം. ഒരിക്കലും എതിര്‍പ്പുകള്‍ക്കു വശപ്പെടുന്നവനാകരുത്. അതായത് സദാ – ച – രണതത്പരനായിരിക്കണം. ബൈഠക്ക് കഴിഞ്ഞപ്പോള്‍ കാര്യകര്‍ത്താക്കന്മാരുടെ ചുണ്ടുകളില്‍നിന്ന് മന്ത്രമെന്നതുപോലെ ‘സദാചരണതത്പര’പദം നിസ്സരിച്ചു. കൂട്ടത്തോടെ പ്രവര്‍ത്തിക്കുന്നതാണ് സംഘരീതി. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാനുള്ള മനസ്സ് സഹജമായി ഇല്ലാതാകും എന്നു പറയാന്‍ അദ്ദേഹം ബൈഠക്കില്‍ പറഞ്ഞത് നാം നമ്മുടെ ‘അഹംകാര’ത്തെ ‘വയംകാര’മാക്കി മാറ്റണം എന്നാണ്. അഹം എന്നാല്‍ ഞാന്‍, വയം എന്നാല്‍ നാം – അങ്ങനെ ഞാന്‍ നാം ആയി വികസിക്കുമ്പോള്‍ അവിടെ സംഘം വികസിക്കുന്നു. അതായിരുന്നു ബൈഠക്ക് സന്ദേശം. ഈ ശൈലി അദ്ദേഹം നേടിയത് ഡോക്ടര്‍ജിയില്‍ നിന്നാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
സര്‍കാര്യവാഹായതിനു ശേഷം മദിരാശി പ്രാന്തത്തിലെ ആദ്യസംഘശിക്ഷാവര്‍ഗ്ഗില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. മുന്നു നാലു ദിവസം വര്‍ഗ്ഗില്‍ താമസിക്കാന്‍ തയ്യാറായി വന്ന അദ്ദേഹത്തിന് രണ്ട് ബൗദ്ധിക്കുകള്‍ നിശ്ചയിച്ചിരുന്നു. പതിവനുസരിച്ച് അദ്ദേഹം ഹിന്ദിയിലായിരുന്നു ബൗദ്ധിക്കിന് തയ്യാറായത്. എന്നാല്‍ സര്‍വാധികാരിയും സഹപ്രവര്‍ത്തകരും ഇംഗ്ലീഷില്‍ സംസാരിക്കുന്നതാവും ഉചിതമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. അപ്പോള്‍ തനിക്ക് 24 മണിക്കൂര്‍ സമയം തരണമെന്നാവശ്യപ്പെട്ട്, തയ്യാറായ ബൗദ്ധിക് പൂര്‍ണ്ണമായും ഇംഗ്ലീഷിലാക്കി, പഠിച്ച്, മനഃപാഠമാക്കി അദ്ദേഹം ബൗദ്ധിക് നടത്തി. സാഹചര്യത്തോട് പൊരുത്തപ്പെടാനും, അതിനായി പ്രയത്‌നിക്കാനും അദ്ദേഹം ഒരിക്കലും മടി കാണിച്ചിരുന്നില്ല.
ബൈഠക്കുകളിലെ വ്യവഹാരത്തെ സംബന്ധിച്ചും ശ്രദ്ധേയമായ മാര്‍ഗദര്‍ശനം അദ്ദേഹം നല്‍കിയിട്ടുണ്ട്. 1957 ല്‍ കൊച്ചിയിലെ വൈ.എന്‍.പി. ട്രസ്റ്റില്‍ വെച്ചു നടന്ന പ്രചാരകന്മാരുടെ ബൈഠക്കില്‍ നല്‍കിയ ഇത്തരമൊരു മാര്‍ഗ്ഗദര്‍ശനത്തക്കുറിച്ച് ഹരിയേട്ടന്‍ സ്മരിക്കുന്നു. ഈ ബൈഠക്കില്‍ വെച്ചായിരുന്നു മാ. ഭാസ്‌കര്‍റാവുജിക്ക് കേരളത്തിന്റെ മുഴുവന്‍ ചുമതല നല്‍കിയതും മാ. പരമേശ്വര്‍ജിയെ ജനസംഘത്തിലേക്കയച്ചതും. ഏകനാഥ്ജി ബൈഠക്കില്‍ സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു. പരമേശ്വര്‍ജിയാണ് മൊഴിമാറ്റം ചെയ്തത്. ഇതിനിടയില്‍ ഒരു പ്രചാരകന്‍ സാമാന്യത്തില്‍ കവിഞ്ഞ ശബ്ദത്തില്‍ ബൈഠക്കില്‍ വെച്ച് തുടരെത്തുടരെ സംസാരിക്കാന്‍ തുടങ്ങി. തന്റെ ഭാഗം കഴിഞ്ഞ് മൊഴിമാറ്റം നടക്കവെ, ബൈഠക്ക് തടസപ്പെടുത്താതെ ഏകനാഥ്ജി പുറത്തേക്ക് പോയി. തിരിച്ചുവന്ന് താന്‍ എത്ര ദൂരം പോയെന്നും അതിന്റെ ഉദ്ദേശ്യമെന്തെന്നും വിശദീകരിച്ചു. ഒരു തരം പ്രാക്ടിക്കല്‍ ഡെമോണ്‍സ്‌ട്രേഷന്‍. ബൈഠക്ക് ഹാളിനു പുറത്ത് ഏകദേശം 30 മീറ്റര്‍ അകലം വരെ ബൈഠക്കിലെ വിവരങ്ങള്‍ ആര്‍ക്കും കേള്‍ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ബൈഠക്കില്‍ ഒരാളുടെ ശബ്ദം എത്രമാത്രം ഉയരാമെന്നും ബൈഠക്ക് വിവരങ്ങള്‍ എവിടെവരെ പോകാമെന്നും അദ്ദേഹം അക്ഷോഭ്യനായി വിവരിച്ചു.
ജനസമ്പര്‍ക്കം, സംഗ്രഹം, സംസ്‌കരണം, വ്യവസ്ഥ എന്നീ ആശയങ്ങള്‍ സംഘപദാവലിയില്‍ അദ്ദേഹത്തിന്റ സംഭാവനകളാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമായി തരംതിരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കാര്യകര്‍ത്താക്കളുടെ ശേഷിയും ഉത്സാഹവും വളരുമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. പ്രചാരക ജീവിതത്തിലുടനീളം കാര്യകര്‍ത്താക്കളോടും പ്രചാരകന്മാരോടും അടുത്തിടപഴകി സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഏകനാഥ്ജി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലി ചെയ്യുകയായിരുന്ന ശ്രീ. കെ.ആര്‍. മല്‍ക്കാനിയെ രാജിവെപ്പിച്ച് ഓര്‍ഗനൈസറില്‍ എത്തിച്ചത് ഏകനാഥ്ജി ആയിരുന്നു. 1957 ല്‍ ജനസംഘത്തിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ അല്പം ആശങ്കാകുലനായിപ്പോയ പരമേശ്വര്‍ജിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയതും ഏകനാഥ്ജി തന്നെ. തനിക്ക് രാഷ്ട്രീയരംഗത്ത് അഭിരുചിയില്ലെന്ന് പറഞ്ഞ പരമേശ്വര്‍ജിയോട്, അല്പമെങ്കിലും അതുണ്ടായിരുന്നെങ്കില്‍ അങ്ങോട്ടയക്കില്ലെന്നു പറഞ്ഞാണ് ഏകനാഥ്ജി തത്വം വ്യക്തമാക്കിയത്. ഈ സംഭാഷണത്തിനു ശേഷം പുതിയ നിയുക്തിക്കനുസരിച്ച് മനസ് തയ്യാറാക്കിയ പരമേശ്വര്‍ജി സന്തോഷത്തോടെയും ഉത്സാഹത്തോടെയും അതില്‍ പ്രവര്‍ത്തിക്കുകയും ദേശീയ ഉപാധ്യക്ഷപദവി വരെ വഹിക്കുകയും ചെയ്തു.
രണ്ടു തവണ സര്‍കാര്യവാഹ് ആയതിനുശേഷം നിരോധനാതിജീവനം, ഭരണഘടനാ നിര്‍മ്മാണം, ഗുരുജിയുടെ അമ്പത്തൊന്നാം പിറന്നാള്‍ നടത്തിപ്പ്, സംഘടനാ പുനക്രമീകരണം, ഡോക്ടര്‍ജി സ്മൃതിമന്ദിര നിര്‍മ്മിതി അങ്ങനെ നിരവധി ചരിത്രസന്ധികളിലൂടെ കടന്നുപോയ ആ കര്‍മ്മനിപുണന്‍ 1962 ല്‍ സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖായി നിയുക്തനായി. 1964വരെ അദ്ദേഹം ആ ചുമതലയില്‍ തുടര്‍ന്നു.
Comments