കുറഞ്ഞത് ആയിരത്തഞ്ഞൂറു വര്‍ഷക്കാലമെങ്കിലും തന്റെ കര്‍മ്മചൈതന്യം ഭാരതത്തിന്റെ അധ്യാത്മിക നഭോമണ്ഡലത്തില്‍ പ്രശോഭിക്കുമെന്നാണ് വിവേകാന്ദസ്വാമികള്‍ പ്രവചിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ ഹര്‍ഷാരവങ്ങളും പരിഹാസശരങ്ങളും ഒരു പോലെ നേരിട്ട സന്യാസിയാണ് സ്വാമിജി. മരണാനന്തരവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആ പശ്ചാത്തലത്തിലാണ് ഭാരതം അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങിയത്. കാലം കടന്നു പോയി, സ്വാമിജിയും കടന്നുപോയി. നൂറാം പിറന്നാള്‍ കടന്നുപോയിട്ട് അമ്പതു സംവത്സരങ്ങളും കഴിഞ്ഞു. സ്വാഭാവിക ശൈലിയില്‍ ഇതിഹാസ പുരുഷന്മാരോടുള്ള കൃതഞ്ജതാ പ്രകടനത്തില്‍ പിശുക്കുകാണിക്കുന്ന ശീലമാണ് നമുക്കുള്ളത്. എന്നാല്‍ സൗഭാഗ്യവശാല്‍ അങ്ങനെയൊരു പാതകം നാം സ്വാമി വിവേകാനന്ദനോട് ചെയ്തില്ല. രാമകൃഷ്ണമിഷനടക്കമുള്ള അസംഖ്യം ഭാരതീയരുടെ പ്രയത്‌നത്തിന്റെ ഫലമായി വിവേകാനന്ദതേജസ് ഇന്നും പ്രോജ്ജ്വലിക്കുന്നു. അതിനു മകുടം ചാര്‍ത്തുന്ന പ്രവര്‍ത്തനമായിരുന്നു വിവേകാനന്ദ ജന്മശതാബ്ദി ആഘോഷവും അതോടൊപ്പം കന്യാകുമാരി ശിലയില്‍ നാം കെട്ടിപ്പൊക്കിയ വിവേകാനന്ദ സ്മാരകവും. ഭാരതരാഷ്ട്രത്തിന്റെ അവസാനത്തെ ശിലാഖണ്ഡത്തിന് സ്വാമിവിവേകാനന്ദന്റെ പേരു നല്‍കി നാമദ്ദേഹത്തെ ആദരിച്ചു. ശിലയുടെ പേരില്‍ വിവേകാനന്ദസ്വാമിയുടെ ഓര്‍മ്മകള്‍ക്കും വിവേകാനന്ദന്റെ പേരില്‍ ശിലയ്ക്കും ജീവന്‍ വെച്ചു. എന്നാല്‍ അവിടെ നിന്നും ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറത്ത് വിവേകാനന്ദ കേന്ദ്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ വിവേകാനന്ദസ്വാമിയുടെ പൂര്‍ണ്ണകായപ്രതിമയുടെ കാല്‍കീഴില്‍ ഒരു സമാധിപീഠം സ്ഥിതി ചെയ്യുന്നുണ്ട്്. ഈ പവിത്രകര്‍മ്മത്തിനു നേതൃത്വം കൊടുത്ത ഏകനാഥ രാമകൃഷ്ണ റാനഡെയെന്ന മഹാരാഷ്ട്രക്കാരനായ ഭാരതീയന്റെ കര്‍മ്മസാഫല്യത്തിന്റെ സ്മാരകചിഹ്നമാണത്.
46 വര്‍ഷത്തെ പ്രചാരക ജീവിതത്തിനിടയില്‍ ഏകനാഥ റാനഡെ കൈവരിച്ച ഖ്യാതിയെന്തെന്ന ചോദ്യത്തിനുള്ള സ്വാഭാവികമായ ഉത്തരമാണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം. എന്നാല്‍ ഈ വിലയിരുത്തല്‍ അപൂര്‍ണ്ണമാണ്. വിവേകാനന്ദ സ്മാരകം അദ്ദേഹത്തിന്റെ ദൗത്യവും വിവേകാന്ദ കേന്ദ്രം അദ്ദേഹത്തിന്റെ നേട്ടവുമായിരുന്നെങ്കില്‍, അവസാനശ്വാസം വരെ ജീവിതത്തില്‍ വെച്ചുപുലര്‍ത്തിയുരുന്ന സംഘനിഷ്ഠയും സ്വയംസേവകത്വനിഷ്ഠയുമാണ് ഏകനാഥ്ജിയെന്ന പ്രചാരകന്റെ ഉപലബ്ധിയും ജീവിതസന്ദേശവും. വികൃതിക്കാരനായ ബാലസ്വയംസേവകനില്‍ നിന്നും പരിപക്വമതിയായ രാഷ്ട്രനായകനിലേക്കുള്ള പ്രയാണമായിരുന്നു ആ ജീവിതം. ഡോക്ടര്‍ജിയുടെ കുശപഥക്കു മുതല്‍ സര്‍കാര്യവാഹ് പദവി വരെയുള്ള സംഘചരിത്രം കൂടിയാണത്. കര്‍മ്മത്തിലും വിചാരത്തിലും പൂര്‍ണ്ണത പ്രാപിക്കുക അതിന്റെ ആനന്ദത്തില്‍ അനുനിമിഷം സേവനനിരതനാവുക അതിനായി മറ്റുള്ളവരെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുക – ഇതായിരുന്നു ഏകനാഥ്ജി. അതുകൊണ്ടാണ് സ്വര്‍ഗ്ഗീയ പരമേശ്വര്‍ജി അദ്ദേഹത്തെ പൂര്‍ണ്ണതയുടെ പൂജാരി”എന്നു വിളിച്ചത്.
1914 നവംബര്‍ 19 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനിച്ചു. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട അദ്ദേഹം മൂത്ത സഹോദരന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. നാഗ്പൂരില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡോക്ടര്‍ജിയുടെ ആത്മമിത്രമായിരുന്ന അണ്ണാജി സോഹ്‌നിയുടെ ഭാര്യാസഹോദരനായിരുന്നതില്‍ ചെറുപ്പകാലത്തുതന്നെ ഡോക്ടര്‍ജിയുമായി അടുത്തിടപഴകാന്‍ അവസരം കിട്ടി. ദേശസ്‌നേഹത്തിന്റെയും വ്യക്തിസ്‌നേഹത്തിന്റെയും അത്യപൂര്‍വ്വസംഗമസ്ഥാനമായ ഡോക്ടര്‍ജിയുടെ പവിത്ര ഹൃദയത്തില്‍ അകപ്പെട്ടുപോയ കുട്ടികളിലൊരാള്‍. അതുകൊണ്ടുതന്നെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നിട്ടും അദ്ദേഹം മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയതോടെ പഠനമുപേക്ഷിച്ച് ഡോക്ടര്‍ജിയുടെ പാത പിന്തുടരാന്‍ തീരുമാനിച്ചു. ഉണ്ടായിരുന്ന ഇന്‍ഡസ്ട്രിയല്‍ വര്‍ക്‌ഷോപ്പ് നന്നായി നടത്താന്‍ അനുജനെ എഞ്ചിനീയര്‍ ആക്കണമെന്നായിരുന്നു രക്ഷകര്‍ത്താവായ സഹോദരന്‍ ആഗ്രഹിച്ചത്. അതിനായി അദ്ദേഹം വാങ്ങിച്ചുകൊടുത്ത പ്രവേശനപരീക്ഷാസഹായികളൊക്കെ പൊടിപിടിച്ചതല്ലാതെ ഏകനാഥ്ജി വഴങ്ങിക്കൊടുത്തില്ല. അനുജന്റെ ദൃഢനിശ്ചയത്തെ ധാര്‍ഷ്ട്യമെന്നു തെറ്റിദ്ധരിച്ച ജ്യേഷ്ഠന്‍ അദ്ദേഹത്തെ ശകാരിക്കുകയും ചെയ്തു. നിന്റെ പ്രായത്തിലുളള കുട്ടികള്‍ക്ക് ഇങ്ങനെയൊക്കെ തോന്നുമെന്നും അതുകൊണ്ട് യാതൊരര്‍ത്ഥവുമില്ലെന്നും ജീവിതത്തില്‍ ഒരു ഗുണവുമുണ്ടാവില്ലെന്നും ജ്യേഷ്ഠന്‍ പറഞ്ഞു. അവസാന കാലത്ത് ആരോരുമില്ലാതെ കാലയവനികയുടെ പിന്നാമ്പുറത്ത് അപ്രസക്തനായി അസ്തമിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. ഭാരതരാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും നിത്യമോക്ഷത്തിനും വേണ്ടി ജീവിതം ഹോമിച്ച ആയിരങ്ങളുടെ പട്ടികയില്‍ തീര്‍ത്തും അപ്രസക്തനായി അവസാനിക്കുന്നതുപോലും തനിക്കു സ്വീകാര്യമാണെന്നും അതു മണ്ടത്തരമാണെങ്കില്‍ താന്‍ സ്വയം കൈക്കൊണ്ട മണ്ടന്‍ തീരുമാനത്തില്‍ അവസാനം വരെ അഭിമാനിക്കുമെന്നും ഏകനാഥ്ജി പതറാതെ മറുപടി പറഞ്ഞു.
ജീവിതത്തിലെ ആദ്യപരീക്ഷണത്തില്‍ വിജയിച്ച അദ്ദേഹത്തിന് അടുത്ത പരീക്ഷണം നല്‍കിയത് ഡോക്ടര്‍ജി തന്നെയായിരുന്നു. ”സംഘപ്രവര്‍ത്തനത്തിനായി എന്നെ ഭാരതത്തില്‍ എവിടെ വേണമെങ്കിലും അയച്ചോളൂ”-”എന്നു പറഞ്ഞ് ഡോക്ടര്‍ജിയെ കണ്ട മെട്രിക്കുലേഷന്‍കാരനോട് ബിരുദവുമായി വരാന്‍ ഡോക്ടര്‍ജി ആവശ്യപ്പെട്ടു. ഡോക്ടര്‍ജിയുടെ ഇംഗിതമനുസരിച്ച് ‘സംഘകാര്യാര്‍ത്ഥം’”അദ്ദേഹം ഉപരിപഠനത്തിനു ചേര്‍ന്നു. നാഗ്പൂര്‍ സര്‍വകലാശാലയിലെ ഹിസ്‌ലോപ് കോളേജില്‍ തത്വശാസ്ത്രത്തില്‍ ബിരുദവിദ്യാര്‍ത്ഥിയായി. ഭാവിയില്‍ സംഘപ്രവര്‍ത്തനത്തിന് അതായിരിക്കും കൂടുതല്‍ പ്രയോജനപ്പെടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ഡോക്ടര്‍ജി നാഗ്പൂരിലെ നാലു ശാഖകളുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു. വിദ്യാര്‍ത്ഥി യായിരിക്കെ ആ ചുമതല അദ്ദേഹം ഭംഗിയായി നിറവേറ്റി. ഗണേശ്‌പേട്ടില്‍ സ്വപ്രയത്‌നംകൊണ്ട് പുതിയൊരു ശാഖയും ആരംഭിച്ചു. 1936 ല്‍ ബിരുദം പാസായതിനു ശേഷം നാഗ്പൂരില്‍ തന്നെ പ്രചാരകനായി പ്രവര്‍ത്തനമാരംഭിച്ചു. 1938 ഫെബ്രുവരി മാസം മധ്യഭാരതത്തിലെ ദമോഹില്‍ ശാഖയാരംഭിച്ചിരുന്നു. ആഗസ്റ്റ് മാസം ഏകനാഥ്ജിയെ പ്രചാരകരൂപേണ ഡോക്ടര്‍ജി അങ്ങോട്ടയച്ചു. പിന്നീടങ്ങോട്ട് പ്രചാരകത്വത്തിന്റെയും സ്വയംസേവകത്വത്തിന്റെയും പൂര്‍ണ്ണതയ്ക്കായി ഏകനാഥ്ജി അനുഷ്ഠിച്ച കഠിനതപസ് ഇന്ന് സംഘചരിത്രത്തിലെ സുവര്‍ണ്ണാധ്യായമാണ്. സ്വയംസേവകര്‍ക്കും പ്രചാരകര്‍ക്കും മറ്റു രാഷ്ട്രസേവകര്‍ക്കും അനുകരിക്കാവുന്ന മാതൃകാജീവിതമായി മാറി. ഇതിനദ്ദേഹത്തെ പ്രാപ്തനാക്കിയത് രാഷ്ട്രകാര്യത്തിനുതകുന്ന രീതിയില്‍ സ്വവ്യക്തിത്വത്തെ പൂര്‍ണ്ണമാക്കാനായി സ്വയം അനുഷ്ഠിച്ച സാധനയാണ്. സേവനം ഒരു സാധനയാണെന്ന് നാം പറയാറുണ്ടെങ്കിലും ആ സേവനം ചെയ്യാന്‍ സാധന ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ വീക്ഷണം അദ്ദേഹം തന്റെ പില്‍ക്കാല ബൗദ്ധിക്കുകളില്‍ സ്പഷ്ടമാക്കിയിട്ടുമുണ്ട്. “Sadhana of Service”എന്ന പേരില്‍ ഈ ബൗദ്ധിക്കുകളുടെ സമാഹരണം നിര്‍വ്വഹിച്ചത് ബാപ്പുറാവു വറാഡ് പാണ്‌ഡെയാണ്. വിവേകാനന്ദകേന്ദ്ര പ്രകാശന്‍ ട്രസ്റ്റ് Spiritualizing Life – The Book form of the audio document dimensions of Sadhana of Service എന്നപേരില്‍ വന്ദനീയ നിവേദിത ഭിടേജി ഇത് പിന്നീട് വിപുലീകരിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കത്തുകളുടെ സമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകന്‍, സംഘാടകന്‍ എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന കൃതികളാണിവ.
ഇരുപത്തിനാലാം വയസ്സില്‍ മഹാകോശലിലെ ജബല്‍പൂര്‍ കേന്ദ്രമാക്കി അദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചു. മധ്യഭാരതത്തിലെ പ്രചാരക പ്രവര്‍ത്തനം അദ്ദേഹത്തിന്റെ ജീവിതത്തിലെ അടുത്ത പരീക്ഷണഘട്ടമായിരുന്നു. ദ്രാവിഡഭാഷകള്‍ സംസാരിക്കുന്ന ദക്ഷിണഭാരത സംസ്ഥാനങ്ങളില്‍ സംഘപ്രവര്‍ത്തനം ചെയ്യാന്‍ ഒരു ഹിന്ദി-മറാഠി സംസാരിക്കുന്ന വ്യക്തി എന്തൊക്കെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുമെന്ന് നമുക്കൂഹിക്കാമല്ലോ. ഇതില്‍ നിന്നും അല്പം പോലും വ്യത്യസ്തമല്ലായിരുന്നു അന്നത്തെ കാലത്ത് മധ്യഭാരതത്തിലെയും ഗുജറാത്തിലെയും അവസ്ഥയും. മറാഠി സംസാരിക്കുന്ന മഹാരാഷ്ട്രക്കാരന് ഹിന്ദി സംസാരിക്കുന്ന മധ്യപ്രദേശിലും ഗുജറാത്തി സംസാരിക്കുന്ന അന്നത്തെ വടക്കുപടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും (ഇന്നത്തെ ഗുജറാത്ത്) ഒട്ടും സ്വീകാര്യത ഇല്ലായിരുന്നു. മാത്രമല്ല ഏതു നിമിഷവും വൈകാരികവും ശാരീരികവുമായ പീഡനങ്ങളും പ്രതീക്ഷിക്കാമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ജി മധ്യഭാരതത്തിലും ഗുജറാത്തിലും സംഘസംവ്യാപനം നടത്താന്‍ പ്രതിഭാശാലികളെങ്കിലും ക്ഷുഭിതയൗവ്വനം മുറ്റി നില്‍ക്കുന്ന പ്രകൃതക്കാരായ പ്രചാരകന്മാരെ അയച്ചതെന്നോര്‍ക്കണം. അവഗണനകളെയും എതിര്‍പ്പുകളെയും അതിജീവിച്ച അവര്‍ എന്തുമാത്രം സംയമശീലരായിരിക്കണമെന്നും ചിന്തിക്കണം. അതിലൊരാളായിരുന്നു ഏകനാഥ്ജിയും.
മറാഠിഭാഷക്കാരും മധ്യപ്രദേശുകാരും പരസ്പരം അസഭ്യം പറയുന്ന കാലം, പ്രഹ്ലാദ്ജി അഭ്യങ്കര്‍ എന്ന സഹപ്രവര്‍ത്തകനോടൊപ്പം മധ്യപ്രദേശിലെത്തിയ (മഹാകോശല്‍) ഏകനാഥ്ജി സ്‌നേഹംകൊണ്ടും മനഃസ്ഥൈര്യം കൊണ്ടും കാര്യക്ഷേത്രത്തില്‍ അതിജീവിച്ചു. 1947 മുതല്‍ 1950 വരെ, അവിടെ പ്രചാരകനായി പ്രവര്‍ത്തിച്ചു. ഭയ്യാജി ദാണിയുടെ പിന്തുടര്‍ച്ചക്കാരനായി മുഴുവന്‍ മധ്യപ്രദേശിലെയും സംഘപ്രവര്‍ത്തനത്തെ മുന്നോട്ടു നയിച്ചു. അസൗകര്യം ഉണ്ടാക്കുന്നുവെന്ന് തോന്നുന്ന ആരെയും ജയിലിലടക്കാനായി അന്ന് ഗുണ്ടാ ആക്ട് ഉപയോഗിച്ചിരുന്നു. ഇതിലകപ്പെടാതിരിക്കാന്‍ അദ്ദേഹം അവിടെ സാഗര്‍ സര്‍വകലാശാലയില്‍ എം.എ വിദ്യാര്‍ത്ഥിയായി പഠനവുമാരംഭിച്ചു. കാര്യനിപുണനും പരിശ്രമശാലിയുമായ യുവാവായി വന്ന് സേനാനായകത്വവും അജയ്യതയും ആര്‍ജ്ജിച്ചാണ് അദ്ദേഹം മധ്യപ്രദേശില്‍ നിന്നും മടങ്ങിയത്. അതിനിടയില്‍ പരിശ്രമശാലിയായ ബി.എ.ക്കാരന്‍ എം.എ.ക്കാരനായും മാറി. ‘അപരാജിതനായ സേനാനി’’എന്നാണ് അദ്ദേഹത്തെ ജീവചരിത്രകാരന്‍ വീരേശ്വര്‍ ദ്വിവേദി വിശേഷിപ്പിച്ചത്.
ഇതിനിടയിലാണ് 1948 ലെ സംഘനിരോധനവും ഗുരുജിയുടെ കാരാഗൃഹവാസവും. നിരോധനത്തെ അതിജീവിക്കാന്‍ ഗുരുജി സംഘം പിരിച്ചുവിട്ടെങ്കിലും ഭയ്യാജി ദാണിയുടെ നേതൃത്വത്തില്‍ പടക്കളത്തിനു പുറത്ത് പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. പിരിഞ്ഞുപോയ സംഘടനയിലെ ഇണപിരിയാത്ത പിന്നണി പോരാളികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഭാരതസര്‍ക്കാര്‍ അടിയറവു പറഞ്ഞു. ഇരുമ്പഴിക്കുള്ളില്‍ ഇരുമ്പുതോല്‍ക്കുന്ന ഇച്ഛാശക്തിയോടെ പോരാട്ടം നയിച്ചത് ഗുരുജിയായിരുന്നുവെങ്കില്‍, ഗുരുജിയുടെ ശക്തിക്ക് പിറകിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചവരില്‍ ഒരു പ്രധാനി ഏകനാഥ്ജിയായിരുന്നു.
ഇടക്കാലത്ത് ഭയ്യാജിയും ജയിലിലായിരുന്നു. ഇക്കാലയളവില്‍ ഏകനാഥ്ജിയായിരുന്നു സാഹചര്യം വിലയിരുത്തി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടത് ഗുരുജിയും ഭയ്യാജിയുമായിരുന്നെങ്കില്‍ അതു നടപ്പിലാക്കിയത് ഏകനാഥ്ജിയുടെയും മോറോപന്ത്ജിയുടെയും ദേവറസ്ജിയുടെയും മേല്‍നോട്ടത്തിലാണ്. നിരോധനം നീക്കാനുള്ള ചര്‍ച്ചകള്‍ക്കായി നിരവധി തവണ സര്‍ദാര്‍ പട്ടേലിനെ കണ്ടതും, 5 തവണ ജവഹര്‍ലാല്‍ നെഹ്രുവിനെ കണ്ടതും ദില്ലിയില്‍ 10 ലക്ഷം പേരെ സംഘടിപ്പിച്ചതും ഏകനാഥ്ജിയുടെ നേതൃത്വപാടവം പുറംലോകമറിയാനുള്ള സാഹചര്യം മാത്രമായിരുന്നു. 1947 ല്‍ മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ 2500 പേരുടെ ശിബിരം നടത്തിയ കാര്യകര്‍ത്താവിനെ സംബന്ധിച്ച് ധര്‍ണ്ണയും സത്യഗ്രഹവും സംഘടിപ്പിക്കുകയെന്നത് അവസരങ്ങളാണ്, പ്രതിസന്ധികളല്ല. ജയിലിലായിരുന്ന സ്വയംസേവകരുടെ കുടുംബങ്ങളിലും അദ്ദേഹം നേരിട്ടെത്തിയിരുന്നു. ഇതിനിടയില്‍ സംഘത്തിന് ഔദ്യോഗിക ഭരണഘടന വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍, ആ കടമ നിര്‍വ്വഹിച്ചത് ഗുരുജി നിര്‍ദ്ദേശിച്ച നാലംഗ സമിതിയായിരുന്നു. ഏകനാഥ്ജി, ദീനദയാല്‍ജി, എസ്.എസ്. ആപ്‌ടെജി, രാജ്പാല്‍ പുരിജി എന്നിവരായിരുന്നു അംഗങ്ങള്‍. നാലുപേരും പ്രചാരകന്മാര്‍. ദീനദയാല്‍ജി ഒഴികെയുള്ള മൂന്നുപേര്‍ നിയമബിരുദധാരികളും. ദീനദയാല്‍ജിയുടെ ധിഷണാവൈഭവവും എകനാഥ്ജിയുടെ സംഘടനാശാസ്ത്രബോധവും മറ്റു രണ്ടുപേരുടെ നിയമാവഗാഹവും ഒത്തുചേര്‍ന്നപ്പോള്‍ സംഘത്തിന്റെ ഔദ്യോഗിക ഭരണഘടന ചുരുങ്ങിയകാലം കൊണ്ട് പിറവി കൊണ്ടു. 1948 അവസാനവും 1949 മാര്‍ച്ച് മാസത്തിലുമായി നടത്തിയ രണ്ടേ രണ്ടു ചര്‍ച്ചകള്‍കൊണ്ട് ഭരണഘടനാ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. ഭയ്യാജിയുടെ മേല്‍നോട്ടത്തിലും ദേവറസ്ജിയുടെ പിന്തുണയിലും മറ്റനേകം പേരുടെ സഹവര്‍ത്തിത്വത്തിലും ഏകനാഥ്ജിയുടെ സംഘടനാശാസ്ത്രപടുത്വം ഉച്ചസ്ഥായിയിലെത്തി. ആളുകള്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ഒളിവിലെ സര്‍സംഘചാലകന്‍ എന്നു വിശേഷിപ്പിച്ചതായും പറയുന്നു. സമരവും സംഘടനയും സമ്പര്‍ക്കവും ഒരേസമയം ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കുന്ന ദുര്‍ലഭം സംഘാടകരിലൊരാളാണ് താനെന്ന് ഏകനാഥ്ജി തെളിയിച്ചു.
കര്‍ത്തൃത്വശേഷി പരിപുഷ്ടി നേടിയ ഇതേ പ്രതിസന്ധികാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം പരിപക്വത പ്രാപിച്ചതെന്നും ഏകനാഥ്ജിയുടെ തന്നെ വാക്കുകളില്‍ നിന്നും മനസിലാക്കാം. ഗുരുജിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരകജീവിതത്തിനു മാറ്റുകൂട്ടിയ സാധനാമന്ത്രം പകര്‍ന്നു നല്‍കിയ വ്യക്തി. ആ സംഭവം ഇങ്ങനെയാണ്. ഗാന്ധിജി വധിക്കപ്പെടുമ്പോള്‍ ഏകനാഥ്ജി മധ്യപ്രദേശിലായിരുന്നു. ഇന്ദോറില്‍ നിന്നും സാഗറിലേക്കുള്ള തീവണ്ടി യാത്രയ്‌ക്കൊരുങ്ങുമ്പോഴാണ് അദ്ദേഹം ഈ വിവരം അറിയുന്നത്. ഗാന്ധിജി വധിക്കപ്പെട്ടതിനാല്‍ ഹര്‍ത്താലും സമരവുമൊക്കെയാണ്, യാത്ര വേണ്ട എന്നായിരുന്നു അദ്ദേഹത്തിന് കിട്ടിയ വിവരം. തൊട്ടുമുമ്പത്തെ ആഴ്ച സമാനരീതിയില്‍ ശ്രീ.മുഹമ്മദലി ജിന്ന കൊല്ലപ്പെട്ടുവെന്ന തെറ്റായ വിവരം പടര്‍ന്നിരുന്നു. ഇക്കാരണം കൊണ്ട് കിട്ടിയ വിവരം അവഗണിച്ച് അദ്ദേഹം നിശ്ചയിച്ച യാത്ര തുടര്‍ന്നു. വഴിയില്‍ വെച്ച് വാര്‍ത്ത സത്യമാണെന്നു മനസിലായപ്പോള്‍ അദ്ദേഹം യാത്രയുടെ ഗതിമാറ്റി. ഇറ്റാര്‍സി വഴി നാഗ്പൂരിലേക്ക് തിരിച്ചു.
(തുടരും)
Comments