ഭാരതത്തിന്റെ ചരിത്രപുസ്തകത്തില്‍ ഹെഡ്‌ഗേവാര്‍ എന്ന പേരു പതിപ്പിച്ചത് ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറാണ്. സംഘചരിത്രത്തില്‍ ആ പേരിന്റെ നിഴലായിട്ടുമാത്രമാണ് ആബാജി ഹെഡ്‌ഗേവാര്‍ എന്ന മോറേശ്വര്‍ ശ്രീധര്‍ ഹെഡ്‌ഗേവാറിന്റെ സ്ഥാനം. എന്നാല്‍ സംഘചരിത്രത്തിലെ വിജയപാതയിലൂടെ ചെറിയൊരു തിരിഞ്ഞുനടത്തവും ചികഞ്ഞുനോട്ടവും നടത്തിയാല്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന വിധം ആബാജി ഹെഡ്‌ഗേവാര്‍ സംഘചരിത്രത്തില്‍ സമാനതകളില്ലാതെ ചിരപ്രതിഷ്ഠിതനാവുന്നത് കാണാം. ഇന്നു പ്രയോഗത്തിലിരിക്കുന്ന പ്രൗഢസ്വയംസേവക് എന്ന പദം പ്രാരംഭകാലത്തേ ഉണ്ടായിരുന്നെങ്കില്‍ അതാദ്യം ഉപയോഗിക്കപ്പെടുക ആബാജിയുടെ പേരിനോടൊപ്പമായിരിക്കും എന്നതാണ് ചരിത്രത്തിന്റെ ഈ പരിശിഷ്ടം.
ഡോക്ടര്‍ജിയുടെ പിതാവ് ശ്രീ. ബലിറാം പന്ത് ഹെഡ്‌ഗേവാറിന്റെ അഭിവന്ദ്യപിതാവാണ് ശ്രീ. മഹാദേവ് ഹെഡ്‌ഗേവാര്‍. മഹാദേവ് ഹെഡ്‌ഗേവാറിന്റെ അനുജന്‍ ശ്രീധര്‍ ഹെഡ്‌ഗേവാറിന്റെ മകനാണ് ആബാജി ഹെഡ്‌ഗേവാര്‍. അതായത് ഡോക്ടര്‍ജിയുടെ ഇളയച്ഛന്‍. അദ്ദേഹം ആബാജി എന്നറിയപ്പെട്ടു. 1860-ലാണ് ആബാജി ജനിച്ചത്. നാഗ്പൂരില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള രാംപായലി എന്ന ഗ്രാമത്തിലാണ് അദ്ദേഹം ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മകന്‍ വാമന്‍ മോറേശ്വര്‍ ഹെഡ്‌ഗേവാറും മകള്‍ ഭീമാബായിയും. വിദ്യാഭ്യാസം കഴിഞ്ഞ് റവന്യൂ വകുപ്പില്‍ ഇന്‍സ്‌പെക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു ആബാജി. ഡോക്ടര്‍ജി സ്‌കൂള്‍ അവധിക്കാലത്ത് താമസിക്കാറുള്ളത് ഇവിടെയാണ്. 1901 ല്‍ തുടങ്ങിയ ഈ യാത്ര മിക്കവാറും എല്ലാ അവധിക്കാലത്തും ഒരു പതിവായി മാറി. 1906-07 ല്‍ പത്താംതരം കഴിഞ്ഞപ്പോള്‍ രാംപായലിയില്‍ താമസിച്ചിരുന്ന ഡോക്ടര്‍ജി ഇളയച്ഛന്റെ കൃഷിയിലും പങ്കു ചേര്‍ന്നിരുന്നു. ഗോതമ്പ്, കടല, നെല്ല് മുതലായ ധാന്യങ്ങളായിരുന്നു കൃഷി. കൃഷിയോടൊപ്പം തന്നെ വിപ്ലവവും ദേശഭക്തിയും തലയ്ക്കു പിടിച്ചിരുന്ന കൊച്ചുകേശവന്‍ കൃഷിസ്ഥലത്തിന് സമീപം അവിടത്തെ സമപ്രായക്കാരെ ഒരുമിച്ചു ചേര്‍ത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുന്നത് ആബാജിയുടെ ശ്രദ്ധയില്‍പ്പെട്ടു. കേശവന്റെ മനസ്സു തന്നെയായിരുന്നു ആബാജിക്ക് എന്നത് കൊണ്ട് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ജോലി സര്‍ക്കാരിനു കീഴില്‍ ആയിരുന്നെങ്കിലും ആബാജിയുടെ മനസ്സ് ഒരു തികഞ്ഞ വിപ്ലവകാരിയുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലായിരുന്നു.
സാമൂഹിക പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍ കാരണം ശിക്ഷാ നടപടിയെന്നോണം അദ്ദേഹത്തെ സ്ഥലം മാറ്റിയപ്പോള്‍ അതില്‍ പ്രതിഷേധിച്ചു കൊണ്ട് അദ്ദേഹം ജോലി രാജിവെച്ചു. ഈ മാനസികമായ ഐകരൂപ്യവും അടുപ്പവുമാണ് പിന്നീട് ആബാജിയെ സംഘത്തിലും എത്തിച്ചത്.
ഇതിനിടയില്‍ വന്ദേമാതര പ്രക്ഷോഭത്തിന്റെ പേരില്‍ ഡോക്ടര്‍ജിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. പാതിവഴിയില്‍ പഠനം നിലച്ച കേശവനെ പലരും പഴിപറഞ്ഞെങ്കിലും ഇളയച്ഛന്‍ കൂടെ നിന്നു. കൊച്ചുകേശവന്റെ ദേശഭക്തിയെക്കുറിച്ച് അഭിമാനം തോന്നിയ ഇളയച്ഛന്‍ അവനെ സഹായിക്കാന്‍ തന്നെ തീരുമാനിച്ചു. അക്കാലത്ത് മധ്യഭാരതത്തിലെ വിഖ്യാത കോണ്‍ഗ്രസ് നേതാവായിരുന്നു ബാപ്പുറാവു അണെ എന്ന ശ്രീ.എം.എസ്.അണേ (മാധവ് ശ്രീഹരി അണെ). അദ്ദേഹം യവത്മാളില്‍ സ്വന്തമായി ഒരു വിദ്യാലയം നടത്തുന്നുണ്ടായിരുന്നു. ആ വര്‍ഷത്തെ രാമനവമി ദിവസം ശ്രീ. രാംനാരായണ്‍ വൈദ്യയുമൊത്ത് രാംപായലിയില്‍ ഒരു പ്രഭാഷണത്തിന് വന്ന അദ്ദേഹം ആബാജിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വീട്ടില്‍ വെച്ച് ആബാജി കേശവന്റെ കാര്യം അവതരിപ്പിച്ചു. ഡോക്ടര്‍ജിയെ യവത്മാളിലെ അദ്ദേഹത്തിന്റെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ഏര്‍പ്പാട് ചെയ്തതും അങ്ങനെ ഡോക്ടര്‍ജിയുടെ നിലച്ചുപോയ വിദ്യാഭ്യാസം പുനരാരംഭിച്ചതും ആബാജി മുഖേനയാണ്. പുത്രനോടുള്ള വാത്സല്യത്തില്‍ കുറഞ്ഞതായിരുന്നില്ല ആബാജിയുടെ മനസ്സില്‍ ഡോക്ടര്‍ജിയോട് ഉണ്ടായിരുന്ന ഭാവം. വര്‍ഷങ്ങള്‍ക്ക് ശേഷം നിസ്സഹകരണ പ്രക്ഷോഭകാലത്ത് ചെയ്ത പ്രസംഗത്തിന്റെ പേരില്‍ ഡോക്ടര്‍ജി ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസിന്റെ വിചാരണ സമയത്തെല്ലാം അത്യന്തം കരുതലോടെ ആബാജി ഡോക്ടര്‍ജിയോടൊപ്പം കോടതിയില്‍ എത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ തീര്‍ത്തും ലൗകികമായ വ്യവഹാരങ്ങളില്‍ പിതൃസമാനമായ കര്‍ത്തവ്യങ്ങള്‍ ആബാജി നിറവേറ്റി.
ഡോക്ടര്‍ജിക്കും ഇതേ സ്‌നേഹവും ആദരവും തന്നെയാണ് ഇളയച്ഛനോടും ഉണ്ടായിരുന്നത്. ഡോക്ടര്‍ജി വിവാഹം കഴിക്കുന്നില്ല എന്നു തീരുമാനിച്ചതിനു ശേഷം അതിനെക്കുറിച്ച് വിശദീകരിക്കുന്ന വിഖ്യാതമായ കത്ത് ആബാജിക്കാണ് എഴുതിയത്. ജീവിതകാലം മുഴുവനും സമാജകാര്യം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നുവെന്നും അതിനിടയില്‍ വിവാഹം ചെയ്തുകൊണ്ട് ഒരു പെണ്‍കുട്ടിയെ കൂടി തന്റെ ബുദ്ധിമുട്ടിലേക്ക് വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡോക്ടര്‍ജി എഴുതിയത് ആ മനസ്സും വികാരവും ഏറ്റവും നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന വ്യക്തിക്ക് തന്നെയായിരുന്നുവെന്നതിന് പിന്നീട് കാലം സാക്ഷിയായി. ഒരു സാംസാരികന്റെ ചെറിയൊരു വിഷമത്തോടെയാണെങ്കിലും ആബാജി കേശവന്റെ ആഗ്രഹത്തിന് തടസ്സം നിന്നില്ല.
1927 ല്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി ആബാജി നാഗ്പൂരില്‍ എത്തി. ഡോക്ടര്‍ജിയോടൊപ്പം താമസവും തുടങ്ങി. ഡോക്ടര്‍ജിയുടെ നിര്‍ബന്ധം നിമിത്തം തന്നെയാണ് ആബാജി നാഗ്പൂരില്‍ വന്നത്. അപ്പോഴേക്കും ഡോക്ടര്‍ജി സംഘപ്രവര്‍ത്തനത്തിന്റെ പ്രാരംഭകാലത്തെ കഠിനപരിശ്രമത്തിലും നല്ല തിരക്കിലുമായിരുന്നു. ഇതിനിടയിലും ഡോക്ടര്‍ജി അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. 1929-ല്‍ ആബാജിയുടെ പത്‌നി ശ്രീമതി ഗംഗൂബായി രോഗഗ്രസ്തയായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഇന്ദോറില്‍ പോകേണ്ടി വന്നു. ഇളയച്ഛനോടും മകളോടുമൊപ്പം ഡോക്ടര്‍ജി അവരെ ഇന്ദോറിലേക്ക് കൊണ്ടുപോയി. ആശുപത്രിക്കാര്യങ്ങള്‍ നിര്‍വഹിച്ചതിനുശേഷം, മിച്ചം ലഭിക്കുന്ന സമയംകൊണ്ട് അവിടെ സംഘപ്രവര്‍ത്തനം ആരംഭിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. അവിടെ വെച്ച് അദ്ദേഹം ദാദാറാവുജി പരമാര്‍ത്ഥിന് ഇതേക്കുറിച്ച് കത്തെഴുതി അഞ്ച് ധ്വജങ്ങള്‍ ഇന്ദോറിലേക്ക് വരുത്തി. അത് എവിടെയൊക്കെ നല്കിയെന്നതിനു രേഖകള്‍ ലഭ്യമല്ലെങ്കിലും ശാഖാപ്രവര്‍ത്തനത്തിനുള്ള ശ്രമം നടത്തിയിരുന്നുവെന്നത് ഇതില്‍ നിന്നും മനസ്സിലാക്കാം. ഇളയമ്മ ആശുപത്രിയില്‍ കിടക്കുമ്പോഴും, പുതിയ സ്ഥലത്ത് ശാഖ തുടങ്ങാന്‍ അദ്ദേഹം സമയം കണ്ടെത്തി. നാഗ്പൂരിനു പുറത്തു കാശിയില്‍ ഭയ്യാജി ദാണി ശാഖാപ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ ഡോക്ടര്‍ജി സ്വയം ശാഖാപ്രവര്‍ത്തനം തുടങ്ങാന്‍ പരിശ്രമിച്ചുവെന്നര്‍ത്ഥം. ഇന്ദോര്‍, ദേവാസ് എന്നീ പ്രദേശങ്ങളിലെ ചിലര്‍ അക്കാലത്ത് ഡോക്ടര്‍ജിയിലൂടെ സംഘവുമായി ബന്ധപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ആബാജി ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. മെല്ലെ മെല്ലെ ആബാജി സംഘത്തിന്റെ ചില പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടു തുടങ്ങി. പ്രകൃതം കൊണ്ട് വളരെയധികം സാമ്പത്തിക അച്ചടക്കം പാലിക്കുന്ന വ്യക്തിയായിരുന്നു ആബാജി. ഈ അവസരം ഡോക്ടര്‍ജി സമയോചിതമായി ഉപയോഗിച്ചു. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്ന ചുമതല ആബാജിയെ ഏല്‍പ്പിക്കാന്‍ ഡോക്ടര്‍ജി തീരുമാനിച്ചു. 1929 മുതല്‍ അദ്ദേഹം ഇക്കാര്യം ചെയ്തു തുടങ്ങി. പിന്നീട് പത്‌നിയുടെ മരണത്തോടെ അദ്ദേഹം സംഘത്തില്‍ കൂടുതല്‍ സക്രിയനായി. സ്വയംസേവകനാവുമ്പോള്‍ അദ്ദേഹത്തിന് 69 വയസ്സായിരുന്നു, അന്നത്തെ ഏറ്റവും പ്രായം കൂടിയ സ്വയംസേവകന്‍, ഒരര്‍ത്ഥത്തില്‍ സംഘ ത്തിലെ ആദ്യ പ്രൗഢസ്വയംസേവകന്‍.
ഡോക്ടര്‍ജി ഇളയച്ഛന് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. സംഘസംസ്ഥാപനത്തിനു ശേഷവും ഈ പതിവ് തുടര്‍ന്നു. ഈ കത്തുകളിലൂടെയാണ് ആബാജി സംഘത്തെ അറിയാന്‍ തുടങ്ങിയത്. സംഘസംവ്യാപനത്തിന്റെ സംഘടനാതന്ത്രത്തെക്കുറിച്ച് 1932-ല്‍ അദ്ദേഹം ആബാജിക്കെഴുതി. വിവാഹനിഷേധം സംബന്ധിച്ച് ഡോക്ടര്‍ജി അദ്ദേഹത്തിന് ആദ്യമെഴുതിയ കത്തുമുതല്‍ വീരസാവര്‍ക്കറുടെ ശാഖാസന്ദര്‍ശനസമയത്തെ വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന അവസാനത്തെ കത്ത് വരെ സമ്പൂര്‍ണ്ണമായും സംഘമയമായിരുന്നു. വാസ്തവത്തില്‍ ഈ കത്തുകളിലൂടെയാണ് ഡോക്ടര്‍ജി മോറേശ്വര്‍ ഹെഡ്‌ഗേവാര്‍ എന്ന ഇളയച്ഛനെ ആബാജിയെന്ന പ്രൗഢകാര്യകര്‍ത്താവാക്കി മാറ്റിയത്. ആദ്യകാല മറുപടിയില്‍ ഡോക്ടര്‍ജിയോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട വ്യക്തി അവസാന കത്തില്‍ ശാഖാവ്യവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ ഇടവന്നത് കേവലം കാവ്യനീതിയല്ല, ഡോക്ടര്‍ജിയുടെ സംഘടനാശാസ്ത്ര നിപുണതയുടെ ഉത്തമോദാഹരണമാണ്.
1929 മുതല്‍ സംഘത്തെക്കുറിച്ച് മനസ്സിലാക്കിയതിനു ശേഷം സംഘത്തിന്റെ കാര്യാലയവ്യവസ്ഥയില്‍ സഹായിക്കുവാനും സാമ്പത്തിക കണക്കുകള്‍ സൂക്ഷിക്കുവാനും തുടങ്ങിയിരുന്നെങ്കിലും ആബാജി ഒരു കാര്യകര്‍ത്താവെന്ന നിലയില്‍ സംഘപഥത്തില്‍ അലിഞ്ഞു ചേരുന്നത് 1932 മുതലാണ്. സാധാരണഗതിയില്‍ നാഗ്പൂരിലെ സംഘശിക്ഷാവര്‍ഗ്ഗില്‍ പരംപൂജനീയ സര്‍സംഘചാലകന്‍ എല്ലായ്‌പ്പോഴും പങ്കെടുക്കാറുണ്ട്. എന്നാല്‍ ആ വര്‍ഷം വര്‍ഗ് തുടങ്ങുന്ന ആദ്യത്തെ അഞ്ചു ദിവസം ഡോക്ടര്‍ജിക്ക് കറാച്ചിയില്‍ പ്രവാസം ചെയ്യേണ്ടതായി വന്നു. തന്റെ അഭാവത്തില്‍ നാഗ്പൂര്‍ സംഘശിക്ഷാവര്‍ഗ്ഗിന്റെ ചുമതലക്കാരനായി അദ്ദേഹം ആബാജിയെ നിയോഗിച്ചു. അങ്ങനെ ഡോക്ടര്‍ജിയില്ലാത്ത അഞ്ചു ദിവസം ആബാജി വര്‍ഗ്ഗിലെ അധ്യക്ഷനായി. ഡോക്ടര്‍ജി തിരിച്ചു വന്നിട്ടും വര്‍ഗ്ഗിലെ അനുഭവം മുന്‍നിര്‍ത്തി ആബാജിയെ വര്‍ഗ്ഗിന്റെ അധികാരിയായി നിലനിര്‍ത്തി. ചുരുക്കത്തില്‍, നാം ഇന്നു കാണുന്ന തരത്തില്‍ സംഘശിക്ഷാവര്‍ഗ്ഗുകളില്‍ സര്‍വാധികാരിമാരായി പ്രമുഖവ്യക്തികളെ നിശ്ചയിക്കുന്ന രീതിയും ക്രമേണ വര്‍ഗ്ഗ് അധികാരിമാര്‍ കാര്യകര്‍ത്താക്കളായി മാറുന്ന രീതിയും സംഘത്തില്‍ ആരംഭിച്ചത് ഈ സംഭവത്തോടെയാണ്.
72 വയസ്സുകാരനായ ആബാജി ഈ വര്‍ഗ്ഗിനു ശേഷം അക്ഷരാര്‍ത്ഥത്തില്‍ പ്രവാസി കാര്യകര്‍ത്താവായി. ഓരോ വര്‍ഷം കഴിയുന്തോറും അദ്ദേഹത്തിന്റെ പ്രായത്തോടൊപ്പം ആവേശവും പ്രവാസപ്രിയവും വര്‍ദ്ധിച്ചു വന്നു. 1934-ല്‍ ഭൂസാവളിലും ബോലാപൂരിലും അദ്ദേഹം നേരിട്ട് യാത്ര ചെയ്തു ശാഖ തുടങ്ങി. തൊട്ടടുത്ത വര്‍ഷം ചെറുപ്പക്കാരായ സ്വയംസേവകരുടെ അത്ര തന്നെ ആവേശത്തില്‍ ഖാന്‍ദേശ ഭാഗത്ത് രണ്ടു മാസം വിസ്താരകനായി (ആ പേര് അന്ന് പ്രയോഗത്തില്‍ ഇല്ലായിരുന്നു) പ്രവര്‍ത്തിച്ചു. 75 വയസ്സുള്ള വിസ്താരകന്‍ കൊടുങ്കാറ്റു പോലെ യാത്ര ചെയ്തു. ധുമിയ, പരോള, എരണ്ടോള്‍, ധരണ്‍ഗാവ് തുടങ്ങീ 11 സ്ഥലങ്ങളില്‍ ഈ കാലയളവില്‍ അദ്ദേഹം സംഘപ്രവര്‍ത്തനം ആരംഭിച്ചു. വ്യവഹാരങ്ങളുടെ അണുവണുകളില്‍ കര്‍ത്തവ്യനിഷ്ഠ തുടിച്ചു നിന്നിരുന്നു എന്നതായിരുന്നു ആ പടുവൃദ്ധന്റെ വിജയമന്ത്രം. സ്‌കൂള്‍ അധ്യാപകനായ കൃഷ്ണറാവു വഡേക്കര്‍ എന്നൊരു സ്വയംസേവകനെ ഡോക്ടര്‍ജി ആബാജിയുടെ സഹായിയായി നിയോഗിച്ചിരുന്നു. രണ്ടു മാസം അവധിയെടുത്ത് അദ്ദേഹവും ആബാജിയോടൊപ്പം യാത്ര ചെയ്തു. പിന്നീടങ്ങോട്ട് ദീര്‍ഘകാലം കാര്യകര്‍ത്താവായി തുടരുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം മുതല്‍ ആബാജി ഡോക്ടര്‍ജിയോടൊപ്പം മഹാരാഷ്ട്രയ്ക്ക് പുറത്തും യാത്ര ചെയ്തു തുടങ്ങി.
അദ്ദേഹം സ്മൃതികണങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നുമാണ് ഡോക്ടര്‍ജിയെ സംബന്ധിച്ച പലവിവരങ്ങളും നമുക്ക് ലഭിച്ചത്. നിഷ്‌ക്രിയ ഹിന്ദുക്കളെക്കുറിച്ച് ഡോക്ടര്‍ജി നടത്തിയ ‘ഗോവിന്ദറാവുമാര്‍’ എന്ന പരാമര്‍ശം ആബാജി ഒരു സുഹൃത്തിനോട് വിവരിച്ചതാണ്. കുതിരയുടെ ചവിട്ടേറ്റ് സമ്പൂര്‍ണ്ണ വിശ്രമത്തിലായിരുന്ന ആബാജിയെ ഡോക്ടര്‍ജി സ്വയം ശുശ്രൂഷിച്ചതടക്കം ഡോക്ടര്‍ജിയുടെ വ്യക്തിത്വത്തിന്റെ പലവിധ മാനങ്ങളില്‍ ചിലത് വെളിച്ചം കണ്ടത് ആബാജിയിലൂടെയാണ്. അങ്ങനെ സംഘത്തിലെ ആദ്യപ്രൗഢസ്വയംസേവകനും വര്‍ഗ്ഗ് അധികാരിയുമായ ആബാജി സംഘത്തിന്റെ അവിഭാജ്യഘടകമായി സംഘപ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ തുടങ്ങി.
ഡോക്ടര്‍ജിയുടെ ദേഹവിയോഗത്തിനു ശേഷം ഗുരുജിയെ പരംപൂജനീയ സര്‍സംഘചാലകനായി തെരഞ്ഞെടുത്തല്ലോ. ആ സമയത്ത് ഗുരുജിയുടെ വയസ്സും സംഘവയസ്സും മാത്രം പരിഗണിച്ചിരുന്ന നിഷ്ഠയുള്ള പല സ്വയംസേവകര്‍ക്കും സ്വാഭാവികമായ രീതിയില്‍ സംഘത്തിന്റെ ഭാവിയെ സംബന്ധിച്ച് സദുദ്ദേശ്യപരമായ ഒരാശങ്ക നിലനിന്നിരുന്നു. പലരും അതു പ്രകടിപ്പിക്കുകയും ചെയ്തു. അപ്പാജി ജോഷിയും ബാളാസാഹബ് ദേവറസ്ജിയും ആബാജിയുമാണ് ഈ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി പ്രവര്‍ത്തിച്ചത്. ഒരു മുതിര്‍ന്ന സ്വയസേവകനെന്ന നിലയില്‍ മാത്രമല്ല ഒരു ഇളയച്ഛന്‍ എന്ന നിലയിലും ഗുരുജിയുടെ കാര്യത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാഗ്പൂരിനു പുറത്തു രാംടേക്കില്‍ താമസിച്ചിരുന്ന ഗുരുജിയെയും അമ്മയെയും ശുക്രവാര്‍പേട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്തത് ആബാജിയായിരുന്നു. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഡോക്ടര്‍ജിയുടെ പഴുതില്ലാത്ത തീരുമാനത്തിന്റെ അന്ത:സത്ത ആബാജി പൂര്‍ണ്ണമായും ഗ്രഹിച്ചു. ഒരു സര്‍സംഘചാലകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനുള്ള ഗുരുജിയുടെ യോഗ്യതയെക്കുറിച്ച് പൂര്‍ണ്ണ ബോധവാനായിരുന്ന അദ്ദേഹം അന്നത്തെ സ്വയംസേവകരുടെ ഇടയില്‍ അദ്ദേഹത്തിനുണ്ടാവേണ്ട സ്വീകാര്യതയിലും അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇക്കാര്യം കൊണ്ടു തന്നെ ഡോക്ടര്‍ജിയുടെ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആബാജി നടത്തിയ പ്രസംഗം ഒരു ഇളയച്ഛന്റെ വൈകാരിക പ്രകടനം എന്ന നില ഭേദിച്ചു കൊണ്ട് ഒരു പ്രൗഢസ്വയംസേവകന്റെ മാര്‍ഗ്ഗദര്‍ശനം എന്ന നിലയില്‍ മാതൃകാപരമായി മാറി. അദേഹം പറഞ്ഞു; ”ഡോക്ടര്‍ജി നമുക്കൊരു പ്രവര്‍ത്തന ലക്ഷ്യം തന്നിട്ടുണ്ട്. ആയിരക്കണക്കിന് സഹപ്രവര്‍ത്തകരെയും ഒരുക്കിയിട്ടുണ്ട്. അദ്ദേഹം പോയെന്നു കരുതി ദുഃഖിച്ചിരിക്കരുത്. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുക. ഡോക്ടര്‍ജി മരിച്ചിട്ടില്ല. ഇന്നുമുതല്‍ മാധവ സദാശിവ റാവു ഗോള്‍വല്‍ക്കറാണ് നമ്മുടെ ഡോക്ടര്‍ജി.” ഡോക്ടര്‍ജിയുടെ ശ്രദ്ധാഞ്ജലി പ്രഭാഷണത്തില്‍ നല്‍കപ്പെട്ട ഈ സന്ദേശം ചുമതലാ കൈമാറ്റത്തിന്റെ എക്കാലത്തെയും മാതൃകാ സന്ദേശമായി നിലകൊള്ളും. ഒരു ഇളയച്ഛന്‍ എന്ന നിലയിലല്ലാതെ ഒരു സ്വയംസേവകനെന്ന നിലയില്‍ സംഘഗംഗയില്‍ മുഴുകി, ചെറുമകനെ ഡോക്ടര്‍ജി എന്നു വിളിച്ച ആബാജി ഹെഡ്‌ഗേവാര്‍ സമര്‍പ്പണത്തിന്റെ മറ്റൊരു മാതൃകയാണ്. പിന്നീടിങ്ങോട്ട് ഭാരതത്തിന്റെ മുക്കിലും മൂലയിലും പ്രൗഢസ്വയംസേവകരായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന എല്ലാകാര്യകര്‍ത്താക്കളുടെയും മൂലമാതൃകയാണ് ആബാജി.
തന്നെക്കാള്‍ വിദ്യാഭ്യാസവും സാമൂഹികപ്രതിഷ്ഠയും പ്രതിഭയും കഴിവും കൂടിയ ഒരുപാടു പേരെ ഡോക്ടര്‍ജി സംഘപഥത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും എഴുപതുവയസ്സുള്ള ഒരാളെ രാഷ്ട്രവേദിയില്‍ അര്‍പ്പിക്കുകയെന്ന കൃത്യം അത്യന്തം മാതൃകാപരമാണ്. ഡോക്ടര്‍ജിയുടെ തഴക്കവും ആബാജിയുടെ വഴക്കവും ചേര്‍ന്നപ്പോഴാണ് ഈ സംക്രമണം സംജാതമായതെന്നതാണ് പുതിയ കാലത്തേയ്ക്കുള്ള സമന്വയത്തിന്റെ പാഠം. തന്റെ വാര്‍ദ്ധക്യത്തെ തോല്‍പ്പിച്ച് സംഘത്തിനു വഴങ്ങി കൊടുത്ത ആബാജി ഡോക്ടര്‍ജിയോടൊപ്പം സംഘചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട വ്യക്തിയാണ്. സിംഹക്കോട്ട പിടിക്കാന്‍ ഇറങ്ങിത്തിരിച്ച അറുപതുകാരനായ തനാജി മന്‍സുറെയുടെ പോരാട്ടവീര്യവും താനാജിയുടെ മരണശേഷം കോട്ട കാത്ത എണ്‍പതു വയസ്സുകാരനായ അമ്മാവന്‍ സൂര്യാജിയുടെ കര്‍മ്മോല്‍സുകതയും അനുസ്മരിപ്പിക്കുന്ന ആബാജി 1945-ല്‍ ദിവംഗതനായി.