സ്നേഹത്തെപ്പറ്റി ഒറ്റചോദ്യം
പക്ഷേ, ഒത്തിരി ഉത്തരങ്ങള്‍
നേരംനോക്കാതെ വിളിക്കുന്ന
സ്വാതന്ത്ര്യം
കാണുമ്പോഴൊക്കെ സ്വന്തപ്പെട്ടിരിക്കുന്നുവെന്ന
മുറിയാത്ത തോന്നല്‍
മനസ്സിനുള്ളില്‍ പ്രവേശിക്കുന്നവര്‍
മാത്രം നുണയുന്ന മധുരം
പേടിച്ചിരിക്കുമ്പോള്‍
തോളത്ത് തട്ടുന്ന നനവ്
ആരവങ്ങള്‍ തുറിച്ചുനോക്കുമ്പോള്‍
ചേര്‍ന്നുനില്‍ക്കുന്ന രൂപം
അവനവനെ കളഞ്ഞുപോകുമ്പോള്‍
തിരിച്ചുകിട്ടുന്ന വാക്ക്
കൂരിരുട്ടിലും തിരിച്ചറിയുന്ന
ഉടല് വാസന
സങ്കടങ്ങളുടെ മരക്കൂട്ടത്തില്
സാന്ത്വനത്തിന്റെ നിശ്വാസം
വാര്‍ദ്ധക്യത്തിന്റെ പെട്ടകത്തിലെ
പാദസരം
മുണ്ടിന് തലപ്പിലൊളിപ്പിച്ച
മുത്തശ്ശി മിഠായി
വിചാരങ്ങളില്‍ പകരമില്ലാത്ത
വികാരം
നടക്കാന്‍ പഠിപ്പിക്കുന്ന
വിരല്‍ തുമ്പ്
തുടക്കവും ഒടുക്കവുമില്ലാത്ത
വഴിയാത്ര
മരണത്തില്‍ ഉടലുപേക്ഷിച്ച
പ്രാണന്റെ പ്രാണന്.