ബംഗാള്‍ വിഭജനത്തിനെതിരെ നാടൊട്ടുക്കും പോരാട്ടകാഹളം മുഴങ്ങിക്കേട്ട സമയത്തായിരുന്നു കമലയുടെ ജനനം, 1905 ജൂലായ് 6 വ്യാഴാഴ്ച. അതും നവഭാരതത്തിന്റെ ഹൃദയഭൂമിയായ നാഗ്പൂരില്‍ തന്നെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭാസ്‌കര്‍റാവു ഥത്തേയും യശോദാ ബായിയുമായിരുന്നു മാതാപിതാക്കള്‍. പില്‍ക്കാലത്ത് സ്ത്രീശാക്തീകരണമേഖലയില്‍ ഭാരതീയതയുടെ ശബ്ദമുയര്‍ത്തിയ രാഷ്ട്രസേവികാ സമിതിയുടെ സ്ഥാപകയായിത്തീര്‍ന്നത് കമലയെന്ന ലക്ഷ്മീബായി കേള്‍ക്കറാണ്.
പവിത്രജനങ്ങളുടെ തപോബലത്തെ മാതൃത്വമെന്ന ഒറ്റ ശബ്ദത്തില്‍ ആവാഹിച്ച് ഒരു ജനതയെ യുഗങ്ങളായി സംരക്ഷിച്ചു പോരുന്ന ഭാരതത്തിന്റെ സ്ത്രീശബ്ദം പുതിയ കാലത്ത് മാറ്റൊലികൊള്ളുന്നത് രാഷ്ട്ര സേവികാ സമിതിയിലൂടെയാണ്. സമിതിയുടെ ബീജാവാപം നടത്തിയ വന്ദനീയ മൗസിജിയെന്ന ലക്ഷ്മീ ബായിയുടെ വ്യക്തിത്വമാവട്ടെ അവരുടെ അമ്മയുടെ ശിക്ഷണത്തിന്റെ ഫലവും. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടാവുമെന്ന ആംഗലേയ ചൊല്ല് ഇവിടെ തിരുത്തി വായിക്കപ്പെടുന്നു. പുരുഷന്റേതു മാത്രമല്ല സ്ത്രീയുടെയും വിജയത്തിനു പിന്നിലും സ്ത്രീതന്നെ. അതാവട്ടെ മറ്റാരുമല്ല, സ്വന്തം അമ്മയും. കമലയില്‍ നിന്നും മൗസിജിയിലേക്കുള്ള പ്രയാണത്തില്‍ ഏതൊരു മഹാത്മാവിനെയുമെന്ന പോലെ ലക്ഷ്മീബായിയെയും രൂപപ്പെടുത്തിയത് അമ്മ യശോദാബായി തന്നെയെന്നു ചുരുക്കം.
ദേവഭക്തിയോടൊപ്പം ദേശഭക്തിയുടെ അന്തരീക്ഷവും കമലയുടെ വീട്ടില്‍ നിലനിന്നിരുന്നു. കമലയുടെ അമ്മ രാമചരിതമാനസത്തോടൊപ്പം ലോകമാന്യതിലകന്‍ പ്രസിദ്ധീകരിച്ചിരുന്ന കേസരിയും വായിക്കുമായിരുന്നു. നിയോഗമെന്ന പോലെ കൊച്ചുകമലയെ ഇവ രണ്ടും ഒരേ രീതിയില്‍ സ്വാധീനിച്ചു. നിര്‍ഭയത്വവും സേവനഭാവവും കമലയുടെ വ്യക്തിത്വത്തില്‍ കുട്ടിക്കാലം മുതല്‍ക്കു തന്നെ അലിഞ്ഞു ചേര്‍ന്നു. പ്ലേഗ് രോഗം പടരുന്ന സമയത്തും ഗോവധനിരോധന ചര്‍ച്ചകള്‍ നടക്കുന്ന സമയത്തുമെല്ലാം കൊച്ചു കമല തന്റെ സജീവപങ്കാളിത്തം നിറവേറ്റി. മിഷന്‍ സ്‌കൂളില്‍ പഠിച്ചിരുന്നത് കൊണ്ട് പൊതുസമൂഹത്തില്‍ ഹൈന്ദവമൂല്യങ്ങള്‍ ആചരിക്കപ്പെടാതെ പോകുന്നതിന്റെ ദൗര്‍ഭാഗ്യത്തെക്കുറിച്ച് എളുപ്പം മനസ്സിലായ കമല ദുഃഖിതയായി. അമ്മ കേസരി വായിക്കുമ്പോള്‍ കമല അതീവ ശ്രദ്ധയോടെ അതിലെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ തുടങ്ങി. കേസരിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുരോഗമനാത്മകമായ വിഷയങ്ങളാല്‍ പ്രഭാവിതയായ കമല സ്ത്രീധനം വാങ്ങിക്കുന്നയാളെ വിവാഹം ചെയ്യില്ലെന്നു നിശ്ചയിച്ചു. അക്കാലത്ത് ഒരു പെണ്‍കുട്ടി ഇങ്ങനെ ചിന്തിക്കുകയെന്നത് ഒരു സാഹസത്തിലുപരി വിപ്ലവം തന്നെയായിരുന്നു. വീട്ടുകാര്‍ ഈ ആഗ്രഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും കമല തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അങ്ങനെ വര്‍ധയിലെ ശ്രീ. പുരുഷോത്തംറാവു കേള്‍ക്കര്‍ എന്ന വക്കീലുമായി പതിനാലാം വയസ്സില്‍ വിവാഹം നടന്നു. മഹാരാഷ്ട്രാസമാജത്തില്‍ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടില്‍ എത്തുന്നതോടെ നവവധുവിന്റെ പേര് മാറുന്ന പതിവുണ്ട്. അതുകൊണ്ട് വിവാഹത്തിനു ശേഷം കമല, ലക്ഷ്മീബായി കേള്‍ക്കര്‍ ആയി. പിന്നീടുള്ള പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കകം ലക്ഷ്മീബായി ആറു മക്കളുടെ അമ്മയായി.
ഇവരുടെ വീട്ടില്‍ സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. വീട്ടില്‍ അധ്യാപകരെ വരുത്തിയാണെങ്കിലും പെണ്‍മക്കളെ പഠിപ്പിക്കണമെന്ന് ലക്ഷ്മീബായി തീരുമാനിച്ചു നടപ്പിലാക്കി. ഇതായിരുന്നു ലക്ഷ്മീബായിയുടെ ജീവിതത്തിലെ രണ്ടാമത്തെ വിപ്ലവം. ഈ സമയത്ത് വിദ്യാഭ്യാസം ലഭിക്കാത്ത സമൂഹത്തിലെ പരശതം പെണ്‍കുട്ടികളെ കുറിച്ചും ലക്ഷ്മീബായി ചിന്തിക്കാനിടയായി. ഈ ചിന്ത അവരെ ഒരു ബാലികാവിദ്യാലയം ആരംഭിക്കുന്നതിലെത്തിച്ചു. ഈ കാല്‍വെയ്‌പ്പോടെ ലക്ഷ്മീബായി തത്വത്തില്‍ ഭാരതത്തിലെ അമ്മമാരുടെ മൗസിജിയായി (ചെറിയമ്മ എന്നര്‍ത്ഥം) മാറുന്ന യാത്ര ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നാക്ക സമൂഹത്തിന്റെ പിന്തിരിപ്പന്‍ മന:സ്ഥിതിയെ വെല്ലുവിളിച്ചു കൊണ്ട് ഒരു പിന്നാക്കക്കാരിയെ വീട്ടുസഹായത്തിന് നിര്‍ത്തി കൂടെ താമസിപ്പിച്ചു.
ബ്രിട്ടീഷുകാരോട് ശത്രുത കാണിക്കാതിരുന്ന സമ്പന്നകുടുംബത്തിലെ അംഗമായിരുന്നതിനാല്‍ അത്തരക്കാരുടെ സാമൂഹികജീവിതത്തിലെ ഇടപെടലുകളുടെ അടയാളമായിരുന്ന ക്ലബ്ബുകളിലും മറ്റും ഭര്‍ത്താവ് സജീവമായിരുന്നു. ലക്ഷ്മീബായിയാവട്ടെ ഇത്തരം അടയാളങ്ങളുടെ ശത്രുവും. ആഡംബരത്തോട് ഒട്ടും പ്രിയം തോന്നാതിരുന്ന ലക്ഷ്മീബായിയുടെ സ്ഥായീഭാവം രാജ്യസ്‌നേഹമായിരുന്നത് കൊണ്ട് അവരുടെ ശ്രദ്ധ മഹാത്മാഗാന്ധിജിയുടെ വര്‍ധ ആശ്രമത്തില്‍ എത്തി. ദേശഭക്തയായ ലക്ഷ്മീബായിയെ ഗാന്ധിജി വല്ലാതെ സ്വാധീനിച്ചു. അക്കാലത്ത് മഹാത്മാഗാന്ധിയുടെ വര്‍ധയിലുള്ള ആശ്രമവും സേവാഗ്രാമവും സബര്‍മതിയോളം തന്നെ പേരെടുത്തിരുന്നു. ഗാന്ധിജിയുടെ പ്രേരണയില്‍ വീട്ടില്‍ ചര്‍ക്ക വരുത്തി നൂല്‍ നൂല്ക്കാന്‍ തുടങ്ങി. ഗാന്ധിജി ധനദാനത്തിന് ആഹ്വാനം കൊടുത്തപ്പോള്‍ യാതൊരു സങ്കോചവുമില്ലാതെ അവര്‍ സ്വര്‍ണ്ണമാല ഊരിക്കൊടുത്തു. മാത്രമല്ല ചുറ്റുമുള്ളവരെയും ഭര്‍തൃസഹോദരിയെയും ലക്ഷ്മീബായി സ്വാതന്ത്ര്യസമരപാതയില്‍ എത്തിച്ചു. തികഞ്ഞ ശ്രീരാമഭക്തയായിരുന്ന ലക്ഷ്മീബായി, ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സീതയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ തുടങ്ങി. സീതയുടെ ജീവിതത്തിലൂടെയാണ് രാമന്‍ ജീവിക്കുന്നത് എന്ന് പിന്നീടുള്ള രാമായണപ്രഭാഷണങ്ങളില്‍ മൗസിജി പറയുമായിരുന്നു. നൂറ്റിയെട്ടു രാമായണപ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
1932-ല്‍ ഇരുപത്തിയേഴാം വയസ്സില്‍ വിധവയായതിനെത്തുടര്‍ന്ന് വ്യക്തിജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ വന്നു തുടങ്ങിയെങ്കിലും ലക്ഷ്മീബായി അവയൊക്കെ തരണം ചെയ്തു. തന്റെ കുട്ടികളോടൊപ്പം ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളുടെയും വിധവയായ ഭര്‍തൃസഹോദരിയുടെയും ഉത്തരവാദിത്തം കൂടി അവര്‍ ഏറ്റെടുത്തു. വീട്ടിലെ രണ്ടു മുറികള്‍ വാടകയ്ക്ക് കൊടുത്ത് സാമ്പത്തിക ഞെരുക്കങ്ങള്‍ കുറച്ചൊക്കെ പരിഹരിച്ചു. ഈ കാലഘട്ടത്തിലാണ് മക്കളായ മനോഹറും ദിവാകറും സംഘ ശാഖയില്‍ പോയി തുടങ്ങിയത്. ശാഖയില്‍ പോയിത്തുടങ്ങിയതിനു ശേഷം പൊതുവേ എടുത്തു ചാട്ടക്കാരനും അനുസരണ കുറഞ്ഞവനുമായ മകന്‍ മനോഹറിന്റെ സ്വഭാവത്തില്‍ സാരമായ മാറ്റം ഉണ്ടായി. മനോഹറിന്റെ സ്വഭാവത്തിലെ ഈ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ ലക്ഷ്മീബായിക്ക് സംഘത്തെക്കുറിച്ച് മതിപ്പുണ്ടായി.
സംഘത്തെക്കുറിച്ച് മകനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം 1936-ല്‍ വര്‍ധയില്‍ അപ്പാജി ജോഷിയുടെ വീട്ടിലെത്തി ഡോക്ടര്‍ജിയെ കാണാനുള്ള ആഗ്രഹം സാധിച്ചു. വര്‍ധയില്‍ സ്വയംസേവകരുടെ രക്ഷിതാക്കള്‍ പങ്കെടുക്കുന്ന ഒരു ബൈഠക്ക് അപ്പാജി ജോഷിയുടെ വീട്ടില്‍ വെച്ച് നടന്നു. മനോഹറിന്റെ പിതാവ് മരണപ്പെട്ടതിനാല്‍ അതില്‍ തനിക്ക് പങ്കെടുക്കണമെന്ന ആഗ്രഹം ലക്ഷ്മീബായി അപ്പാജിയെ അറിയിച്ചു. പിന്നീട് ഡോക്ടര്‍ജിയുടെ സമ്മതപ്രകാരം അപ്പാജിയുടെ വീട്ടില്‍ കൂടിക്കാഴ്ച നടന്നു.
ഡോക്ടര്‍ജിയുമായുള്ള സംഭാഷണമധ്യേ, അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ലക്ഷ്മീബായി നല്‍കിയ ഉത്തരങ്ങള്‍ അവരുടെ കാഴ്ചപ്പാടിന്റെയും മനസ്സിന്റെയും ദൃഢതയെ എടുത്തു കാട്ടുന്നു. സ്ത്രീകള്‍ക്ക് സ്വയംരക്ഷണത്തിനായി പരിശീലനം നല്‍കേണ്ട ആവശ്യകതയെക്കുറിച്ചാണ് അവര്‍ ഡോക്ടര്‍ജിയോടു സംസാരിച്ചത്. കുടുംബം രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമെന്നപോലെ സ്ത്രീകള്‍ കുടുംബത്തിന്റെയും അതുവഴി രാഷ്ട്രത്തിന്റെയും അവിഭാജ്യഘടകങ്ങള്‍ തന്നെയാണ്. അതുകൊണ്ട് അവരെ സംസ്‌കാരശീലരും സ്വാവലംബികളുമാക്കാന്‍ സംഘശൈലിയില്‍ തന്നെ സ്ത്രീകള്‍ക്കും പരിശീലനങ്ങള്‍ നല്‍കണമെന്ന് ലക്ഷ്മീബായി ഡോക്ടര്‍ജിയോടു അഭ്യര്‍ഥിച്ചു. തന്റെ മകന് അങ്ങ് നിര്‍ദേശം കൊടുക്കുകയാണെങ്കില്‍ അയാളില്‍ നിന്നും കാര്യക്രമങ്ങള്‍ പഠിച്ച് താന്‍ ഗ്രാമത്തില്‍ സ്ത്രീകളെ അഭ്യസിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. ഡോക്ടര്‍ജിയും ഇതു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.
ഡോക്ടര്‍ജിയുടെ ഓരോ മറുപടിയും മറുചോദ്യങ്ങളും ലക്ഷ്മീബായിയുടെ മനക്കരുത്തിനെ അളക്കാനുള്ളതായിരുന്നു. സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ആധികാരികമായി സംസാരിച്ച ലക്ഷ്മീബായിയുടെ മനസ്സില്‍ നിന്നും വന്ന ആശയത്തില്‍ നൂറു ശതമാനം അര്‍പ്പണമുണ്ടെന്നു ഡോക്ടര്‍ജിക്ക് മനസിലായി. യുവതിയായിരിക്കുമ്പോള്‍ തന്നെ നീന്തലും സൈക്കിള്‍ സവാരിയും പഠിക്കുകയും മറ്റു പെണ്‍കുട്ടികളെ അതിനു പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത അവരുടെ മനോധൈര്യത്തിനെ ആരു സംശയിക്കാന്‍? ഒടുവില്‍ സ്ത്രീകളുടെ മേഖലയിലെ പ്രവര്‍ത്തനം സ്ത്രീകള്‍ തന്നെ ചെയ്യണമെന്നും, ലക്ഷ്മീബായി ഇതിനു നേതൃത്വം നല്‍കണമെന്നും തീരുമാനമെടുത്തു. ഈ പ്രവര്‍ത്തനത്തിനുള്ള സഹായങ്ങള്‍ ചെയ്യാനായി ഡോക്ടര്‍ജി അപ്പാജി ജോഷിയെ നിയോഗിച്ചു. തൊട്ടടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ മൂന്നു നാലു തവണ ഡോക്ടര്‍ജിയെ കണ്ട് ലക്ഷ്മീബായി പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി. തുടര്‍ന്ന് 1936 ഒക്ടോബര്‍ 25 ഞായറാഴ്ച, വിജയദശമിദിനത്തില്‍ രാഷ്ട്രസേവികാ സമിതി നിലവില്‍ വന്നു. പ്രവര്‍ത്തനത്തില്‍ മൗസിജിയെ സഹായിക്കാനായി പൂണെയിലെ സംഘചാലകനായിരുന്ന വിനായക്‌റാവു ആപ്‌ടെജിയുടെ പത്‌നി സരസ്വതി തായി ആപ്‌ടെക്ക് ഡോക്ടര്‍ജി മൗസിജിവശം കത്തുനല്‍കി (മഹാരാഷ്ട്രയില്‍ ആദര സൂചകമായി സ്ത്രീകളുടെ പേരിനൊപ്പം ചേര്‍ക്കുന്ന പദമാണ് തായി).
പിന്നീടങ്ങോട്ടുള്ള സമര്‍പ്പിതജീവിതം നിമിത്തം ലക്ഷ്മീബായി മൗസിജിയായി മാറി ഭാരതത്തിന്റെ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള യാത്രയ്ക്കിടയില്‍ ഇവര്‍ ഒരുപാട് അമ്മമാരുടെ ഹൃദയത്തില്‍ ഇടം നേടി. പത്തു വര്‍ഷത്തെ നിരന്തരപ്രവാസം കൊണ്ട് മൗസിജി സമിതിയുടെ അടിത്തറ ഭദ്രമാക്കി.
1945-ല്‍ സമിതിയുടെ ആദ്യത്തെ അഖില ഭാരതീയ ബൈഠക്ക് കറാച്ചിയില്‍ (ഇന്നത്തെ പാകിസ്ഥാനില്‍) നടന്നു. ഏതു പരിതഃസ്ഥിതിയെയും മനക്കരുത്തുകൊണ്ടു നേരിടത്തക്ക വിധത്തില്‍ മനസ്സിനെ പവിത്രവും ശക്തവുമാക്കണമെന്ന് മൗസിജി പറഞ്ഞു. സേവികമാരെ സംബന്ധിച്ച്, ജീജാബായിയുടെ മാതൃത്വവും അഹല്യാബായിയുടെ കര്‍തൃത്വവും ലക്ഷ്മീബായിയുടെ (റാണി ലക്ഷ്മീബായി) നേതൃത്വവും ആദര്‍ശമായി സ്വീകരിക്കപ്പെടണമെന്ന ആശയം സമിതിയുടെ അടിസ്ഥാന തത്വങ്ങളില്‍ ഇടം നേടി. പിന്നീട് എല്ലാ മുമ്മൂന്നു വര്‍ഷങ്ങളിലും സമിതി സമ്മേളനങ്ങളില്‍ മൗസിജി പങ്കെടുത്തു. വിഭജനകാലത്തെ സിന്ധ് യാത്രയും മൗസിജിയുടെ ഇടപെടലുകളും സേവികമാരില്‍ ആവേശമുണര്‍ത്തി. ഈ നിരന്തര പ്രവാസം മരണത്തിനു മൂന്നു മാസം മുമ്പ് വരെ തുടര്‍ന്നു.
ഈ നിരന്തര പ്രവാസത്തിനിടയിലും മൗസിജി വീട്ടിലെ കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ചെലുത്തുന്നതില്‍ വിജയിച്ചു. വീട് ഒരു തീര്‍ത്ഥസ്ഥാനം പോലെ വൃത്തിയായും പവിത്രമായും സൂക്ഷിച്ചു മൗസിജി സേവികമാര്‍ക്ക് സ്വയം മാതൃകയായി. വളരെയധികം സൂക്ഷ്മതയും കൃത്യനിഷ്ഠയും അവസാനം വരെ പുലര്‍ത്തി. ഭഗവദ്ഗീതയില്‍ പ്രതിപാദിച്ചിട്ടുള്ള “ശ്രീ, വാക്ക് , ധൃതി, സ്മൃതി, ധീ, മേധാ കീര്‍ത്തി എന്നീ ഏഴു പ്രത്യേകഗുണങ്ങള്‍ ഒരു സേവികയ്ക്ക് അത്യാവശ്യമാണെന്ന മൗസിജിയുടെ വിഖ്യാതമായ ഉദ്‌ബോധനം നടത്തിയത് 1978-ല്‍ ഹൈദരാബാദില്‍ നടന്ന സമിതിയുടെ സമ്മേളനത്തില്‍ വെച്ചായിരുന്നു. അതായിരുന്നു മൗസിജിയുടെ അവസാനത്തെ സമിതി സമ്മേളനം.
സംഘടനാപ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുതന്നെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നതിനാല്‍ മൗസിജിക്ക് കര്‍മ്മപഥം മുന്‍പരിചയമുള്ളതായിരുന്നു. ബാലമന്ദിരം, ബാലികാവിദ്യാലയം, ഭജനമണ്ഡലികള്‍, യോഗകേന്ദ്രങ്ങള്‍, എന്നിങ്ങനെ നിരവധി സംരംഭങ്ങള്‍ക്ക് മൗസിജി തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യകാലത്ത് സഭാകമ്പം മൂലം മൗസിജി പ്രഭാഷണങ്ങള്‍ ചെയ്യാന്‍ വൈമുഖ്യം കാണിച്ചിരുന്നു. വേണു തായി കളാംകര്‍ ആയിരുന്നു മൗസിജിക്ക് പകരം പ്രഭാഷണങ്ങള്‍ നടത്തിയിരുന്നതെങ്കിലും പിന്നീട് മൗസിജി ആ കലയും സ്വായത്തമാക്കി. മൗസിജിയുടെ രാമായണ പ്രഭാഷണങ്ങള്‍ അത്യന്തം ആകര്‍ഷണീയവും പ്രസിദ്ധവുമായിരുന്നു. തന്നെകൊണ്ടാവുന്ന വിധത്തില്‍ മിക്കവാറും സ്ഥലങ്ങളില്‍ സമിതിയ്ക്ക് സ്വന്തമായി കാര്യാലയങ്ങള്‍ ആരംഭിക്കുന്നതിനായി ചെയ്ത പരിശ്രമങ്ങള്‍ പ്രത്യേകം എടുത്തു പറയത്തക്ക വിധത്തിലുള്ളതാണ്.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ശരീരപോഷണത്തിനും വേണ്ടി ”സ്ത്രീ ജീവന്‍ വികാസ് പരിഷത്ത്” ആരംഭിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനായി 1953-ല്‍ മുംബൈയില്‍ ”ഗൃഹണീ വിദ്യാലയം” ആരംഭിച്ചു. അമ്മമാരുടെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ നാഗ്പൂരില്‍ അഹല്യാമന്ദിര്‍ സ്ഥാപിച്ചു. മറാഠി ഭാഷയില്‍ സേവിക എന്ന പേരില്‍ മൗസിജി തുടങ്ങിയ മാസികയാണ് ഇന്ന് രാഷ്ട്രസേവിക എന്ന പേരില്‍ ഭാരതമാസകലം പ്രചരിക്കുന്നത്.
മകനിലൂടെയാണ് മൗസിജി സംഘത്തെ അറിഞ്ഞത്. ഒരമ്മയ്ക്ക് മകനെക്കുറിച്ചുള്ള ശ്രദ്ധയില്‍ നിന്നും അവന്റെ സ്വഭാവ രൂപീകരണത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നുമുണ്ടായ സൂക്ഷ്മനിരീക്ഷണത്തിലൂടെ മൗസിജി സംഘത്തിന്റെ മഹത്വം മനസിലാക്കി. ഇങ്ങനെയൊരു പ്രസ്ഥാനം വരുംതലമുറയുടെ ഹൃദയത്തില്‍ പതിയാന്‍ തുടങ്ങിയെന്നും അത് അവരെ ഒരമ്മയെക്കാള്‍ സ്വാധീനിക്കുന്നുവെന്നും മനസ്സിലാക്കിയപ്പോള്‍ അതിന്റെ സ്ഥാപകനെ കാണണമെന്നായി. ഈ കൂടിക്കാഴ്ചയില്‍ വെച്ചാണല്ലോ രാഷ്ട്രസേവികാ സമിതിയുടെ ഉദയം. ഇന്ന് 25 ല്‍ പരം ലോകരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ വലിയ സംഘടന, ഒരമ്മയ്ക്ക് തന്റെ മകനിലുള്ള സൂക്ഷ്മശ്രദ്ധയില്‍ നിന്നുമാണ് പിറവി കൊണ്ടത്. ഈ തത്വം മനസ്സിലാക്കുമ്പോഴാണ് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് മൗസിജിയുടെ ഹൃദയം എത്രമാത്രം വ്യാകുലപ്പെട്ടിരുന്നുവെന്നു മനസ്സിലാവുക. അമ്മയില്‍ നിന്ന് പകര്‍ന്ന് കിട്ടിയ ഊര്‍ജ്ജത്തെ മുറുക്കിപ്പിടിച്ച കമല പിന്നീട് ലക്ഷ്മീബായിയായി വിവാഹ ജീവിതം നയിച്ചപ്പോഴും അതു കൈമോശം വരുത്തിയില്ല. ഒരു നിര്‍ദ്ദിഷ്ട പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടവരെന്ന പോലെ കമലയിലൂടെയും ലക്ഷ്മീബായിയിലൂടെയും തുടരെത്തുടരെ പോരാട്ടം നടത്തി അവരൊടുവില്‍ അഭിനവ ഭഗീരഥനായ ഡോക്ടര്‍ജിയുടെ സമ്പര്‍ക്കത്തില്‍ വന്നത് യാദൃശ്ചികത മാത്രമായിരിക്കില്ല. സ്വന്തമായി മനസ്സില്‍ മുളപൊട്ടിയ ഒരാശയം നടപ്പില്‍ വരുത്തുന്നതിനായി ജീവിതകാലം മുഴുവനും പ്രവര്‍ത്തിച്ചു കൊണ്ട് മൗസിജി ജീവിതം ധന്യമാക്കി. 1978 നവംബര്‍ 27-നു തിങ്കളാഴ്ച എഴുപത്തി മൂന്നാം വയസ്സില്‍ വന്ദനീയ മൗസിജി ദേഹത്യാഗം ചെയ്തു.