കലാലയ അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലിംഗ്‌ദോ കമ്മറ്റി പേരെടുത്ത് പറഞ്ഞ സംസ്ഥാനം കേരളം ആയിരുന്നു. കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഒരു വശത്ത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടന മാത്രമാണ് ഉള്ളത്. നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് എസ്.എഫ്.ഐ അക്രമത്തില്‍ മാരകമായി പരിക്കേറ്റും പഠനം നിര്‍ത്തിയും കലാലയ ജീവിതം ഉപേക്ഷിച്ചത്. സാധാരണക്കാരനായ ഒരു വിദ്യാര്‍ത്ഥി എസ്.എഫ്.ഐ ക്കാരനാകുന്നതിലൂടെ സംഭവിക്കുന്ന മാറ്റപ്പെടല്‍ അക്രമ രാഷ്ടീയ വക്താവിലേക്കാണ് എന്നത് ചരിത്ര സാക്ഷ്യമാണ്. ഒരു വശത്ത് അക്രമങ്ങളിലേക്കിറക്കി നിര്‍മ്മിച്ചെടുത്ത രക്തസാക്ഷികളെ കുറിച്ച് അഭിമാനത്തോടെ എസ്.എഫ്.ഐ പറയുമ്പോള്‍ മറുവശത്ത് അറിയാതെ പറഞ്ഞ് വയ്ക്കുന്നത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധം അവര്‍തന്നെ നടത്തുന്ന നരവേട്ടകളാണ്.
1970 ഡിസംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് ചേര്‍ന്ന സമ്മേളനം മുതല്‍ എസ്.എഫ്.ഐയിലൂടെ കലാപ രാഷ്ട്രീയം സര്‍ഗാത്മക യുവത്വത്തിന്റെ മറവില്‍ കലാലയങ്ങളിലേക്കും പടര്‍ന്നു. അവര്‍ ആദ്യം ചെയ്തത് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന അര്‍ത്ഥ സുന്ദരമായ വാക്കുകള്‍ കൊടിയെഴുത്തിലേക്ക് മാത്രം ഒതുക്കി, കൂറ്റന്‍ വാതായനങ്ങളില്‍ ‘ചെങ്കോട്ടയിലേക്ക് സ്വാഗതം’ എന്നെഴുതി ചേര്‍ത്തു. പാര്‍ട്ടിയുടെ ശക്തമായ രണ്ട് പോഷക വര്‍ഗ്ഗ സംഘടനകളായ അദ്ധ്യാപക – വിദ്യാര്‍ത്ഥി സംഘടനകളിലൂടെ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും കാറ്റില്‍ പറത്തി. കലാലയങ്ങളെ എസ്.എഫ്.ഐ പാര്‍ട്ടി കോളേജുകളാക്കി മാറ്റാന്‍ ഏറെ കാലമെടുത്തില്ല. കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം രക്തരൂഷിതമായിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തിലെ എസ്.എഫ്.ഐ അപ്രമാദിത്വമുള്ള കുറെയധികം കോളേജുകളുടെ ഒരു ഉദാഹരണമാണ്. 5 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പഠനം നിര്‍ത്തിയവരുടെ എണ്ണം 187 ആണ്. യൂണിവേഴ്‌സിറ്റി കോളേജിലെ ഏറ്റവും മിടുക്കാനായിരുന്ന ഓം പ്രകാശ് എന്ന വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്തെ ഒന്നാംകിട ഗുണ്ടയാക്കി എങ്ങനെ മാറ്റി എന്ന് ടി.പി. സെന്‍ കുമാര്‍ അദ്ദേഹത്തിന്റെ ‘എന്റെ പോലീസ് ജീവിതം’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ് മലയിന്‍കീഴ് ഓം പ്രകാശ്. സംസ്ഥാന തലത്തില്‍ എസ്.എസ്.എല്‍.സിക്ക് പതിനേഴാം റാങ്ക് നേടി അയാള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകനായി. ആ വര്‍ഷം തന്നെ കോളേജിന് മുന്നിലിട്ട് ഒരു കോണ്‍ഗ്രസ്സുകാരന്റെ തല വെട്ടിയെടുത്തു. ക്രിമിനല്‍ ജീവിതത്തിലേക്ക് അയാളെ തള്ളിവിട്ടത് എസ്എഫ്‌ഐ ആണ്.
യൂണിവേഴ്‌സിറ്റി കോളേജില്‍ ഇയ്യിടെ പട്ടാപകല്‍ ഒരേ പാര്‍ട്ടിയിലുള്ളവര്‍ നടത്തിയ കൊലപാതക ശ്രമം കൃത്യമായ എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റിയുടെ പ്ലാനിംഗ് ആയിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നസിം പിടിച്ച് നിര്‍ത്തി, യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് കുത്തി, സഖാവ് അഖിലിന്റെ ഇടനെഞ്ച് തുളച്ച് കഠാര ആഴ്ന്നിറങ്ങി, അന്‍പതോളം എസ്.എഫ്.ഐ ക്കാര്‍ ചുറ്റും നിന്നാക്രോശിച്ചു. നസീം ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 37 പേരെ പ്രതി ചേര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗുണ്ടായിസം ഒന്നൊന്നായി പുറംലോകം അറിഞ്ഞത്. കോളേജില്‍ സ്റ്റേജിന് പിന്നില്‍ എസ്എഫ്‌ഐ യൂണിറ്റ് റൂം അഥവാ ഇടിമുറി ഉണ്ട്. ഇവിടെവച്ചാണ് കോളേജിലെ പ്രശ്‌നങ്ങള്‍ സംസാരിച്ചും അല്ലാതെയും തീര്‍ക്കുന്നത്. മദ്യക്കുപ്പികള്‍, ഗ്യാസ് അടുപ്പ്, കമ്പുകള്‍, പോസ്റ്ററുകള്‍, കൊടി തോരണങ്ങള്‍ എന്നിവയെല്ലാം ഈ മുറിയിലുണ്ട്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ എസ്എഫ്‌ഐ റൗണ്ട്‌സ് നടത്തും. അന്വേഷണം പുരോഗമിച്ചപ്പോഴാണ് എസ്.എഫ്.ഐ നേതാക്കളുടെ തനിനിറം ജനം അറിഞ്ഞത്. പ്രതികള്‍ നടത്തിയ പി.എസ്.സി. പരീക്ഷയുടെ തിരിമറിയിലേക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്കും അന്വേഷണം എത്തി. നേതാക്കളുടെ വീടും എസ്.എഫ്.ഐ ഓഫീസും റെയ്ഡ് ചെയ്ത പോലീസിന് നിരവധി ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സീലും ലഭിച്ചു. ചോദ്യം ചെയ്തപ്പോള്‍ 50 % മാത്രം ഉത്തരം മാത്രം അറിയാമെന്ന് പറഞ്ഞ ശിവ രജ്ഞിത്തിന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് ഒന്നാം റാങ്ക്. നസീമിന് 28-ാം റാങ്ക്. കാസര്‍ഗോഡ് ജില്ല അപേഷിച്ച ഇവര്‍ക്ക് സെന്റര്‍ യൂണിവേഴ്‌സിറ്റി കോളേജ്. എക്‌സാം ഹോളില്‍ സ്ഥിരമായി മൊബൈലുപയോഗിക്കുന്ന എസ്.എഫ്.ഐക്കാര്‍. ഇടതുപക്ഷ അദ്ധ്യാപകരുടെ സഹായത്തോടെ വന്‍ തിരിമറിയാണ് നടത്തിയത്.
നിലവില്‍ 9 കേസുകളില്‍ വാറണ്ടുള്ള എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന നസീം സ്ഥിരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നേരത്തെ പട്ടാപ്പകല്‍ ട്രാഫിക് പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. പാളയം യുദ്ധസ്മാരകത്തിനു മുന്നില്‍ എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ എന്നിവരെയാണ് എസ്എഫ്‌ഐ നേതാവ് നസീമും ഇരുപതോളം എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചത്. അക്രമത്തിന് ശേഷം കേരള സര്‍വകലാശാലയില്‍ മന്ത്രിമാരായ കെ.ടി ജലീലും, എ.കെ ബാലനും പങ്കെടുത്ത ഒരു പരിപാടിയില്‍ മുന്‍നിരയിലെ സീറ്റില്‍ നസീം ഇരിക്കുന്നുണ്ടായിരുന്നത് ഭരണകൂടത്തിന്റെ സ്വന്തം ആള്‍ എന്ന നിലയിലായിരുന്നു. ഈ കേസ് പിണറായി സര്‍ക്കാര്‍ ഒതുക്കി തീര്‍ത്താണ് പോലീസ് നിയമനത്തിന് നസീമിന് വഴിയൊരുക്കിയത്. മര്‍ദ്ദനത്തിനു തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. അതേ നസീമിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് ഗുണ്ടാപ്രവര്‍ത്തനം ശക്തമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ തന്നെ വ്യക്തമാക്കുന്നു. എസ്എഫ്‌ഐ നേതാക്കള്‍ പറയുന്ന പോലെ കോളേജില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മര്‍ദ്ദനം ഉറപ്പാണ്. കല, സാഹിത്യം, സ്‌പോര്‍ട്‌സ് എന്നിവയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടുകൂടുന്നതോ ഒത്തുകൂടുന്നതോ എസ്എഫ്‌ഐക്കാര്‍ അനുവദിക്കാറില്ല. മറ്റു സംഘടനാ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന പേരില്‍ മുന്‍പു നിരവധി വിദ്യാര്‍ത്ഥികള്‍ക്കു എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനമേറ്റിട്ടുണ്ട്.
നിര്‍ബന്ധിത പണപ്പിരിവ് തടഞ്ഞതിന് അന്ധനായ ഒരു വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ യൂണിയന്‍ നേതാക്കള്‍ തല്ലി ആശുപത്രിയിലാക്കിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്. യൂണിയന്‍ ഭാരവാഹികളുടെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി രണ്ട് മാസം മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചതും പിന്നെ കോളേജ് വിട്ടു പോയതും. കത്തിക്കുത്ത് സംഭവത്തിന് തൊട്ട് മുമ്പ് 2019 മെയ് 4 ന് ആണ് ഈ വാര്‍ത്ത വന്നത്. വൈകീട്ട് കയ്യിലെ ഞരമ്പ് മുറിച്ച പെണ്‍കുട്ടിയെ പിറ്റേന്ന് രാവിലെയാണ് അത്യാസന്ന നിലയില്‍ പെണ്‍കുട്ടികളുടെ മുറിയില്‍ കണ്ടെത്തുന്നത്. മുറിവ് ആഴത്തിലല്ലാത്തതിനാല്‍ മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ എസ്എഫ്‌ഐക്കാരെ പേരെടുത്ത് പറഞ്ഞ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയില്‍ നിന്ന് പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചെന്നറിയുമ്പോള്‍ ആണ് എസ്എഫ്‌ഐയുടെ ചെറ്റത്തരം കൂടുതല്‍ വ്യക്തമായത്. 2016 ല്‍ എസ്എഫ്‌ഐക്കാര്‍ അക്രമിച്ച പോത്തന്‍കോട് സ്വദേശിയായ സൈക്ലിംഗ് താരം അജ്മല്‍ ഇപ്പോള്‍ കൂലിപ്പണിക്ക് പോകേണ്ട ഗതികേടില്‍ ആണ്. ഏറെ സ്വപ്‌നങ്ങളുമായി യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ അജ്മലിനെ എസ്എഫ്‌ഐക്ക് വഴങ്ങിയില്ലെന്ന പേരിലാണ് അടിച്ചൊതുക്കിയത്. ക്രൂര മര്‍ദ്ദനമേറ്റ് കാല്‍മുട്ട് തകര്‍ന്നു. ജീവിതത്തില്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ചെറുപ്പക്കാരനിപ്പോള്‍ പഠനവും സ്‌പോര്‍ട്‌സും എല്ലാം ഉപേക്ഷേിച്ചു. എസ്എഫ്‌ഐ കുത്തി വീഴ്ത്തിയ അഖില്‍ അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി പവര്‍ ലിഫ്റ്റിങ്ങില്‍ 74 കിലോ വിഭാഗത്തില്‍ രണ്ടു വര്‍ഷം മുന്‍പത്തെ ദേശീയ ചാംപ്യന്‍ ആയിരുന്നു. കമലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ 2017ല്‍ ഓള്‍ കേരള പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് 93 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
എസ്എഫ്‌ഐയുടെ അക്രമത്തിനെതിരെ പ്രതികരിച്ച അധ്യാപകനെ തല്ലിയതും ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ ആളും നേരത്തെ മറുപക്ഷത്തുമായിരുന്ന വിദ്യാര്‍ത്ഥി നേതാവിന്റെ മുണ്ട് ഉരിഞ്ഞ് അടിവസ്ത്രത്തില്‍ ഓടിച്ചതും തുടങ്ങി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ അക്രമത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.എസ്.എഫ്.ഐക്കാര്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് സമരമുഖത്തേക്ക് ഇറക്കുന്നതിനെതിരെ 2014 ല്‍ 150 ഓളം വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പാളിന്റെ മുറിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. ഒരിക്കല്‍ ജിജേഷ് എന്ന സിനിമാ പ്രവര്‍ത്തകന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ സുഹൃത്തുക്കളെ കാണാന്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച് അയാളെ തല്ലിയോടിച്ചത്. ഡിഗ്രി വിദ്യാര്‍ത്ഥിനികളായ സൂര്യഗായത്രിയും അസ്മിതയും പുറമെ നിന്നുള്ള യുവാവിനൊപ്പം കോളേജിലെത്തി എന്നാരോപിച്ച് ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് സദാചാര ആക്രമണം നടത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഇരുന്ന് നാടകം കണ്ടതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റവരുടെ പരാതി പ്രകാരം എസ്.എഫ്.ഐക്കാരായ സജിത്, രജീഷ് എന്നിവരടക്കം പതിമൂന്ന് പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.
2000 നവംബര്‍ 10 ന് ആണ് കെ. എസ്.യു നേതാവായിരുന്ന നിഷാദിന്റെ മുതുകില്‍ കത്തികൊണ്ട് എസ്എഫ്‌ഐ എന്ന് ചാപ്പ കുത്തിയത്. അന്ന് നിലമേല്‍ എന്‍എസ്എസ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു നിഷാദ്. നിലമേല്‍ കോളജ് യൂണിയന്റെ പരിപാടിക്ക് ആളെ ക്ഷണിക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സ്റ്റി കോളജിലെത്തിയ നിഷാദിനെ ക്രൂരമായി മര്‍ദിച്ചശേഷം ഡസ്‌കില്‍ കിടത്തി മുതുകില്‍ കത്തികൊണ്ട് എസ്എഫ്‌ഐ എന്ന് എഴുതുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ അഞ്ചു പേരും നിലമേല്‍ കോളജില്‍നിന്നു നിഷാദിനൊപ്പം വന്ന മൂന്നു പേരും ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂണിവേഴ്‌സിറ്റി കോളജിലെ പ്രതികളായ അഞ്ചു പേരെയും എസ്എഫ്‌ഐ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കി. വലിയ പ്രതിഷേധമാണ് കേരളമൊട്ടാകെ ഉണ്ടായത്. നിഷാദിന്റെ പുറത്തു ചാപ്പ കുത്തിയത് എസ്എഫ്‌ഐക്കാര്‍ തന്നെയാണെന്നു കേസിലെ പ്രതി എം.സി.ശിവപ്രസാദ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. മനസ്സില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവായി കിടക്കുന്ന ‘സ്വന്തം കഥ’യില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു 2012ല്‍ രൂപമെടുത്ത ഹ്രസ്വചിത്രം കാണാന്‍ നിഷാദ് എത്തിയിരുന്നു, അന്നു യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയായിരുന്ന നൊവിന്‍ വാസുദേവിന്റെ ഉള്ളില്‍ ആ ക്രൂരത ഉളവാക്കിയ ഞെട്ടലാണ് ഒരു പതിറ്റാണ്ടിനു ശേഷം ‘ടാറ്റൂ’ എന്ന ചിത്രമായി രൂപം കൊണ്ടത്. ഒരിക്കല്‍ എസ്.എഫ്.ഐ ഓണാഘോഷം നടത്തിയത് നടുറോഡില്‍ ആയിരുന്നു. പൊലീസിന്റെ മുന്നറിയിപ്പും വിലക്കും അവഗണിച്ച് റോഡിലേക്ക് ഇറങ്ങിയ എസ്.എഫ്.ഐ ഒന്നര മണിക്കൂറിലധികം തലസ്ഥാന നഗരിയിലെ ഗതാഗതം സ്തംഭിപ്പിച്ചു. ആംബുലന്‍സ് അടക്കമുളള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടുകിടന്നു.
അനീതി പടര്‍ന്ന കലാലയങ്ങള്‍
സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ നഗരത്തിലുള്ള കലാലയമാണ് ഇന്ന് എസ്.എഫ്.ഐ ക്കാരാല്‍ ദേശവിരുദ്ധതയുടെ കേന്ദ്രമായി മാറിയ ദേവസ്വം ബോര്‍ഡിന്റെ കേരളവര്‍മ്മ കോളേജ്.
ഇടതുപക്ഷ അനുകൂലികളായ മാനേജ്‌മെന്റും അദ്ധ്യാപകരും എസ്.എഫ്.ഐയും ചേര്‍ന്ന് നടത്തുന്ന ഇടത് പക്ഷ പ്രവര്‍ത്തനങ്ങളാല്‍ ഏറെ വിവാദമാണ് ഇന്ന് കേരളവര്‍മ്മ കലാലയം. ഇടതുപക്ഷാനുകൂലികളായ മാനേജ്‌മെന്റും, ഹോസ്റ്റല്‍ ചാര്‍ജുള്ള അധ്യാപികയും എസ്.എഫ്.ഐ യും ചേര്‍ന്നു നടത്തുന്ന തിരിമറികള്‍ മൂലം പഠനം നിര്‍ത്തി ടിസി വാങ്ങി പോകേണ്ടി വന്നവരില്‍ ഒരാള്‍ മലപ്പുറം തിരൂര്‍ സ്വദേശിനിയും എസ്.എഫ്.ഐ പ്രവര്‍ത്തകയും ആയ അഷിത ആയിരുന്നു. എകെപിസിടിഎ സംഘടനയുടെ നേതൃനിരയിലുള്ള കോളേജ് ഹോസ്റ്റലിന്റെ ഇന്‍ – ചാര്‍ജ്ജ് എക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റിലെ ഡോ. എം. സിന്ധു എന്ന അധ്യാപികയെ പേരെടുത്ത് അഷിത കുറ്റപ്പെടുത്തുന്നു. 2018 നവംബര്‍ മാസത്തില്‍ കോളേജില്‍ ചെന്ന് ടിസി വാങ്ങി അഷിത പഠനം അവസാനിപ്പിച്ചു. എസ്.എഫ്. ഐ ക്കെതിരെ ഒരു കസേര മോഷണ കേസ് ചോദ്യം ചെയ്ത മുഹമ്മദ് ഫഹീം, അഞ്ജിത, വിഷ്ണു പ്രസാദ് എന്നിവരെ യൂണിറ്റ് സെക്രട്ടറിയും ചെയര്‍മാനും പത്തിരുപത് സഖാക്കളും ചേര്‍ന്ന് ഓട്ടോയില്‍ നിന്ന് വലിച്ചിട്ട് തല്ലി ചതച്ചു. 2017 ജൂലൈ 13 ന് ആണ് കേരള വര്‍മ്മ കോളേജില്‍ സരസ്വതീ ദേവിയുടെ അശ്ലീല ചിത്രവുമായി എസ്എഫ്‌ഐ രംഗപ്രവേശം ചെയ്തത്. എംഎഫ് ഹുസൈന്റെ വിവാദമായ ചിത്രം എസ്എഫ്‌ഐ സ്ഥാപിച്ച് ഏറെ നാളുകള്‍ തീരും മുമ്പേ ഹൈന്ദവ ദൈവങ്ങളെ വീണ്ടും അപമാനിച്ച് എസ്എഫ്‌ഐ കോളേജില്‍ അയ്യപ്പ സ്വാമിയെ വികലമാക്കി ബോര്‍ഡ് വച്ചു. ചിത്രം പ്രദര്‍ശിപ്പിച്ച എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സന്‍ മുബാരക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്റ് ആര്‍. നന്ദന, യൂണിയന്‍ ചെയര്‍മാന്‍ വി.എസ്. യദുകൃഷ്ണ എന്നിവരുടെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം 153 (എ) ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസിന് തൃശ്ശൂര്‍ സി.ജെ.എം. കോടതി ഉത്തരവ് നല്‍കിയത്. മതവികാരം വൃണപ്പെടുത്തിയ എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുത്ത ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.പി. ജയദേവനെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തി. നിരന്തര ഭീഷണിയില്‍ അവസാനം ആദ്ദേഹം രാജിവെക്കാനായിരുന്നു തീരുമാനിച്ചത്. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും പീഡനത്തെ തുടര്‍ന്നാണ്, എസ്എഫ്‌ഐ പറയുന്നത് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ വിസമ്മതിച്ചതാണ് സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെപിസിടിഎ അംഗംകൂടിയായ ജയദേവന് രാജിവെക്കേണ്ട ചിന്തയിലേക്കെത്തിച്ചത്. മുന്‍പ് ക്യാമ്പസില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥിയെ അടക്കം മുന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചിരുന്നു. 2019 ജനുവരിയില്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മലയാളം വിഭാഗത്തിലെ കാഴ്ചശേഷി കുറവുള്ള വിദ്യാര്‍ത്ഥിയേയും ക്രൂരമായി മര്‍ദ്ദിച്ചു. തങ്ങളോടൊപ്പം നില്‍ക്കാത്ത കായിക വിദ്യാര്‍ത്ഥികളെ നിരന്തരമായി മര്‍ദ്ദിക്കുന്നുവെന്ന് പറഞ്ഞത് വിഭാഗം മേധാവി ആണ്. ക്യാംപസില്‍ ദിവസങ്ങളായി കായിക വിഭാഗം വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കാഴ്ച്ചശേഷി കുറവുള്ള ജിതിന്‍ കെ, ഷക്കീബ് ഷാ എന്നിവര്‍ക്ക് മര്‍ദ്ദനം ഏറ്റത്. സംഘര്‍ഷത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായിട്ടുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു. മലയാളം വിഭാഗത്തിന്റെ വിനോദയാത്രയില്‍ കായിക വിഭാഗത്തിലെ മൂന്ന് കുട്ടികളായ ദിനേഷ്, ജിതിന്‍ കുമാര്‍, അമല്‍ജിത്ത് എന്നിവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോകാന്‍ അനുവദിച്ചില്ല. വിദ്യാര്‍ത്ഥിയായ ഷക്കീബ് ഉള്‍പ്പെടെയുള്ളവരെ എസ്എഫ്‌ഐ പൂര്‍വ്വകാല വിദ്യാര്‍ത്ഥികളടക്കം 50 ഓളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന് മലയാളം വിഭാഗം അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കായിക വിഭാഗം കുട്ടികളെ മൂന്നു പേരെയും വിനോദയാത്രയ്ക്ക് കൊണ്ടു പോകണ്ടയെന്ന എസ് എഫ് ഐ തീരുമാനം തന്നെ ഇടതുപക്ഷ അദ്ധ്യാപകര്‍ നടപ്പിലാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് ആക്ടിവിറ്റികളില്‍ നിന്നും കായികവിഭാഗം വിട്ടു നിന്നു. 2012 ല്‍ പിജി പ്രതിനിധി സ്ഥാനം എബിവിപി നേടിയപ്പോള്‍ എബിവിപി പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ചു മര്‍ദ്ദിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്റെ ഭാര്യയും പഴയ എസ്.എഫ്.ഐ പ്രവര്‍ത്തകയും അദ്ധ്യാപികയുമായ ബിന്ദുവിന്റെ മുന്നിലിട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെങ്കിലും ഡിസിപ്ലിന്‍ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ അവര്‍ തയ്യാറായില്ല. എബിവിപി പ്രവര്‍ത്തകന്‍ ഗിനിലിനെ ക്രൂരമായി മര്‍ദ്ദിച്ചാണ് കോളേജില്‍ എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തിയത്. 2015 ഒക്ടോബര്‍ 1 ന് അനുവാദമില്ലാതെ ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമിച്ച എസ്.എഫ്.ഐക്കാരെ നിയന്ത്രിക്കാന്‍ പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിക്കുകയും, പരിപാടി നടക്കില്ലെന്ന് മനസിലാക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് വരുന്നതിനു മുന്‍പ് എബിവിപി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച് ബീഫ് ഫെസ്റ്റിവല്‍ എബിവിപി തടഞ്ഞു എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു.
2018 ല്‍ സെം ഔട്ട് ആവേണ്ട എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളെ പൊളിറ്റികല്‍ സയന്‍സ് വിഭാഗം അധ്യാപകരുടേയും ക്ലാസ്സ് ടീച്ചറുടേയും റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് പരിശോധിക്കാന്‍ കമ്മിറ്റിയെ വെയ്ക്കുകയും, കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരാകുമെന്നായപ്പോള്‍ സഖാവായ പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാരി നേരിട്ട് പരീക്ഷയെഴുതാന്‍ അനുവാദം നല്‍കി എസ്.എഫ്.ഐപ്രവര്‍ത്തകരെ സഹായിക്കുകയും ചെയ്തു. 2017 മാര്‍ച്ച് മാസത്തില്‍ കോളേജിലെ വുമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ സെമിനാറിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കടന്ന് കയറി ഫ്‌ളക്‌സ് വലിച്ച് കീറുകയും പരിപാടി തടസ്സപ്പെടുത്തുകയും ഫിലോസഫി വിഭാഗം അധ്യാപികയും വുമണ്‍ സെല്‍ കോര്‍ഡിനേറ്ററും ആയിരുന്ന മായയെ അക്രമിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതിഷേധിച്ച് യൂണിയന്‍ വ്യത്യാസമില്ലാതെ എല്ലാ അധ്യാപകരും പിറ്റേന്ന് കറുത്ത ബാഡ്ജ് ധരിച്ച് കാമ്പസ്സില്‍ എത്തിയപ്പോള്‍ സഖാവ് ദീപാനിശാന്ത് ഉള്‍പെടെയുള്ള ചുരുങ്ങിയ ചില അദ്ധ്യാപകര്‍ അപ്പോഴും എസ്.എഫ്.ഐ ക്കൊപ്പം നിന്നു. പിന്നീട് അധ്യാപകര്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 17 ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കോളേജിനു പുറത്ത് സംഘടിപ്പിച്ച ‘കയ്യൊപ്പ്’ എന്ന പരിപാടിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബീര്‍ ബോട്ടിലുകളും കല്ലുകളും വലിച്ചെറിയുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പെടെ നിരവധി പേര്‍ക്കാണു പരിക്കേറ്റത്. വേദിയില്‍ നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി പോയ മുന്‍ പ്രധാനാധ്യാപകന്റെ ചിത്രം എല്ലാ മാധ്യമങ്ങളും ആദ്യ പേജില്‍ തന്നെ നല്‍കിയിരുന്നു. പ്രളയ ദുരന്ത സമയത്ത് കോളേജില്‍ ആരംഭിച്ച ക്യാമ്പ് സി.പി.ഐ.എമ്മും എസ്.എഫ്.ഐയും പിടിച്ചെടുക്കുകയും, അവിടെ രാഷ്ട്രീയമായി ഏകാധിപത്യം ഉണ്ടാക്കുകയും ചെയ്തു. ഭക്ഷണവുമായ് ചെന്ന സേവാഭാരതി പ്രവര്‍ത്തകരോട് ‘എത്തിച്ച ഭക്ഷണം വിഷം കലര്‍ത്തിയിട്ടുണ്ടാകും, കൊടുക്കാന്‍ സാധിക്കില്ല’ എന്ന് ദുരിത ബാധിതരുടെ മുന്നില്‍ വച്ച് പറഞ്ഞത് മുന്‍ മേയര്‍ ബിന്ദു ടീച്ചറായിരുന്നു. എങ്കിലും എതിര്‍പ്പുകളെ അതിജീവിച്ച് സേവാഭാരതിയും എബിവിപിയും അവിടെ ഭക്ഷണം വിതരണം ചെയ്തു. 2018 ല്‍ പോലീസില്‍ എസ്എഫ്‌ഐക്കെതിരെ പരാതി കൊടുക്കാനായി ചെന്ന എബിവിപി ക്കാരുടെ ചിത്രങ്ങള്‍ രഹസ്യമായി എടുക്കാന്‍ ശ്രമിച്ചത് സജീവ സിപിഎം പ്രവര്‍ത്തകനായ അധ്യാപകന്‍ തന്നെ ആയിരുന്നു.എ.ബി.വി.പി.തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഘട്ടം വന്നപ്പോള്‍ ബാലറ്റ് പേപ്പര്‍ കീറിക്കളഞ്ഞ് ജനാധിപത്യം തകര്‍ത്ത ചരിത്രവും കേരള വര്‍മ്മയില്‍ എസ്.എഫ്.ഐക്ക് ഉണ്ട്.
പ്രശസ്തമായ വിക്ടോറിയ കോളേജിലാണ് പ്രിന്‍സിപ്പലായിരുന്ന ടി.എന്‍.സരസു വിരമിക്കുന്ന 2016 മാര്‍ച്ച് 31ന് കോളേജിലെ ഓഫീസിന് മുന്നില്‍ എസ്.എഫ്.ഐ പ്രതീകാത്മ കുഴിമാടം ഒരുക്കി റീത്ത് വെച്ചത്. കുഴിമാടത്തിന് മുകളില്‍ മണ്ണുകൂട്ടി മുകളില്‍ പൂക്കള്‍ വിതറി. ‘നിങ്ങളുടെ മഹദ് സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, 26 വര്‍ഷത്തെ പഴമ്പുരാണത്തിനു വിരാമം. ഞങ്ങളെ വിട്ടൊഴിഞ്ഞു പോകുന്നു’ എന്ന കുറിപ്പ് ശവകുടീരത്തില്‍ വച്ചു. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇടതുപക്ഷ നേതാക്കളാരും അധ്യാപികയെ കണ്ടാശ്വസിപ്പിക്കാന്‍ തയ്യാറായില്ല. സംഭവം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കി. 4 എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രാവിലെ കോളേജില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും കുഴിമാടം കാണുന്നത്. പ്രിന്‍സിപ്പല്‍ ടി.എന്‍. സരസു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേലീസ് കേസെടുത്തിരുന്നു. പ്രിന്‍സിപ്പലിനോട് ആശയപരമായ വിയോജിപ്പുണ്ടെങ്കിലും കുഴിമാടം തീര്‍ത്തത് എസ് എഫ് ഐ അല്ലായെന്ന് യൂണിറ്റ് പ്രസിഡന്റ് ഷെയ്ക് നഫാസ് വ്യക്തമാക്കിയെങ്കിലും പ്രതികള്‍ എസ് എഫ് ഐ ആയിരുന്നു.’ശവകുടീരം’ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എന്ന് പറഞ്ഞാണ് എം.എ. ബേബി എസ്.എഫ്.ഐക്ക് പിന്തുണ പ്രഖ്യാപിച്ചത്. ദേശവിരുദ്ധശക്തികള്‍ക്ക് ഒത്താശ ചെയ്ത് 2010 ആഗസ്തില്‍ വിക്ടോറിയ കോളേജില്‍ ദേശീയഗാനവും വന്ദേമാതരവും നിര്‍ത്തലാക്കിയത് ഇതേ ഇടതുപക്ഷം ആയിരുന്നു. ദേശീയ ശക്തികളുടെ പ്രക്ഷോഭത്തില്‍ നിര്‍ത്തലാക്കിയ ദേശീയഗാനവും വന്ദേമാതരവും കോളേജില്‍ പുനഃസ്ഥാപിക്കേണ്ടി വന്നു.
ഭീകരതയെ വളര്‍ത്തിയത് എസ്.എഫ്.ഐ
വിശാലിന്റേയും അഭിമന്യുവിന്റേയും യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിന്റേയും പിന്നാമ്പുറകഥകള്‍ എസ്.എഫ്.ഐ വളര്‍ത്തുന്ന തീവ്രവാദം ഊട്ടി ഉറപ്പിക്കുന്നതാണ്. ജെ.എന്‍.യുവിന്റെ ബൗദ്ധിക ഇടപെടലില്‍ നിന്ന് തുടങ്ങുന്നതാണ് എസ്.എഫ്.ഐയുടെ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനം. JUGNU, SAWERA, AISA, FFI, PDSU, SAFP, AWP, DSU, SFR, COCON, NSF, CRPP, SL, TNM, FFF, FPR, AISF, SFI, PIPFPD, FC, RCF, PAR of AFPSA, DTSU, CPA ,ജെ.എന്‍.യുവില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളായ ഇവയെല്ലാം ഇന്ത്യയുടെ നിലപാടുകള്‍ക്കെതിരെയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ജെ.എന്‍.യുവില്‍ ഉയര്‍ന്ന മുദ്രാവാക്യത്തില്‍ കാശ്മീരിനോടൊപ്പം കേരളവും ഉള്‍പ്പെട്ടിരുന്നു. 2014 ഏപ്രില്‍ 12 ന് എസ്.എഫ്.ഐ യുടെ കാശ്മീര്‍ സെമിനാറും 2016 ഫെബ്രുവരിയില്‍ ഡി.എസ്.യു-എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് അഫ്‌സല്‍ ഗുരു അനുസ്മരണവും തികച്ചും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് ആയിരുന്നു. നിരവധി പരിപാടികള്‍ ഇന്ത്യാ വിരുദ്ധമായി എസ്.എഫ്.ഐ യും ഇടതുപ്രസ്ഥാനങ്ങളും സംഘടിപ്പിച്ചു. കേരളത്തിലും എസ്.എഫ്.ഐ ഒത്താശയാല്‍ ഭീകരവാദ പരിപാടികള്‍ നടന്നു. തീവ്രവാദത്തിന്റെ ഈറ്റില്ലമാണെന്ന് തെളിയിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല ദേശവിരുദ്ധ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കി. തീവ്രവാദികള്‍ക്കും നക്‌സല്‍ – കമ്മൂണിസ്റ്റ് – ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഇടതുപക്ഷ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ പിന്തുണയും പ്രഖ്യപിച്ചു.ജെ.എന്‍.യു-എച്ച്.സി.യു ദേശവിരുദ്ധ സമരങ്ങള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു. ഭീകരവാദിയുടെ കവിത, മുസ്ലീം മത വിഭാഗങ്ങള്‍ക്ക് സബ് സെന്റര്‍, എ.എസ്.എ യൂണിറ്റ്, താലിബാന്‍ മോഡല്‍ കല്ലേറ്, അഫ്‌സല്‍ ഗുരു – മേമന്‍ അനുകൂല പരിപാടി തുടങ്ങിയ കലാപരിപാടികള്‍ നടത്തി തീവ്രവാദ ചരിത്രത്തില്‍ ഇടം നേടാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തനത്താല്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്ക് സാധിച്ചു. സെനറ്റ് മെമ്പര്‍ മനോഹരനാണ് പ്രമേയം അവതരിപ്പിച്ചത്. കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയിലെ ക്യാമ്പസുകളില്‍ തീവ്രവാദ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് രഹസ്യാന്വേഷണ ബ്യൂറോ ജില്ലാകളക്ടര്‍ വഴി വിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
പ്രൗഢിയും പാരമ്പര്യമുള്ള മഹാരാജാസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്.എഫ്.ഐ നിരന്തരം ക്രൂരമായി മര്‍ദ്ദിച്ചാണ് സംഘടന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. തിരഞ്ഞെടുപ്പുകളില്‍ വലിയ സാന്നിധ്യമായിരുന്ന എബിവിപിയെ തകര്‍ക്കാന്‍ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനാണ് എസ്.എഫ്.ഐ ശ്രമിച്ചിട്ടുള്ളത്. പണ്ട് മഹാരാജാസില്‍ കാണിനാടുള്ള ഒരു പ്രവര്‍ത്തകനുണ്ടായിരുന്നു. ഇന്നദ്ദേഹം സിനിമ – സീരിയല്‍ മേഖലയില്‍ ഉള്ളതിനാല്‍ പേര് പറയുന്നില്ല. ഒറ്റക്ക് അദ്ദേഹം വാങ്ങിക്കൂട്ടിയ അടികള്‍ക്ക് ഒരു പരിധിയുമില്ല. ഒരു പക്ഷെ ഇത്രത്തോളം സംഘര്‍ഷത്തില്‍ പെട്ട ഒരു വ്യക്തി ഒരു പക്ഷെ ആ കോളേജില്‍ ഉണ്ടായിരിക്കില്ല, ഇയര്‍ ബാക്കടിപ്പിച്ച് മൂന്ന് വര്‍ഷമാണ് അദ്ദേഹത്തെ ഇടതുപക്ഷ അദ്ധ്യാപകര്‍ നെട്ടോട്ടം ഓടിച്ചത്. അദ്ദേഹത്തിന്റെ കാലത്ത് എ.ബി.വി.പി അവിടെ വീണ്ടും യൂണിറ്റ് ആരംഭിച്ചു. ഇന്ന് പോലീസിലുള്ള ഒരു പ്രവര്‍ത്തകനും കാക്കനാടുള്ള ലാല്‍ ജീവനും മറ്റു ചിലരുമൊക്കെ ചേര്‍ന്ന് എ.ബി.വി.പി യെ വളര്‍ത്തിയത് എസ്.എഫ്.ഐയെ ശക്തമായി പ്രതിരോധിച്ച് തന്നെയായിരുന്നു. അക്കാലത്ത് തുടര്‍ച്ചയായി ഇലക്ഷനില്‍ മത്സരിച്ച എ.ബി.വി.പി നാനൂറും അഞ്ഞൂറും വോട്ട് നേടിയിരുന്നു. ഇന്ന് അഭിഭാഷകനായ ഉദയംപേരുള്ള സുവിന്‍, ത്രിപുരയില്‍ എ.ബി.വി.പി പൂര്‍ണ സമയ പ്രവര്‍ത്തകനായ അഭിരാം, വനിതാ പ്രവര്‍ത്തക ആതിര എന്നിവരെ നിരന്തരമായ ഭീഷണിപ്പെടുത്തിയത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആയിരുന്നു. മഹാരാജാസ് ഹോസ്റ്റലില്‍ നിന്നും പണിയായുധങ്ങള്‍ ലഭിച്ചത് 2017 മെയ് 3 ന് ആയിരുന്നു. അധ്യാപകരുടെ ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് താല്‍ക്കാലികമായി അനുവദിച്ച മുറികളില്‍ നിന്നാണ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണ് പൊലീസ് കണ്ടെടുത്തത്. ഹോസ്റ്റല്‍ പരിശോധിക്കുന്ന സംഭവമറിഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകരും നേതാക്കളും പൊലീസിനെതിരെ പ്രതിഷേധവുമായെത്തി. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എം.സി.ആര്‍.വി ഹോസ്റ്റലില്‍ നിന്നും താല്‍ക്കാലികമായി കുട്ടികളെ ഒഴിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ അധ്യായന വര്‍ഷം മുതല്‍ 19 കുട്ടികള്‍ക്ക് അധ്യാപകരുടെ ഹോസ്റ്റലില്‍ പ്രവേശനം നല്‍കി. ഒന്നാം നിലയില്‍ 13, 14, 15 മുറികളാണ് കുട്ടികള്‍ക്ക് അനുവദിച്ചിരുന്നത്.
ഇതില്‍ 14ാം നമ്പര്‍ മുറിയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പരീക്ഷയോടനുബന്ധിച്ച് കുട്ടികള്‍ നേരത്തേ തന്നെ ഹോസ്റ്റലില്‍നിന്നും ഒഴിഞ്ഞിരുന്നു. എന്നാല്‍ ഈ മുറിയുടെ താക്കോല്‍ കുട്ടികള്‍ തിരികെ ഏല്‍പ്പിച്ചിരുന്നില്ലെന്ന് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വാര്‍ഡന്‍ മറ്റൊരു താക്കോലുപയോഗിച്ച് മുറിപൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹോസ്റ്റലിന്റെ പുറകില്‍നിന്നും 14ാം നമ്പര്‍ മുറിയുടെ ജനാലയിലേക്ക് ഏണിവച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതായി ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കകത്ത് മാരകായുധങ്ങള്‍ പോലീസ് കണ്ടെത്തിയത്.
2017 ജനുവരി 19 ന് ആണ് എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഔദ്യോഗിക കസേര എസ്എഫ്‌ഐക്കാര്‍ നടുറോഡിലിട്ട് കത്തിച്ചത്. ഇടത് അധ്യാപക സംഘടനയിലെ അഞ്ച് അധ്യാപകരുടെ പിന്തുണയോടെയാണ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുടെ കസേര കത്തിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്എഫ്‌ഐക്കാര്‍, വൈസ് പ്രിന്‍സിപ്പാളിന്റെ സാന്നിധ്യത്തില്‍ ചേംബറില്‍ അതിക്രമിച്ചു കയറി കസേര വലിച്ചു പുറത്തെത്തിച്ചത്. ഈ സമയത്ത് പ്രിന്‍സിപ്പാള്‍ ചേംബറില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രധാന ഗേറ്റിനു മുന്‍പില്‍ റോഡിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു.
2018 ജൂലൈ 6 ന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളിലൂടെ സംഘടന വളര്‍ത്തണം, എതിരാളികളെ വേണ്ടിവന്നാല്‍ കായികമായി നേരിടണം എന്നതാണ് ലഘുലേഖയില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. എറണാകുളം സെന്‍ട്രല്‍ പൊലീസ് കോളേജില്‍ നടത്തിയ തെരച്ചിലിലാണ് ലഘുലേഖകള്‍ കണ്ടെത്തിയത്. തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നതായാണ് പോലീസിന്റെ വിലയിരുത്തല്‍. അഭിമന്യുവിനെ അക്രമിക്കാന്‍ രണ്ട് തവണ ഇത്തരത്തിലുള്ള സംഘടനകള്‍ പദ്ധതിയിട്ടതായും അന്വേഷണ സംഘത്തിന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. എസ്.എഫ്.ഐ ഒത്താശയോടെ വളരുന്ന ഇസ്ലാമിക തീവ്രവാദ സൂചന ആയിരുന്നു ലഘുലേഖ. 2016 ഡിസംബറില്‍ ആണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മഹാരാജാസ് കോളേജിന്റെ ചുമരുകളില്‍ അശ്ലീല പദപ്രയോഗവും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാചകങ്ങളും എഴുതി വച്ചത്. സംഭവത്തില്‍ ആറ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെയാണ് 2016 ഡിസംബര്‍ 20 ന് പോലീസ് അറസ്റ്റ് ചെയ്തത്. ‘ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോടു പറഞ്ഞു, നമ്മളിന്നു കുടിച്ച ചോരയ്ക്ക് ഒരേ രുചി’ തുടങ്ങിയ കുരീപ്പുഴയുടെ കവിതാ ശകലങ്ങളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പൊതുമുതല്‍ നശിപ്പിച്ചുവെന്നും മതവിദ്വേഷപ്രചരണം നടത്തിയെന്നും ആരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, രാകേഷ്, ആനന്ദ് വിനീഷ്, ജിതിന്‍, ഷിജാസ്, നിതിന്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സാത്താന്‍ സേവക്കാരാണെന്നും, ഈ വിദ്യാര്‍ഥികള്‍ ആണ് ക്യാംപസിന്റെ ചുവരുകളില്‍ കഞ്ചാവ് ഉപയോഗവുമായും സാത്താന്‍ സേവയുമായും ബന്ധപ്പെട്ട ചിത്രങ്ങളും വികൃതരചനകളും വരച്ചതെന്നുമുള്ള വിചിത്ര വാദമാണ് മഹാരാജാസ് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വൈശാഖ് ഉന്നയിച്ചത്. 2017 ജനുവരിയില്‍ ആണ് കോളേജില്‍ ക്രിസ്തുവിനെ അവഹേളിക്കുന്ന തരത്തിലുള്ള ചുവരെഴുത്ത് നടത്തിയ ആറ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. 2018 ജൂലായ് 1 ന് വട്ടവടയില്‍ നിന്നും അഭിമന്യുവിനെ വിളിച്ച് വരുത്തി കൊല്ലിച്ചത് എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയ സമീപനമായിരുന്നു. ക്യാമ്പസ് ഫ്രണ്ട് പോലെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെ വളര്‍ത്തിയത് എസ് എഫ് ഐ ആയിരുന്നു. എസ്.എഫ്.ഐ ഉണ്ടാക്കിയ ചക്രവ്യൂഹത്തില്‍ അകപ്പെട്ട് പോയവനായിരുന്നു അഭിമന്യു. ചുമരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ – ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തി കൊല്ലുകയായിരുന്നു അഭിമന്യുവിനെ. ഒരു വര്‍ഷം കഴിയുമ്പോഴും കേസില്‍ പത്തും പന്ത്രണ്ടും പ്രതികളായ സഹല്‍, ഷാഹുല്‍ എന്നിവരെ ഇതുവരേയും പിടികൂടാനായിട്ടില്ല. അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രതിയെ പിടികൂടാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പിണറായിയുടെ പോലീസിനായിട്ടില്ല.
എസ്.എഫ്.ഐയുടെ ലൈംഗിക പീഡനങ്ങളും
മുമ്പെങ്ങുമില്ലാത്ത രീതിയില്‍ കലാലയങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ സഖാക്കളാല്‍ പീഡിപ്പിക്കപ്പെടുകയാണ്. എസ്.എഫ്.ഐ ആയ വിദ്യാര്‍ത്ഥിനി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയിട്ടും, കുറ്റാരോപിതനെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് വിട്ടുനല്‍കുന്നതിന് പകരം, ആ വ്യക്തിക്കു വേണ്ടി ഒരു പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ച് നീതി നിഷേധിച്ചത് പാലക്കാട് ജില്ലയിലാണ്. തങ്ങള്‍ക്ക് ഭരണം കയ്യിലുണ്ടെന്ന ധാര്‍ഷ്ട്യത്താലാവണം കണ്ണൂര്‍ തളിയില്‍ ഡിഫി യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതും, ഒരിക്കലും താന്‍ പിടിയ്ക്കപ്പെടില്ലെന്ന ബോധ്യത്തോടെ പീഡകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരവേഷംകെട്ട് നടത്തിയതും. രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചത് ഡിഫി താളികാവ് സെക്രട്ടറി രാംകുമാര്‍ ആയിരുന്നു. കേരളവര്‍മ്മ കോളേജിലെ ചെയര്‍മാന്‍ ആയിരുന്ന ജീവന്‍ലാല്‍ ആണ് തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോളേജ് മാഗസിന്‍ പ്രസിദ്ധീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമായ് പാര്‍ട്ടി ഓഫീസിലെത്തിയ വനിത സഖാവിനെ പ്രണയിച്ച് ചതിച്ച് പീഡിപ്പിച്ചത് എസ്.എഫ്.ഐ സഖാവ് ആയിരുന്നു. ഈ അടുത്ത കാലങ്ങളില്‍എം.എല്‍.എ ഹോസ്റ്റലിലും മണ്ണാര്‍ക്കാടും കണ്ണൂരും ചെര്‍പ്പുളശ്ശേരിയിലും തിരുവല്ലയിലും ഓച്ചിറയിലും നടന്ന വിവാദമായ സംഭവങ്ങളില്ലെല്ലാം എസ്എഫ്‌ഐ-ഡിഫി സഖാക്കളുടെ പങ്ക് ഉണ്ടായിരുന്നു.
2018 മാര്‍ച്ചിലാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പാളായ പി.വി.പുഷ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്.എഫ്.ഐ പോസ്റ്റര്‍ പതിപ്പിച്ചത്. വിരമിക്കലിന് മുന്നോടിയായുള്ള ചടങ്ങ് നടക്കുന്ന അതേ ദിവസമാണ് പ്രിന്‍സിപ്പാളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ കോളേജ് ക്യാംപസില്‍ പ്രത്യക്ഷപ്പെട്ടത്. എസ്.എഫ്.ഐക്കാര്‍ക്ക് ഇല്ലാത്ത അറ്റന്‍ഡന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് പോസ്റ്റര്‍ പതിക്കുന്നതിലേക്ക് എത്തിച്ചത്. പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചും പടക്കം പൊട്ടിച്ചും ആണ് വിരമിച്ച ദിവസം എസ്എഫ്‌ഐ ആഘോഷിച്ചത്. ദുരന്തം ഒഴിയുന്നു, ക്യാംപസ് സ്വതന്ത്രമാകുന്നു എന്നായിരുന്നു പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ബോര്‍ഡില്‍ എഴുതിയിരുന്നത്.
ദേശവിരുദ്ധത മാഗസിനുകളിലൂടെ
ദേശീയ പതാകയേയും ദേശീയതയേയും ചോദ്യം ചെയ്യുന്നതും കാശ്മീരിലെ വിഘടന വാദത്തെ പരസ്യമായി പിന്‍തുണക്കുന്നതും അശ്ശീലവുമെല്ലാം നിറഞ്ഞ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ തിരിച്ചറിയല്‍ രേഖയാണ് എസ്.എഫ്‌ഐ മാഗസിനുകള്‍ എന്ന് വിളിച്ചു പറയുന്നുണ്ട്. നാട്ടിക കോളേജിലെ 51 അക്ഷര തിരുമുറിവുകള്‍, കാഞ്ഞങ്ങാട് സെന്റ് പയസ് കോളേജിലെ 2014 ലെ മാഗസീന്‍, ചെങ്ങന്നുര്‍ എസ്.എന്‍ കോളേജിലെ മാഗസീന്‍, മാര്‍ ഇവാനിയോസ് കോളേജിലെ യുവര്‍ അറ്റന്‍ഷന്‍ പ്ലീസ് തുടങ്ങിയ മാഗസീനുകള്‍ പുറത്തിറക്കാന്‍ എസ്എഫ്‌ഐ അനുവദിച്ചില്ല. എന്നാല്‍ രാഷ്ട്ര വിരുദ്ധതയും അശ്ലീലവുമായ് ഗുരുവായൂരപ്പന്‍ കോളേജില്‍ അനുവാദമില്ലാതെ തെറി മാഗസീനും പ്രധാനമന്ത്രിയെ അപമാനിച്ച കുന്നംകുളം പോളി മാഗസീനും ഭാരതത്തെ അവഹേളിച്ച ഒറ്റപ്പാലം എന്‍.എസ്. എസ് മാഗസിനും വിവാദമായ പോണ്ടിച്ചേരി സര്‍വകലാശാല മാഗസിനും തലശ്ശേരി ബ്രണ്ണന്‍ കോളേജ് മാഗസിന്‍ പെല്ലറ്റും ഒക്കെ ഇറക്കി എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ചെയ്തത്. മാനവികതയുടെ മറവില്‍ കലാലയങ്ങളിലും യുവതകളിലും നാടിന്റെ സാംസ്‌കാരങ്ങളെ തകര്‍ക്കുവാനുള്ള നീക്കമായിരുന്നു സഖാക്കള്‍ നടത്തിയത്. എസ്.എഫ്.ഐ. ഇറക്കിയ മാഗസിനുകളിലെല്ലാം അവര്‍ നിഷ്‌കരുണം അത് പകര്‍ത്തി. ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ മറവില്‍ ലൈംഗികതയുടെ അതിപ്രസരമായിരുന്നു. കൂടാതെ ദേശ വിരുദ്ധതയും കുത്തി നിറച്ചെഴുതി. എഴുതിയവരും അത് വായിച്ച് അനുകൂലിച്ചവരും ഇന്ന് നിശബ്ദമാണ്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ഇറങ്ങിയ ‘വിശ്വവിഖ്യാതമായ തെറി’ മാഗസിനെ കുറിച്ച് ഒരു രക്ഷകര്‍ത്താവ് പറഞ്ഞതാണിത് ‘ഒരു മൃഗവും മനുഷ്യനും ബന്ധപ്പെടുന്ന ചിത്രം കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ സാധിക്കുമോ’ എന്ന്. എസ്.എഫ്.ഐ ഇറക്കിയതാണ്. ബ്രണ്ണന്‍ കോളേജിലെ ‘പെല്ലറ്റ്’ മാഗസീനില്‍ തീയറ്ററില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ ലൈംഗികമായി ബന്ധപ്പെടുന്ന ചിത്രം ഉള്‍പ്പെടുത്തിയ എസ്.എഫ്.ഐക്കാര്‍ മുന്നോട്ടുവച്ച ആശയം രാജ്യദ്രോഹം തന്നെയായിരുന്നു.
അക്ഷര നഗരിയായ കോട്ടയത്തെ നാട്ടകം കോളേജില്‍ യൂണിറ്റ് രൂപീകരിച്ച എ.ബി.വി.പി. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചാണ് എസ്.എഫ്.ഐ.ക്രിമിനലുകള്‍ ജനാധിപത്യ സോഷ്യലിസ്റ്റ് സ്വതന്ത്ര്യം നടപ്പിലാക്കിയത്. 2010 ല്‍ ചരിത്രത്തിലാദ്യമായി എ.ബി.വി.പി മത്സരിച്ചു. നോമിനേഷന്‍ എസ്.എഫ്.ഐക്കാര്‍ കീറിക്കളഞ്ഞു. ഹൈക്കോടതിയില്‍ നിന്നും ഓര്‍ഡര്‍ വാങ്ങി മത്സരിച്ചു. ഇലക്ഷന്‍ ദിവസം സ്ഥാനാര്‍ത്ഥി മനുവിന് കാമ്പസില്‍ കാലു കുത്താന്‍ പറ്റിയില്ല. പക്ഷെ 460 ഓളം വോട്ട് നേടി എ.ബി.വി.പി. വരവറിയിച്ചു. പിറ്റെ വര്‍ഷം ആര്‍ട്‌സ് ക്ലബും തുടര്‍ന്ന് ജനറല്‍ സീറ്റും എ.ബി.വി.പി നേടിയാണ് കരുത്തറിയിച്ചത്. തൊട്ടടുത്തുള്ള കോട്ടയം നാട്ടകം പോളിയില്‍ പുലയക്കുടില്‍ ഒരുക്കിയാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ഇരിങ്ങാലക്കുട സ്വദേശിയുമായ അവിനാഷിനെ അതിക്രൂരമായി എസ്.എഫ്‌ഐക്കാര്‍ ഇടിമുറിയില്‍ ഇട്ട് റാഗിംഗിന് ഇരയാക്കിയത്. റാഗിംഗിനെത്തുടര്‍ന്ന് വൃക്ക തകര്‍ന്ന അവിനാഷ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറു മണിക്കൂറോളം നഗ്‌നനാക്കി നിര്‍ത്തി, വ്യായാമമുറകള്‍ ചെയ്യിച്ച ശേഷം മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചു. എസ്.എഫ്‌ഐ ക്കാരായ ജെറിന്‍, സരണ്‍, മനു, റെയ്‌സണ്‍, ജയകൃഷ്ണന്‍ എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. നാട്ടകം ഗവ. കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ എസ്.എഫ്.ഐയുടെ സദാചാര ആക്രമണം നടന്നു. കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരുക്ക് പറ്റി. നാട്ടകം കോളേജിലെ വിദ്യാര്‍ത്ഥിനികളായ ആരതി, ആത്മജ എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഇരകളായി വിദ്യാര്‍ത്ഥിനികളും
വിദ്യാര്‍ത്ഥിനികളേയും എസ്.എഫ്‌ഐ ക്രിമിനലുകള്‍ വേട്ടയാടി. കണ്ണൂര്‍ ഗവ: വനിതാ കോളേജില്‍ മത്സരിച്ച പെണ്‍കുട്ടികളെ സഖാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയുടെ കവിളില്‍ കത്തി കുത്തി കയറ്റി. എം.ജി സര്‍വ്വകലാശാലയിലെ ദീപാ മോഹന് പാര്‍ട്ടിക്കാരില്‍ നിന്നും നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങള്‍ ആയിരുന്നു. മുട്ടം പോളിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു ചുംബിച്ചത് എസ്.എഫ്.ഐക്കാര്‍ ആണ്. ആര്‍.എല്‍.വി കോളേജില്‍ പഠിച്ച ആലപ്പുഴക്കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ കൈ പിടച്ച് ഒടിച്ച സഖാക്കള്‍ ആര്‍.എല്‍.വിയില്‍ തന്നെ പഠിച്ച ശ്രുതിയെ മാനസികമായി പീഡിപ്പിച്ചു. അവസാനം ആത്മഹത്യ ശ്രമം നടത്തി, ഭാഗ്യവശാല്‍ രക്ഷപ്പെട്ട ശ്രുതിക്ക് പഠനം നിര്‍ത്തി കോളേജില്‍ നിന്നും പോകേണ്ടി വന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ നിരന്തരമായ എസ്എഫ്‌ഐ അക്രമത്തില്‍ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനി ആലപ്പുഴ സ്വദേശിനിയായ അനുജക്ക് പഠനം നിര്‍ത്തേണ്ടി വന്നു.
2017 ഫെബ്രുവരിയില്‍ വടകര മടപ്പള്ളി ഗവ. കോളജില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത ബിരുദ വിദ്യാര്‍ത്ഥികളായ അഖില്‍, അഭിനന്ദ്, സായൂജ്, ദീപക്, വിധുല്‍, വിജിലേഷ് എന്നീ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്. 2013ല്‍ വികലാംഗനായ എബിവിപി പ്രവര്‍ത്തകനെ ക്രൂരമായി അക്രമിച്ചതും എസ്.എഫ്‌ഐ ക്രിമിനലുകളായിരുന്നു. മറ്റു പാര്‍ട്ടികളുടെ പോസ്റ്ററുകളും ബാനറുകളും പറിച്ചെറിയുകയും കത്തിക്കുകയും അക്രമിക്കുകയും ചെയ്യുന്നത് കണ്ട് പാര്‍ട്ടി വിട്ട എസ്.എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന റഷ അഹമ്മദിനെതിരെ ക്രൂരമായ നടപടികളാണ് പാര്‍ട്ടിവിരുദ്ധ പട്ടം ചാര്‍ത്തി എസ്.എഫ്.ഐ എടുത്തത്.
എബിവിപിയുടെ യൂണിറ്റ് സെക്രട്ടറി യായിരുന്ന ടിറ്റോ ജോണ്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെയാണ് തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ അക്രമിച്ചത്. 2008-12 കാലത്ത് അവിടെ എസ്എഫ്‌ഐ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ തുറന്നുപറച്ചില്‍ ഏറെ ചര്‍ച്ചയായിരുന്നു. ‘ ഇതാണു ഞാന്‍ എസ്എഫ്‌ഐയില്‍ നിന്നു പഠിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും; കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്‌ഐക്ക് ഒരു പൊതുസ്വഭാവമുണ്ട്. സോഷ്യല്‍ ഫാസിസത്തിന്റെ സ്വഭാവമാണത്. ഞാന്‍ എസ്എഫ്‌ഐ സഹഭാരവാഹി ആയിരുന്ന കാലത്തെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു പറയേണ്ടത് നീതിക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് ഊര്‍ജ്ജമാകട്ടെ. തുടര്‍ച്ചയായി പത്തിലധികം തവണ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കലാലയം. 2009 ല്‍ ആണ് കലാലയത്തില്‍ എസ്എഫ്‌ഐ അല്ലാതെ മറ്റുശബ്ദങ്ങള്‍ ഉയരുന്നത്. അതുവരെ നമ്മള്‍ കേട്ടത് വീരപരിവേഷം നല്‍കിയ എസ്എഫ്‌ഐ സീനിയര്‍ നേതാക്കളുടെയും പെണ്ണ് പിടിയന്മാരെന്നു മുദ്രകുത്തിയ മറ്റു സംഘടനാ നേതാക്കളുടെയും കഥകളായിരുന്നു. അങ്ങിനെ തന്നെയാണ് എസ്എഫ്‌ഐയെ വളര്‍ത്തിയത്. ഈ വളര്‍ച്ചയ്‌ക്കൊപ്പം യൂണിയന്‍ പിടിച്ചെടുക്കാന്‍ നിരവധി നുണപ്രചാരണങ്ങളും കയ്യൂക്കും ഉപയോഗിച്ചിട്ടുണ്ടെന്നു നേതൃത്വത്തില്‍ എത്തിയപ്പോള്‍ മനസ്സിലായി. അതേ വഴി തന്നെയാണ് ഞാന്‍ അടങ്ങുന്ന യൂണിറ്റ് നേതൃത്വവും സ്വീകരിച്ചത്. കെ എസ് യു, എസ്‌ഐഒ, ക്യാംപസ് ഫ്രണ്ട് എന്നീ സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരുന്നത് യൂണിറ്റിന്റെ തീരുമാനത്തിന്‍ മേലാണ്. എസ്‌ഐഒ പ്രവര്‍ത്തകന്‍ ആഖിലിനെ മര്‍ദ്ദിക്കുന്നത് അന്നത്തെ യൂണിറ്റ് സെക്രട്ടേറിയറ്റിന്റെ തീരുമാന പ്രകാരമായിരുന്നു. കാരണം മുളയിലേ നുള്ളുക എന്നത് തന്നെ. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ യൂണിറ്റ് രൂപീകരണത്തിന് തലേദിവസം ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കി രൂപീകരണത്തെ നേരിട്ടു. കെ എസ് യു യൂണിറ്റ് രൂപീകരിക്കാന്‍ നിന്ന വിദ്യാര്‍ത്ഥികളെ ഞാന്‍ അടങ്ങുന്ന എസ്എഫ്‌ഐ നേതൃത്വം തല്ലും കിട്ടും കേസും തരുമെന്ന് ഭീഷണിപ്പെടുത്തി മിണ്ടാതാക്കി. ഇതൊക്കെ പറയേണ്ടിവരുമ്പോള്‍ അഭിമാനമല്ല അപമാനമാണ് തോന്നുന്നത്. ഇതാണ് ഞാന്‍ എസ്എഫ്‌ഐയില്‍ നിന്ന് പഠിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും. എസ്എഫ്‌ഐയുടെ കലാലയ ഫാഷിസത്തെ കുറിച്ച് തുറന്ന് പറഞ്ഞത് തൃശ്ശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ എസ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റും മാഗസിന്‍ എഡിറ്ററുമായിരുന്ന അഭിലാഷ് പടച്ചേരി ആയിരുന്നു.
ഫണ്ട് അടിച്ചുമാറ്റാനുള്ള യൂണിയന്‍ പ്രവര്‍ത്തനം
കലോത്സവം, മറ്റ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നടത്തിപ്പില്‍ ലക്ഷങ്ങള്‍ അടിച്ച് മാറ്റുന്നത് എസ്.എഫ്.ഐയുടെ സ്ഥിരം കലാപരിപാടിയാണ്. ഒരിക്കല്‍ പത്തനംത്തിട്ട കോഴഞ്ചേരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പില്‍ ലക്ഷങ്ങള്‍ അടിച്ച് മാറ്റിയത് എസ്.എഫ്.ഐ സര്‍വ്വകലാശാല യൂണിയനും പത്തനംത്തിട്ട ജില്ലാ കമ്മറ്റിയും ആണ്. എസ്.എഫ്.ഐക്കാര്‍ കേരളാ സര്‍വ്വകലാശാല സ്റ്റുഡന്റസ് സര്‍വ്വീസ് ഡയറക്ടര്‍ ഡോ. ടി. വിജയ ലക്ഷ്മിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതും എംജി സര്‍വ്വകലാശാലയിലെ ഹരികുമാര്‍ ചങ്ങമ്പുഴയെ അക്രമിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടായിരുന്നു.ഇടതുപക്ഷ അധ്യാപകരായ എസ്.എഫ്.ഐ പോഷക വര്‍ഗ്ഗം
അദ്ധ്യാപകര്‍, യൂണിയന്‍ അഡൈ്വസര്‍, മാഗസിന്‍ ചീഫ് എഡിറ്റര്‍, ഫൈന്‍ ആര്‍ട്ട്‌സ്, എന്‍എസ്എസ് തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധി സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഇടതുപക്ഷ അധ്യാപകരാണ് എസ്എഫ് ഐയെ സഹായിക്കുന്ന പാര്‍ട്ടി പോഷക വര്‍ഗ്ഗം. ഇങ്ങനെ തന്നെയാണ് കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്‌ഐ നിലനിന്നു പോകുന്നത്. വിവാദമായ എല്ലാ കേസിലും എസ്എഫ്‌ഐയാണ് പ്രതിസ്ഥാനത്തെങ്കിലും ഒരു കേസിലും ഒരു പ്രവര്‍ത്തകനും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നിടത്താണ് ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം ഒരു കോളേജുകളില്‍ നടത്തുന്ന തേര്‍വാഴ്ച്ചയുടെ ആഴം മനസിലാവുക.
ജനാധിപത്യ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കിയ എസ്എഫ്‌ഐ ക്കാരുടെ കൊലക്കത്തിക്ക് ഇരയാകേണ്ടി വന്നവരാണ് കേരളത്തിലെ എബിവിപി പ്രവര്‍ത്തകര്‍. എസ്.എഫ്‌ഐയുടെ കലാപരാഷ്ട്രീയം1996 സെപ്തംബര്‍ 17 ചൊവ്വാഴ്ച എന്ന ദുരന്തദിനമാണ് കേരളത്തിന് സമ്മാനിച്ചത്. സാംസ്‌കാരിക കേരളത്തിന് മറക്കാനാവാത്ത ഒരേടാണ് പരുമല കൂട്ടക്കൊല. എബിവിപിയുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയെ തല്ലിയൊതുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഭീതിജനകമായ സംഭവമാണ് 1996 സപ്തംബര്‍ 17 ന് പത്തനംതിട്ട പരുമല ഡിബി കോളേജില്‍ അരങ്ങേറിയത്. എസ്എഫ്‌ഐക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കലാലയത്തില്‍ എബിവിപി സജീവമായതും ഇലക്ഷനില്‍ മത്സരിച്ച് എസ്എഫ്‌ഐയെ പരാജയപ്പെടുത്തിയതും പാര്‍ട്ടിക്കാരില്‍ വന്‍ അമര്‍ഷത്തിന് വഴിയൊരുക്കി. സിപിഎമ്മിന്റെ നിര്‍ദ്ദേശത്താല്‍ തൊട്ടടുത്തുള്ള പാര്‍ട്ടി കോളനിയില്‍നിന്ന് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കലാലയത്തിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നാണ് പരുമല കൊലപാതകം ആസൂത്രിതമായി നടപ്പിലാക്കിയത്. പ്രാണരക്ഷാര്‍ത്ഥം പുഴയിലേക്ക് ചാടി രക്ഷപെടാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരുടെ തലയിലേക്ക് കല്ലെറിഞ്ഞ് പുഴയില്‍ മുക്കി കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട അനു കലാലയ യൂണിയനില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയും കിം, സുജിത്ത് എന്നിവര്‍ മികച്ച സംഘാടകരുമായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ, ”പാന്റിന്റെ പോക്കറ്റില്‍ വെള്ളം കയറി മുങ്ങിമരിച്ചതാണെന്ന” വിവാദ പ്രസംഗം കേള്‍ക്കുമ്പോഴാണ് എബിവിപിയെ ഏതുവിധേനയും ഇല്ലാതാക്കണമെന്ന പാര്‍ട്ടി അജണ്ടയുടെ ക്രൂരത തെളിയുന്നത്. എബിവിപിയുടെ വളര്‍ച്ച തടയുവാന്‍ വേണ്ടി പാര്‍ട്ടി സഹായത്തോടെ എസ്എഫ്‌ഐ ശ്രമിച്ചതിന്റെ ഒട്ടേറെ സംഭവങ്ങള്‍ കേരളചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. എബിവിപി യുടെ വളര്‍ച്ച തടയുന്നതിനു വേണ്ടി തിരുവനന്തപുരം വിടിഎം കോളേജില്‍ മുരുകാനന്ദനും നിലമേല്‍ എന്‍. എസ്. എസ്സില്‍ ദുര്‍ഗ്ഗാദാസും ചങ്ങനാശ്ശേരി ബിംബിയും ചെമ്പഴന്തി ഉദയനും എസ്എഫ്‌ഐക്കാര്‍ ഇല്ലാതാക്കിയ പ്രതിഭകളായിരുന്നു.
2008 ഫെബ്രുവരി 28 ന് എസ്എഫ്‌ഐ ക്രിമിനലുകളാല്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടത് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എ.ബി.വി.പി ചെയര്‍മാന്‍ കെ.എസ്സ്. സനൂപ് ആയിരുന്നു. ശ്രീകൃഷ്ണ കോളേജില്‍ എസ്.എഫ്.ഐ.യുടെ ഏകാധിപത്യത്തിനേറ്റ കനത്ത അടിയായിരുന്നു എ.ബി.വി.പിയുടെ ശക്തമായ സാന്നിദ്ധ്യം. ചെയര്‍മാന്‍ സ്ഥാനമേറ്റയുടന്‍ തന്നെ ഇതിന്റെ ‘ദൂഷ്യഫലങ്ങള്‍ നീ അനുഭവിക്കേണ്ടിവരും’ എന്നു ഭീഷണിയുണ്ടായി. കൃത്യമായ പ്ലാനിംഗില്‍ അക്രമിച്ചു. അദ്ദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും, ഒരു കണ്ണിന് സമ്പൂര്‍ണ്ണമായി കാഴ്ച നഷ്ടപ്പെട്ടു. ഒരു കാലും ഒരു കയ്യും തല്ലിയൊടിച്ചു. പരീക്ഷ എഴുതിക്കൊണ്ടിരിക്കെയാണ് ആക്രമിച്ചത്. കൊലയാളി സംഘത്തില്‍ ആയുധധാരികളായ പതിനഞ്ചോളം പേരുണ്ടായിരുന്നു.
2014 ഒക്ടോബര്‍ 14 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ തെരഞ്ഞെടുപ്പിന് കെഎസ്‌യു സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കെഎസ്‌യു പ്രവര്‍ത്തക സോഫിയാ ജോസ് ഉള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാല് പേരെയാണ് അക്ഷയ് എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ തല്ലിച്ചതച്ചത്. കെ.എസ്.യു പ്രവര്‍ത്തകരായ വൈശാഖ്, ഷിബു, സോഫിയ ചിറ്റിലപ്പിള്ളി, അഞ്ജലി എന്നിവര്‍ക്കാണ് അന്ന് മര്‍ദ്ദനമേറ്റത്. 2017 ജനുവരിയില്‍ ആണ് ശ്രീകൃഷ്ണ കോളേജില്‍ ശബരിമലയെയും, ആചാരങ്ങളെയും അവഹേളിച്ച് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എല്‍. എച്ച് എന്നറിയപ്പെടുന്ന കെട്ടിടത്തിന്റെ ചുവരുകളിലാണ് ശബരിമലയെയും അവിടുത്തെ ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള അസഭ്യ വര്‍ഷം എസ്എഫ്‌ഐ എഴുതിക്കൂട്ടിയത്. ഇതു മാത്രമല്ല സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമുണ്ടായിരുന്നു ചുവരെഴുത്തുകളില്‍. ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇടതുപക്ഷാനുഭാവികളായ കോളേജ് അധികൃതര്‍ ഒരു നടപടിയും എടുത്തില്ല. ഇത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ ഡി ജയപ്രസാദ് പറഞത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിന് എഐഎസ്എഫ് ഉം ഇരയാകേണ്ടി വന്നു. ക്ലാസ് മുറിയിലിരിക്കുകയായിരുന്ന രണ്ടാം വര്‍ഷ ബിഎ ഇക്‌ണോമിക്‌സ് വിദ്യാര്‍ത്ഥിയും എഐഎസ്എഫ് പ്രവര്‍ത്തകനുമായ രാഹുലിനെ എസ്എഫ്‌ഐ ഗുണ്ടകള്‍ സംഘടിതമായി വന്ന് ക്ലാസില്‍ നിന്നും പുറത്തിറങ്ങി ക്രൂരമായി മര്‍ദ്ദിച്ചു.
സര്‍ഗാത്മകതയെ നിരോധനങ്ങളിലേക്കെത്തിച്ച എസ്.എഫ്.ഐ അക്രമ സമരങ്ങള്‍
കലാലയ സര്‍ഗാത്മകതയെ കോടതി മുറികളിലേക്കെത്തിച്ചത് എസ്.എഫ്.ഐ ആയിരുന്നു. എസ്.എഫ്.ഐ യുടെ അക്രമരാഷ്ട്രീയം അവിടെയും ചോദ്യം ചെയ്യപ്പെട്ടു. കേരള ഹൈക്കോടതി കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കുന്നതിലേക്ക് വരെ സംഭവങ്ങള്‍ എത്തിച്ചേര്‍ന്നു. പൊന്നാനി എം.ഇ.എസ് കോളജില്‍ നടന്ന സമരം, ഇന്നത്തെ സംസ്ഥാന നേതാവ് ജെയ്ക്കും സംഘവും അടിച്ചു തകര്‍ത്ത കോട്ടയം സി.എം.എസ് കോളേജ് പ്രശ്‌നം, 2002 ലെ പാലാ സെന്റ് തോമസ് കോളജ് സോജന്‍ ഫ്രാന്‍സിസ് കേസ് എന്നിവയിലൂടെ കലാലയ സംഘടന പ്രവര്‍ത്തനം നിയന്ത്രണത്തിലാക്കിയതിന്റെ കാരണക്കാര്‍ എസ്.എഫ്‌ഐ ആയിരുന്നു. 2006 ല്‍ ലിന്റോ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും എസ്.എഫ്.ഐയുടെ അക്രമം കുറഞ്ഞില്ല എന്നതിന്റെ ഉദാഹരണമാണ് യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം.
യൂണിവേഴ്‌സിറ്റി കോളേജില്‍ ഉയരുന്നത്
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ഗുണ്ടായിസത്തെ കുറിച്ച് പുറത്തിറങ്ങി വിദ്യാര്‍ത്ഥി ഐക്യം സമരം വിളിച്ച വിദ്യാത്ഥികള്‍ ഒറ്റക്കെട്ടായി പറഞ്ഞത് ഇതൊക്കയാണ്. ‘ ഇവിടെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും വേണം, ഇപ്പോള്‍ ഒരു സംഘടനമാത്രമാണ് ഉളളത്. കോളേജില്‍ യൂണിയന്‍ ഇലക്ഷന്‍ നടക്കണം. യൂണിറ്റ് റൂം എന്ന ഇടിമുറിയില്‍ കൊണ്ടുപോയി ഞങ്ങളെ മര്‍ദ്ദിക്കും. പെണ്‍കുട്ടികളെ മുഖത്ത് നോക്കി തെറി വിളിക്കും. നിര്‍ബന്ധ ഗുണ്ടാ പിരിവ് നടത്തും. പോലീസില്‍ ഒരു വിശ്വാസവുമില്ല, പോലീസുകാരനെ അക്രമിച്ചവന്‍ ഇതിലെ സുഖമായി നടക്കുന്നു. ഇവിടുത്തെ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ശ്രമം നടത്തി. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടണം.ഇവിടുത്തെ അധ്യാപകര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എസ്.എഫ്.ഐയെ ഞങ്ങള്‍ക്ക് വെറുപ്പാണ്. ഇനി പ്രതികരിക്കാതെ ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ല’ എസ്.എഫ്.ഐ യുടെ ഫാസിസത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ തുറന്നു പറഞ്ഞത്. ഇതു തന്നെയാണ് കേരളത്തിലാകമാനം എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്നതും.
കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ടി.പി ശ്രീനിവാസനെ വളഞ്ഞിട്ടാണ് എസ്.എഫ്.ഐ മര്‍ദ്ദിച്ചത്. എബിവിപി പ്രവര്‍ത്തകയായിരുന്ന കാലടി ശങ്കരാ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ കവിളിലൂടെ കത്തി കുത്തി താഴ്ത്തിയത് എസ്.എഫ്.ഐ സഹപാഠികളായിരുന്നു. സിപിഎം നേതാവായ പാട്ട്യം ഗോപാലന്റെ മകനും കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ എന്‍.പി. ഉല്ലേഖിനേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിക്കാന്‍ പദ്ധതി ഒരുക്കിയിരുന്നു. 1995 ല്‍ കാര്യവട്ടത്ത് പഠിക്കുന്ന കാലത്താണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എസ്.എഫ്.ഐക്കാര്‍ അക്രമിക്കാന്‍ എത്തിയത്. അന്ന് ജില്ലയുടെ ചാര്‍ജ് ഉണ്ടായിരുന്ന അബ്ദുള്ളക്കുട്ടി എസ്.എഫ്.ഐസംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ഉല്ലേഖിനെ രക്ഷപ്പെടുത്തിയത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ മുന്നിലൂടെ എ.ബി.വി.പിക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കില്ലായിരുന്നു. അനീഷ് എന്ന എ.ബി.വി.പിപ്രവര്‍ത്തകന്‍ ഒരിക്കല്‍ ആ വഴി പോയതാണ്. എസ്.എഫ്.ഐ ക്കാര്‍ ഓടിയെത്തി പട്ടാപ്പകല്‍ വെട്ടി റോഡിലിട്ടു. മൂന്നു നാലു മാസം ചികിത്സ, ബി.ടെക്കും പോയി. ആയുധങ്ങളെല്ലാം ‘യൂണിയന്‍’ ഓഫീസിലുണ്ടാകും. തൊട്ടടുത്തുള്ള തിരുവനന്തപുരം സംഗീത കോളജില്‍ എസ്.എഫ്.ഐയുടെ അക്രമം ഏറ്റുവാങ്ങിയത് കോട്ടയം മറിയപ്പള്ളി സ്വദേശിയും കാഴ്ച വൈകല്യവുമുള്ള എന്‍. ഗോപകുമാര്‍ ആയിരുന്നു. പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ താമസിച്ച് പഠിച്ച ഗോപനെ മനുഷ്യത്വമില്ലാത്ത എസ്.എഫ്.ഐ ക്കാര്‍ അക്രമിച്ചു. ഹോസ്റ്റല്‍ മുറിയില്‍ കയറി നിരന്തരം ഉപദ്രവിച്ചു. ഒരിക്കല്‍ വീട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ ഹോസ്റ്റല്‍ മുറിയാകമാനം അടിച്ചു തകര്‍ത്ത് ഹാര്‍മോണിയവും പുസ്തകങ്ങളും കത്തിച്ചു. കാലടി ശ്രീ ശങ്കരന്റെ സര്‍വ്വകലാശാലയില്‍ ശ്രീശങ്കര പ്രതിമ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത് ഇടതുപക്ഷമായിരുന്നു. തിരൂര്‍ ക്യാമ്പസ്സിലെ പ്രാര്‍ത്ഥനയും കമ്മ്യൂണിസ്റ്റുകാര്‍ ഇടപെട്ട് ഒഴിവാക്കി. ശങ്കര സര്‍വ്വകലാശാലയെ പല്ലും നഖവും കൊണ്ടെതിര്‍ത്ത ഇ.എം.എസ്സിനെ അനുസ്മരിക്കല്‍ ചടങ്ങ് കാലടി കേന്ദ്രത്തില്‍ നടത്തിയത് എസ്.എഫ്.ഐ ക്കാര്‍ ആയിരുന്നു. അതിന്റെ അസാംഗത്യം തുറന്നുകാട്ടി എ.ബി.വി.പി നോട്ടീസ് വിതരണം ചെയ്യുകയും ‘കരിദിനം’ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്ന് വേദിക്കരികില്‍ എ.ബി.വി.പി പ്രതിഷേധിച്ചതിന് മലപ്പുറത്തെ ശ്രീധരന്‍ മാഷ് അടക്കം 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2019 മാര്‍ച്ചില്‍ ആണ് കാലിക്കറ്റ് സര്‍വ്വകലാശാല സി. സോണ്‍ കലോത്സവത്തില്‍ 166 വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള സര്‍വകലാശാല യൂണിയന്‍ അവസരം നിഷേധിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി ശക്തമാകുന്നത് കണ്ട് പിജി വിദ്യാര്‍ത്ഥിനി ശ്രുതി, എ.ബി.വി.പി സംസ്ഥാന സമിതിയംഗം പ്രിജു ഉള്‍പ്പെടെയുള്ള നിരവധി വിദ്യാര്‍ത്ഥികളെയാണ് തിരഞ്ഞ് പിടിച്ച് എസ്.എഫ്.ഐ അക്രമിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 17 ന് എബിവിപി കൊടിമരം എടുത്ത് മാറ്റിയത് ഇടതുപക്ഷ നിര്‍ദ്ദേശാനുസരണം പ്രിന്‍സിപ്പാള്‍ ഫല്‍ഗുണനായിരുന്നു.
സ്വാതന്ത്ര്യ ചിന്തയുള്ള യുവത്വത്തിന്റെ ഇടനെഞ്ച് ചതച്ചരച്ച് കമ്മ്യൂണിസത്തിന്റെ കൂറ്റന്‍ ടാങ്കുകള്‍ കടന്നു പോയത് കമ്മ്യൂണിസ്റ്റ് ചൈനയിലെ ടിയാനമെന്‍ സ്‌ക്വയറിലൂടെ ആയിരുന്നു. സ്വതന്ത്ര ഭാരതത്തിലും ഏറ്റവും കൂടുതല്‍ കൂട്ടക്കൊലകള്‍ നടത്തിയത് കമ്മ്യൂണിസമാണ്. ഏകാധിപത്യത്തിന്റെ അരാഷ്ട്രീയ ആള്‍ക്കൂട്ടമായ എസ്എഫ്‌ഐ ഇന്ന് ആശയ സംവാദങ്ങളെ ഭയക്കുന്നു. കലാലയങ്ങളില്‍ നിന്നും എസ്.എഫ്.ഐ പറിച്ചെറിയപ്പെടുകയാണ്. തകര്‍ച്ചയുടെ വേഗത കുറക്കല്‍ മാത്രമാണ് ഇപ്പോള്‍ എസ്.എഫ്.ഐ നേതൃത്വത്തിന്റെ അറിവില്‍ നടക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ ലക്ഷ്യം.
ഭാരതത്തില്‍ ആദ്യമായി പഠിപ്പു മുടക്കി സമരം ചെയ്യുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടി ആയിരുന്നു. അവരെ രാഷ്ട്രീയ ഭൂമികയിലേക്ക് ആനയിച്ചത് മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലുള്ള ദേശീയ നേതാക്കളായിരുന്നു. അനിവാര്യമായ ഘട്ടങ്ങളില്‍ പഠിപ്പ് മുടക്കലും ഒരു സമരരീതിയാണ് എന്നാണ് ദേശീയ സമരം നമുക്ക് നല്‍കിയ പാഠം. അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളിലും ക്യാമ്പസ് രാഷ്ട്രീയം ക്രിയാത്മകമായ ഇടപെടലുകളുടെ വേദിയായി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ബീഹാറിലും ഗുജറാത്തിലുമൊക്കെ ഉണ്ടായ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ നമ്മുടെ ജനാധിപത്യത്തെ നവീകരിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടം മുതല്‍ ദേശീയോദ്ഗ്രഥനത്തില്‍ അനിവാര്യമായ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് വഴി തിരിച്ച് വിട്ടത് എസ്.എഫ്.ഐ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ആയിരുന്നു. തത്ഫലമായി അരാജകത്വത്തിന്റേയും ദേശ വിരുദ്ധതയുടേയും രാഷ്ട്ര വിരുദ്ധതയുടേയും സാംസ്‌കാരിക വിരുദ്ധതയുടേയും ഇടങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ വലിച്ചെറിയപ്പെട്ടു. ഇന്ത്യാ വിരുദ്ധമായ കാഴ്ചപ്പാടുകള്‍ എസ്.എഫ്.ഐ വളര്‍ത്തി. സാമൂഹിക നവോത്ഥാനത്തിന്റെ ആവേശോജ്വലമായ ചരിത്രമുള്ള സമരഭൂമികയായിരുന്ന മലയാള മണ്ണില്‍ അയ്യങ്കാളിയും മന്നത്ത് പത്മനാഭനും ശ്രീ നാരായണ ഗുരുദേവനും വിദ്യാഭ്യാസ മേഖലയിലൂന്നി നടത്തിയ സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ, ദേശീയ ചിന്താഗതികളുടെ തുടര്‍ച്ചകളെയാണ് എസ്.എഫ്.ഐയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തകര്‍ത്തെറിഞ്ഞത്.
സമഗ്രമായ അക്രമ രാഷ്ട്രീയ ഭീകരതയാണ് എസ്.എഫ്.ഐ പ്രവര്‍ത്തനം. അധ്യാപികയ്ക്കു കുഴിമാടം, മാഗസീനില്‍ പച്ച തെറി, ശ്രീനാരായണ ഗുരുദേവന് മരക്കുരിശ്, മാതാവിന് ഒളിക്യാമറ, അഫ്‌സല്‍ ഗുരുവിനു പൂമാല, യേശുദേവനെ പിതാവിന് വിളിച്ച് ആക്ഷേപിക്കല്‍, സരസ്വതി ദേവിയുടെ നഗ്‌നചിത്രം വരക്കല്‍, പ്രധാനമന്ത്രിയെ അസഭ്യമായി അഭിസംബോധന ചെയ്യല്‍, പ്രിന്‍സിപ്പാളിന്റെ കസേര കത്തിക്കല്‍, അശ്ലീല ചിത്രപ്രദര്‍ശനം, രാജ്യദ്രോഹ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍, ടി.പി ശ്രീനിവാസനെ നടുറോഡില്‍ തല്ലല്‍, സദാചാര പോലീസ്… എഴുതിയാല്‍ തീരാത്തത്രയുണ്ട്എസ്.എഫ്.ഐയുടെ ഭീകരത. സര്‍ഗാത്മകതയുടെ സംഗീതം പൊഴിച്ചിരുന്ന കലാലയങ്ങളില്‍ നിന്നും ‘പുകള്‍പെറ്റ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം’ ഇന്ന് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണിവ. മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗവും മൃഗം അധഃപതിച്ചാല്‍ കമ്മ്യൂണിസ്റ്റും ആകുമെന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ തെളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസം കലാലയങ്ങളുടെ കലാപമാവുകയാണ്. ഉത്തരേന്ത്യയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ നാവെടുക്കുന്ന ചില മാധ്യമങ്ങള്‍, സാംസ്‌കാരിക നായകന്മാര്‍ നിശബ്ദരാണ്. അവരും കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വക്താക്കള്‍ തന്നെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്‍.ഡി.എഫ് ഭരണകൂടത്തിന്റെ ഒത്താശയോടെ രാഷ്ട്രീയക്കാരുടെ ചട്ടുകമാക്കി തീര്‍ക്കുകയാണ്. ക്രിമിനലുകളെ സൃഷ്ടിക്കുകയാണ്. വിദ്യാഭ്യസ പ്രബുദ്ധതയുടെ ഇടവഴികളില്‍ പ്രത്യയശാസ്ത്ര മാലിന്യക്കൂമ്പാരം സൃഷ്ടിച്ച കമ്മ്യൂണിസം പ്രതിഭാധനരായ യുവത്വത്തിന്റെ ചിറകരിയുകയാണ്